ADVERTISEMENT

വേറിട്ട ഉൽപന്നങ്ങൾ പരീക്ഷിക്കാനും വിജയം നേടാനും ഭക്ഷ്യമേഖല പോലെ മറ്റൊരു രംഗമില്ല. അതിനു തെളിവാണ് മലയാളികൾക്ക് അപരിചിതമായിരുന്ന ലബനീസ് റൊട്ടിയെ നാടിനു പരിചയപ്പെടുത്തുന്ന ഇബ്രാഹിംകുട്ടിയുടെയും ഐഡിയൽ ഫുഡ് പ്രോഡക്ട്സിന്റെയും വിജയം.

ഒന്നര പതിറ്റാണ്ടിലേറെ വിദേശത്ത് ജോലി ചെയ്തു നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസിയാണ് ഇബ്രാഹിം കുട്ടി. ദമാമിലെ ഒരു പ്രമുഖ പത്രത്തിൽ ഗ്രാഫിക് ഡിസൈനർ ആയിരുന്നു. അതുമായി ബന്ധപ്പെട്ട് ചിത്രങ്ങളെടുക്കുന്നതിനും മറ്റുമായി വിവിധ ഹോട്ടലുകളിലെ ഷെഫുമാരുമായും ഭക്ഷ്യനിർമാണ രംഗത്തു പ്രവർത്തിക്കുന്നവരുമായും സൗഹൃദം ഉണ്ടായിരുന്നു. അതുവഴിയുള്ള പരിചയവും അനുഭവവുമാണ് നാട്ടിലെത്തി ഇതുപോലൊരു ബിസിനസ് തുടങ്ങാൻ കാരണമാകുന്നത്. 

ഗൾഫ് രാജ്യങ്ങളിൽ വ്യാപകമായി ഉപയോഗിച്ചു വരുന്ന ലബനീസ് റൊട്ടിയാണ് ഇദ്ദേഹത്തിന്റെ പ്രധാന ഉൽപന്നം. കൂടാതെ ഹാഫ് കുക്ഡ് ചപ്പാത്തി, ഫുൾ കുക്ഡ് ചപ്പാത്തി, പൂരി, പത്തിരി എന്നിവയും ഉണ്ട്. േകരളത്തിലെ വിപണിയെക്കുറിച്ച് പഠിച്ചപ്പോഴാണ് വലിയൊരു അവസരം ഇവിടെയുണ്ടെന്നും അതു പ്രയോജനപ്പെടുത്താമെന്നു ഉറപ്പായതെന്നും ഇബ്രാഹിം കുട്ടി പറയുന്നു.

വിൽപനയെല്ലാം നേരിട്ടു മാത്രം

ഏജൻസികൾക്കു നൽകി അവർ വഴി ഉപഭോക്താക്കളിലേക്കെത്തുന്ന രീതിയല്ല ഇവിടുള്ളത്. ഓരോ റൂട്ടും തിരിച്ച് നേരിട്ടു വിൽപനക്കാരെ ഏർപ്പെടുത്തിയാണ് കടകളിലേക്ക് എത്തിക്കുന്നത്. അതുവഴി വിപണിയിൽനിന്നു കൃത്യമായ പ്രതികരണം ലഭിക്കുന്നു. ഷവർമ, അറേബ്യൻ വിഭവങ്ങൾ തുടങ്ങിയവ വിൽക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് കച്ചവടം കൂടുതലും നടക്കുക. സൂപ്പർമാർക്കറ്റുകൾ, ബേക്കറികൾ, റസ്റ്ററന്റുകൾ, പലചരക്കു കടകൾ എന്നിവ വഴി ചപ്പാത്തിയും മറ്റ് ഉൽപന്നങ്ങളും വിറ്റുവരുന്നു. എറണാകുളം, ആലുവ, പെരുമ്പാവൂർ, നെടുമ്പാശേരി, അങ്കമാലി തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥിരം ഉപഭോക്താക്കളെ കണ്ടെത്താനായി. 

കൈത്താങ്ങായി പിഎംഇജിപി വായ്പ

ഇദ്ദേഹം സംരംഭം തുടങ്ങുന്നത് പിഎംഇജിപി പദ്ധതി പ്രകാരം വായ്പയെടുത്താണ്. 25 ലക്ഷം രൂപയുടെ വായ്പയിൽ 2020 ഫെബ്രുവരിയിലാണു സ്ഥാപനം പ്രവർത്തനം തുടങ്ങുന്നത്. കോവിഡ് വ്യാപനത്തിനു തൊട്ടുമുൻപായിരുന്നു ഇത്. എങ്കിലും ലോക്ഡൗണും തുടർന്നുള്ള നാളുകളും കച്ചവടത്തെ കാര്യമായി ബാധിച്ചില്ല. ഭക്ഷ്യോൽപന്നവുമായി ബന്ധപ്പെട്ടൊരു സംരംഭം തുടങ്ങിയത് വലിയൊരു അനുഗ്രഹമായി തോന്നിയത് ഇക്കാലത്താണെന്നും ഇബ്രാഹിം കുട്ടി പറയുന്നു. 

ചപ്പാത്തി മേക്കർ, വിവിധതരം മെഷീനുകൾ, ഡ്രയർ, മിനി പൾവറൈസർ, ആട്ട മിക്സ്ചർ, റൈസ് വാഷർ, വെറ്റ് ൈഗ്രൻഡർ, മീറ്റ് മിൻസർ, ഷിഫ്റ്റർ, റോസ്റ്റർ, ബാച്ച് കോഡിങ് മെഷീൻ, സീലിങ് മെഷീനുകൾ അങ്ങനെ ഒട്ടുമിക്ക മെഷീനുകളും ഇപ്പോഴുണ്ട്. ഒരു സംരംഭകനെന്ന നിലയിൽ വരുമാനം നേടുന്നതിനൊപ്പം ഒൻപതു പേർക്കു കൂടി തൊഴിൽ നൽകാൻ കഴിയുന്നത് വലിയൊരു കാര്യമായാണ് ഇദ്ദേഹം കാണുന്നത്. 

അസംസ്കൃത വസ്തുക്കൾ സുലഭം

അരി, ഗോതമ്പ്, അരിപ്പൊടി (ചില ഇനങ്ങൾ മാത്രം), മിൽക്ക് പൗഡർ, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയാണു പ്രധാന അസംസ്കൃത വസ്തുക്കൾ. സ്വകാര്യ ഏജൻസികളിൽനിന്ന് ഇവയെല്ലാം രൊക്കം പണം കൊടുത്താണ് വാങ്ങുന്നത്. മുടക്കം കൂടാതെയും മികച്ച ഗുണനിലവാരത്തിലും ഇവ കൃത്യമായി ലഭ്യമാണ്.  

കോവിഡ് പ്രതിസന്ധി പൂർണമായി വിട്ടൊഴിയാത്തതിനാൽ പ്രതിമാസ വിൽപന കൃത്യമായി കണക്കാക്കാനാവില്ല. ഇതു കൂടിയും കുറ‍ഞ്ഞുമിരിക്കും. പരമാവധി 5 ലക്ഷം രൂപയുടെ വരെ കച്ചവടം ലഭിക്കാറുണ്ട്. കിട്ടുന്നതിൽ 20% അറ്റാദായമാണ്. അത്രയും തുക തന്നെ കമ്മിഷൻ കച്ചവടക്കാർക്കും ലഭിക്കുന്നു. രണ്ടും കൂടെ കൂട്ടി നോക്കിയാൽ 50 ശതമാനത്തിനടുത്ത് വരുമാനം ഉണ്ട്.

മെഷീൻ ഇഡ്ഡലിയും മെഷീൻ പുട്ടും

ഇഡ്ഡലിയും പുട്ടും ഉണ്ടാക്കുന്ന മെഷീൻ ഒരെണ്ണം വാങ്ങിക്കഴിഞ്ഞു, സ്നാക്സുകൾ, പോപ്കോൺ എന്നിവയും ഉണ്ടാക്കാൻ പോവുകയാണ്. പോപ്കോണിനു വേണ്ട മെഷിനറിയും വാങ്ങിക്കഴിഞ്ഞു. ഇവയുടെയെല്ലാം ഉൽപാദനം രണ്ടു മാസത്തിനുള്ളിൽ ആരംഭിക്കും. ലബനീസ് റൊട്ടി തന്നെ വ്യത്യസ്ത വെറൈറ്റികളിൽ ചെയ്യാനും ഉദ്ദേശിക്കുന്നു. ഇതെല്ലാം പൂർത്തിയാകുന്ന മുറയ്ക്ക് തൊഴിലാളികളുടെ എണ്ണം 15 ആയി ഉയർത്താൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നു. 

അറേബ്യൻ വിഭവങ്ങളിൽ ലബനീസ് റൊട്ടി പോലുള്ളവയ്ക്ക് നാട്ടിൽ മത്സരം കുറവാണ്. ഇത്തരം മേഖലകൾ ഇപ്പോൾ വികസിച്ചു വരികയാണ്. ധാരാളം അവസരങ്ങളും ഉണ്ട്. മെഷിനറി നിക്ഷേപം കൃത്യമായി ഇല്ലാതെയും ഇവ ചെയ്യാനാകും. തുടക്കത്തിൽ 2 ലക്ഷം രൂപയുെട കച്ചവടം പ്രതീക്ഷിച്ചാൽ പോലും പ്രതിമാസം 50,000 രൂപ ലാഭം ഉറപ്പാക്കാം. കൂടാതെ  നാലു േപർക്കു തൊഴിലും നൽകാം.

വിജയഘടകങ്ങൾ

∙ ഉപയോഗിക്കുന്നത് മികച്ച അസംസ്കൃത വസ്തുക്കൾ മാത്രം.

∙ കഴുകുന്ന ഘട്ടം മുതൽ ഗുണമേന്മയിൽ ശ്രദ്ധിക്കുന്നു.

∙ കൃത്യമായ രുചി നിലനിർത്തുവാൻ ശ്രമിക്കുന്നു.

∙ സമ്മർദം ഉണ്ടായാലും വില കുറയ്ക്കാറില്ല.

∙ രൊക്കം പണം വാങ്ങിയുള്ള കച്ചവടം മാത്രം.

∙ നന്നായി വിൽക്കാവുന്ന വിപണി ഉണ്ട്.

∙ കൃത്യസമയത്ത് വിതരണം ചെയ്യാൻ എപ്പോഴും ശ്രദ്ധിക്കും.

∙ ആകർഷകമായ പാക്കിങ് നടത്തിയാണു വിതരണം.

English Summary : Success from Variety Food Products

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com