കടത്തെ തോൽപ്പിക്കാൻ ആത്മഹത്യയുടെ വക്കിൽ നിന്നും പ്രകൃതിയുടെ കൈപിടിച്ച് ശാന്തിയുടെ വിജയക്കുതിപ്പ്

HIGHLIGHTS
  • പ്രത്യേകം തയ്യാറാക്കുന്ന നെല്ലിക്കാ ജ്യൂസിനും മണ്ണ്സോപ്പിനും പേറ്റന്റ് ഉണ്ട്
Santhi
SHARE

ശാന്തി ഒരു സാധാരണ വീട്ടമ്മയായിരുന്നു. തൃശൂർ ശക്തൻമാർക്കറ്റിൽ പച്ചക്കറി മൊത്ത വിൽപനക്കാരനായിരുന്നു ഭർത്താവ് രഘുനന്ദൻ. രണ്ടു ആൺമക്കളുമൊത്ത് സന്തോഷത്തോടെ മുന്നോട്ട് പോകുന്ന കുടുംബം. അങ്ങനെയിരിക്കെയാണ് രഘുനന്ദൻ രണ്ടു മൂന്നു സുഹൃത്തുക്കളുമൊത്ത് മഹാ ദർശനം എന്ന പേരിൽ കുറിക്കമ്പനി തുടങ്ങുന്നത്. കുറിക്കമ്പനികളുടെ നാടായ തൃശൂരിൽ മഹാദർശനത്തിനും കിട്ടി നല്ലൊരു തുടക്കം. ബിസിനസ് നാൾക്കുനാൾ വളർന്നു. പച്ചക്കറി ബിസിനസ് ഊർജിതമാക്കാൻ ഒന്നും രണ്ടുമല്ല 13 നാഷണൽ പെർമിറ്റ് ലോറികൾ ആണ് പിന്നീട് വാങ്ങിയത്. പണം വർധിക്കുന്നതിനൊപ്പം ധൂർത്തും തുടങ്ങി. അധിക വ്യയം, അശ്രദ്ധ, ഒന്നിനും ഒരു കണക്കുമില്ല. സമ്പത്തിന്റെ കൊടുമുടിയിൽ ഇതൊക്കെ ശ്രദ്ധിക്കാൻ എവിടെയാണ് നേരം? ശാന്തി ഇതിനിടെ ചെയ്തത് പണം വരുമ്പോൾ കുറെ അതിനകത്തുനിന്നു മാറ്റും. അതു കൊണ്ട് സ്ഥലം വാങ്ങും. രഘുനന്ദന് ഇത് ഇഷ്ടമായിരുന്നില്ല. എന്തുകൊണ്ടോ ശാന്തി അതൊന്നും വകവച്ചില്ല. നാളുകൾ പിന്നിടവേ ബിസിനസിൽ ചില പ്രശ്നങ്ങൾ ഉള്ളതായി തോന്നി തുടങ്ങി. അധികം വൈകിയില്ല കുറി കമ്പനി എട്ടു നിലയിൽ പൊട്ടി. വീടിനു മുന്നിൽ കടക്കാർ ബഹളം വച്ചു. അപമാനം കൊണ്ട് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ. രഘുനന്ദൻ മാനസികമായി തളർന്നു. ഒരു രോഗിയായി. കുടുംബമായി ഒന്നിച്ച് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. കടക്കാരുടെ മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ ആത്മഹത്യാ ചിന്ത മാറ്റി. ഇനി ജീവിതം നേരിടുക തന്നെ. കിടപ്പാടമൊഴികെ വാങ്ങിയിട്ടിരുന്ന സ്ഥലങ്ങളെല്ലാം വിറ്റു. ലോറികളും വിറ്റു. കൊടുക്കാനുള്ളവർക്ക് കുറെശ്ശെ കൊടുത്തു. എന്നിട്ടും കോടിയിലും മേലെ കടം പിന്നെയും ബാക്കി. ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. ലക്ഷ്യമില്ലാതെ പായുന്ന മനസ്. എല്ലായിടത്തു നിന്നും കുറ്റപ്പെടുത്തലുകൾ. ഇനി വയ്യ. ജീവിക്കണം. കടങ്ങൾ വീട്ടണം. 

അതിജീവനത്തിന്റെ വഴി

നാട്ടുവൈദ്യനായിരുന്ന അപ്പുപ്പന്റെ പക്കൽ നിന്നും ചെറുപ്പത്തിലേ ചില വിദ്യകൾ സ്വായത്തമാക്കിയിരുന്നു. 20 ലധികം പച്ചില കൂട്ടുകൾ ചേർത്ത് നല്ല നാടൻ വെളിച്ചെണ്ണയിൽ തലയിൽ തേക്കാനുള്ള എണ്ണ കാച്ചി. 5 ലിറ്റർ ആയിരുന്നു ആദ്യ പരീക്ഷണം. പാത്രങ്ങളെല്ലാം പുറത്തു നിന്നു വാടകയ്ക്ക് എടുത്തു. അത് അടുത്തുള്ള വീടുകളിൽ നടന്നു വിറ്റു. ഉപയോഗിച്ചവരെല്ലാം നല്ല അഭിപ്രായം പറഞ്ഞപ്പോൾ ആത്മവിശ്വാസം കൂടി. എണ്ണക്കൊപ്പം സോപ്പു കൂടി ആയാൽ കച്ചവടം കൊഴുക്കും എന്നു തോന്നി. കുട്ടികൾ സ്കൂളിൽ പോകുന്ന സമയത്ത് തൊട്ടടുത്തുള്ള ഖാദി ബോർഡിൽ പോയി സോപ്പുണ്ടാക്കുന്നതിന് പരീശീലനം നേടിയത് ഗുണമായി. അങ്ങനെ രാമച്ചവും കളിമണ്ണും ചേർത്ത് മണ്ണ്സോപ്പുണ്ടാക്കി. വിൽപനക്കുള്ള സാധനങ്ങൾ ബിഗ് ഷോപ്പറിലാക്കി നടന്നു വിൽക്കുന്നതു കണ്ട് പലരും പരിഹസിച്ചു. തന്റേടിയെന്നു പറഞ്ഞു മാറ്റി നിർത്തി. ഇതിലൊന്നും ശാന്തി തളർന്നില്ല. എന്റെ ജീവിതം എന്റെ മനസ്. അത് നിയന്ത്രിക്കാൻ എനിക്കു മാത്രമെ കഴിയു. പിന്നീട് വിൽപന തന്നെ ആരും തിരിച്ചറിയാത്ത ദൂരസ്ഥലങ്ങളിലേക്കു മാറ്റി. ഡ്രൈവിംഗ് പഠിച്ച് ആക്ടിവ സ്കൂട്ടർ വാങ്ങി. കച്ചവടം പൊടിപൊടിച്ചു. വീട്ടുകാര്യങ്ങൾ മുട്ടില്ലാതെ നടന്നു തുടങ്ങി. പലിശ കൊടുക്കാനും കഴിയുന്നുണ്ട്. ഇനി ഇങ്ങനെ പോയാൽ പോര. സ്വന്തമായി ഒരു സ്ഥാപനം തുടങ്ങണം. ഇതിനിടെ നാച്ചുറോപ്പതി പഠിച്ച് കൺസൾട്ടേഷനും തുടങ്ങി. ഒപ്പം യോഗയും സ്വായത്തമാക്കി.

പ്രകൃതിയോട് ചേർന്ന് പടിപടിയായി കയറ്റം

നാച്ചുറോപ്പതിയും യോഗയും 1 17 കിലോയിൽ നിന്നും സാധാരണ തൂക്കത്തിലേക്ക് വരാൻ ശാന്തിയെ സഹായിച്ചു. ശാന്തിയിലെ മാറ്റം കണ്ട് കുറെ പേർ ശിഷ്യത്വം സ്വീകരിച്ചു. അങ്ങനെ വീട്ടിൽ തന്നെ യോഗയും മെഡിറ്റേഷൻ ക്ലാസും തുടങ്ങി. നാച്ചുറോപ്പതി കൺസൾട്ടേഷനും ആരംഭിച്ചു. ഇതിനിടെ ബിസിനസും വിൽപനയും തകൃതിയായി നടക്കുന്നുമുണ്ട്. ഒരു സംരംഭകയാകണം എന്ന ആഗ്രഹം കൂടി കൂടി വന്നു. വെള്ളായണി കാർഷിക കോളജിൽ നിന്നും ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്നും പരിശീലനം നേടി. ബിസിനസിന് ആവശ്യമായ റജിസ്ട്രേഷനുകൾ എടുത്തു. വീടിന്റെ പിന്നിൽ ഓലഷെഡ്ഡ് കെട്ടി പ്രവർത്തനം തുടങ്ങി. 

ബാങ്കുകൾ മുഖം തിരിച്ചു

പ്രവർത്തന മൂലധനത്തിനു വേണ്ടി ബാങ്കുകൾ കയറിയിറങ്ങി. അപേക്ഷകൾ നൽകി. ഓരോ ബാങ്കും അപേക്ഷകൾ നിരസിച്ചു. നാലു ബാങ്കുകൾ ആണ് ഇങ്ങനെ മടക്കി അയച്ചത്. നാട്ടിൽ നിന്നും ലഭിച്ച മോശം റിപ്പോർട്ടുകളാണ് അപേക്ഷ നിരസിക്കാൻ മുഖ്യ കാരണമായത്. എന്നിരുന്നാലും തോൽക്കാൻ മനസില്ല. ജയിച്ചേ മതിയാകു. ഉപകരണങ്ങൾ വാടകയ്ക്ക് എടുത്ത് ഉൽപാദനം തുടങ്ങി. ശാന്തി ഹെർബൽ പ്രോഡക്ട്സി ബിസിനസ് സംരംഭം പടിപടിയായി വളർന്നു. 

സ്വന്തം പേര് തന്നെ ബ്രാൻറ്

അഞ്ചു വർഷം മുമ്പ് തൃശൂരിലെ കൊഴുക്കുള്ളിയിൽ 43 സെൻറ് സ്ഥലം വാങ്ങി രണ്ടു കോടി ചെലവിൽ ഒരു സമ്പൂർണ്ണ ഓട്ടോമാറ്റിക് ഫാക്ടറി പ്രവർത്തനം തുടങ്ങി. ശാന്തി ഹെർബൽസ് ബ്രാൻറിൽ ഇന്ന് 217 ഉൽപന്നങ്ങൾ വിപണിയിലുണ്ട്. ഭക്ഷ്യ ഉൽപന്നങ്ങൾക്കും മരുന്നിനും രണ്ടു വിഭാഗമായാണ് ഉൽപാദനം. കയറ്റുമതി ചെയ്യാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ജില്ലകൾ തോറും വിതരണക്കാരെ നിയമിക്കുകയാണിപ്പോൾ. മുഖ്യ അസംസ്കൃത വസ്തുക്കളായ മഞ്ഞൾ, ആര്യവേപ്പ്, കറ്റാർവാഴ എന്നിവ സ്വന്തം സ്ഥലങ്ങളിൽ കൃഷി ചെയ്യുന്നു. സ്വന്തം ഫാക്ടറിയിൽ തന്നെയാണ് മുഖ്യ അസംസ്കൃത വസ്തുവായ വെളിച്ചെണ്ണ ഉണ്ടാക്കുന്നത്.

സ്വപ്ന സാഫല്യമായി എക്സ്ക്ലൂസീവ് ഷോറൂം

തൃശൂർ പൂങ്കുന്നത്ത് ഈ അടുത്ത് എക്സ്ക്ലൂസീവ് ഷോറൂം തുറന്നത് ഏറെ കാലത്തെ സ്വപ്നമായിരുന്നു. കേരളത്തിനകത്തും പുറത്തും ഉള്ള എക്സിബിഷനുകളിലൂടെയായിരുന്നു പ്രൊമോഷൻ. ഇപ്പോൾ ഓൺലൈൻ മീഡിയകൾ വഴിയും പ്രൊമോഷൻ നടത്തുന്നുണ്ട്.

എല്ലാം നേരിട്ട്

അസംസ്കൃത വസ്തുക്കളുടെ സമാഹരണം മുതൽ വിപണനം വരെയുള്ള എല്ലാ പ്രക്രിയകൾക്കും നേരിട്ട് തന്നെ മേൽനോട്ടം നൽകുന്നു. ഗുണമേന്മയിൽ അണുവിട വിട്ടുവീഴ്ചയില്ല. അമിതമായി ഉൽപാദിപ്പിച്ച് സ്റ്റോക്ക് ചെയ്യാറില്ല. ഫിനാൻസ് മാനേജ്മെൻറും നേരിട്ടുതന്നെ.

പേറ്റൻറ് നേട്ടം

പ്രത്യേകം തയ്യാറാക്കുന്ന നെല്ലിക്കാ ജ്യൂസിന് പേറ്റന്റ് കിട്ടി. രാമച്ചവും മണ്ണും കുഴച്ചുണ്ടാക്കുന്ന മണ്ണ് സോപ്പിനും പേറ്റന്റ് ഉണ്ട്. ലോകത്ത് ആദ്യമായി മണ്ണ് സോപ്പ് വിപണിയിലിറക്കിയത് ഇവരാണ്.

തോൽക്കാൻ മനസില്ല

തന്റേടവും ആത്മധൈര്യവും കഠിനാധ്വാനവും കൊണ്ട് തിരിച്ചുപിടിച്ചതാണ് ഇതെല്ലാം. അന്ന് ആത്മഹത്യ ചെയ്തിരുന്നുവെങ്കിലോ? കടക്കെണിയിൽപെട്ട് ജീവിതം അവസാനിപ്പിക്കുന്നവർ കടത്തെ അഭിമുഖീകരിക്കാൻ പരിശീലിച്ചാൽ ജീവിതത്തിലേക്ക് പുതുവഴി തുറക്കാൻ പറ്റും. ഇന്ന് കടങ്ങൾ എല്ലാം വീട്ടി. ഭർത്താവ് പഴയ പച്ചക്കറി ബിസിനസിലേക്ക് മടങ്ങി. മൂത്ത മകൻ തെറാപ്പിസ്റ്റായി കൂടെയുണ്ട്. ഇളയ മകൻ ബിഎഎംഎസിന് പഠിക്കുന്നു. ഹെർബൽ വിപണിയിലെ അനന്ത സാധ്യതകൾ മുതലെടുക്കാൻ പുതിയ ഉൽപന്നങ്ങളുടെ പരീക്ഷണങ്ങളിലാണ് ശാന്തി ഇപ്പോൾ.

English Summary: Success Story of a Thrissur Based Woman Entrepreneur

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA