തട്ടുകടയിൽ നിന്നും കോടികളുടെ വിറ്റുവരവിലേക്ക്

HIGHLIGHTS
  • നഷ്ടപ്പെട്ടതെല്ലാം ഒന്നൊന്നായി തിരിച്ചുപിടിച്ചു
ilavarasy
SHARE

മലയാളിയുടെ നാവിൽ രുചി മേളങ്ങൾ തീർത്തു കൊണ്ട്, വിദേശ വിപണികളിൽ പുതു രുചി ബ്രാൻഡായി വളരുകയാണ് അശ്വതി ഹോട്ട് ചിപ്സ്. നിർമാതാക്കളായ ഇളവരശി ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സാരഥി ഡോക്ടർ ഇളവരശി ജയകാന്തിന് പറയാൻ പരാജയത്തിന്റെ ഒരു ഭൂതകാലമുണ്ട്. അനുഭവത്തിന്റെ കളരിയിൽ നിന്ന് പഠിച്ച പാഠങ്ങൾ ഉപയോഗിച്ച് പുതിയ കച്ചവട തന്ത്രങ്ങൾ പയറ്റി നഷ്ടപ്പെട്ടതെല്ലാം ഒന്നൊന്നായി തിരിച്ചുപിടിച്ചു അവർ. ഇളവരശിയെന്ന നാൽപതുകാരിക്ക് ഇപ്പോഴറിയാം ഇനിയൊരു തോൽവി എങ്ങനെ ഒഴിവാക്കാമെന്ന്. തോൽവിയുടെ പടുകുഴിയിലേക്ക് കാലിടറി വീഴുമ്പോൾ അവശേഷിച്ചത് കോടികളുടെ കടബാധ്യതയും പൂജ്യം ബാലൻസും. വെറും കൈയോടെ ഭർത്താവിന്റെ കൈ പിടിച്ച് പറക്കമുറ്റാത്ത രണ്ട് മക്കളേയും കൂട്ടി തെരുവിലേക്കിറങ്ങുമ്പോൾ അതുവരെയുണ്ടാക്കിയതെല്ലാം നഷ്ടപ്പെട്ടിരുന്നു. വീട്, കാറ്, പൊന്ന്, പണം, ബന്ധങ്ങൾ എല്ലാം പോയി. 

കോടികളുടെ കടബാധ്യത വീട്ടാൻ പല വാതിലുകളും മുട്ടി. പണമില്ലെങ്കിൽ മനുഷ്യൻ വെറും പിണമാണെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞു. കടക്കാരുടെ ബഹളവും ഭീഷണിയുo ദിവസം ചെല്ലുംതോറും കൂടി വന്നു. ഊണും ഉറക്കവും നഷ്ടപ്പെട്ടു.മനസിനും ശരീരത്തിനും താങ്ങാൻ പറ്റാത്ത വിധം ടെൻഷൻ കൂടി . പക്ഷാഘാതത്തിന്റെ രൂപത്തിലെത്തി വിധിയുടെ അടുത്ത പരീക്ഷണം. ആറു മാസം കിടന്ന കിടപ്പിൽ.. അമിത ആത്മവിശ്വാസവും അറിവില്ലായ്മയും വരുത്തി വച്ച പിഴവുകളുടെ ശിക്ഷയാണ് താനിന്ന് അനുഭവിക്കുന്നതെന്ന് ബോധ്യമായി. എല്ലാം തിരുത്തണം, കട്ടിലിൽ നിന്നും എഴുന്നേറ്റു പരസഹായത്തോടെ മെല്ലെ നടക്കാൻ തുടങ്ങി.. ക്രമേണ ആരോഗ്യം വീണ്ടെടുത്തു. കടക്കാർ അപ്പോഴും വീട്ടിൽ കയറി ഇറങ്ങിക്കൊണ്ടിരിന്നു. 

ഭർത്താവിന്റെയും മക്കളുടെയും സമാധാനം താൻ കാരണമാണല്ലോ തകരുന്നത് എന്നൊരു കുറ്റബോധം ഉള്ളിൽ നിറഞ്ഞു. താൻ ഇവിടെ ഉള്ളതാണ് പ്രശ്നം. ഇനി ഒരു കടക്കാരും വീട്ടിൽ വരരുത്. അങ്ങനെ കടക്കാരോട് സംസാരിക്കാൻ മാത്രമായി മണ്ണുത്തി ബൈപാസിലെ പാതയോരത്ത് ഒരു തട്ടുകട തുടങ്ങിയതായിരുന്നു വീണ്ടെടുപ്പിന്റെ രണ്ടാം ഘട്ടം.

ഒന്നാം ഘട്ടം പതനത്തിലേക്ക്

ഉസ് ലാം പെട്ടിയിൽ നിന്ന് തൃശൂരിലെത്തിയപ്പോൾ പഠിക്കുന്നതോടൊപ്പം അച്ഛന്റെ പലഹാര പണിയിൽ കുട്ടിയായിരുന്ന ഇളവരശിയും സഹായിക്കും. പതിയെ പാചകം ഒരു ഹരമായി മാറുന്നത് ഇളവരശി അറിഞ്ഞു. അച്ചാർ ഉൾപെടെ പുതു പാചക പരീക്ഷണങ്ങൾ അവളും തുടങ്ങി. അച്ഛൻ മകളെ പ്രോൽസാഹിപ്പിക്കും. രുചിച്ചവർ നല്ല അഭിപ്രായം കൂടി പറയാൻ തുടങ്ങിയതോടെ അച്ഛനെ പോലെ തനിയും ബിസിനസ്കാരിയാകണം എന്നവൾക്കു തോന്നി. പത്താം ക്ലാസും പ്രീ ഡിഗ്രിയും കഴിഞ്ഞു. കല്യാണമായി. അച്ഛന്റെ മരണം ഉണ്ടാക്കിയ ആഘാതം വലുതായിരുന്നു. ജീവിക്കണമെങ്കിൽ ബിസിനസ് തുടർന്നേ മതിയാകു. അങ്ങനെ അച്ഛന്റെ ബിസിനസ് തുടരാൻ ഇളവരശി തീരുമാനിച്ചു. ഒരു ആക്ടിവ സ്കൂട്ടർ വാങ്ങി. 

സ്വന്തം ബിസിനസ്

റീട്ടെയിൽ ഷോപ്പുകളിലും മാർജിൻ ഫ്രീ ഷോപ്പുകളിലും സൂപ്പർ മാർക്കറ്റുകളിലും നിന്ന് ഓർഡർ പിടിച്ചു കൊണ്ട് 1998 ൽ സ്വന്തം ബിസിനസ് പ്രസ്ഥാനത്തിനു് ഇളവരശി തുടക്കമിട്ടു. കട്ടയ്ക്ക് സപ്പോർട്ടുമായി ഭർത്താവും കൂടിയതോടെ ആത്മവിശ്വാസം ഇരട്ടിച്ചു. ഓർഡറുകളുടെ പ്രവാഹമായി. ബിസിനസ് തഴച്ചു വളർന്നു. തൃശൂരുകാരുടെ നാവിൽ ഇളവരശിയെന്നാൽ രുചിയുടെ പര്യായമായി. സ്വന്തമായി രണ്ടു വീടുകൾ, കാറ്, സ്വർണം, ഇഷ്ടം പോലെ ബാങ്ക് ബാലൻസ്. അങ്ങനെ ജീവിതം സമൃദ്ധിയുടെ നടുവിലായി.

വീഴ്ചയുടെ തുടക്കം

സാധനങ്ങൾ വിൽക്കാൻ സൂപ്പർമാർക്കറ്റുകൾ കയറിയിറങ്ങുമ്പോൾ എന്നും ആഗ്രഹിക്കും തനിക്കും ഇതുപോലൊന്നു തുടങ്ങണം എന്ന്. അങ്ങനെ സ്വത്തുക്കൾ പണയപ്പെടുത്തിയും ലോണെടുത്തും  2010 ൽ വലിയൊരു സൂപ്പർ മാർക്കറ്റ് തുടങ്ങി. സൂപ്പർ മാർക്കറ്റ് ബിസിനസ് താൻ വിചാരിച്ചത്ര നീങ്ങുന്നില്ലെന്ന് തുടക്കത്തിലേ മനസിലായിരുന്നു. ക്രമേണ എല്ലാം പോയി. ഡിസ്ട്രിബ്യുട്ടർമാർക്കും ഹോൾസെയിലർമാർക്കും കൊടുക്കാൻപണമില്ലാതായി.ഗത്യന്തരമില്ലാതെ സൂപ്പർ മാർക്കറ്റിന് എന്നന്നേക്കുമായി താഴിട്ടു.

തട്ടുകടയിൽ നിന്നും മുന്നോട്ട്

രോഗങ്ങളുടേയും ദുരിതങ്ങളുടേയും ഇടയിൽ ആശ്വാസമായിരുന്നു മണ്ണുത്തി ബൈപാസിലെ തട്ടുകട. കടക്കാർക്കു മനസിലായി ഇളവരശി ചതിക്കില്ലെന്ന്. മനസിലാകാത്തവരുടെ ഭീഷണികളെ സധൈര്യം നേരിട്ടു. രണ്ടാഴ്ച മാത്രമെ മണ്ണുത്തിയിൽ കച്ചവടം ചെയ്തുള്ളൂ.. തനിയ്ക്കു വീണ്ടും നല്ലൊരു സംരഭകയാകണം. കടങ്ങൾ വീട്ടി സമാധാനമായി ജീവിക്കണം.ഈ ചിന്ത അവളെ കൊണ്ടെത്തിച്ചത് തൃശൂർ റെയിൽവെ സ്റ്റേഷൻ പരിസരത്തെ ഒഴിഞ്ഞുകിടക്കുന്ന ഒറ്റമുറി ഷോപ്പിലേക്കായിരുന്നു. അഡ്വാൻസ് കൊടുക്കാതെ വാടക കൂടുതൽ കൊടുക്കാമെന്ന കരാറിൽ  ഷോപ്പ് വാടകയ്ക്ക് എടുത്തു. അങ്ങനെ ലൈവ് ആയി ചിപ്സുണ്ടാക്കി വിൽക്കാൻ തുടങ്ങി.. ഓരോ ദിവസവും പുതിയ പലഹാരങ്ങൾ ഉണ്ടാക്കി അവതരിപ്പിച്ചു..  ദിവസം ചെല്ലുംതോറും വിറ്റുവരവ് കൂടി വന്നു. തൊട്ടടുത്ത മുറി കൂടി വാടകയ്ക്ക് എടുത്തു കച്ചവടം വിപുലമാക്കി. കടങ്ങൾ കുറശ്ശെ വീട്ടാൻ തുടങ്ങി. ഇപ്പോൾ മൊത്തം 4 ഷോപ്പുകൾ. 45 ലധികം ജീവനക്കാർ. 2020 ജനുവരി മുതൽ കയറ്റുമതി തുടങ്ങി. കാനഡ, ഖത്തർ, ന്യൂസിലണ്ട് ഇവിടന്നെല്ലാം ആവശ്യക്കാരേറി. ഇപ്പോൾ അമേരിക്കയിലേക്ക് കയറ്റി അയക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. കയറ്റുമതി ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിനു മാത്രമായി തൃശൂർ വിപുലമായ കേന്ദ്രം ഒരുക്കുകയാണിപ്പോൾ. 

കേരളത്തിലെ പുതിയ വ്യവസായ നയങ്ങൾ രണ്ടാം വരവ് കൂടുതൽ സുഗമമാക്കി എന്ന് ഇളവരശി പറയുന്നു. ഒന്നാം ഘട്ടത്തിലെ പിഴവുകൾ ആവർത്തിക്കാതിരിക്കാൻ അഡ്മിനിസ്ട്രേഷൻ സിസ്റ്റമാറ്റിക് ആക്കി. സർക്കാർ ഡിപ്പാർട്ട്മെൻറുകൾ നൽകുന്ന ട്രെയിനിങുകൾ ഒന്നുപോലും വിടാതെ പങ്കെടുക്കും.ഇത് ഉൽപന്നത്തിൻ്റെ ഗുണമേന്മ വർധിപ്പിക്കാനും പുതിയ സാങ്കേതിക വിദ്യകൾ പരീക്ഷിക്കാനും അവസരം നൽകി . ഇന്ന് നൂറിലധികം വ്യത്യസ്തമായ പലഹാരങ്ങൾ അശ്വതി ഹോട്ട് ചിപ്സിൽ നിന്നും പുറത്തിറങ്ങുന്നുണ്ട്

അവാർഡുകൾ അംഗീകാരങ്ങൾ

ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ ഉൾപെടെ 71 അവാർഡുകൾ ഇതിനകം ഇളവരശിയെ തേടി എത്തിയിട്ടുണ്ട്. ഇതിൽ കേരളത്തിലെ മികച്ച സംരംഭക, മികച്ച ദേശീയ സംരംഭക എന്നിവ ഉണ്ട്. അമേരിക്കയിലെ ഇൻറർനാഷണൽ പീസ് കൗൺസിൽ ഇന്ത്യയിലെ മികച്ച വനിതാ സംരംഭകയായി തിരഞ്ഞെടുത്തത് മറക്കാനാവാത്ത അനുഭവമാണ്. വാഷിംഗ്ടണിൽ പോയി അവാർഡ് സ്വീകരിച്ചതിനു ശേഷം ഇതിന്റെ തുടർച്ചയായി ബ്രിട്ടണിലെ കിങ്സ് യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചത് ഇളവരശിയെ ഡോക്ടർ ഇളവരശിയാക്കി. 

ഭർത്താവ് ജയകാന്തും മക്കളായ ഹൃദുലും അശ്വിനും പൂർണ പിന്തുണയുമായി ഇളവരശിക്കൊപ്പം ഉണ്ട്.

English Summary : Success Story of a Woman Entrepreneur

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA