തയ്യൽ തൊഴിലെടുത്ത് മക്കളെ ഡോക്ടർമാരാക്കി ഈ സംരംഭക, മാസവരുമാനം 50,000 രൂപ

HIGHLIGHTS
  • അധികവരുമാനം കൂടി ഉണ്ടായാലേ മുന്നോട്ടു പോകാനാകൂവെന്ന സ്ഥിതി വന്നത്
ambika-b4u
SHARE

ഇച്ഛാശക്തിയും കഠിനാധ്വാനം ചെയ്യാൻ തയാറുമാണെങ്കിൽ കയ്യെത്തിപ്പിടിക്കാവുന്ന സ്വപ്നങ്ങളെ മനുഷ്യജീവിതത്തിലുള്ളൂവെന്നു തെളിയിക്കുകയാണ് ഈ വീട്ടമ്മ.

ചിന്താവിഷ്ടയായ ശ്യാമളയുടെ കഥയെ അനുസ്മരിപ്പിക്കുന്ന ഒന്നാണ് വി.വി. അംബിക എന്ന വീട്ടമ്മയുടേത്. എറണാകുളം ജില്ലയിലെ കാലടിക്കടുത്ത് നീലീശ്വരം എന്ന സ്ഥലത്ത് ലക്ഷ്മി ത്രെഡ് ഹൗസ് & ഡിസൈനിങ് എന്ന ഗാർമെന്റ് യൂണിറ്റ് നടത്തുകയാണ് ഇവർ. 

മാസ്കുകൾ, കുർത്തികൾ, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഡിസൈനർ ഗാർമെന്റ്സ്  ഡിസൈനർ വിവാഹ വസ്ത്രങ്ങൾ തുടങ്ങിയവയൊക്കെ ഇവിടെ തയാറാക്കി കിട്ടുന്നു. തുണി കൊടുത്താൽ തയ്ച്ചു നൽകുന്നതു കൂടാതെ സ്വന്തംനിലയിൽ തുണിയെടുത്ത് തുന്നിയ വസ്ത്രങ്ങൾ ടെക്സ്റ്റൈൽ ഷോപ്പുകളിൽ സപ്ലൈ ചെയ്യുന്നുമുണ്ട്. ഇപ്പോൾ കോവിഡ് പശ്ചാത്തലത്തിൽ മാസ്കുകളാണ് കൂടുതലായി ചെയ്യുന്നത്.

എന്തുകൊണ്ട് ഈ തൊഴിൽമേഖല? 

അംബിക വിവാഹത്തിനു മുൻപേ തയ്യൽ പഠിച്ചിരുന്നു. കുറെക്കാലം ഈ രംഗത്ത് ജോലി ചെയ്യുകയും ഉണ്ടായി. എന്നാൽ, വിവാഹശേഷം അതു നിലച്ചു. പിന്നീട് രണ്ടു കുട്ടികൾ ആയി, കുടുംബച്ചെലവുകളും വർധിച്ചുവന്നു. അങ്ങനെയാണ് എന്തെങ്കിലും ഒരു അധികവരുമാനം കൂടി ഉണ്ടായാലേ മുന്നോട്ടു പോകാനാകൂവെന്ന സ്ഥിതി വന്നത്. 

പരിചിതമായ മേഖലയിൽ ഒരു ലഘുസംരംഭം തുടങ്ങുകയായിരുന്നു എളുപ്പം. ഇപ്പോൾ അത് വിജയം നേടിയ സന്തോഷത്തിലാണ് അംബിക. മനുഷ്യന്റെ പ്രാഥമികാവശ്യങ്ങളിൽപെടുന്നതാണ് വസ്ത്രമെന്നതിനാൽ വിജയം കുറച്ച് അനായാസമായെന്നും പറയാം. 

20 വനിതകൾക്കു വരുമാനം

20 വനിതകൾക്ക് സ്ഥിരമായ വരുമാനം ഉറപ്പാക്കാൻ ഈ സംരംഭം കൊണ്ട് കഴിയുന്നുവെന്ന ചാരിതാർഥ്യത്തിലാണ് അംബിക. 

∙ 15 വീടുകളിൽ മാസ്ക് നിർമാണം നടത്തുന്നു. എല്ലായിടത്തും സ്ത്രീകൾ തന്നെ ചെയ്യുന്നു.

∙ അൽപം തയ്യൽ അറിയാവുന്ന ആർക്കും പരിചയം നേടിയാൽ ഈ തൊഴിൽ ചെയ്യാം.

∙ ഒരാൾ നൂറിൽ ഏറെ മാസ്കുകൾ ഒരു ദിവസം തയ്ക്കും.

∙ മൂന്നര രൂപ മുതൽ നാലു രൂപ വരെ കൂലിയായി നൽകും.

∙ പാർട്‌ടൈം ആയും ചെയ്യുന്നവരുണ്ട്.

∙ വിറ്റ് പണം വരാൻ കാത്തു‌നിൽക്കാതെ‌ ഇവരുടെ കൂലി നൽകുന്നു.

മക്കളെ പഠിപ്പിച്ച് ഡോക്ടർമാരാക്കി

ഈ തയ്യൽ ജോലിയിൽനിന്നുള്ള വരുമാനം കൊണ്ടാണ് രണ്ടു പെൺമക്കളെ പഠിപ്പിച്ചതും എംബിബിഎസ് ഡോക്ടർമാരാക്കിയതും. മൂത്ത മകൾ അഞ്ജു എംബിബിഎസ് കഴിഞ്ഞു കോഴിക്കോട് മെഡിക്കൽ കോളജിൽ എംഡി ചെയ്യുന്നു. രണ്ടാമത്തെ മകൾ ആതിര ആലപ്പുഴ മെഡിക്കൽ കോളജിൽ എംബിബിഎസ് പൂർത്തിയാക്കി അവിടെ കോവിഡ് ഡ്യൂട്ടി ചെയ്യുകയാണ്. അങ്ങേയറ്റം അഭിമാനത്തോടെയാണ് അംബിക തന്റെ മക്കളുടെ നേട്ടങ്ങൾ വിവരിക്കുന്നത്.

5 ലക്ഷം രൂപയുടെ നിക്ഷേപം

പിഎംഇജിപി പ്രകാരം 5 ലക്ഷം രൂപ വായ്പ എടുത്താണ് സംരംഭം വിപുലപ്പെടുത്തിയത്. കട്ടിങ്, സ്റ്റിച്ചിങ് മെഷീനുകൾ, സ്റ്റീം അയണിങ്, ഫർണിച്ചറുകൾ, ഫർണിഷിങ് തുടങ്ങിയവ എല്ലാം സ്ഥാപനത്തിൽ ഉണ്ട്. നന്നായി ഡിസൈൻ െചയ്യുന്നുവെന്നതാണ് അംബികയുടെ യൂണിറ്റിന്റെ മേന്മ. മത്സരം നിലനിൽക്കുന്നുണ്ടെങ്കിലും അവസരങ്ങൾ ഏറെയാണ്.

50,000 രൂപയുടെ സമ്പാദ്യം

മാസ്കുകൾ ഉണ്ടാക്കുന്നത് ഓർഡർ അനുസരിച്ചു മാത്രമാണ്. സ്വകാര്യസ്ഥാപനങ്ങളിൽനിന്നുമാണ് ഓർഡർ ലഭിക്കുന്നത്. സർക്കാർ ഓർഡറുകളിൽ കൃത്യസമയത്ത് പണം കിട്ടാൻ പ്രയാസം കാരണം ഇപ്പോൾ എടുക്കുന്നില്ല. നിലവിൽ െറഡി കാഷ് ബിസിനസ് മാത്രമാണ് ഉള്ളത്. കുട്ടിക്കുപ്പായങ്ങളുടെ മാർജിൻ മികച്ചതാണ്. എന്നാൽ, ഇതിലും ഡിസൈനിങ് വളരെ പ്രധാനമാണ്. പ്രതിമാസം ഈ ബിസിനസിലൂടെ ശരാശരി 50,000 രൂപയാണ് അംബിക വരുമാനമായി നേടുന്നത്. 

പുതിയ പ്ലാന്റ്

ഒരു റെഡിമെയ്ഡ് വസ്ത്രനിർമാണ യൂണിറ്റ് കൂടി തുടങ്ങണമെന്നാണ് ആഗ്രഹം. കംപ്യൂട്ടർ ഡിസൈനിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കൊണ്ടുവരണം. ഒരു മികച്ച ബ്രാൻഡ് ഉണ്ടാക്കിയെടുക്കണം. കുട്ടിക്കുപ്പായങ്ങൾ, വിവാഹവസ്ത്രങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകണം. അങ്ങനെ വലിയ പ്രതീക്ഷയിലാണ് അംബിക മുന്നോട്ടു പോകുന്നത്.

പുതുസംരംഭകർക്ക്

രണ്ടു രീതിയിൽ ഇത്തരം സംരംഭങ്ങൾ ഉപയോഗപ്പെടുത്താം. സ്വന്തം നിലയിൽ ഗാർമെന്റ്/സ്റ്റിച്ചിങ് യൂണിറ്റ് ആരംഭിക്കാം. ഗാർമെന്റ് സ്ഥാപനങ്ങൾക്ക് ആവശ്യമായ ജോബ് വർക്കുകൾ ഏറ്റെടുത്തു ചെയ്യാം. ഒരു സ്റ്റിച്ചിങ് മെഷീൻ സ്ഥാപിച്ചാൽ പോലും പ്രതിദിനം 500–1,000 രൂപ വരുമാനമുണ്ടാക്കാൻ പ്രയാസമുണ്ടാവില്ല.

English Summary : Success Story of a women entrepreneur

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA