സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

HIGHLIGHTS
  • ഓൺലൈൻ ആപ്പുകളിലൂടെ ഓഹരി വ്യാപാരത്തിലേക്കു കടക്കുന്ന വനിതകളുടെ എണ്ണം കൂടി
woman-planning
SHARE

സുനിത ഐ ടി കമ്പനിയിലെ ഉദ്യോഗസ്ഥയാണ്. കോവി‍ഡ് കാരണം വീട്ടിലിരുന്നാണിപ്പോൾ ജോലി. ഇത് സുനിതയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. ജോലി സ്ഥലത്തേക്കുള്ള യാത്രയും തിരക്കുകളും കാരണം ഒന്നും ശ്രദ്ധിക്കാനാകാതെ വെറുതെ ഒഴുകികൊണ്ടിരുന്ന ജീവിതം തിരിച്ചു പിടിക്കാൻ സുനിതയ്ക്ക് കഴിഞ്ഞു. ജീവിതത്തിലും സാമ്പത്തികകാര്യങ്ങളിലുമെല്ലാം അടുക്കും ചിട്ടയും കൊണ്ടു വരാൻ അവർക്ക് സാധിച്ചു. ഓഫീസ് യാത്രയില്ലാത്തത് അവരുടെ ചെലവുകൾ കുറച്ചു. അതോടെ മിച്ചം വന്ന ആ തുകയെല്ലാം ചേർത്ത് സമ്പാദിക്കണമെന്ന ഒരു ചിന്ത അവർക്കുണ്ട്. സുനിതയെപ്പോലെ ചിന്തിക്കുന്ന നിരവധിപ്പേരുണ്ട്. അവർ അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങളിതാ

1. പുതിയ ചെലവ് ഒഴിവാക്കാം

ഓഫീസിൽ പോകാത്തതുകൊണ്ട് യാത്രയിനത്തിലും മറ്റുമുള്ള ചെലവുകൾ ഇപ്പോഴില്ല. ഓഫീസിലെ പതിവ് ട്രീറ്റുകൾ, ഇടയ്ക്കിടയ്ക്കുള്ള ഷോപ്പിങ്ങുകൾ, സിനിമ ഇവയെല്ലാം ഇല്ലാതായത് പോക്കറ്റിന് വലിയ ആശ്വാസമാണ്. അങ്ങനെ കൈയിൽ തടയുന്ന തുക സമ്പാദിക്കാൻ ശ്രദ്ധിക്കാം. അതിനിടയിൽ പുതിയ ചെലവുകളോട് 'കടക്കു പുറത്ത്' എന്ന രീതി കൈകൊള്ളുകയും വേണം. ഉദാഹരണത്തിന് വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ തിരക്കിനിടയിൽ പാചകം ചെയ്യാനായെന്നു വരില്ല. അപ്പോൾ സൗകര്യപൂർവം ഭക്ഷണം ഓർഡർ ചെയ്തു വാങ്ങുന്നത് ചുരുക്കിയ ചെലവുകള്‍ക്ക് പകരമാകുമെന്നതിൽ സംശയമില്ല. ഓൺലൈനിൽ എന്തും വാങ്ങിക്കൂട്ടാനുള്ള ത്വരയും അപകടമാണ്. അത്തരം കാര്യങ്ങളിൽ വീട്ടിലിരിക്കുമ്പോൾ സ്വയം നിയന്ത്രണം അനിവാര്യമാണ്. 

2. സമ്പാദിക്കാം ഇനിയെങ്കിലും

കോവിഡ് നമ്മെ പലതും പഠിപ്പിച്ചു. തന്റേതല്ലാത്ത കാരണത്താൽ പണത്തിന് ഞെരുക്കം നേരിട്ട വേറെ നാളുകളില്ല. അതുകൊണ്ട് അനിശ്ചിതാവസ്ഥ തെല്ലൊതുങ്ങിയപ്പോൾ സാമ്പാദ്യം വർധിപ്പിക്കുന്നതിനു തന്നെ മുൻഗണന നൽകാം. പലരും യാത്ര ചെയ്യുന്ന പ്രവണത ഇപ്പോൾ കൂടിയിട്ടുണ്ട്. യാത്രകൾ ചെലവ് കൂട്ടുമെന്ന് മാത്രമല്ല, റിസ്ക് വർധിപ്പിക്കുകയും ചെയ്യും. സാധ്യമായ രീതിയിൽ സമ്പാദിക്കാനും നിക്ഷേപിക്കാനുമൊക്കെ ഈ അവസരമുപയോഗപ്പെടുത്താം. ജോലിക്കിടയിൽ വിവിധ നിക്ഷേപ മാർഗങ്ങളെ ക്കുറിച്ച് അറിയാനും അനുയോജ്യമായത് തിരഞ്ഞെടുക്കാനും ഇപ്പോൾ അവസരമുണ്ട്. തന്നെയുമല്ല ഇതുവരെയുള്ള സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യാനും വേണ്ട മാറ്റങ്ങൾ വരുത്താനും ഇപ്പോൾ പറ്റിയ സമയമാണ്, പുതിയ സാമ്പത്തിക വർഷത്തിൽ നിക്ഷേപ സംബന്ധിയായ  തീരുമാനങ്ങളെടുക്കുക.

3. മെഡിക്കൽ ഇന്‍ഷുറൻസ് വേണം

തിരക്കിനിടയിൽ ഒരു മെഡിക്കൽ ഇൻഷുറൻസ് വാങ്ങണമെന്ന് തീരുമാനം മനസിലൊളിപ്പിച്ചിരുന്നവർ ഇനിയെങ്കിലും അത് വാങ്ങണം. കോവിഡിനെ പേടിച്ചു മാത്രമല്ല, ഇനിയുള്ള കാലത്ത് ഏത് അസുഖവും പിടിപെടാനുള്ള സാധ്യത തള്ളിക്കളായാനാകില്ല. ചികിൽസാ ചെലവുകൾ ഉയരുകയും ചെയ്യുന്നു. കുടുംബാംഗങ്ങൾക്ക്  മുഴുവൻ രണ്ടാഴ്ചക്കാലം ആശുപത്രിയിൽ കിടക്കേണ്ടി വന്നാലത് താങ്ങാവുന്ന വിധത്തിലുള്ള ഒരു മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമായും വാങ്ങുക. 

4. സാമ്പത്തിക വിവരങ്ങൾ വെളിപ്പെടുത്താം

കോവിഡ് നമുക്ക് അറിയുന്ന എത്ര പേരെയാണ് അകാലത്തിൽ മരണത്തിലേക്കു തള്ളിവിട്ടത്. ഇനിയും ഇത്തരം മഹാമാരികൾ പടർന്നേക്കാമെന്നതും യാഥാർത്ഥ്യമാണ്. അതുകൊണ്ടുതന്നെ ഇതു വരെ ആരോടും വെളിപ്പെടുത്തിയിട്ടില്ലാത്ത സമ്പാദ്യമോ ബാധ്യതകളോ പങ്കാളിക്ക് ഉണ്ടെങ്കിൽ അറിഞ്ഞു വെക്കുക. അതിന്റെ റെക്കോഡ് സൂക്ഷിക്കുക. പങ്കാളിയുടെ വിയോഗത്തെ തുടർന്ന് ഉണ്ടായേക്കാവുന്ന അനിശ്ചതത്വങ്ങൾ ഒഴിവാക്കാനിതു സഹായിക്കും. വീട്ടമ്മമാർ പ്രത്യേകിച്ചും ഭർത്താവിന്റെ ഇത്തരം കാര്യങ്ങൾ അറിയണം. വസ്തു വകകൾ ഉണ്ടെങ്കിൽ അവയുടെ വിൽപ്പത്രം ഒരുക്കിവെക്കുന്നത് പിന്നീടുള്ള അവ്യക്തതകളൊഴിവാക്കാൻ സഹായിക്കും. അല്ലെങ്കിൽ നിയമസാധുത ഉറപ്പാക്കാൻ പല ഓഫീസുകൾ കയറിയിറങ്ങേണ്ടി വരും.

5. അടിയന്തരാവശ്യത്തിന് പണം കരുതാം

ലോക്ഡൗൺ വേളയിൽ എത്ര പണമുള്ളവരും തൽക്കാലത്തേക്ക് പണത്തിന് മാർഗം കണ്ടെത്താനാകാതെ കുഴങ്ങുന്നത് നാം കണ്ടതാണ്. അപ്രതീക്ഷിതമായുണ്ടാകുന്ന ചെലവുകൾ നേരിടാൻ മൂന്ന് മുതൽ ആറ് മാസത്തേക്കു വരെയുള്ള ചെലവിനാവശ്യമായ തുക പെട്ടെന്നു പണമാക്കാവുന്ന വിധത്തിൽ സേവിങ്സ് അക്കൗണ്ടിലോ മറ്റോ സൂക്ഷിക്കാം. ചെറിയ കാലയളവിലേക്കുള്ള സ്ഥിരനിക്ഷേപമായി വേണമെങ്കിലും സൂക്ഷിക്കാം. അതു പോലെ വരാനുള്ള വൻചെലവുകൾ മുൻകൂട്ടി കണ്ട് അത് സാധിക്കുന്നതിനായി ഘട്ടംഘട്ടമായുള്ള ചെറിയ എസ്ഐപി നിക്ഷേപങ്ങളാരംഭിക്കുക. അത് എപ്പോഴും ഉപയോഗിക്കാത്ത ഏതെങ്കിലുമൊരു ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കുന്നതാകും നല്ലത്.

6. മൊബൈൽ ആപ് വായ്പയോട് നോ പറയാം

പണത്തിന് ഇപ്പോഴത്തെ നാളുകളിൽ ആവശ്യം വളരെ കൂടുതലാണ്. വരുമാനം കുറഞ്ഞതിനാൽ വായ്പ കിട്ടാനും സാധ്യത കുറവാണ്. ഈ ഘട്ടത്തിൽ സന്ദേശങ്ങളായെത്തുന്ന മൊബൈൽ വായ്പകളോട് നിർബന്ധമായും മുഖം തിരിക്കുക. പെട്ടെന്നുള്ള കാര്യം നടന്നാലും ഊരാക്കുടുക്കിലേക്കാകും ചെന്നെത്തുക. ഫോണിൽ ധാരാളം ഓഫറുകളും മറ്റും വരാറുണ്ട്. അവയൊക്കെ തുറന്നു കൗതുകത്തിനായി വായിച്ചാലും പ്രതികരിക്കേണ്ട. നിങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന  വിലപ്പെട്ട വിവരങ്ങൾ ഇതിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ നഷ്ടമായേക്കാം. ഓൺലൈൻ ഷോപ്പിങിനു പ്രേരിപ്പിക്കുന്ന സന്ദേശങ്ങളുടെ ഘോഷയാത്ര തന്നെ വരാറുണ്ട്,പക്ഷെ പ്രലോഭനങ്ങളിൽ വീഴും മുമ്പ് എനിക്കിത് ആവശ്യമുണ്ടോ എന്ന് സ്വയം ചോദിക്കുക. 

7.വിജയ കഥകൾ വായിച്ച് വികാരം കൊള്ളേണ്ട

വിവിധ മേഖലകളിൽ ചുമ്മാ പണം വാരുന്ന വിജയകഥകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. അതു വായിച്ച് അവരുടെ ടിപ്പുകൾക്ക് പുറകേ പോകേണ്ട. അതു പോലെ ഓൺലൈൻ ആപ്പുകൾ ഡൗണ്‍ ലോ‍ഡ് ചെയ്ത് ഓഹരി വ്യാപാരത്തിലേക്കു കടക്കുന്ന വനിതകളുടെ എണ്ണം ഇപ്പോൾ വല്ലാതെ കൂടിയിട്ടുണ്ട്. അവിടുന്നുമിവിടുന്നും അറിയുന്ന കാര്യങ്ങൾ വെച്ച് ഒാഹരിയിൽ നേട്ടമുണ്ടാക്കാമെന്ന് കരുതുന്നത് അബദ്ധമാണ്. ഓഹരിയിലെ ഇപ്പോഴത്തെ കുതിപ്പിൽ നിന്ന് നേട്ടമെടുക്കുന്നതിന് മുമ്പ് ഏതെങ്കിലും ഓഹരി ബ്രോക്കറുടെ ഉപദേശം തേടാം.

English Summary : 7 Things Which Women should know about Their Financial Security

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം ജയസൂര്യ നോ പറഞ്ഞു, പകരം മറ്റൊരു നടനെത്തി: പക്ഷേ ഒടുവിൽ ? Renjith Shankar Interview

MORE VIDEOS
FROM ONMANORAMA