വീടിന്റെ ഗാരേജിൽ തുടങ്ങിയ സംരംഭം; ഇന്ന് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാന്റ്

Amazon-Jeff-bezos
SHARE

ആർക്കും മനസിലാക്കാൻ പറ്റാത്ത, അതിബുദ്ധിമാനായ തണുത്ത രക്തം സിരകളിൽ ഓടുന്ന ഒരു ബിസിനസ് രാക്ഷസൻ. ആമസോൺ എന്ന ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാന്റിന്റെ അമരക്കാരൻ ജെഫ് ബെസോസിനെ അമേരിക്കൻ മാധ്യമ ലോകം ഇങ്ങനെയാണ് വിശേഷിപ്പിക്കുക. ആഗ്രഹിച്ചത് നേടാൻ ജെഫ് ബെസോസ് എന്തും ചെയ്യും. ഒരു പക്ഷേ ഈ നിശ്ചയദാർഢ്യമാകാം കേവലം ഒരു ഓൺലൈൻ പുസ്തക വിൽപന സങ്കേതമായി വാഷിംഗ്ടണിലെ വീടിന്റെ ഗാരേജിൽ തുടക്കം കുറിച്ച ആമസോണിനെ ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി ഭീമന്മാരാക്കി മാറ്റിയത്. ബിൽ‌ഗേറ്റ്സിനെ വെട്ടിച്ച് ജെഫ് റി പ്രെസ്റ്റൻ ബെസോസ് ജോർഗൻ സൻ എന്ന ജെഫ് ബെസോസിനെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനാക്കിയതും തോൽക്കാൻ മനസ്സില്ലാത്ത ഈ ആത്മധൈര്യമാണ്.

25 വർഷം, കീഴടക്കിയതിൽ ബഹിരാകാശം വരെ

1994 ജൂലൈ മാസം 5-ാം തീയതി കഡാബ് റ എന്ന പേരിൽ ഓൺലൈൻ പുസ്തക വിൽപനക്കായിട്ടായിരുന്നു കമ്പനി റജിസ്റ്റർ ചെയ്തത്. പിന്നീട് പേരിന് രാശി പോരെന്ന് തോന്നി. കുറെ ആലോചിച്ചു. ഇംഗ്ലീഷ് അക്ഷരമാലയിലെ ആദ്യാക്ഷരമായ A യിൽ തുടങ്ങുന്ന ഒരു പേരു വേണം. തെക്കേഅമേരിക്കയെ നട്ടുനനച്ചൊഴുകുന്ന ആമസോൺ ജലസമൃദ്ധിയിൽ ലോകത്തിലെ ഏറ്റവും വലിയ നദിയാണ്. ആമസോൺ നദിയുടെ പെരുമ ലോകമെങ്ങും അറിയാം. കൂടുതലൊന്നും ചിന്തിച്ച് സമയം കളഞ്ഞില്ല. ആമസോൺ അതു തന്നെയാകട്ടെ തന്റെ കമ്പനിയുടെ പേര് എന്ന് ജെഫ് ബെസോസ് നിശ്ചയിച്ചു. 

ഇന്ന് അമേരിക്കയിലെ അഞ്ച് വലിയ ഐ.ടി കമ്പനികളിൽ ഒന്നാണ് ആമസോൺ. ലോകത്തിലെ ' തന്നെ ടെക്നോളജി ഭീമനായി വളർന്ന ആമസോൺ ഇപ്പോൾ ബഹിരാകാശ പര്യവേഷണത്തിൽ വരെ എത്തി നിൽക്കുന്നു. ആസ്ഥാനം വാഷിംഗ്ടണിലെ സിയാറ്റിൽ. ഇകൊമേഴ്സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡിജിറ്റൽ സ്ട്രീമിംഗ്, നിർമിത ബുദ്ധി, കൺസ്യൂമർ ഇലക്ട്രോണിക്സ്, ഡ്രൈവറില്ലാ കാർ, എന്നീ മേഖലകളിലെല്ലാം അജയ്യരായി മുന്നേറികൊണ്ടിരിക്കുന്നു . വൈവിധ്യമാർന്ന മേഖലകളിൽ 32 സബ്സിഡിയറികളുമായി ജൈത്രയാത്ര തുടരുന്ന ആമസോൺ 321. 2 ബില്യൻ ഡോളർ ആസ്തിയോടെ ആഗോള സാന്നിധ്യമായി മാറി കഴിഞ്ഞു. ഇന്ന് വരുമാനത്തിലും വിപണി മൂലധനത്തിലും ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ കമ്പനിയാണ് ആമസോൺ.

സാങ്കേതിക വിദ്യയുടെ തോഴൻ

ചെറുപ്പംതൊട്ടേ ഒരുതരം ഉൾവലിഞ്ഞ സ്വഭാവമായിരുന്നു ജെഫിന്. ഒരു പക്ഷേ നാലാം വയസ്സിൽ മാതാപിതാക്കളുടെ വേർപിരിയലിന് സാക്ഷിയാകേണ്ടി വന്നതാകാം കാരണം. ജെഫിന്റെ അമ്മ പിന്നീട് മൈക്ക് ബെസോസിനെ വിവാഹം കഴിച്ചു. മൈക്കിന് ജെഫിനെ വലിയ ഇഷ്ടമായിരുന്നു. ജെഫിന്റെ പേരിനൊപ്പം ബെസോസ് കൂടി ചേർത്തു ജെഫ് ബെസോസ് എന്ന ഔദ്യോഗിക നാമം നൽകി. സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ ഒരു അന്വേഷണ കുതുകിയായിരുന്നു ജെഫ്. പഠനത്തിൽ മുമ്പൻ. ഹൈസ്കൂൾ പഠനകാലത്ത്  പോക്കറ്റ് മണിക്ക് വേണ്ടി മക്ഡൊണാൾഡ് സിൽ പാർട് ടൈം കുക്ക് ആയി ജോലി ചെയ്യുമായിരുന്നു. ചെറുപ്പം തൊട്ടേ ബഹിരാകാശ വിഷയങ്ങളിൽ തൽപരനായിരുന്നു. ഹൈസ്കൂൾ പഠനം കഴിഞ്ഞതും സ്റ്റുഡന്റ്സ് സ്പേസ് ക്ലബിന്റെ പ്രസിഡന്റായി. സയൻസിലും സാങ്കേതിക വിഷയങ്ങളിലുമാണ് താൽപര്യം മുഴുവനും. ഹൈസ്കൂളിൽ പഠിക്കുമ്പോൾ സഹോദരനെ നേരത്തേ ഉണർത്താനായി അലാറം ഉണ്ടാക്കിക്കൊണ്ടായിരുന്നു സാങ്കേതിക വിദ്യയിലെ ആദ്യ പരീക്ഷണം. ഇലക്ട്രിക്കൽ ആന്റ് കമ്പ്യൂട്ടർ സയൻസിൽ എഞ്ചിനിയറിങ് ബിരുദം നേടി. 30 വയസു വരെ വ്യത്യസ്തമായ മേഖലകളിൽ ജോലി ചെയ്തു അനുഭവസമ്പത്തു നേടി. സ്വന്തമായൊരു സംരംഭം അവന്റെ സ്വപനമായിരുന്നു. അങ്ങനെയാണ് ആമസോണിന്റെ ജനനം.

ബ്ലൂംബെർഗ് ബില്യനെയേഴ്സ് സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ജെഫ് ബെസോസ്. 2021 ഏപ്രിൽ 21ലെ കണക്കു പ്രകാരം ജെഫ് ബെസോസിന്റെ മൊത്ത മൂല്യം 195.1 ബില്യൻ ഡോളറാണ്.

jeff-bezos

എതിരാളിക്ക് ഇടം നൽകാതെ മുന്നേറ്റം, ആസൂത്രണ മികവിന്റെ വിജയം

കമ്പനി തുടങ്ങി മൂന്നാം വർഷം പബ്ലിക് ഇഷ്യു നടത്തി. അവിടന്നങ്ങോട്ട് ഒരു പടയോട്ടമായിരുന്നു. പുതിയ ബിസിനസ് മേഖലകൾ കണ്ടെത്തി. ഏറ്റെടുക്കലുകളിലൂടെയും പാർട്ണർഷിപ്പുകളിലൂടെയും ബിസിനസ് വിപുലമാക്കി. 1998 ൽ ഇംഗ്ലണ്ട് , ജർമനി എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓൺലൈൻ പുസ്തക കമ്പനികളെ ഏറ്റെടുത്തു കൊണ്ട് അമേരിക്കയ്ക്ക് പുറത്തേക്ക് ബിസിനസ് വ്യാപിപ്പിച്ചു. പുസ്തകത്തിനു പുറമെ മ്യൂസിക് വിഡിയോകൾ വിൽപന തുടങ്ങി. തൊട്ടടുത്ത വർഷം വിഡിയോ ഗെയിം, കൺസ്യൂമർ ഇലക്ട്രോണിക്സ് രംഗത്തേക്ക് കടന്നു.പ്രമുഖ ബ്രാൻറ് നൈക്കുമായി പൈലറ്റ് പാർട്ണർഷിപ്പ് ഉണ്ടാക്കി. 2000 ൽ അമേരിക്കയിലെ പ്ര മുഖ കളിപ്പാവ റീട്ടെയിലറായ ടോയ് ആർ അസുമായി കരാറുണ്ടാക്കി. 2011 ൽ DC കോമിക്സുമായി പങ്കു ചേർന്ന് സൂപ്പർമാൻ, ബാറ്റ്മാൻ, ഗ്രീൻ ലാൻ്റേൺ, തുടങ്ങിയ ജനപ്രിയ കോമിക്കുകളുടെ ഡിജിറ്റൽ റൈറ്റ് നേടി. തന്റെ ബിസിനസിന് പാകമാകും വിധത്തിൽ സാങ്കേതിക വിദ്യകളെ വരുതിയിലാക്കി. 2002 ൽ വെബ് സർവീസ് തുടങ്ങി. ആ വർഷം തന്നെ ഇകൊമേഴ്സിനു തുടക്കമിട്ടു. 2017ൽ ജെ.വി അപ്പാരിയോയുമായി കരാർ. 2018ൽ ആപ്പിൾ കമ്പനിയുമായി കരാർ. ജെഫിന്റെ കുശാഗ്രബുദ്ധിയിൽ ബിസിനസ് തഴച്ചു വളർന്നു.

ഇതിനിടെ വാൾമാർട്ടിനെ മറികടന്ന് വിപണി മൂലധനത്തിൽ മുന്നിലെത്തി, അങ്ങനെ ലോകത്തെ ഏറ്റവും മുല്യമുള്ള റീട്ടെയിലറായി. 13.4 മില്യൻ ഡോളറിന് ഹോൾ ഫുഡ്സ് മാർക്കറ്റ് പിടിച്ചെടുത്തു. ഇതിനിടെ ആമസോൺ പ്രൈമിനു 100 മില്യൻ വരിക്കാർ കടന്നു വൻ നേട്ടമുണ്ടാക്കി. 2015ൽ ബഹിരാകാശ പര്യവേക്ഷണ കമ്പനിയായ ബ്ലൂ ഒറിജിൻ അയച്ച ബഹിരാകാശ വാഹനം വിജയകരമായി ഭൂമിയിൽ തിരിച്ചെത്തിയത് ജെഫിന്റെ ചരിത്രനേട്ടമായിരുന്നു. 2013 ൽ 250 മില്യൻ ഡോളർ മുടക്കി വാഷിംഗ്ടൺ പോസ്റ്റ് വാങ്ങിയതോടെ ജെഫ് മാധ്യമ സംരംഭകനുമായി.

Jeff-Bezos

കാരുണ്യമില്ലാത്ത തൊഴിലുടമ

ജീവനക്കാരോട് ഒരു ദാക്ഷിണ്യവും കാണിക്കാത്ത തൊഴിലുടമയാണ് ഇദ്ദേഹം. ജീവനക്കാരെ തമ്മിൽ തല്ലിടീച്ചും ഭിന്നിപ്പിച്ചും അമിത ജോലി ചെയ്യിക്കുന്ന സ്വഭാവം. ഓഫീസ് വിട്ട് പോകുമ്പോൾ ബസ് മിസ് ചെയ്യാൻ വേണ്ടി മനഃപൂർവം ആ സമയത്ത് അവർക്ക് വേറെ പണി നൽകും. മാനസികമായി പീഡിപ്പിച്ചും അവകാശങ്ങൾ നിഷേധിച്ചും ജീവനക്കാരെ ഒരുതരം സമർദത്തിലാക്കും. ആമസോൺ ജീവനക്കാർ ജോലിക്കിടെ ഒഴിഞ്ഞ വെള്ളക്കുപ്പികളിൽ മൂത്രമൊഴിക്കുന്ന ഫോട്ടോ ഈയിടെ പുറത്തുവന്നത് വൻ വിവാദത്തിനു തിരികൊളുത്തി.

വിവാദങ്ങളുടെ തോഴൻ

ബിസിനസ് കെട്ടിപ്പടുക്കുന്നതോടൊപ്പം തന്നെ ബിസിനസ് പങ്കാളിയുമായുള്ള വഴക്കും കേസുകളും നിത്യസംഭവമായി. അങ്ങനെ തുടക്കത്തിലുണ്ടായിരുന്ന പല പാർട്ണർഷിപ്പുകളും വൻ നഷ്ടപരിഹാരം നൽകി ഒഴിവാക്കേണ്ടി വന്നു. നികുതി വെട്ടിപ്പിന്റെ പേരിലും കേസുകളായി. CIA യുമായി ക്ലൗഡ് കമ്പ്യൂട്ടിംഗ് വിവരങ്ങൾ ചോർത്തി നൽകാമെന്ന് ഉണ്ടാക്കിയ കരാറും പുലിവാലു പിടിച്ചു. സൗന്ദര്യവർധക വസ്തുക്കൾ വിൽക്കുമ്പോൾ വർഗീയത പടർത്തുന്നു എന്ന ആരോപണത്തെ തുടർന്ന് 2019ൽ ആമസോണിനെതിരെ ഉണ്ടായ കോടതി വിധി ശ്രദ്ധേയമായിരുന്നു.

ഓഹരി ഉടമകൾക്ക് പ്രിയങ്കരൻ

1997ൽ ഓഹരി വിപണിയിലിറങ്ങിയ ആമസോണിന്റെ ഓഹരികൾക്ക് പ്രിയം ഏറുകയാണിപ്പോഴും. സാധാരണക്കാർ പലരും ഈ ഓഹരി കൊണ്ട് സമ്പന്നരായിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ ജെഫ് ബെസോസ് ആമസോണിന്റെ പടികളിറങ്ങും. ആധുനിക ചരിത്രത്തിലെ ഏറ്റവും സമ്പന്നനായ മനുഷ്യൻ എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിക്കൊണ്ടായിരിക്കും ഈ പടിയിറക്കം. ജെഫിന്റെ ഇമെയിൽ അഡ്രസിലേക്ക് ആർക്കും കത്തയക്കാം. jeff@amazon.com ഇതാണ് ഇമെയിൽ അഡ്രസ്. കത്തയച്ച് മറുപടി പ്രതീക്ഷിച്ചിരിക്കേണ്ട. പക്ഷേ കത്തിൽ പരാമർശിച്ച വിഷയങ്ങൾക്ക് പരിഹാരം ഉടൻ ഉണ്ടാകും. എല്ലാ മെയിലുകളും ജെഫ് വായിക്കും.

English Summary: Jeff Bezos Success Story

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA