ADVERTISEMENT

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി സ്ഥിരം കേള്‍ക്കുന്ന ചോദ്യമാണിത്.  കോവിഡ് പ്രശ്‌നങ്ങളെ തുടര്‍ന്ന് ജോലി നഷ്ടമായ നിരവധി പേരാണ് സുഹൃത്തുക്കളോടും പരിചയമുള്ള സംരംഭകരോടുമെല്ലാം ഈ ചോദ്യം ചോദിക്കുന്നത്. സംരംഭകനാകാന്‍ ഉദ്ദേശിക്കുന്ന ഒരു വ്യക്തിയും ചോദിച്ചു കൂടാത്ത ചോദ്യമാണിത്. ഏതു ബിസിനസ് തുടങ്ങണമെന്നതു പോലും തീരുമാനിക്കാനാവാത്ത വ്യക്തി സംരംഭകനാകാന്‍ യോഗ്യനേ അല്ല എന്നതാണു സത്യം. കോവിഡ് കാലത്ത് തനിക്ക് എന്തെങ്കിലും മുഴുവന്‍ സമയ ജോലിയോ പാര്‍ട്ട് ടൈം ജോലിയോ ലഭിക്കാന്‍ സാധ്യതയുണ്ടോ എന്നു മറ്റുള്ളവരോട് അന്വേഷിക്കുന്നതായിരിക്കും ഇവരെ സംബന്ധിച്ചു മികച്ചത്.

കോവിഡ് കാലത്ത് അവസരങ്ങള്‍ ഏറെ

ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലെ പ്രതിസന്ധിയാണ് കോവിഡ് കാലത്ത് ബിസിനസ് രംഗം നേരിടുന്നത്. അതേ സമയം പുതിയ നിരവധി ബിസിനസ് അവസരങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. ഇവ കണ്ടെത്തുകയും അതനുസരിച്ചുള്ള സംരംഭങ്ങള്‍ തുടങ്ങുകയും ചെയ്യാന്‍ കഴിയുന്നവര്‍ക്കു മാത്രമേ ഈ രംഗത്തു വിജയിക്കാനാവു. എന്തു ബിസിനസ് ആരംഭിക്കണമെന്നു സ്വയം തീരുമാനിക്കാനായാല്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി മറ്റുള്ളവരുടെ ഉപദേശവും സഹായവും ആവശ്യമായി വരും. അതു തേടുക തന്നെ വേണം. ഇതാണ് ബിസിനസുകാരനും ജോലിക്കാരനും തമ്മിലുള്ള വ്യത്യാസം. സംരംഭകനാകാൻ ആഗ്രഹിക്കുന്നവരുടെ മനസില്‍ ഇക്കാര്യങ്ങളുണ്ടാകും. പക്ഷേ, കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് എന്തെങ്കിലും ബിസിനസ് തുടങ്ങി രക്ഷപെടണം എന്നു കരുതുന്നവര്‍ക്ക് മനസില്‍ ഇത്തരം സ്വപ്നങ്ങളൊന്നും ഉണ്ടാകില്ല. 

ആദ്യം നിങ്ങളെ അറിയുക

ബിസിനസ് ആരംഭിക്കുന്നതിനു മുന്‍പ് നിങ്ങളുടെ കഴിവുകളെ കുറിച്ചു സ്വയം ബോധ്യപ്പെടുകയാണ് വേണ്ടത്. അതനുസരിച്ച് ചെയ്യാകുന്ന നിരവധി ബിസിനസ് ആശയങ്ങള്‍ രൂപപ്പെടുത്താന്‍ കഴിയും. അവയില്‍ നിന്ന് അനുയോജ്യമായതു തെരഞ്ഞെടുക്കണം. അതോടൊപ്പം നിങ്ങളുടെ കുടുംബ, സാമൂഹ്യ, സാമ്പത്തിക, ആരോഗ്യ പശ്ചാത്തലങ്ങള്‍ കൂടി പരിഗണിച്ച് ഏതു രീതിയിലുള്ള സംരംഭമാണു വേണ്ടതെന്നും തീരുമാനിക്കണം. 

വീട്ടില്‍ ഇരുന്നു ചെയ്യാവുന്നതും കുറഞ്ഞ ചെലവില്‍ ചെയ്യാവുന്നതും പാര്‍ട്ട് ടൈമായി ചെയ്യാവുന്നതും ഓണ്‍ലൈനായി ചെയ്യാവുന്നതുമായ പല ആശയങ്ങള്‍ നിങ്ങള്‍ക്കു കണ്ടെത്താനാവും. 

വേണ്ട അനുകരണം

ലോക്ഡൗണ്‍ കാലത്ത് വിജയകരമായി സംരംഭങ്ങള്‍ ആരംഭിച്ച നിരവധി പേരെക്കുറിച്ചു നിങ്ങള്‍ കേട്ടിട്ടുണ്ടാവും. പക്ഷേ, അവയെല്ലാം അനുകരിക്കുന്നതില്‍ അര്‍ത്ഥമില്ല. വ്യത്യസ്തമായ രീതിയില്‍ മുന്നോട്ടു പോയാല്‍ മാത്രമേ ബിസിനസില്‍ വിജയിക്കാനാവു. ചെറിയ തോതിലായാലും വന്‍തോതിലായാലും ഇതു ബാധകമാണെന്ന് മറക്കരുത്. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് ഫോണിലൂടെ ഓര്‍ഡര്‍ എടുത്ത് വീടുകളില്‍ പച്ചക്കറി വിതരണം ചെയ്ത് നേട്ടമുണ്ടാക്കിയ നിരവധി പേരുണ്ട്. അത് ഇനി അനുകരിച്ചിട്ടു കാര്യമില്ല. ഇവരെ ഒഴിവാക്കി ഇത്തവണ നിങ്ങള്‍ക്ക് അധികമാരും ഓര്‍ഡര്‍ നല്‍കാന്‍ സാധ്യതയില്ലല്ലോ. അതേ സമയം ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ വീടുകളില്‍ ചെന്ന് വാഹന സര്‍വീസ് നല്‍കുന്ന കാര്യം ആലോചിച്ചാല്‍ ചിലപ്പോള്‍ ക്ലച്ചു പിടിച്ചേക്കും. വന്‍കിട ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ തകര്‍ത്തു മുന്നേറുമ്പോഴും നഗരത്തില്‍ ജോലി ചെയ്തു താമസിക്കുന്നവര്‍ക്ക് സ്ഥിരമായി പ്രാതലും അത്താഴവും എത്തിക്കുന്ന സംവിധാനം തുടങ്ങി നിങ്ങള്‍ക്കു ശോഭിക്കാനാവും. നവീന ആശയങ്ങളും സൗകര്യങ്ങളും അവതരിപ്പിച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് വിജയിക്കാനാവു. 

English Summary : Keep these Things in Mind before Starting a Business during Covid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com