ADVERTISEMENT

അറിവ്, ആഗ്രഹം, അഭിനിവേശം വിജയത്തിനാവശ്യമായ ഈ മൂന്നു ചേരുവകളും കൃത്യമായി സമന്വയിപ്പിച്ചു കൊണ്ട് ദീർഘവീക്ഷണത്തോടു കൂടി പദ്ധതികൾ ആസൂത്രണം ചെയ്ത്, കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഇലോൺ മസ്ക്. ഒരു ദക്ഷിണാഫ്രിക്കക്കാരൻ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായി വളർന്നതിന്റെ പിന്നിൽ കഠിനയാതനകളുടെയും തിരസ്കാരങ്ങളുടെയും അനുഭവം ഉണ്ട്. ഇലോൺ മസ്കിന്റെ വളർച്ചക്കു പിന്നിൽ കൃത്യമായ ഒരു പ്ലാനിങ് ഉണ്ടായിരുന്നു. സങ്കീർണമായ സാങ്കേതിക വിദ്യകളെ കൈ പിടിയിലൊതുക്കി കാലാനുസൃതമായി ഡിസൈൻ ചെയ്ത് അതിനൂതനമായ ബിസിനസ് പ്ലാനുകൾ ആക്കി മാറ്റിയപ്പോൾ പിറവിയെടുത്തത് ലോകത്തിലെ ഒന്നാം നമ്പർ ബിസിനസുകളായിരുന്നു.

ടെസ് ല, സ്പേസ് x, സോളാർ സിറ്റി, ന്യൂറാ ലിങ്ക്, ഹൈപ്പർ ലൂപ്പ്, ദ ബോറിംഗ് കമ്പനി തുടങ്ങി അത്യാധുനിക സങ്കൽപങ്ങൾ കൊണ്ട് വിപ്ലവം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കമ്പനികളുടെ നായകൻ ഇലോൺ മസ്ക് 187 ബില്യൻ ഡോളർ മൊത്ത മൂല്യത്തോടെ ലോകത്തെ രണ്ടാമത്തെ വലിയ സമ്പന്നനാണ് ഇപ്പോൾ.

വട്ടപ്പൂജ്യത്തിൽ നിന്ന് സെന്റി ബില്യനയറിലേക്ക്

ജനിച്ചിട്ട് അമ്പതാണ്ട് തികയും ഈ വരുന്ന ജൂൺ 28 ന്. ഇലോൺ മസ്കിന്റെ വളർച്ചയുടെ നാൾവഴികൾ ഇങ്ങനെ:

ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ എഞ്ചിനിയർ ഇറോൾ മസ്കിന്റെയും മോഡലും ഡയറ്റീഷ്യനുമായ മയേ മസ്കിന്റെയും മൂന്നു മക്കളിൽ മൂത്തവനായി ജനനം. ചെറുപ്പം മുതലേ ഒരു അന്തർമുഖനായിരുന്നു. ഈ സ്വഭാവം കാരണം കൂട്ടുകാർ കളിയാക്കുകയും തരം കിട്ടിയാൽ അടിക്കുകയും ചെയ്യുമായിരുന്നു. ഒമ്പതാം വയിൽ മാതാപിതാക്കളുടെ വേർപിരിയൽ. പിന്നീട് പിതാവിന്റെ കൂടെ ജീവിതം. ജിവിതത്തിൽ ഇന്നോളം കണ്ടിട്ടില്ലാത്ത ദുഷ്കൃത്യങ്ങൾ ചെയ്തു കൂട്ടിയിട്ടുള്ള ഒരാൾ എന്നാണ് അച്ഛനെ കുറിച്ച് ഇലോൺ പറയുക. സ്കൂൾ പഠനം പ്രിട്ടോറിയയിൽ ആയിരുന്നു. പത്താം വയസായപ്പോഴേക്കും കമ്പ്യൂട്ടർ വിദഗ്ധനായി. 12-ാം വയസ്സിൽ സ്വന്തമായി വിഡിയോ ഗെയിം കോഡ് വികസിപ്പിച്ചു 500 ഡോളറിനു വിറ്റു. ഹൈസ്കൂൾ പഠനം കഴിഞ്ഞപ്പോഴേ ഉറപ്പിച്ചു ഇനി പ്രിട്ടോറിയയിൽ നിന്നാൽ ശരിയാകില്ല. അമേരിക്കയിൽ എത്തണം. അതിനുള്ള എളുപ്പവഴിയായി കനേഡിയൻ പൗരയായിരുന്ന അമ്മ വഴി ആദ്യം കനേഡിയൻ പാസ്പോർട്ട് എടുത്തു കാനഡയിലെത്തി. അവിടന്ന് 1992 ൽ അമേരിക്കയിലെ പെൻസിൽവാനിയ സർവകലാശാലയിൽ ചേർന്നു. ഇക്കണോമിക്സിലും ഊർജതന്ത്രത്തിലും ബിരുദം നേടി. ഇതിനിടെ സിലിക്കൺ വാലിയിൽ ചെയ്ത രണ്ട് ഇന്റേൺഷിപ്പുകൾ ഭാവിയിലെ പ്രവർത്തനങ്ങൾക്ക് അടിത്തറയിടാൻ സഹായകമായി. 

1995 ൽ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ ഗവേഷണത്തിന് ചേർന്നെങ്കിലും ജീവിക്കാൻ ഒരു ജോലി അത്യാവശ്യമാണെന്ന് തോന്നി. അപേക്ഷിച്ചതിൽ ഒരു സ്ഥലത്തു നിന്നു പോലും മറുപടി ലഭിച്ചില്ല. സ്റ്റാൻഫോർഡിലെ പഠനം വേണ്ടെന്നു വച്ച് സഹോദരൻ കിംബലുമായി ചേർന്ന് Zip 2 എന്ന പേരിൽ സോഫ്റ്റ് വെയർ കമ്പനി തുടങ്ങി. യെല്ലോ പേജസ് പോലെ പത്രങ്ങൾക്കുള്ള ഒരു ഇൻറർനെറ്റ് സിറ്റി ഗൈഡ് ആയിരുന്നു. സേവനം. വാടകക്ക് എടുത്ത ഒറ്റമുറി ഓഫീസിൽ തന്നെയായിരുന്നു ഉറക്കവും. പകൽ വെബ് സൈറ്റ് ജോലികളും രാത്രി കോഡിങും ചെയ്യും. കുളി തൊട്ടടുത്ത  ഹോസ്റ്റലിലും. എന്തായാലും ശ്രമങ്ങൾ വിഫലമായില്ല. ബഹുരാഷ്ട്ര കമ്പനിയായ കോംപാക് 307 മില്യൻ ഡോളറിന് കമ്പനി വാങ്ങി. അതിൽ ഇലോണിന്റെ ഓഹരി 7% ആയിരുന്നു. തന്റെ വിഹിതമായി കിട്ടിയ 22 മില്യൻ ഡോളർ കൊണ്ട്  x.com എന്ന ഓൺലൈൻ ബാങ്ക് തുടങ്ങി. 

സാങ്കേതികജ്ഞാനം പോരാ എന്നു കുറ്റപ്പെടുത്തി നിക്ഷേപകർ ഇലോണിനെ മാറ്റി. പിന്നീട് പേപാൽ എന്ന ഓൺലൈൻ പേമെൻ്റ് ഗേറ്റ് വേയുമായുള്ള ലയനത്തിനു ശേഷം ഇലോൺ വീണ്ടും തലപ്പത്തെത്തി. ഇ ബേ പേപാൽ ഏറ്റെടുത്തതോടെ ഈ ഇടപാടിൽ ഇലോണിന്റെ വിഹിതമായി കിട്ടിയത് 100 മില്യൻ ഡോളറായിരുന്നു .

സാങ്കേതിക വിസ്മയങ്ങള്‍

ഇലോണിന്റെ ഭാവി മാത്രമല്ല ലോകത്തിന്റെ തന്നെ ഗതിനിർണയിക്കുന്ന സാങ്കേതിക വിസ്മയങ്ങളായിരുന്നു തുടർന്നങ്ങോട്ട് . ലോകത്തിന്റെ ഭാവി ഭൗതിക ശാസ്ത്രത്തിന്റെ വഴിയിലാണെന്ന് വിശ്വസിച്ചു ഈ ഫ്യൂച്ചറിസ്റ്റിക് സംരംഭകൻ. ബഹിരാകാശ യാത്ര ലക്ഷ്യം വച്ച് ഒരു നൂതന സംരംഭം ഇലോൺ വിഭാവനം ചെയ്തു. ചൊവ്വാഗ്രഹത്തെ ഭൂമിയുടെ കോളനിയാക്കണം എന്നു പറഞ്ഞപ്പോൾ കേട്ടവരെല്ലാം പരിഹസിച്ചു. റഷ്യൻ വിദഗ്ധരുമായി അതേ കുറിച്ച് ചർച്ച ചെയ്തപ്പോൾ ഇലോണിന് സാങ്കേതികജ്ഞാനം പോരാ എന്നു പറഞ്ഞു പിന്തിരിഞ്ഞു. 2001 ൽ മാർസ് സൊസൈറ്റിയിൽ അംഗത്വം എടുത്തു.  2002 ൽ സ്പേസ് ട്രാൻസ്പോർട്ട് കമ്പനി സ്പേസ് x തുടങ്ങി. ബഹിരാകാശ ടാക്സി സർവീസ് ആയിരുന്നു ലക്ഷ്യം. കഴിഞ്ഞ മെയ് മാസത്തിൽ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻ്ററിൽ നിന്നും രണ്ടു യാത്രികർ ടാക്സി റോക്കറ്റിൽ പോയി തിരിച്ചെത്തിയത് ആദ്യ പരീക്ഷണമായിരുന്നു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ആളുകളെ എത്തിക്കുകയും അവിടന്ന് തിരികെ ഭൂമിയിലേക്ക് ആളുകളെ കൊണ്ടുവരികയും ചെയ്യുന്ന ഈ സ്പേസ് ടാക്സി സ്പേസ്ഷിപ്പ് എന്ന പേരിലറിയപ്പെടുന്ന ഒരു മെഗാ റോക്കറ്റാണ്. 164 അടി പൊക്കം 30 അടി വ്യാസം ഉള്ള ഈ റോക്കറ്റ് സൂപ്പർ ഹെവി എന്നു വിളിക്കുന്ന ബൂസ്റ്റർ സംവിധാനവുമായി ഘടിപ്പിച്ചിരിക്കുന്നു . അങ്ങനെ മൊത്തം 387 അടി  ഉയരവും 220000 പൗണ്ട് തൂക്കവും വരുന്ന ഈ സ്റ്റാർഷിപ്പ് ആവർത്തന ഉപയോഗത്തിന് സാധ്യവുമാണ്. സ്റ്റാർഷിപ്പിന്റെ പ്രോട്ടോ ടൈപ്പ് അഞ്ചാം വട്ട പരീക്ഷണത്തിൽ പൊട്ടിതെറിക്കാതെ നിലത്തിറക്കാൻ കഴിഞ്ഞതോടെ ഇലോണിന്റെ സാങ്കേതിക ബുദ്ധിയുടെ വിജയമായിരുന്നു .

എത്ര തവണ പരാജയപ്പെട്ടാലും വിജയിക്കുന്നതു വരെ ശ്രമം തുടരും. അതാണ് ഇലോണിന്റെ നിശ്ചയദാർഢ്യം. ആരും ചെയ്യാത്ത അതിനൂതന പദ്ധതികൾ ഇന്ന് ചരിത്രത്തിൻ്റെ ഭാഗമാകുന്നതും ഈ നിരന്തര ശ്രമങ്ങളുടെ അനന്തര ഫലങ്ങളാണ്. 2004ൽ തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ഇട്ട് ടെസ് ല ഇൻക് എന്ന ഇലക്ട്രിക് കാർ നിർമാണ കമ്പനിയിൽ നിക്ഷേപിച്ചു. ടെസ് ല യുടെ നില പരുങ്ങലിലായ സമയത്തായിരുന്നു ഇലോണിന്റെ രംഗപ്രവേശം. 2013 ൽ സോളാർ സിറ്റി സ്ഥാപിച്ചു. കുറഞ്ഞ ചെലവിൽ സൗരോർജം നൽകുന്ന, അമേരിക്കയിലെ ഏറ്റവും വലിയ സോളാർ എനർജി നിർമാതാക്കളാണ് സോളാർ സിറ്റി ഇപ്പോൾ. പിന്നീട് ടെസ് ല സോളാർ സിറ്റി ഏറ്റെടുത്തു.  

ട്യൂബ് ഗതാഗത സംവിധാനമായ ഹൈപ്പർലൂപ്പ് സ്ഥാപിച്ചുകൊണ്ടാണ് ഇലോണിന്റെ അടുത്ത ഞെട്ടിക്കൽ. മണിക്കൂറിൽ 1000 കിലോമീറ്റർ വേഗത സാധ്യമായ ഈ അത്യാധുനിക ഗതാഗത സംവിധാനത്തിൽ ട്രാഫിക് ജാം എന്ന ദുരിതത്തിന് അവസാനമാവുകയാണ്. വൻകിട ഡ്രഡ്ജിംഗ് ജോലികൾക്കായി തുടങ്ങി ദ ബോറിംഗ് കമ്പനി. 2015ൽ നിർമ്മിത ബുദ്ധി മനുഷ്യ സൗഹാർദമാക്കാൻ വേണ്ടി ഓപൻ Al എന്ന നോൺ പ്രോഫിറ്റ് ഗവേഷണ കമ്പനിക്കു തുടക്കമിട്ടു. മനുഷ്യന്റെ തലച്ചോർ തുരന്ന് ചിപ്പുകൾ സ്ഥാപിച്ച് കമ്പ്യൂട്ടറുമായി സംവേദനം സാധ്യമാക്കുന്ന ന്യൂറാ ലിങ്ക് ആണ് അടുത്ത ശാസ്ത്ര അത്ഭുതം. 2016 ലാണ് കസിനുമായി ചേർന്നാണ് ഇത് തുടങ്ങിയത്.

തലവര മാറ്റിയ ടെസ് ല

മാർട്ടിൻ എബാഡ്, മാർക്ക് Sർപ്പനിങ് എന്നിവർ ചേർന്ന് 2003ലാണ് ടെസ് ല തുടങ്ങുന്നത്. ഇലക്ട്രിക്കാർ നിർമാണമായിരുന്നു. പദ്ധതി. തുടക്കത്തിൽ തന്നെ സ്ഥാപകർ തമ്മിലുണ്ടായ കലഹം അവസ്ഥ പരുങ്ങലിലാക്കി. പദ്ധതിയുടെ പുതുമ കൊണ്ടു മാത്രമാണ് ഇലോൺ അതിൽ നിക്ഷേപിക്കാൻ തീരുമാനിച്ചത്. 2004 ലാണ് ഇലോൺ ടെസ് ലയിൽ ചേരുന്നത്. 2007 ൽ ടെസ് ല യു ടെ സ ഹ സ്ഥാപകനായി ഇലോൺ. ഒരു വിധത്തിൽ കമ്പനിയെ കര കയറ്റുന്നതിനിടെയായിരുന്നു 2008 ലെ ആഗോളമാന്ദ്യം . ലോക സമ്പദ് വ്യവസ്ഥയെ തന്നെ പിടിച്ചുലച്ച പ്രതിസന്ധിയിൽ ടെസ് ലയും തകർന്നടിഞ്ഞു. ഭക്ഷണം കഴിക്കാൻ പോലും പണമില്ലാത്ത അവസ്ഥ. ടെസ് ല  അടച്ചു പൂട്ടേണ്ട ഘട്ടം വരെ എത്തി. വാടക കൊടുക്കാൻ പോലും പണമില്ല. കൂട്ടുകാരുടെ കൈയിൽ നിന്നും കിട്ടാവുന്നിടത്തോളം കടം വാങ്ങിച്ചു . വീട് വിറ്റു. കുടുംബത്തിനു താമസിക്കാൻ വാടകവീടെടുത്തു. പലവഴിക്കും കുറെ പണം കണ്ടെത്തി. ടെസ് ലയെ എങ്ങനെയും രക്ഷിച്ചേ മതിയാവൂ. താമസം ഫാക്ടറിയിലേക്കു മാറ്റി. ഒരു ദിവസം 22 മണിക്കൂർ വരെ ജോലി ചെയ്തു. കുളിക്കാനോ വീട്ടിലേക്കു പോകാനോ വരെ സമയമില്ല. ടെസ് ല ഉയിർത്തെണീറ്റില്ലെങ്കിൽ തനിക്കു പിന്നെ ജീവിതമില്ല. ഇന്നും കടന്നു പോന്ന അനുഭവങ്ങൾ പങ്കു വയ്ക്കുമ്പോൾ ഇലോണിന്റെ കണ്ണുകൾ നിറഞ്ഞൊഴുകും.. 

റോബോട്ടുകളോടും ജീവനക്കാരോടുമൊപ്പം ഇലോൺ മരിച്ചു പണിതു. ജോലിക്കാർക്ക് പരിക്കുകൾ തുടർക്കഥയായി. അപ്പോഴെല്ലാം ഹൃദയം നുറുങ്ങും. പക്ഷേ നിരന്തര ശ്രമങ്ങൾ വിജയം കണ്ടു. 2008 ൽ തന്നെ ഒറ്റ ചാർജിങിൽ 320 കിലോമീറ്റർ സഞ്ചരിക്കാവുന്ന റോഡ്സ്റ്റർ കാർ പുറത്തിറക്കി ഇലോണും സംഘവും ലോകത്തെ ഞെട്ടിച്ചു. ലോക വാഹന നിർമാണ രംഗത്ത് വൻ വഴിത്തിരിവുമായി ഇലോൺ തന്റെ അൽഭുതങ്ങൾ തുടർന്നു. 2010 ൽ ടെസ് ല ഓഹരി വിപണിയിലിറങ്ങി. 2020ൽ അര മില്യൻ കാറാണ് ടെസ് ല ഉൽപാദിപ്പിച്ചത്. 2030ഓടെ ഇപ്പോഴുള്ളതിന്റെ നാൽപത് ഇരട്ടി ഉൽപാദനം നടത്താമെന്നു കണക്കാക്കുന്നു . ടെസ് ല യുടെ ഓഹരി വില കുതിച്ചുയർന്നു. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്റെ സിംഹാസനത്തിലേക്കായിരുന്നു ആ കയറ്റം.

ഇലോൺ മസ്കിൽ നിന്നു പഠിക്കാൻ 8 ബിസിനസ് പാഠങ്ങൾ

1. ദീർഘവീക്ഷണത്തോടു കൂടി പദ്ധതി ആസൂത്രണം ചെയ്യുക.

2. കഠിധ്വാനം ചെയ്യുക, വിജയിക്കും വരെ നിരന്തരമായി ശ്രമിക്കുക.

3. തുടർച്ചയായി പഠിക്കുക, അറിവ് നേടുക.

4. പ്രശ്നങ്ങൾ നേരിടാൻ പഠിക്കുക. പ്രശ്നത്തിൽ നിന്ന് ഓടിയൊളിക്കരുത്.

5. എന്തിനോടാണോ അഭിനിവേശം അത് ചെയ്യുക.

6. ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യരുത്.

7. ലക്ഷ്യത്തിൽ ഫോക്കസ് ചെയ്യുക. പണം പിന്നാലെ വരും.

8. സത്യസന്ധത പാലിക്കുക.

English Summary : Elon Musk, The Inspiring story of a Futurustic Entrepreneur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com