കുറഞ്ഞ മുതൽ മുടക്ക്, മാസം നേടുന്നത് 20,000 രൂപ

HIGHLIGHTS
  • പുതിയ ഉൽപ്പന്നത്തിലൂടെ വരുമാനം കണ്ടെത്തി ഈ വീട്ടമ്മ
kusumam-b4u
SHARE

സ്ഥിരജോലി നഷ്ടപ്പെട്ടപ്പോൾ പകച്ചുനിൽക്കാതെയും വൻമുതൽമുടക്ക് കൂടാതെയും പുതിയൊരു വരുമാന വഴി കണ്ടെത്തിയ വീട്ടമ്മ. അവരുടെ ആശയവും അതു വിജയത്തിലേക്കെത്തിയ വഴിയും അറിയാം. 

ഒരു െഹൽത്തി ഫുഡ് ആണ് കാലടിയ്ക്കടുത്ത് പിരാരൂരിലുള്ള കുക്കു നാച്ചുറൽസിന്റെ ഉടമ കുസുമം സഹദേവൻ എന്ന കുസുമം ടീച്ചറിന്റെ ബിസിനസ്. ഏത്തക്കായപ്പൊടി, മുളപ്പിച്ച ചെറുപയർ പൊടി, മുളപ്പിച്ച റാഗിപ്പൊടി ഇതെല്ലാം ചേർത്തുള്ള ഒരു മിക്സാണിത്. ശരിക്കും ഇതൊരു ബിസിനസ് ആണോ എന്നൊന്നും ടീച്ചർ ചിന്തിച്ചിട്ടില്ല. സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദം നേടി, കുറെക്കാലം ടീച്ചറായി ജോലി ചെയ്തു. എയ്ഡഡ് സ്ഥാപനത്തിലെ ജോലി നഷ്ടമായപ്പോൾ തുടർന്ന് ഉപജീവനത്തിന് ഒരു വരുമാനമാർഗം അത്യാവശ്യമായിരുന്നു. അതിനുള്ള അന്വേഷണത്തിലാണ് യാതൊരു നിക്ഷേപവും നടത്താതെ ചെയ്യാവുന്ന ചെറിയൊരു സംരംഭം എന്ന നിലയിൽ ഇതിലേക്ക് എത്തിയത്.

തിര‍ഞ്ഞെടുപ്പ് ശ്രദ്ധാപൂർവം

വെയിലത്തു വച്ചും, വെയിൽ ലഭിക്കാത്തപ്പോൾ ഡ്രയറിലും അസംസ്കൃത വസ്തുക്കൾ ഉണക്കുന്നു. വീടിനടുത്തുതന്നെ ഡ്രയർ യൂണിറ്റിന്റെ േസവനം ലഭിക്കുന്നത് വലിയൊരു ആശ്വാസമാണ്. ഈ സേവനത്തിനു ചെറിയൊരു ചാർജ് നൽകിയാൽ മതി. ഉണക്കിയെടുത്ത ശേഷം പൊടിപ്പിക്കുന്നതും തൊട്ടടുത്ത മില്ലിൽ തന്നെ. ഇതിനുശേഷം ഇവയുടെ മിക്സിങ് ആണ് വീട്ടിൽ ചെയ്യുക. 

ടിന്നിലാക്കിയാണ് വിൽപന. 10 കിലോഗ്രാം ഏത്തക്കായ പൗഡറിൽ ഒരു കിലോഗ്രാം വീതം ചെറുപയർ പൊടിയും റാഗിപ്പൊടിയും മിക്സ് ചെയ്യുകയാണ് രീതി. പഞ്ചസാരയോ മറ്റെന്തെങ്കിലുമോ ചേർക്കുന്നുമില്ല.

കർഷകരിൽനിന്നു നേരിട്ടാണ് ഏത്തക്കായ വാങ്ങുന്നത്. റാഗി, െചറുപയർ എന്നിവ പൊതുവിപണിയിൽനിന്നു വാങ്ങും. അധികം പഴകാത്ത റാഗിയും ചെറുപയറും നോക്കി വാങ്ങണം. ഇല്ലെങ്കിൽ മുളയ്ക്കാൻ പ്രയാസം വരും. അസംസ്കൃത വസ്തുക്കൾ ലഭിക്കാൻ ക്ഷാമം ഇല്ല. പാക്കിങ്ങിനുള്ള ബോട്ടിലുകളും വിപണിയിൽ ലഭ്യമാണ്.

വിൽപന നേരിട്ടു മാത്രം

നേരിട്ടുള്ള വിൽപനകൾ മാത്രമാണ് നടക്കുന്നത്. സ്ഥിരമായി വാങ്ങുന്ന ചില ഉപഭോക്താക്കളുണ്ട്. വീടുകളിലും ഫ്ലാറ്റുകളിലും കൂടാതെ ചില ഷോപ്പുകളിലും നൽകുന്നു. ഓഫിസ്, സ്കൂൾ, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നേരിട്ടുപോയി വിൽക്കുന്നു. ഇപ്പോൾ സ്ഥിരമായി വാങ്ങുന്നവരുണ്ട്. 

പ്രതിമാസം ഏകദേശം 80,000 രൂപയുടെ കച്ചവടമാണു നടക്കുക. ചില മാസങ്ങളിൽ ഇത് ഒരു ലക്ഷം രൂപ വരെയെത്തും. പ്രതിമാസം 20,000 രൂപയിൽ കുറയാത്ത തുക സമ്പാദിക്കുവാൻ ഈ ബിസിനസിലൂടെ കഴിയുന്നു.

ആരോഗ്യകരമായ ഭക്ഷണം

‘‘ഇത് തികച്ചും ആരോഗ്യകരമായ ഒരു ഫുഡ് സപ്ലിമെന്റാണ്. ഫൈബർ കണ്ടന്റ് ഏറെയുള്ള  ഉൽപന്നം. ഷുഗർ, പ്രഷർ, കൊളസ്ട്രോൾ എന്നിവ ഉള്ളവർക്ക് ഉത്തമമാണ്. കുട്ടികൾക്കും നല്ല ഭക്ഷണമാണ്. കാത്സ്യം,പ്രോട്ടീൻ എന്നിവയുടെ അളവും വളരെ കൂടുതലാണ്. ദിവസം ഒരു നേരം ഇത് കഴിക്കുന്നത് ബ്ലഡ് പ്രഷർ നോർമൽ ആക്കാൻ സഹായിക്കും.’’ ടീച്ചർ പറയുന്നു.

ചുക്ക്, കാപ്പിക്കുരു, ഉണക്കമഞ്ഞൾ തുടങ്ങി ഏതാനും ഇനം കൂടി ഇങ്ങനെ കർഷകരിൽനിന്ന് വാങ്ങി വൃത്തിയാക്കി ഉണക്കി പൊടിച്ച് പാക്ക് ചെയ്തു വിൽക്കുന്നുണ്ട്.

നിക്ഷേപം ഒന്നും ഇല്ല

സ്ഥാപനത്തിൽ സ്ഥിരനിക്ഷേപം എന്നു പറയാൻ ഒന്നും തന്നെയില്ല. അസംസ്കൃത വസ്തുക്കൾ ശേഖരിക്കാൻ മാത്രമാണു പണം മുടക്കേണ്ടി വരുന്നത്. വീട്ടിലെ സൗകര്യങ്ങൾ ഉപയോഗിച്ചാണ് മിക്സിങ് നടത്തുന്നത്. ജോലിക്കാര്‍ ആരും ഇല്ലെങ്കിലും ഭർത്താവ് സഹദേവൻ സഹായിക്കും. ഏഴാം ക്ലാസിൽ പഠിക്കുന്ന മകൻ ആദർശ് ഓർഡറുകൾ പിടിക്കാൻ അമ്മയുടെ കൂടെ കൂടുന്നു. 

പുതിയ പ്രതീക്ഷകൾ

ഇത്രയും സ്വീകാര്യത ഈ ഉൽപന്നത്തിനു ലഭിക്കുമെന്ന് കുസുമം ടീച്ചർ ഓർത്തില്ല. ബിസിനസ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി 5 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപത്തിൽ ഒരു ചെറിയ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുകയാണ് ഇവരിപ്പോൾ. ഇതിന് സർക്കാർ– ധനകാര്യ സ്ഥാപനങ്ങൾ സബ്സിഡിയും മറ്റും നൽകി സഹായിക്കുമെന്ന പ്രതീക്ഷയാണ് ഉള്ളത്. സ്ഥാപനം ഇത്തരത്തിൽ വിപുലപ്പെടുത്തുന്നതിലൂടെ അഞ്ചു പേർക്കെങ്കിലും  തൊഴിൽ നൽകണമെന്നും ടീച്ചർ ആഗ്രഹിക്കുന്നു.

പുതുസംരംഭകരോട്

ഈ രീതിയിൽ മികച്ച ആശയങ്ങൾ മുൻനിർത്തി ബിസിനസ് രംഗത്തേക്ക് ഇറങ്ങാം. ഗുണമേന്മയുള്ളതും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്നതുമായ െഹൽത്തി ഫുഡ് ഇനങ്ങൾക്ക് സമൂഹത്തിൽ എന്നും വലിയ ഡിമാൻഡ് ഉണ്ട്. 

യാതൊരു മുടക്കുമുതലും ഇല്ലാതെ തന്നെ ഇത്തരം ബിസിനസുകൾ പ്ലാൻ ചെയ്യാമെന്നത് കാര്യങ്ങൾ അനുകൂലമാക്കും. ഉൽപന്നം ഉണ്ടാക്കി േനരിട്ടു വിൽക്കാൻ ശ്രമിച്ചാൽ വിജയിക്കുകയും ചെയ്യും. ഒരു ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടം നേടിയാൽ പോലും 25,000 രൂപയെങ്കിലും ലാഭമായി പ്രതീക്ഷിക്കാവുന്നതാണ്.

വിലാസം: കുസുമം സഹദേവൻ

M/s കുക്കു നാച്ചുറൽസ്    

പിരാരൂർ പി.ഒ., കാലടി

എറണാകുളം

English Summary: Business Idea with less investment in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA