ഒറ്റപ്പെടലിനെ അകറ്റാൻ തുടങ്ങിയ സംരംഭം, നൽകുന്നത് ലക്ഷങ്ങളുടെ വരുമാനം

HIGHLIGHTS
  • ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയാണ് വിൽപ്പന അധികവും
bn
SHARE

സംരംഭകത്വം എന്ന മേഖലയെ ചെറുപ്പം മുതൽക്ക് പാഷനായി കണ്ടവരും അതിനായി അഹോരാത്രം പ്രവർത്തിച്ചവരും മാത്രമല്ല സംരംഭക രംഗത്തേക്ക് എത്തുന്നത്. ചിലർക്ക് സംരംഭകത്വം എന്നത് തീർത്തും അവിചാരിതമായ, എന്നാൽ ആവശ്യമായ ഒരു മാറ്റമായിരിക്കും. ഇത്തരത്തിൽ ഡിപ്രഷന്റെ വക്കിൽ നിന്നും സംരംഭകത്വത്തിലേക്ക് കടന്നു വന്ന്, നിർമാണം, വിതരണം, വിപണനം അങ്ങനെ എല്ലാം സ്വയം ചെയ്തുകൊണ്ട് കൃഷ്ണാസ് എന്ന ഹോം മെയ്ഡ്‌ കോസ്‌മെറ്റിക് ബ്രാൻഡിന്റെ ഉടമയായി മാറിയ വ്യക്തിയാണ് തിരുവനന്തപുരം സ്വദേശിയായ ബിന്ദു ബാലചന്ദ്രൻ.

കെമിക്കലുകള്‍ ചേര്‍ക്കാത്ത കോസ്‌മെറ്റിക്സ് എന്ന നിലയ്ക്കാണ് ഹെയര്‍ ഓയില്‍ മുതല്‍ ബോഡിവാഷ് വരെ നീളുന്ന അന്‍പതോളം ഉല്‍പ്പന്നങ്ങള്‍ കൃഷ്ണാസ് ഓര്‍ഗാനിക് ഹെര്‍ബല്‍ പ്രോഡക്റ്റ്‌സ് വിപണിയിലെത്തിക്കുന്നത്. വളരെ കുറഞ്ഞ നിക്ഷേപം നടത്തിയാണ് ബിന്ദു ഈ മേഖലയിലേക്ക് കടന്നു വന്നത്. വ്യക്തി ജീവിതത്തിലേറ്റ തിരിച്ചടികളിൽ നിന്നും പുറത്തുകടക്കുന്നതിനായി ഒരു മാറ്റം അനിവാര്യമാണ് എന്ന തോന്നലിൽ നിന്നുമാണ് ഓർഗാനിക് കോസ്‌മെറ്റിക് ഉൽപ്പന്നങ്ങളുടെ നിർമാണത്തിലേക്ക് ബിന്ദു കടന്നത്. 

കൂടുതൽ ആവശ്യക്കാർ

കൃഷ്ണ ഭൃംഗ എന്ന പേരിൽ വിപണിയിൽ എത്തിച്ച കാച്ചിയ എണ്ണയായിരുന്നു കൃഷ്ണാസ് ഓർഗാനിക് പ്രോഡക്റ്റ്സിന്റെ ആദ്യ ഉൽപ്പന്നം. തന്റെ അറിവും വായിച്ചും മറ്റുള്ളവരോട് ചോദിച്ചും അറിഞ്ഞ കാര്യങ്ങളുടെ വെളിച്ചത്തിലാണ് ബിന്ദു കാച്ചിയ എണ്ണ വിപണിയിലെത്തിച്ചത്. കീഴാര്‍ നെല്ലി, നെല്ലിക്ക, ത്രിഫല, നീലയമരി, മൈലാഞ്ചി, മുത്തിള്‍, ആര്യ വേപ്പ്, കൈതോന്നി, ബ്രഹ്മി, ജടമാനസി, അശ്വഗന്ധ, ഇരട്ടി മധുരം, ആട്ടിന്‍ പാല്‍ മുതലായ 30 ഓളം പച്ചമരുന്നുകള്‍ എണ്ണയിൽ ചേർത്തുണ്ടാക്കിയ കൃഷ്ണ ഭൃംഗ ആദ്യം പരിചയക്കാരാണ് വാങ്ങിയത്. കൂടുതൽ ആവശ്യക്കാർ തന്നെ തേടി എത്താൻ തുടങ്ങിയതോടെയാണ് കെമിക്കലുകൾ ചേർത്ത കോസ്മെറ്റിക്സ് ആളുകൾക്ക് താല്പര്യമില്ലെന്നും ഓർഗാനിക് കോസ്‌മെറ്റിക് ഉൽപ്പന്നങ്ങൾക്ക് വലിയൊരു വിപണിയുണ്ട് എന്നും ബിന്ദു മനസിലാക്കിയത്. 

സർട്ടിഫൈഡ് കോഴ്‌സുകളിലൂടെ തുടക്കം 

ഓർഗാനിക് കോസ്‌മെറ്റിക് നിർമാണ രംഗത്തേക്ക് കടക്കാൻ തീരുമാനിച്ചതോടെ അതേപ്പറ്റി കൂടുതൽ പഠിക്കുകയാണ് ബിന്ദു ചെയ്തത്. മുംബൈയിലെ വിവിധ കോസ്മെറ്റിക് പരിശീലന സ്ഥാപനങ്ങളുമായി ബന്ധപ്പെടുകയും ക്രീമുകള്‍, ലോഷനുകള്‍, ഷാംപൂകള്‍, കണ്മഷി, ജെല്ലുകള്‍ തുടങ്ങി വിവിധങ്ങളായ വസ്തുക്കളുടെ നിര്‍മാണം പഠിച്ചെടുക്കുകയും ചെയ്തു. വിശദമായി പഠിച്ച് ഉൽപ്പന്നങ്ങൾ സാമ്പിൾ ആയി നിർമിച്ചു വിജയിച്ച ശേഷമാണ് വാണിജ്യാടിസ്ഥാനത്തിൽ നിർമാണം ആരംഭിച്ചത്. 

പരീക്ഷണം സ്വന്തം മുഖത്ത്

ഓറഞ്ച് ഫെയര്‍നെസ് ഓയിലായിരുന്നു ബിന്ദു വിപണിയിലെത്തിച്ച രണ്ടാമത്തെ ഉല്‍പ്പന്നം.സ്വന്തം മുഖത്ത് പരീക്ഷിച്ചു വിജയിച്ച ശേഷമാണ് ബിന്ദു ഉല്‍പ്പന്നം വിപണിയിലെത്തിച്ചത്. ഈ ഉല്പന്നവും വൻവിജയമായിരുന്നു. അതോടെ നീണ്ട ഉപഭോക്തൃ നിര ബിന്ദുവിന് ലഭിച്ചു. പിന്നീട് അവരോട് ചോദിച്ച് അവർക്കാവശ്യമായ ഉൽപ്പന്നങ്ങൾ ഏതൊക്കെയാണ് എന്ന് മനസിലാക്കിയ ശേഷമായിരുന്നു നിർമാണം. 

ഉൽപ്പന്നങ്ങൾക്ക് മികച്ച പ്രതികരണം ലഭിച്ചു തുടങ്ങിയതോടെ പാക്കിങ്, സർവീസ് എന്നിവയിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. വീടിന്റെ ഒരു ഭാഗം നിർമാണശാലയാക്കിയായിരുന്നു ഉൽപ്പന്നങ്ങളുടെ നിർമാണം. ബ്രാൻഡ് ശ്രദ്ധേയമാകാൻ തുടങ്ങിയതോടെ എംഎസ്എംഇ ലൈസന്‍സ് നേടിയെടുത്തു. കൃഷ്ണ ഭൃംഗ ഹെയര്‍ ഓയില്‍, കൃഷ്ണ ഭൃംഗ ഷാംപൂ എന്നിവയ്ക്ക് പുറമെ, സോപ്പുകള്‍, ഫെയര്‍നെസ് പാക്ക്, ഓറഞ്ച് ഫെയര്‍നെസ് ഓയില്‍, ലിപ്സ്റ്റിക്ക്, അലോവേര ജെല്‍, വൈറ്റമിന്‍ സി ഗ്ലോ സെറം, കുങ്കുമാദി തൈലം, ഫേസ് വാഷുകള്‍ തുടങ്ങി അന്‍പതിലേറെ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ ബിന്ദുവിന് കഴിഞ്ഞു. കോസ്‌മെറ്റിക് നിർമാണ രംഗത്ത് ഇപ്പോഴും തന്റെ പഠനം തുടരുകയാണ് ബിന്ദു. 

ഇന്ത്യക്കകത്തും പുറത്തും ഉപഭോക്താക്കൾ 

ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയാണ് വിൽപ്പന അധികവും നടക്കുന്നത്. വെബ്‌സൈറ്റ് വഴിയും ഓർഡറുകൾ സ്വീകരിക്കുന്നുണ്ട്. ഓർഡർ ലഭിച്ച് നിശ്ചിത ദിവസത്തിനുള്ളിൽ ഉൽപ്പന്നം ഉപഭോക്താക്കളിലേക്ക് എത്തിച്ചു നൽകും. നിലവിൽ ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി സംതൃപ്ത ഉപഭോക്താക്കൾ കൃഷ്ണാസ് ഹെർബലിനുണ്ട്. ഹെർബൽ കോസ്‌മെറ്റിക് ഉൽപ്പന്നങ്ങളുടെ നിർമാണത്തിന് ആവശ്യമായ വസ്തുക്കൾ എല്ലാം മുൻനിര ഡീലർമാരിൽ നിന്നും വാങ്ങുകയാണ് ചെയ്യുന്നത്. ഡിപ്രഷനെ മറികടക്കാൻ വരെ ചുരുക്കം തുക നിക്ഷേപിച്ചുകൊണ്ട് തുടങ്ങിയ സംരംഭത്തിൽ നിന്നും ലക്ഷങ്ങളുടെ വരുമാനം ഇന്ന് ബിന്ദു നേടുന്നു. 

English Summary : Cosmetic Unit at Home sell Products Worldwide through Social Media

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA