ADVERTISEMENT

ഗപ്പിയടക്കമുള്ള അലങ്കാരമത്സ്യങ്ങളെ വളര്‍ത്തുന്നതിനൊപ്പം വെള്ളത്തില്‍ വളരുന്ന ഒട്ടേറെ ചെടികളെ പരിപാലിക്കുന്നതും റിട്ടയേഡ് ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന്‍ സി. കെ. ഗോപിനാഥന്റെ മകന്‍ നിഖിലിന്റെ കുട്ടിക്കാലത്തെ ഹോബിയായിരുന്നു. ഇന്ന് ഈ അക്വേറിയം ചെടികളെ വലിയ തോതില്‍ കൃഷി ചെയ്ത് മൊത്തമായും ചില്ലറയായും വിറ്റഴിച്ച് മികച്ച വരുമാനം നേടുകയാണ് ഗോപിനാഥൻ.

മുടക്കുമുതൽ ഒന്നര ലക്ഷം രൂപ

അര ഏക്കറോളം വരുന്ന ഫാമില്‍ ഒരുക്കിയ സംവിധാനങ്ങൾക്കും വിൽപന നടത്താനുള്ള പ്ലാസ്റ്റിക് ടാങ്കുകള്‍ക്കുമായി ചെലവഴിച്ച ഒന്നര ലക്ഷം രൂപയാണ് ആകെയുള്ള മുതല്‍മുടക്ക്. ഈ സംരംഭത്തിലൂടെ 5 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞെന്നു മാത്രമല്ല, മാസംതോറും 30,000 മുതല്‍ അരലക്ഷം രൂപ വരെ ലാഭവും നേടുന്നു.സീസണുകളിലും സോഷ്യല്‍ മീഡിയകളിലൂടെ ലഭിക്കുന്ന പിന്തുണയിലും ഒരു മാസത്തെ ലാഭം ഒരാഴ്ച കൊണ്ടു ലഭിക്കുന്ന സന്ദർഭങ്ങളും ഉണ്ട്. ആർക്കും കുടുംബത്തോടൊപ്പം ഹോബിയായി തുടങ്ങി വരുമാനം തരുന്നൊരു ബിസിനസായി  ഇതിനെ മുന്നോട്ടു കൊണ്ടുപോകാനാകുമെന്നും ഗോപിനാഥൻ പറയുന്നു.

ഹോബി ബിസിനസായി മാറിയത്

ജോലിയില്‍നിന്നു വിരമിച്ചതോടെ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ചെടികളുടെ കൃഷിയും വിൽപനയുമൊക്കെ സജീവമാക്കിയത്. ഒരു വര്‍ഷമായി വളരെ നല്ല രീതിയില്‍ ബിസിനസ് നടക്കുന്നു. വിൽപനയ്ക്കായി വൈവിധ്യമേറിയ ചെടികള്‍ വീടിനോടു ചേര്‍ന്ന് ഒരുക്കിയിട്ടുള്ള ചെറിയ പ്ലാസ്റ്റിക് ടാങ്കുകളിലാണ് ഒരുക്കിയിരിക്കുന്നത്. വീടിനു കുറച്ചകലെ അരയേക്കറിലാണ് ഫാം ഒരുക്കിയിരിക്കുന്നത്. നേരിട്ടുള്ള വിൽപനയ്‌ക്കൊപ്പം സംസ്ഥാനത്തിനു പുറത്തുനിന്നും ഓര്‍ഡറുകൾ ലഭിക്കുന്നു. ബംഗളൂരൂ, മൈസൂരു, ചെന്നൈ, മാണ്ഡ്യ എന്നിവിടങ്ങളിലേക്കാണ് കൊറിയറുകള്‍ കൂടുതലും.

വൈവിധ്യമേറിയ ചെടികള്‍, വിലകള്‍

ബാംബൂ, റൊട്ടാല ഹൈറെഡ്, അക്വറോസ്, ഹെയര്‍ ഗ്രാന്‍ ഡാര്‍ഫ്, റെഡ് ബനാന, റെഡ് അമാനിയ, ഹെയര്‍ ഗ്രാസ് ലോങ്, ആമസോണ്‍ തുടങ്ങി 72 ഇനങ്ങളിലുള്ള ചെടികളാണ് ഇവിടെ വില്‍പ്പന നടത്തുന്നത്. കാര്‍പെറ്റ് ചെടികള്‍ ഉള്‍പ്പെടെ വിലകൂടിയവയുമുണ്ട്. ബ്രസീലിയന്‍ ഗ്രാസ്, ഹെയര്‍ഗ്രാസ്, മൗണ്ട് കാര്‍ലോ, ടൊനീനോ തുടങ്ങിയവ മികച്ച ഇനങ്ങളാണ്. തണ്ടുള്ള ചെടികള്‍ക്കും വിപണിയില്‍ പ്രിയമേറെ. അക്വേറിയത്തിലെ വെള്ളത്തിന്റെ ഉയരമനുസരിച്ചായിരിക്കും ഈ ചെടികളുടെ വളര്‍ച്ച. 

അനൂബിയാസ്, നീഡില്‍ ജാവ ഫേണ്‍ എന്നിവ വില കൂടിയതും ഡിമാൻഡുള്ളതുമായ ഇനങ്ങളാണ്. അനൂബിയാസ് നാലുതരമുണ്ട്. നീഡില്‍ ജാവ ഫേണ്‍ വെള്ളച്ചാട്ടങ്ങളുടെ താഴെ പാറക്കെട്ടുകളിലാണ് സാധാരണ കാണപ്പെടുന്നത്. ഹോള്‍സെയില്‍ നിരക്കില്‍ 25 മുതല്‍ 300 രൂപ വരെയുള്ള ചെടികള്‍ക്ക് 40 മുതല്‍ 500 രൂപ വരെയാണ് റീടെയില്‍ നിരക്ക്. 

gopi-b4u1

 

കൃഷി, പരിപാലനം

മറ്റുള്ളവയില്‍നിന്നു വ്യത്യസ്തമായി മുഴുവന്‍ സമയം ശ്രദ്ധ നല്‍കേണ്ട ബിസിനസാണിത്. ദിവസവും ചെടികള്‍ മുങ്ങിയിരിക്കുന്ന വെള്ളം മാറ്റുന്നതു തന്നെയാണ് പ്രധാന ജോലി. അല്ലെങ്കില്‍ ചെടികളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയും അവ വേഗത്തിൽ നശിച്ചുപോകുകയും ചെയ്യും. അക്വേറിയത്തിലെ മീനുകള്‍ക്കു നല്‍കുന്നതുപോലെ ചെടികള്‍ക്കും ഭക്ഷണം നല്‍കേണ്ടതുണ്ട്. ഇതിനായി ലിക്വിഡ് ഫെര്‍ട്ടിലൈസറുകള്‍ ഉപയോഗിക്കാം. 

അക്വേറിയം ഒരുക്കുമ്പോള്‍ ചെടികളുടെ ശരിയായ വളര്‍ച്ചയ്ക്കായി ഏറ്റവും താഴെ ബെനിഫിഷ്യല്‍ ബാക്ടീരിയ നിക്ഷേപിക്കണം. പിന്നീട് അക്വാസോയില്‍ ഇടണം. പ്രത്യേകം തയാറാക്കുന്ന ഓര്‍ഗാനിക്കായ കടുകുമണി പോലെയുള്ള മണ്ണാണിത്. പൊട്ടാസ്യം മൈക്രോ മിനറല്‍സ്, കാര്‍ബണ്‍ ഡയോക്‌സൈഡ് ലിക്വിഡ്, നൈട്രജന്‍, പൊട്ടാസ്യം, സള്‍ഫേറ്റ് എന്നിവയൊക്കെ ചെടികളുടെ വളര്‍ച്ചയ്ക്ക് പ്രധാനമാണ്.

ചെടികള്‍ വിൽപനയ്ക്കായി തയാറാക്കാം

ഒരു ചെടിയില്‍നിന്ന് 5 മാസം വരെ പുതിയ ചെടികള്‍ ഉൽപാദിപ്പിക്കാനാകും. ചെറിയ ശാഖകള്‍ മുറിച്ചുമാറ്റി നടുകയാണ് രീതി. 3 ആഴ്ചകള്‍ക്കുള്ളില്‍ ചെടിയില്‍ നിന്നു 2 ശാഖ മുറിച്ചു മാറ്റാനാകും. അങ്ങനെ 5 മാസത്തിനുള്ളില്‍ 10 തവണ ചെയ്താല്‍ ഒന്നില്‍ നിന്ന് 20 ചെടികള്‍ ലഭിക്കും. ശാഖകള്‍ മുറിച്ചാല്‍ ആദ്യം മണ്ണിലാണ് നടേണ്ടത്. ആട്ടിന്‍കാഷ്ഠമാണ് വളമായി ചേര്‍ക്കുന്നത്. പിന്നീട് ഈ ചെടികള്‍ വലിയ പാത്രങ്ങളിലാക്കി വെള്ളത്തില്‍ മുക്കിവയ്ക്കുന്നു.  

പാക്കിങ്ങില്‍ ശ്രദ്ധിക്കേണ്ടത്

അക്വേറിയം പ്ലാന്റുകള്‍ക്ക് കൂടുതല്‍ ആവശ്യക്കാര്‍ വരുന്നത് ജില്ലയ്ക്കു പുറത്തുനിന്നും തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നുമാണ്. ഇവിടങ്ങളിലേക്ക് ഓര്‍ഡര്‍ അനുസരിച്ച് വൃത്തിയായി പാക്ക് ചെയ്ത് ഉണങ്ങാതെ തന്നെ കുറിയറില്‍ എത്തിക്കേണ്ടി വരും. കുറിയര്‍ കിട്ടാന്‍ വൈകിയാല്‍ ചെടികള്‍ ഉണങ്ങിപ്പോകാം.

ഇതൊഴിവാക്കാനായി നനഞ്ഞ പേപ്പറിലാണ് ചെടികള്‍ ആദ്യം പൊതിയുക. പിന്നീട്  പ്ലാസ്റ്റിക് കവറിലും ബോക്‌സിലുമാക്കി കുറിയര്‍ ചെയ്യുന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെയുളള ദിവസങ്ങളില്‍ മാത്രമേ കുറിയര്‍ അയയ്ക്കാവൂ. ഇടയ്ക്ക് മുടക്കു ദിവസങ്ങള്‍ ഉണ്ടോയെന്ന് പ്രത്യേകം ശ്രദ്ധിക്കുകയും വേണം.

എങ്ങനെ നിക്ഷേപം നടത്താം?

∙ വാട്ടര്‍ പ്ലാന്റുകള്‍ കൃഷി ചെയ്യാനുള്ള ടാങ്കുകള്‍ ഒരുക്കാന്‍ അരയേക്കറോളം സ്ഥലം ആവശ്യമാണ്. ഇതു സ്വന്തമായി ഇല്ലെങ്കിൽ ലീസിനെടുത്താലും മതി. ജലസേചന സൗകര്യം പ്രധാനമാണ്. ചെടികൾ വളർത്താനായി സിമന്റ്ടാങ്കുകളോ പ്ലാസ്റ്റിക് ടാങ്കുകളോ ഇഷ്ടാനുസരണം തയാറാക്കാം. ചെറിയ കേടുപാടുകള്‍ സംഭവിച്ചതും ചോര്‍ച്ചയില്ലാത്തതുമായ പ്ലാസ്റ്റിക് ടാങ്കുകള്‍ കിലോയ്ക്ക് 180 രൂപ നിരക്കില്‍ ലഭ്യമാണ്. ഈ ടാങ്കുകള്‍ വാങ്ങി കൃഷിക്കായി രൂപപ്പെടുത്തിയെടുക്കാം.

∙ കൃഷിജോലികളില്‍ സഹായിക്കാനായി മൂന്നു തൊഴിലാളികളെങ്കിലും വേണ്ടിവരും. ദിവസവും ടാങ്കുകളിലെ വെള്ളം മാറ്റേണ്ടതിനാല്‍ കൃഷിസ്ഥലത്ത് സ്വാഭാവികമായ ജലലഭ്യത ഉറപ്പു വരുത്തണം. ആദ്യഘട്ടത്തില്‍ വില കുറഞ്ഞതും കൂടുതല്‍ ഡിമാന്റുള്ളതുമായ ചെടികള്‍ വാങ്ങി കൃഷി ചെയ്യുകയാണ് ഉചിതം. പിന്നീട് കാര്യങ്ങളും വിപണിയും പഠിച്ചുവരുന്ന മുറയ്ക്ക് ഘട്ടം ഘട്ടമായി വില കൂടിയ ഇനങ്ങളിലേക്ക് ചുവടുറപ്പിക്കാം.

∙ സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തി ചെടികള്‍ക്ക് വിപണി കണ്ടെത്തുകയെന്നത് വളരെ എളുപ്പമാണ്. ഒപ്പം ഫെയ്സ്ബുക്- വാട്സാപ് ഗ്രൂപ്പുകൾ വഴി വിപണിയുടെ സാധ്യതകള്‍ പരിശോധിക്കുക. ഗോപിനാഥിന്റെ അക്വേറിയം പ്ലാന്റ്‌സ് കൃഷിയെക്കുറിച്ച് ഒരു യുട്യൂബ് വിഡിയോ വന്നതോടെ വിൽപനയില്‍ വലിയ കുതിപ്പുണ്ടായി. 7,000 രൂപ വരെ ഒരു ദിവസം വരുമാനം ലഭിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി. 

English Summary: Hobby as a Business Model in Retirement Period

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com