ഇഷ്ടികക്കളത്തിൽ നിന്ന് കപ്പലണ്ടി മിഠായിലേക്ക്, മാസവരുമാനം ഒരു ലക്ഷത്തിലേറെ

HIGHLIGHTS
  • ഭക്ഷ്യ സംസ്കരണ‌രംഗത്തുള്ള സാധ്യതകൾ മികച്ചതാണ്
Tomichan
SHARE

പ്രതിസന്ധികളിൽ പിടിച്ചു നിൽക്കാൻ കഴിയാതെ വന്നാൽ കളംമാറി ചവിട്ടാൻ അറിയുന്നവനാണ് വിജയം കൂടെയുണ്ടാകുക. സ്വന്തം ജീവിതത്തിലൂടെ, സംരംഭത്തിലൂടെ ഇതു തെളിയിച്ച കഥയാണ് പറവൂർ ആറ്റുപുറത്തെ ടോമീസ് ഫുഡ് പ്രോഡക്ട്സ് ഉടമ ടോമിച്ചനു പറയാനുള്ളത്.

ഭക്ഷ്യ സംസ്കരണ‌രംഗത്തുള്ള സാധ്യതകൾ ചെറുതല്ലെന്ന തിരിച്ചറിവിലാണ് ടോമിച്ചനെന്ന സംരംഭകൻ പിറവിയെടുത്തതെന്നു പറയാം. കാരണം, ഇഷ്ടികക്കളം നടത്തി നല്ല വരുമാനം നേടിയിരുന്ന വ്യക്തിയാണ് ഇദ്ദേഹം. പക്ഷേ, ഇഷ്ടിക നിർമാണത്തിനു വേണ്ട പ്രധാന അസംസ്കൃതവസ്തുവായ കളിമണ്ണ് ലഭിക്കാതെ വന്നപ്പോൾ സംരംഭം വഴിമുട്ടി. അങ്ങനെയാണ് ടോമിച്ചൻ വഴിമാറി ചിന്തിക്കുന്നത്.

വളരെ േവഗം തുടങ്ങാൻ കഴിയുന്നതും വിപണിയിൽ ശോഭിക്കാൻ കഴിയുന്നതും മികച്ച ലാഭവിഹിതം തരുന്നതുമായ ഒരു ഉൽപന്നം എന്ന നിലയിലാണ് സ്നാക്സുകളും ചിപ്സുകളും തിരഞ്ഞെടുക്കുന്നത്. ഈ രംഗത്തെ സാധ്യതകളെക്കുറിച്ചും വിശദമായി പഠിച്ചു. തുടർന്ന് ഏകദേശം രണ്ടു വർഷം മുൻപാണ് ഭക്ഷോൽപാദന രംഗത്തേക്ക് ചുവടു മാറുന്നത്.

എന്നാൽ, കൂനിന്മേൽ കുരുവെന്നപോലെ, ബിസിനസൊക്കെ ഒന്നു മെച്ചപ്പെട്ടു വരുന്നതിനിടയിൽ കോവിഡെത്തി. പിന്നാലെ ലോക്ഡൗണും. അതോടെ ടോമിച്ചന്റെ ബിസിനസും ഡൗണായി. പിന്നീട് ഈ അടുത്ത കാലത്താണ് ബിസിനസ് ഒന്നു ഉണർന്ന് ഉഷാറായത്. വിജയകഥ അറിയാനായി ടോമിച്ചനെ സമീപിച്ചപ്പോൾ ബിസിനസ് പച്ച പിടിച്ചു വരുന്നതിന്റെ സന്തോഷം അദ്ദേഹം മറച്ചു വച്ചില്ല.

‘‘ചിപ്സ് ഇനങ്ങളും സ്നാക്സ് ഇനങ്ങളുമാണ് ചെയ്യുന്നത്. കപ്പലണ്ടി മിഠായികൾ, കപ്പ, കായ, ഉരുളക്കിഴങ്ങ് തുടങ്ങിയ ചിപ്സുകൾ, അരിമുറുക്ക്, പപ്പടവട, പക്കാവട, മിക്സ്ചറുകൾ, പഴം നീളത്തിൽ അരിഞ്ഞു വറുത്തത്, കടല ഉൽപന്നങ്ങൾ, കപ്പലണ്ടി മുളകിൽ/ ഫ്ലേവറുകളിൽ വറുത്തത്, മസാല ഉൽപന്നങ്ങൾ, ഗ്രീൻപീസ് മസാലകൾ, അവൽ, പൊരി, ലഡു, ജിലേബി, മിക്സ്ചറുകൾ തുടങ്ങി 35 ൽപരം ഇനങ്ങളിലായി ഉൽപന്നങ്ങളുടെ ഒരു കൂട്ടപ്പൊരിച്ചിൽ തന്നെയാണ് ഇവിടെയുള്ളത്.’’ ടോമിച്ചൻ പറയുന്നു.

ലാഭമുള്ളതിനാൽ ഉയർന്ന നിക്ഷേപം നടത്തി

നിലവിൽ 15 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട് സ്ഥാപനത്തിൽ. പീനട്ട് കാൻഡി ഉണ്ടാക്കാനുള്ള സംവിധാനം ഏർപ്പെടുത്താനാണ് ഇതിൽ കൂടുതൽ തുകയും ചെലവായത്. ഏകദേശം പൂർണ്ണമായിത്തന്നെ യന്ത്രവൽകൃതമാണ് ഈ സ്ഥാപനമെന്നു പറയാം.

‘‘യന്ത്രവൽക്കരണം ഉൽപാദനം വർധിപ്പിക്കാനും കൃത്യസമയത്ത് വിതരണം നടത്തുവാനും സഹായിക്കുന്നുണ്ട്. ഇതു ലാഭത്തിലും പ്രതിഫലിക്കുന്നു.’’ മൂലധനമായി കൂടുതൽ തുക ചെലവഴിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോൾ ടോമിച്ചൻ പറഞ്ഞു.

കപ്പലണ്ടി തൊണ്ടുകളയാനും വറുക്കാനും മെഷീനാണ് ഉപയോഗിക്കുന്നത്. അതുപോലെ മിക്സിങ്, പാക്കിങ് ജോലികൾക്കും യന്ത്രങ്ങളുണ്ട്. സ്വന്തം വീടിനോടു ചേർന്നു തന്നെയാണ് ഉൽപാദനശാലയും. 1000 ചതുരശ്രയടി വിസ്തീർണത്തിൽ ഷീറ്റ് മേഞ്ഞതും മറച്ചതും ടൈൽ പാകിയതുമായ കെട്ടിടമാണ് നിർമാണശാല.

സ്ഥാപനം തുടങ്ങുന്ന അവസരത്തിൽ ടോമി വായ്പയെ ആശ്രയിക്കുകയുണ്ടായി. ‘‘പിഎംഇജിപി (PMEGP) പദ്ധതി പ്രകാരം 20 ലക്ഷം രൂപ വായ്പ എടുത്തപ്പോൾ 35%, ഏഴു ലക്ഷം രൂപയാണ് സബ്സിഡിയായി ലഭിച്ചത്. പുതുതായി സ്ഥാപനം തുടങ്ങുന്നവർക്ക് ഇതു വലിയൊരു ആശ്വാസമാണ്.’’ അദ്ദേഹം പറയുന്നു.

ആഴ്ചയിൽ 6 ദിവസം 6 റൂട്ടുകൾ

ആഴ്ചയിൽ ആറു ദിവസം, ആറു റൂട്ടുകൾ വഴിയാണു വിൽപന. മുൻകൂട്ടി ഓർഡർ പിടിക്കേണ്ട സാഹചര്യം ഇപ്പോഴില്ല. ഒരു ഡ്രൈവറുടെ സഹായത്തോടെ ടോമിച്ചൻ തന്നെ നേരിട്ടാണ് വിതരണം നടത്തുന്നത്. ബേക്കറി ഷോപ്പുകൾ, പലചരക്ക്, സ്റ്റേഷനറി കടകൾ, െചറിയ പെട്ടിക്കടകൾ തുടങ്ങിയവ വഴിയെല്ലാം കച്ചവടം കിട്ടും.

സ്ഥാപനത്തിൽ എട്ടു തൊഴിലാളികളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പ്രധാന പാചകക്കാരൻ ഒഴികെ എല്ലാവരും അയൽവാസികൾ. കൂടാതെ ടോമിയുടെ ഭാര്യ ഷീജ, മക്കൾ രാഹുൽ–ബിടെക് വിദ്യാർഥി, രോഹൻ–പ്ലസ്ടു വിദ്യാർഥി എന്നിവരെല്ലാം സൗകര്യംപോലെ സഹായിക്കുന്നു.

അഞ്ചു ലക്ഷം രൂപയുടെ വിൽപനയാണു ശരാശരി നടക്കുന്നത്. 10 മുതൽ 30% വരെ അറ്റാദായം ലഭിക്കുന്ന ഉൽപന്നങ്ങളാണു എല്ലാം. FSSAI, Packer, GST തുടങ്ങിയ ൈലസൻസുകളും ഉണ്ട്.

ഭാവി പദ്ധതികൾ

പുതിയ പ്രോജക്ട് എന്ന നിലയിൽ ഒരു ബേക്കറി ഉൽപാദനകേന്ദ്രം കൂടി തുടങ്ങുവാൻ ഉദ്ദേശ്യമുണ്ട്. കോവിഡ് ആഘാതം കുറഞ്ഞാൽ അതിന്റെ കാര്യങ്ങളുമായി മുന്നോട്ടുപോകണമെന്നു ടോമിച്ചൻ പറയുന്നു. 10 ലക്ഷം രൂപ അധിക നിക്ഷേപം കണ്ടെത്തി ബേക്കറി ബിസിനസ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.

ആശങ്കയില്ലാതെ ആർക്കും ബിസിനസ് രംഗത്തേക്കു കടന്നുവരാൻ വഴിവയ്ക്കുന്നതാണ് ചിപ്സ് /സ്നാക്സ് ഉൽപന്നങ്ങളുടെ നിർമാണവും വിപണനവും. വലിയ നിക്ഷേപം ഇല്ലാതെയും തുടങ്ങാം. വീടുകളിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ചെറുതായി തുടങ്ങിയാൽ മതി. തുടക്കത്തിൽ ഒരു ലക്ഷം രൂപയുടെ മൂലധനം മതിയാകും. പ്രതിമാസം രണ്ടു ലക്ഷം രൂപയുടെ കച്ചവടം ഉണ്ടെങ്കിൽ പോലും 50,000 രൂപയിൽ കുറയാത്ത വരുമാനം ഉറപ്പാണ്.

വിജയഘടകങ്ങൾ

∙ ക്രെഡിറ്റ് വരുന്നു എന്നത് പ്രശ്നമാകാൻ തുടങ്ങിയപ്പോൾ ക്രെഡിറ്റ് കച്ചവടം പൂർണമായും ഒഴിവാക്കി.

∙ കിടമത്സരം ഉണ്ടെങ്കിലും ഇത്തരം ഉൽപന്നങ്ങൾക്ക് എപ്പോഴും നല്ല വിപണിയുണ്ട്.

∙ ഉൽപന്നങ്ങൾ കടകളിൽനിന്നു തിരിച്ചെടുക്കേണ്ട സാഹചര്യം അപൂർവമായേ ഉണ്ടാകാറുള്ളൂ. കൂടുതൽ ഡംബ് ചെയ്യാതെ ശ്രദ്ധിക്കുകയും െചയ്യുന്നു.

∙ പ്രാദേശിക ഷോപ്പുകൾ വഴി വിൽപനയെന്ന തീരുമാനം മികച്ചതായിരുന്നു. സ്ഥിരം ഉപഭോക്താക്കളെ സമ്പാദിക്കുവാൻ ഇതിലൂടെ കഴിഞ്ഞു.

∙ ഉൽപന്നത്തിന്റെ ഗുണവും രുചിയും ചുരുങ്ങിയ സമയംകൊണ്ടു വിപണിയിൽ ശോഭിക്കുവാൻ കാരണമായി.

English Summary : Success Story of Food Processing Entrepreneur

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA