ADVERTISEMENT

സ്വന്തം ആവശ്യങ്ങൾക്കും ചെലവുകൾക്കുമായി സ്വന്തം വരുമാനം വേണം എന്ന് ആഗ്രഹിക്കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ശരികളിൽ ഒന്നാണ്. ഈ സത്യം തിരിച്ചറിഞ്ഞുകൊണ്ടാണ് പ്രവാസിയായ നഹാന നിസാർ ഹോം ബേക്കിങിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. ഖത്തറിലെ വീട്ടിലിരുന്ന് കേക്കറി എന്ന ബ്രാൻഡിൽ വ്യത്യസ്തങ്ങളായ കേക്കുകളുണ്ടാക്കി ഈ സംരംഭക പ്രതിമാസം നേടുന്നത് ശരാശരി 4500  റിയാൽ ആണ്. അതായത് ഏകദേശം 88000  രൂപ. 

മടുപ്പില്ലാതെ അധ്വാനം

ഇഷ്ടമുള്ള കാര്യം ചെയ്തു വരുമാനമുണ്ടാക്കിയാൽ രണ്ടുണ്ട് ഗുണം എന്നാണ് നഹാന പറയുന്നത്. ആദ്യത്തേത് മടുപ്പില്ലാതെ വരുമാനത്തിനായി അധ്വാനിക്കാം. രണ്ടാമത്തേത് സ്വന്തം വിജയത്തിൽ ആത്മാർത്ഥമായി സന്തോഷിക്കാം. ഖത്തറിൽ കേക്കറി എന്ന സ്ഥാപനം വിജയം കണ്ടതോടെ ഈ രണ്ടു സന്തോഷങ്ങളും നഹാനയെ തേടി എത്തി. ചെറുപ്പം മുതൽക്ക് സ്വന്തമായി വരുമാനം വേണമെന്ന് ഏറെ ആഗ്രഹിച്ചിരുന്ന വ്യക്തിയാണ് നഹാന. ബിടെക്കിന് പഠിക്കുമ്പോഴും വേഗം ജോലി കണ്ടെത്തണം എന്നതായിരുന്നു ആഗ്രഹം. 

കാത്തിരിപ്പ്

എന്നാൽ വിവാഹവും എറണാകുളത്ത് നിന്നും ഖത്തറയിലേക്കുള്ള മാറ്റവും എല്ലാം കൂടിയായപ്പോൾ ആ ആഗ്രഹം സാധിക്കാതെ പോയി. പിന്നീട് മക്കൾ ജനിച്ചു. അപ്പോഴും സ്വന്തമായി വരുമാനം കണ്ടെത്തണം എന്ന ആഗ്രഹം നഹാനയുടെ മനസ്സിൽ ദൃഢപ്പെട്ടിരുന്നു. രണ്ടാമത്തെ മകളുടെ ജനനശേഷമാണ് സ്വന്തമായി എന്തെങ്കിലും തുടങ്ങിയാലോ എന്ന ചിന്ത മനസിലേക്ക് വരുന്നത്. ബേക്കിങ് പഠിച്ചിട്ടുള്ളതിനാൽ അതിന്റെ സാധ്യതകൾ പഠിക്കാൻ തുടങ്ങി. 2011 ലാണ് വിദേശത്ത് എത്തിയത് എങ്കിലും സ്വന്തം വരുമാനം എന്ന ആഗ്രഹം പൂർത്തീകരിക്കുവാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു.

പാചകം നഹാനയ്ക്ക് ഏറെ ഇഷ്ടമുള്ള ഒന്നായിരുന്നു. പുതിയ റെസിപ്പികള്‍ കണ്ടെത്തുകയും പരീക്ഷിക്കുകയുമായിരുന്നു ഹോബി. അങ്ങനെയാണ് ബേക്കിങ് പഠിക്കുന്നത്. മൂത്തമകളുടെ ജനനശേഷം പഠിച്ചെടുത്ത ബേക്കിങ് പ്രാബല്യത്തിൽകൊണ്ടുവരാൻ പിന്നെയും വർഷങ്ങളെടുത്തു. എന്നാൽ ആരും ആഗ്രഹിക്കുന്ന രീതിയിലുള്ള തുടക്കമായിരുന്നു നഹാനക്ക് ലഭിച്ചത്. 

പാചകം ഇഷ്ടമായത് കൊണ്ട് തുടങ്ങിയ യുട്യൂബ് ചാനലായ 'നെനാസ്‌കിച്ചൻ ' ല്‍ ബേക്കിങ് വിഡിയോകള്‍ പോസ്റ്റ്‌ ചെയ്യാനും മക്കള്‍ക്ക് കേക്കുകള്‍ ഉണ്ടാക്കി കൊടുക്കാനും വേണ്ടിയാണ് നഹാന ബേക്കിങ് പഠിച്ചത്. എന്നാൽ ഇത്തരത്തിൽ പോസ്റ്റ് ചെയ്യുന്ന വീഡിയോകൾ ശ്രദ്ധേയമായി.ഇത്തരത്തിലുണ്ടാക്കിയ ചില കേക്കുകൾക്ക് ഭർത്താവിന്റെ ഓഫീസിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പ്രോത്സാഹനം ലഭിച്ചതോടെയാണ് ബേക്കിങ് വരുമാനത്തിനുള്ള മാർഗമായി സ്വീകരിക്കാൻ നഹാന തീരുമാനിച്ചത്.

50 പേര് പങ്കെടുക്കുന്ന ഒരു ഗെറ്റുഗദർ പാർട്ടിക്കായി കേക്ക് ഉണ്ടാക്കാനുള്ള അവസരം ലഭിച്ചതാണ് ജീവിതത്തിലെ വഴിത്തിരിവായി മാറിയത്. ആ പരിപാടിയുടെ വിജയത്തോടെ കേക്കറി എന്ന പേരിൽ ഒരു ബ്രാൻഡ് ജനിക്കുകയായിരുന്നു.നാവില്‍ വച്ചാല്‍ അലിഞ്ഞു പോകുന്നത്ര രുചികരമായ കേക്കുകളാണ് നഹാന ഉണ്ടാക്കുന്നതത്രയും. തീം കേക്കുകള്‍ അടക്കം ഏതു വെറൈറ്റിയും നഹാന ഉണ്ടാക്കും. കേക്കറി വളരെ വേഗം ശ്രദ്ധിക്കപ്പെട്ടു.

cake2

ഫ്രഷ് ക്രീം കേക്കുകൾക്ക് പ്രിയം 

ഫ്രഷ്‌ ക്രീമില്‍ ചെയ്യുന്ന തീം കേക്കുകള്‍ ആണ് നഹാനയുടെ ബക്കറ്റ്‌ലിസ്റ്റിലെ പ്രധാന ആകർഷണം. ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഏത് മോഡൽ കേക്കുകളും നഹാന നിർമിക്കും. ഏറ്റവുമധികം ഓര്‍ഡര്‍ ലഭിക്കുന്നത് തീം കേക്കുകള്‍ക്കാണ്.  ബേക്കിങിന് ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും നൂറു ശതമാനം ഗുണമേന്മയുള്ളതാകണം എന്നതില്‍ നഹാനയ്ക്ക് നിര്‍ബന്ധമുണ്ട്. അതിനാൽ എല്ലാം നഹാന തന്നെയാണ് തെരഞ്ഞെടുക്കുന്നത്. ഇതുതന്നെയാണ് കേക്കറിയുടെ വിജയവും.

സോഷ്യൽ മീഡിയയ്ക്ക് നന്ദി 

തന്റെ ബിസിനസ് വളരെ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതിനും ആവശ്യത്തിലേറെ കേക്കിനു ഓർഡർ ലഭിക്കുന്നതിനും നഹാന നന്ദി പറയുന്നത് സോഷ്യൽ മീഡിയയ്ക്കും ഉപഭോക്താക്കൾക്കുമാണ്. സോഷ്യൽ മീഡിയ പരസ്യങ്ങൾ വഴിയും ഉപഭോക്താക്കൾ നൽകുന്ന അഭിപ്രായങ്ങൾ വഴിയുമാണ് നഹാനക്ക് കൂടുതൽ ഓർഡറുകൾ ലഭിക്കുന്നത്. തുടർന്നും ഹോം ഷെഫായി തുടരാനാണ് നഹാന ആഗ്രഹിക്കുന്നത്. ഒപ്പം കേക്കറി വളർത്തണം , കൂടുതൽ ഉയരങ്ങളിൽ എത്തിക്കണം എന്ന ആഗ്രഹവും നഹാന പങ്കുവയ്ക്കുന്നു. 

English Summary : Success Story of a Cake Maker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com