പരിഹാസങ്ങളിൽ വീണില്ല, ലോക്ഡൗണിലും നേടുന്നത് മാസം 20000 രൂപ; വിജയകഥ

HIGHLIGHTS
  • സീസൺ അനുസരിച്ചാണ് ഈ മേഖലയിൽ നിന്നുള്ള വരുമാനം
Vidya-mohan
SHARE

ജീവിതത്തിൽ അവിചാരിതമായി കടന്നു വരുന്ന ചില പ്രതിസന്ധികൾ ചിലരെ വേരോടെ പിഴുതെറിയും. എന്നാൽ ഏത് അവസ്ഥയിലും പിടിച്ചു നിൽക്കാൻ മനക്കരുത്ത് കാണിച്ചാലോ. ഈ പ്രതിസന്ധികൾ എല്ലാം തന്നെ മികച്ച അവസരങ്ങളായി മാറുകയും ചെയ്യും. ഇത്തരത്തിൽ തന്റെ ഹോബിയിലൂടെ പ്രതിസന്ധി നിറഞ്ഞ കാലഘട്ടം തരണം ചെയ്ത സംരംഭകയായ കഥയാണ് ആലപ്പുഴ  സ്വദേശിനിയും രാഷ്വിസ് എന്ന ടെക്സ്റ്റൈൽ ഡിസൈനിങ് ബ്രാൻഡിന്റെ ഉടമയുമായ വിദ്യാ മോഹന് പറയാനുള്ളത്. കോവി‍ഡും ലോക്ഡൗണും മുന്നിൽ പ്രതിസന്ധിയാകുമ്പോഴും സ്വന്തം കഴിവ് തിരിച്ചറിഞ്ഞ് മുന്നേറാനാഗ്രഹിക്കുന്നവർക്ക് വിദ്യയെ പോലുള്ള സംരംഭകയുടെ മാർഗം വഴികാട്ടിയാകും. വീട്ടിലിരുന്നുകൊണ്ട് അധിക വരുമാനമാണ് അന്വേഷിക്കുന്നതെങ്കിൽ ചിത്രകല പോലുള്ള നിങ്ങളുടെ ഹോബികളിലൂടെ അതിന് തുടക്കമിടാം.

തളരാതെ മുന്നോട്ട്

പഠിച്ചത് നഴ്‌സിംഗ് ആയിരുന്നു എങ്കിലും ഒരു സംരംഭകയാകുക എന്നതായിരുന്നു വിദ്യയുടെ നിയോഗം. എന്നാൽ അതിനായി വിദ്യകടന്നു പോയത് തീർത്തും ശ്രമകരമായ അവസ്ഥകളിലൂടെയായിരുന്നു. മിനിസ്ട്രിയിൽ  നഴ്സ് ആയി ജോലിയിൽ പ്രവേശിക്കണം എന്ന തീരുമാനത്തിലാണ് വിദ്യ വിവാഹശേഷം ഭർത്താവുമൊത്ത് കുവൈറ്റിൽ എത്തിയത്. എന്നാൽ വ്യക്തിപരമായ ആരോഗ്യ പ്രശ്നങ്ങൾ വിദ്യയെ തളർത്തി. തുടർന്ന് ശരീരത്തിന് അമിതമായ സ്ട്രെസ് നൽകുന്ന ജോലി വേണ്ടെന്നു വയ്ക്കാൻ തീരുമാനിച്ചു. മാനസികമായി തളർന്ന ഈ അവസ്ഥയിൽ വിദ്യ സമാധാനം കണ്ടെത്തിയത് ചിത്ര രചനയിലായിരുന്നു.

ആദ്യ കാൻവാസ്‌

കുവൈറ്റിൽ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ ഭിത്തിയായിരുന്നു ആദ്യ കാൻവാസ്‌. ഇത്തരത്തിൽ ഭിത്തിയിൽ വരച്ചിട്ട ചിത്രങ്ങൾക്ക് മികച്ച പിന്തുണ കിട്ടിയതോടെ കൂടുതൽ ചിത്രങ്ങൾ വരക്കാനുള്ള ആവേശമായി. ചിത്രരചന വരുമാനത്തിനുള്ള മാർഗമാക്കി മാറ്റിയാൽ എന്താ എന്ന ചിന്തയിൽ നിന്നുമാണ് യുട്യൂബ് നോക്കി ഫാബ്രിക് പെയിന്റിങ് പഠിക്കുന്നത്. ഈ ശ്രമത്തിനു ഭർത്താവ് പൂർണ പിന്തുണ നൽകി. കുവൈറ്റിൽ ഏറെ അന്വേഷിച്ചു നടന്നിട്ടാണ് ഫാബ്രിക് പെയിന്റുകൾ സംഘടിപ്പിച്ചത്. അങ്ങനെ നല്ല രീതിയിൽ മുന്നോട്ട് പോകവെയാണ് നാട്ടിലേക്ക് അടുത്ത പറിച്ചുനടൽ.

നാട്ടിൽ വന്നപ്പോൾ ഭർത്താവിൻറെ അമ്മക്ക് സാരിയിൽ മ്യൂറൽ പെയിന്റിങ് ചെയ്ത്  കൊടുത്തു. ആ സാരി ധരിച്ച് ഒരു ചടങ്ങിന് പോയി വന്ന അമ്മ മികച്ച അഭിപ്രായമാണ് സാരിക്ക് കിട്ടിയതെന്ന് പറഞ്ഞതോടെ ആത്മവിശ്വാസം വർധിച്ചു. എത്രയും വേഗം മ്യൂറൽ പെയിന്റിങ് ഒരു ബിസിനസ് ആയി ആരംഭിക്കണം എന്ന് വിദ്യ തീരുമാനിച്ചു. എന്നാൽ തന്റെ ആഗ്രഹം പുറത്ത് പറഞ്ഞതോടെ പ്രോത്സാഹിപ്പിച്ചവരെക്കാൾ കൂടുതൽ നിരുത്സാഹപ്പെടുത്തിയവർ ആയിരുന്നു എന്ന് വിദ്യ പറയുന്നു.

വ്യത്യസ്ത ഡിസൈനുകൾ

എന്നാൽ അത്തരം പരിഹാസങ്ങളിൽ ഒന്നും വിദ്യ വീണില്ല. നഴ്‌സിങ് ഉപേക്ഷിച്ചു പടം വരയ്ക്കാൻ പോകുന്നു എന്നുള്ള ആക്ഷേപങ്ങൾ പലതും കണ്ടില്ലെന്നു വച്ചുകൊണ്ട് തന്റെ സംരംഭത്തിനായി  രാഷ്വിസ് എന്ന പേരിൽ ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് ആരംഭിച്ചു .അമ്മയ്ക്കായി വരച്ച സാരിയാണ് ആദ്യം പോസ്റ്റ് ചെയ്തത്. ആ ചിത്രം കണ്ട് അന്ന് തന്നെ മറ്റൊരു ഓർഡർ കൂടി ലഭിച്ചു. ഏറെ മത്സരമുള്ള മേഖലയായിട്ടും മുന്നോട്ട് പോകാൻ വിദ്യക്ക് കഴിഞ്ഞതിനു പിന്നിൽ വ്യത്യസ്തങ്ങളായ ഡിസൈനുകൾ അനായാസം വരച്ചെടുക്കാനുള്ള വിദ്യയുടെ കഴിവാണ്.ചെയ്യുന്ന ഓരോ വർക്കും സോഷ്യൽ മീഡിയയിൽ ഇടാൻ തുടങ്ങിയതോടെ ഓർഡറുകളും വർധിച്ചു വന്നു. ഈ ബിസിനസ് മതിയാക്കി ജോലിക്ക് പോകാൻ ഉപദേശിച്ചവർക്കുള്ള മറുപടിയായി അഞ്ചക്ക മാസ വരുമാനം നേടുകയാണ് വിദ്യ ചെയ്തത്.

''സ്വന്തമായി വരുമാനം നേടണം എന്നത് ആഗ്രഹമല്ല, വാശിയായിരുന്നു. അതിനു പഠിച്ച മേഖലയെക്കാൾ തെരെഞ്ഞെടുത്തത് മനസിന്‌ സന്തോഷം നൽകുന്ന ചിത്രരചനയായിരുന്നു. കൂടുതൽ പേരിലേക്ക് എത്തിച്ചേരാൻ സോഷ്യൽ മീഡിയ സഹായിക്കുകയും  ചെയ്തു. സീസൺ അനുസരിച്ചാണ് ഈ മേഖലയിൽ നിന്നുള്ള വരുമാനം. എന്നിരുന്നാലും ശരാശരി 20000  രൂപയുടെ പ്രതിമാസ വരുമാനം ഉണ്ട്.

വിദേശത്തു നിന്നും ആവശ്യക്കാര്‍

പെയിന്റിങ് മാത്രമല്ല, ഡ്രസ്സ് ഡിസൈനിങ് , ബെഡ് വർക്ക് ഒക്കെ നടത്തുന്നുണ്ട് വിദ്യ. ബുട്ടീക്ക്, ഡിസൈനർ സ്റ്റുഡിയോ എന്നതൊക്കെയാണ് ഭാവിയിൽ  ലക്‌ഷ്യം വയ്ക്കുന്നത്. സോഷ്യൽ മീഡിയ വഴി ഓർഡറുകൾ സ്വീകരിച്ച ശേഷം വസ്ത്രം ഡിസൈൻ ചെയ്ത് കൊറിയറായി അയക്കുകയാണ് ചെയ്യുന്നത്. മാൾട്ടയിൽ നിന്നുവരെ ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. 500 രൂപ മുതൽ 2000  രൂപ വരെയാണ് ഡിസൈനിങിനായി ഈടാക്കുന്നത്. കൈത്തറിയിലാണ് കൂടുതൽ ഡിസൈൻ ചെയ്യുന്നത്. പട്ടുപാവാടകൾ, കുർത്തകൾ, സാരികൾ എന്നിവ കുത്താമ്പുള്ളിയിൽ നിന്നും വാങ്ങും.

പരമാവധി വ്യത്യസ്തത കൊണ്ടുവരിക, കൂടുതൽ വർക്കുകൾ ചെയ്യുക എന്നതിലാണ് പ്രധാന ഫോക്കസ് .കുട്ടികളുടെ വസ്ത്രങ്ങൾക്കാണ് ആവശ്യക്കാർ ഏറെയുള്ളത് കളർ കോമ്പിനേഷൻ ആണ് ഹൈലൈറ്റ്. നിലവിൽ ലഭിക്കുന്ന വരുമാനം താമസിയാതെ ഇരട്ടിയാക്കണം എന്നതാണ് അടുത്ത ലക്ഷ്യം.

English Summary : Nurse Who turned to an Entrepreneur

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA