ADVERTISEMENT

നാട്ടിലേക്ക് മടങ്ങിയെത്തി സംരംഭക മേഖലയിൽ കൈവയ്ക്കുന്ന പ്രവാസികളിൽ കൂടുതലും ഭക്ഷ്യോൽപന്ന മേഖലയിലാണ് താൽപര്യം കാണിക്കുന്നത്. ഉപഭോക്താക്കളുടെ സംതൃപ്തിക്കൊപ്പം ഉയർന്ന ലാഭവും ഇതിലുണ്ടെന്നത് പുതു സംരംഭകരെ സംബന്ധിച്ചിടത്തോളം ഉത്സാഹജനകമാണ്.

ലിബിൻ പൗലോസ് എന്ന െചറുപ്പക്കാരൻ ഓസ്ട്രേലിയയിൽ ആറു വർഷം ജോലി ചെയ്തു. അവിടെ മെഷീൻ ഓപ്പറേറ്ററായിരുന്നു.  അത് അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയപ്പോൾ ഇനി ഒരു സംരംഭകനായി വേണം മുന്നോട്ടു പോകാനെന്നു തീരുമാനിച്ചുറച്ചു. വിവിധ സംരംഭങ്ങളുടെ സാധ്യതകളും വിജയഘടകങ്ങളും നേട്ടവുമെല്ലാം വിലയിരുത്തി, വിപണി സാഹചര്യങ്ങൾ മനസ്സിലാക്കി അവസാനം അദ്ദേഹം തുടങ്ങിയതാണ് ‘പെപ്പർ കോൺ’. എറണാകുളം ജില്ലയിലെ ആലുവയ്ക്കടുത്ത് ശ്രീമൂലനഗരത്താണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.

പേരിലൽപം കുരുമുളക് രുചിക്കുന്നുണ്ടെങ്കിലും പെപ്പർ കോൺ കൈകാര്യം ചെയ്യുന്നത് അരിപ്പൊടി ഉൽപന്നങ്ങളാണ്. പുട്ടുപൊടി, അപ്പംപൊടി കൂടാതെ റോസ്റ്റ് ചെയ്ത റവയും വിൽക്കുന്നു. ഉൽപന്നം ഉണ്ടാക്കിയാൽ രണ്ടു ദിവസത്തിനുള്ളിൽ കടകളിൽ എത്തിക്കുകയാണ് പതിവ്.

വീടിനോടു ചേർന്നൊരു സംരംഭം

ലിബിന്റെ വീടിനോടു ചേർന്നാണ്  കഴി‍ഞ്ഞ രണ്ടു വർഷമായി ഈ സംരംഭം പ്രവർത്തിക്കുന്നത്. പിഎംഇജിപി പദ്ധതിപ്രകാരം വായ്പ എടുത്ത 25 ലക്ഷം രൂപ തന്ന ധൈര്യത്തിലായിരുന്നു തുടക്കം. വായ്പത്തുകയിൽ 35% സബ്സിഡി കൂടി ലഭിച്ചതോടെ ആത്മവിശ്വാസം വർധിച്ചു. നാട്ടിലേക്ക് മടങ്ങിയെത്തുന്ന വിദേശമലയാളികൾക്ക് ഏറെ ആശ്രയിക്കാവുന്ന മികച്ചൊരു വായ്പപദ്ധതിയാണ് പിഎംഇജിപി എന്നാണ് ലിബിന്റെ അഭിപ്രായം. 

1200 ചതുരശ്രയടി കെട്ടിടത്തിൽ അരി കഴുകുന്ന മെഷീൻ, ബോയിലർ, വറുക്കുന്ന മെഷീൻ, പാക്കിങ് മെഷീൻ തുടങ്ങിയ മെഷിനറികളെല്ലാം കൃത്യമായി സജ്ജീകരിച്ചിരിക്കുന്നു. മെഷിനറികൾക്കു മാത്രം 18 ലക്ഷം രൂപയുടെ നിക്ഷേപം വേണ്ടിവന്നു.

ആകെ നാലു തൊഴിലാളികൾ

സ്ഥാപനത്തിൽ ആകെ നാലു തൊഴിലാളികളാണുള്ളത്. ഉൽപാദനം, വിപണനം എന്നിങ്ങനെ തിരിച്ച് ഇവരെ ചുമതലകൾ ഏൽപിച്ചിരിക്കുന്നു. വിപണിയുടെയും വിൽപനയുടെയും കാര്യത്തിൽ ലിബിനും ശ്രദ്ധിക്കുന്നുണ്ട്. ഉൽപാദനത്തിനോ വിപണനത്തിനോ കൂടുതൽ തൊഴിലാളികൾ േവണ്ട എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ഗുണമായി ലിബിൻ പറയുന്നത്. ഭാര്യ െഡബി ഇൻഫോ പാർക്കിലാണ് ജോലി െചയ്യുന്നത്. എട്ടു മാസം പ്രായമായ മകളും ഉണ്ട്. സ്ഥാപനത്തിന്റെ  എല്ലാ തലത്തിലും ഇടപെട്ടു സഹായിക്കുന്ന വ്യക്തിയാണ് ഭാര്യ.

നേരിട്ടു വിറ്റാൽ കൂടുതൽ ലാഭം

ഏജന്റുമാർക്കു നൽകാതെ നേരിട്ടു വിൽക്കുന്നത് ലാഭവിഹിതം ഉയർത്താൻ സഹായിക്കുന്നു. സ്ഥിരം റൂട്ട് വഴി പോയി ആദ്യ ദിവസങ്ങളിൽ ഓർഡർ കാൻവാസ് ചെയ്ത് അതു‌പ്രകാരം വിതരണം ചെയ്യുന്നു. പിന്നീട് ഓർഡർ പിടിക്കേണ്ട ആവശ്യം വരുന്നില്ല. ഇങ്ങനെ പോകാൻ ആഴ്ചയിൽ ആറു ദിവസവും റൂട്ട് നിശ്ചയിച്ചിട്ടുണ്ട്. െചറുകിട കച്ചവടക്കാർക്കാണ് പ്രധാനമായും ഉൽപന്നങ്ങൾ നൽകുന്നത്. കുറച്ച് സൂപ്പർമാർക്കറ്റുകളിലും വിൽപന ഉണ്ട്.

മത്സരം കുറവല്ല, എങ്കിലും അവസരങ്ങൾ 

മികച്ചയിനം അരി നന്നായി വാഷ് ചെയ്തു മാത്രം ഉപയോഗിക്കുന്നു. അതു കൃത്യമായി പൊടിച്ച് വറുത്ത് പാക്ക് ചെയ്യുന്നു. തുടർന്ന് രണ്ടു ദിവസത്തിനുള്ളിൽത്തന്നെ കടകളിലേക്ക് വിതരണം ഉറപ്പാക്കുന്നു. ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ഗ്ലാസ് പുട്ടുപൊടി എന്ന രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന വിധമാണ് നിർമാണം. അതുകൊണ്ടുതന്നെ പുട്ടും അപ്പവും പത്തിരിയുമെല്ലാം കൂടുതൽ മൃദുവായിരിക്കും. കടം പ്രോത്സാഹിപ്പിക്കാതെയും വില കുറയ്ക്കാതെ‌യുമാണ് ലിബിന്റെ കച്ചവടം. മൂന്നു മുതൽ 5 ലക്ഷം രൂപയുടെ വരെ കച്ചവടമാണ് ഒരു മാസം നടക്കുന്നത്. അതിൽ 15% വരെയാണ് അറ്റാദായം.

കറിമിക്സുകൾ തുടങ്ങണം

കടകളിൽനിന്നു വലിയ അന്വേഷണം വരുന്നത് മികച്ച ഇനം കറി പൗഡർ ഉൽപന്നങ്ങൾക്കാണ്. സ്ഥാപനത്തിന്റെ വികസനം എന്ന നിലയിൽ കറിമിക്സുകൾ തുടങ്ങാനുള്ള പദ്ധതിയാണ് ഇനിയുള്ളത്. 20 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ കറിമിക്സുകൾ ഉണ്ടാക്കുന്ന ഒരു പ്ലാന്റ് തുടങ്ങാൻ തയാറെടുത്തു വരികയാണ് ലിബിൻ. കോവിഡ് സമയത്തും ഇത്തരം ഉൽപന്നങ്ങൾക്കു ഡിമാൻഡ് കുറവില്ല എന്നാണ് ഈ യുവസംരംഭകൻ പറയുന്നത്. 

ചെറിയരീതിയിലും തുടക്കമിടാം

ഏവർക്കും സുപരിചിതമായ ഉൽപന്നമാണ് അരിമാവുകളുടേത്. വലിയ വിപണിയുമുണ്ട്. ഇനിയും സാധ്യതകൾ ഏറെയാണ്. ഒരു സംരംഭകനെന്ന നിലയിൽ നിങ്ങൾക്ക് എന്തെങ്കിലും ഒരു പുതുമ കൊണ്ടുവരാൻ കഴിഞ്ഞാൽ വിപണിയിൽ നന്നായി ശോഭിക്കാം. സ്റ്റീം പുട്ടുപൊടി പ്ലാന്റ് തുടങ്ങാൻ 25 ലക്ഷം രൂപയെങ്കിലും േവണ്ടി‌വരും. 

എന്നാൽ, മൂന്നു ലക്ഷം രൂപ മുടക്കി സാധാരണ പ്ലാന്റ് ചെയ്യാം. അതിലൂടെ 2 ലക്ഷം രൂപയുടെ വിറ്റുവരവ് ഒരു മാസം ലഭിക്കുകയും ചെയ്യും.  ചെറിയ രീതിയിലാണ് തുടക്കമെങ്കിലും ഉഷാറായി പ്രവർത്തിച്ചാൽ മാസം 30,000 രൂപയെങ്കിലും അറ്റാദായം ലഭിക്കും. 

വിജയഘടകങ്ങൾ

∙ എളുപ്പത്തിൽ തുടങ്ങാവുന്ന ഉൽപന്നങ്ങൾ.

∙ എപ്പോഴും വലിയ വിപണിയുള്ള ഉൽപന്നങ്ങൾ.

∙ സാങ്കേതിക പ്രശ്നങ്ങൾ തീരെ കുറഞ്ഞ ബിസിനസ്.

∙ മികച്ച ലാഭവിഹിതം തരുന്ന സംരംഭം.

∙ പരിമിതമായ തൊഴിലാളികളെ വച്ചുകൊണ്ട് ആരംഭിക്കാം.

∙ സബ്സിഡിയോടു കൂടിയ വായ്പ ലഭിക്കാനുള്ള സൗകര്യം.

∙ ഗുണനിലവാരം ഉറപ്പാക്കി ഉൽപാദനവും പാക്കിങ്ങും.

English Summary: A Successful Business Unit by an NRI Entrepreneur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com