തൊണ്ണൂറ്റിരണ്ടാം വയസ്സിലും കോൺക്രീറ്റിന്റെ ഉറപ്പുമായി കത്രീന

HIGHLIGHTS
  • മറ്റുള്ളവരെ ആശ്രയിക്കാതെ എല്ലാവരും അധ്വാനിച്ച് ജീവിക്കുകയാണ് വേണ്ടത്
katheena
SHARE

തൃശൂര്‍ പൂങ്കുന്നം ഹരിനഗര്‍ സ്വദേശി തൊണ്ണൂറ്റിരണ്ടുകാരി കത്രീനയ്ക്ക് ഒറ്റ ആഗ്രഹമേയുള്ളു, ആറു പതിറ്റാണ്ടിലധികമായി തുടരുന്ന കോണ്‍ക്രീറ്റ് പണി മുടങ്ങരുത്. ഒമ്പതാം വയസു മുതല്‍ പണിയെടുത്തു തുടങ്ങിയ കത്രീനയ്ക്ക് വാര്‍ക്കപ്പണി അത്ര മോശം പണിയൊന്നുമല്ല. കൊറോണക്കാലത്തു പോലും അത്യാവശ്യം പണിയൊക്കെ കിട്ടിയതിനാല്‍ കാര്യമായ ബുദ്ധിമുട്ടില്ലാതെ ജീവിതം മുന്നോട്ടു പോകുന്നുണ്ട്. 15 അംഗ സംഘമാണ് കത്രീനയുടെ നേതൃത്വത്തില്‍ കോണ്‍ക്രീറ്റ് ജോലികള്‍ക്കായി പോകുന്നത്. മകനും മകളും പേരക്കുട്ടിയും ഉള്‍പ്പടെ 12 പേരും സ്വന്തം കുടുംബത്തില്‍ നിന്നും തന്നെ. കൂലിയും ലാഭവും അടിച്ചു പൊളിക്കാന്‍ കെട്ടിട ഉടമകള്‍ നല്‍കുന്ന പണവുമെല്ലാം മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും വീതിച്ചു നല്‍കും. ഇവര്‍ക്കായി നാലു വീടുകള്‍ ഇതിനകം പണിതു നല്‍കി. ഒരായുസ് മുഴുവന്‍ എല്ലു മുറിയെ പണിയെടുത്തിട്ടും ഉറ്റവരുടെ സന്തോഷമല്ലാതെ മറ്റൊന്നും സമ്പാദിച്ചിട്ടില്ല.

ഉരുക്കു വനിതയായ കഥ

ചെറുപ്പത്തിൽ അമ്മ ആനപ്പാറ കാട്ടിലേക്ക് ചുളളിയൊടിക്കാന്‍ തന്നെ വിട്ടുവെന്നാണ് കത്രീനയുടെ സാക്ഷ്യം. എന്നാല്‍ അതുകൊണ്ട് ജീവിതം നന്നായി പഠിക്കാനായതിനാല്‍ അമ്മയോട് ലേശം പരിഭവവുമില്ല. ചുള്ളിയൊടിച്ചു വന്നാല്‍ വീട്ടിലെ പണികളെടുക്കണം. എന്നാലും ജീവിതത്തില്‍ പാടുപെടുന്നത് നല്ലതാണെന്നാണ് ഈ തൊണ്ണൂറ്റിരണ്ടുകാരി പറയുന്നത്.

കുറച്ചുകാലത്തിനു ശേഷം പട്ടിണി മാറ്റാനായി വീടിന് തൊട്ടടുത്തുള്ള ഓട്ടുകമ്പനിയിലേക്ക് പണിക്ക് പോയിത്തുടങ്ങി. ഉരുകുന്ന ചൂടുള്ള ചൂളയില്‍ ഓടു നിറയ്ക്കുന്നതായിരുന്നു ജോലി. വിവാഹ ശേഷം ഒരു വര്‍ഷം പണിക്കൊന്നും പോയില്ലെങ്കിലും പട്ടിണി വീണ്ടും വിരുന്നു വന്നപ്പോള്‍ കത്രീന വീണ്ടും കൂലിപ്പണിക്കിറങ്ങി. വിറകുവെട്ടല്‍, കെട്ടിടം പണി, സെപ്റ്റിക് ടാങ്ക് ക്ലീനിങ്, കിണര്‍ കുഴിക്കല്‍, പറമ്പ് പണി തുടങ്ങി പരീക്ഷിച്ചു നോക്കാത്ത തൊഴിലുകളൊന്നും  ബാക്കിയില്ല. ഭര്‍ത്താവ് ബേബി ജോണ്‍ 23 വര്‍ഷം മുമ്പ് മരിച്ചു. ഒരു സ്ത്രീക്ക് സഹിക്കാന്‍ കഴിയാത്ത കഷ്ടപ്പാടുകള്‍ നേരിടേണ്ടി വന്നതിനാല്‍ കത്രീനയെ മാതൃകയാക്കുന്നത് അത്ര എളുപ്പമാകില്ല.

അവസാന ശ്വാസം വരെ ജോലി ചെയ്യണം

കുടുംബ ഭാരങ്ങളെല്ലാം ഏതാണ്ട് തീര്‍ത്ത കത്രീന 62 വര്‍ഷമായി വാര്‍ക്ക പണി തന്നെ ചെയ്തുകൊണ്ടിരിക്കുന്നു. വെറുതെയിരിക്കാന്‍ വയ്യാത്തതു കൊണ്ട് എന്തെങ്കിലുമൊക്കെ പണി ചെയ്തുകൊണ്ടേയിരിക്കും. മക്കള്‍ക്കും പേരക്കുട്ടികള്‍ക്കൊപ്പമാണ് താമസം. അവസാന ശ്വാസം വരെയും പണിക്കു പോകണമെന്നതു തന്നെയാണ് മനസില്‍, ആരെയും ആശ്രയിക്കാതെ ജീവിക്കണമെന്നും. പന്ത്രണ്ട് കോണ്‍ട്രാക്ടര്‍മാര്‍ കത്രീനയുടെ നേൃത്വത്തിലുളള സംഘത്തിനെയാണ് കോണ്‍ക്രീറ്റ് ജോലികള്‍ ഏല്‍പ്പിക്കുന്നത്. അസുഖങ്ങള്‍ വരാറില്ല. അതുകൊണ്ടു തന്നെ ആശുപത്രിയില്‍ പോകുന്ന ശീലവുമില്ല. വയ്യാതായാല്‍ ഏറ്റെടുത്ത ജോലികള്‍ മുടങ്ങുമെന്നതിനാല്‍ കത്രീന വിശ്രമത്തെ കുറിച്ച് ആലോചിക്കാറില്ല. 

ജോലി, കൂലി, ലാഭം

12 കുടുംബാംഗങ്ങള്‍ അടങ്ങുന്ന 15 അംഗ സംഘത്തില്‍ 900 രൂപ മുതലാണ് കൂലി. കോണ്‍ക്രീറ്റ് കൂട്ടാന്‍ സഹായിക്കുന്നവരില്‍ തന്നെ ആയിരം രൂപ കൂലി വാങ്ങുന്നവരുണ്ട്. കോണ്‍ക്രീറ്റ് ട്രോളിയില്‍ തള്ളി വേഗത്തില്‍ എത്തിക്കുന്നവര്‍ക്ക് 1200 രൂപ വരെ നല്‍കും. കോണ്‍ക്രീറ്റ് നിരത്തുന്ന ജോലിയാണ് സാധാരണ കത്രീന ചെയ്യുന്നത്. മക്കളായ വര്‍ക്കി, ഫിലോമിന, പേരക്കുട്ടി സഞ്ജു എന്നിവരാണ് പ്രധാന കയ്യാള്‍മാര്‍. പണി സാധനങ്ങളെല്ലാം സ്വന്തമായുണ്ട്. വലിയ ജോലികള്‍ ലഭിക്കുമ്പോള്‍ മിക്സിങ് മെഷീന്‍ വാടകയ്ക്ക് എടുക്കും. വാര്‍ക്കുന്നതിന് മുമ്പ് കോണ്‍ക്രീറ്റ് തയാറാക്കുന്നതിന്റെ കണക്ക് എന്‍ജിനീയര്‍മാര്‍ പറയുമെങ്കിലും കത്രീനയുടെ കണക്കിന് അപ്പുറത്തേക്ക് ഒന്നുമില്ല. 1 ചാക്ക് സിമന്റിന് 4 കുട്ട മണലും 8 കുട്ട മെറ്റലുമാണ് കത്രീനയുടെ കണക്ക്. മെഷീനുകളിലേക്ക് മാറിയപ്പോള്‍ മിക്‌സിങ് മൂന്നു മിനിറ്റിലൊതുങ്ങി.

kathreena

1000 സ്‌ക്വയര്‍ ഫീറ്റിന്റെ വീടാണ് വാര്‍ക്കുന്നതെങ്കില്‍ 9 കൂലിക്കാര്‍ മതിയാകും.  ഉദ്ദേശം 90 ചാക്ക് സിമന്റിന്റെ പണി 4 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാവും. സ്‌ക്വയര്‍ ഫീറ്റിന് 15 രൂപയാണ് വാര്‍ക്കുന്നതിനുളള കൂലി. ഇതനുസരിച്ച് 1000 സ്‌ക്വയര്‍ ഫീറ്റ് വാര്‍ക്കുന്നതിന്റെ ജോലി 15,000 രൂപയ്ക്കാണ് കത്രീന ഏറ്റെടുക്കുന്നത്. ഭക്ഷണമൊക്കെ അതത് കെട്ടിട ഉടമകളാണ് നല്‍കേണ്ടത്. ജോലി കഴിഞ്ഞ് മദ്യപിച്ചുള്ള ആഘോഷങ്ങള്‍ കത്രീനയുടെ സംഘത്തിന് നിഷിദ്ധമാണ്. കൂലിയ്ക്കു പുറമേ 1000 സ്‌ക്വയര്‍ ഫീറ്റ് കോണ്‍ക്രീറ്റിങ് കഴിഞ്ഞാല്‍ 5000 രൂപയോളം ലാഭം ലഭിക്കും. കൂടാതെ ജോലി കഴിഞ്ഞു പോകുമ്പോള്‍ കെട്ടിടയുടമ സന്തോഷത്തോടെ നല്‍കുന്ന കൈനീട്ടം വേറെയുമുണ്ടാകും. ആയിരം രൂപ മുതല്‍ മുകളിലോട്ടായിരിക്കും മിക്കവാറും ലഭിക്കുന്നത്. ലാഭം കിട്ടുന്ന തുകയെല്ലാം സംഘാംഗങ്ങള്‍ക്ക് തുല്യമായി പങ്കുവെയ്ക്കും. 

കയ്യൊപ്പിട്ട കെട്ടിടങ്ങള്‍

കത്രീനയുടെ വിയര്‍പ്പും കൂടിച്ചേര്‍ന്നാണ്  തൃശൂരിലെ പല പ്രധാന കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. ഏറ്റെടുക്കുന്ന ജോലികള്‍ കൃത്യതയോടെയും പൂർണതയോടെയും ചെയ്തു തീര്‍ക്കുന്നതിനാല്‍ കോണ്‍ട്രാക്ടര്‍മാര്‍ക്കും കത്രീനയെ വിളിക്കാനാണ് ഇഷ്ടം. അമല ആശുപത്രി, പാറമേക്കാവ് ദേവസ്വം കെട്ടിടം, സിറ്റിസെന്റര്‍, ചാലക്കുടി, പൂങ്കുന്നം പാലങ്ങള്‍, രാഗം, സപ്ന, സാരംഗി തീയറ്ററുകള്‍, കൈരളി - ശ്രീ തീയറ്റര്‍, കൊടുങ്ങല്ലൂരിലെ അക്ഷയ തീയറ്റര്‍, അക്വാറ്റിക്സ് കോപ്ലക്‌സ്, ലൂസിയ പാലസ് ഹോട്ടല്‍, സഫയര്‍ ഹോട്ടല്‍, വടക്കുംനാഥ ക്ഷേത്രത്തിന്റെ പത്തായപ്പുര ബില്‍ഡിംഗ്, ഗുരുവായൂര്‍ ദേവസ്വത്തിന്റെ രുഗ്മിണി മണ്ഡപം തുടങ്ങി എണ്ണിയാല്‍ തീരാത്ത ചെറുതും വലുതുമായ നിരവധി കെട്ടിടങ്ങളില്‍ കത്രീന കയ്യൊപ്പിട്ടിട്ടുണ്ട്. മറ്റുള്ളവരെ ആശ്രയിക്കാതെ എല്ലാവരും അധ്വാനിച്ച് ജീവിക്കണമെന്നാണ് ഇവര്‍ക്ക് നല്‍കാനുള്ള സന്ദേശം.

English Summary : Kathreena is Active in Consrtuction Work

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം ജയസൂര്യ നോ പറഞ്ഞു, പകരം മറ്റൊരു നടനെത്തി: പക്ഷേ ഒടുവിൽ ? Renjith Shankar Interview

MORE VIDEOS
FROM ONMANORAMA