കഴിഞ്ഞ കോവിഡ് കാലത്ത് കേക്കുണ്ടാക്കിയവർക്ക് എന്തു പറ്റി?

HIGHLIGHTS
  • സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ റജിസ്ട്രേഷൻ വിവരങ്ങളെല്ലാം കിട്ടും
blackforest-cake
SHARE

കഴിഞ്ഞ ലോക്ഡൗണിൽ കേക്ക് നിര്‍മാണത്തിലേക്കു കടന്ന എത്ര പേർ ഇപ്പോഴും അത് തുടരുന്നുണ്ട്? നിരവധി പേരാണ് നിയമപരമായ പ്രശ്‌നങ്ങള്‍ മൂലം അതവസാനിപ്പിച്ചത്. അഞ്ചോ പത്തോ ഓര്‍ഡറുകള്‍ ലഭിച്ചപ്പോള്‍ അതില്‍ നിന്നു കിട്ടിയതിലേറെ പണവും സമയവും ഈ പ്രശ്‌നങ്ങള്‍ തീര്‍ക്കാനായി ചെലവിടേണ്ടി വന്നു എന്നാണ് ചിലര്‍ പരാതി പറഞ്ഞത്. കോവിഡ് കാലത്ത് അല്‍പം വരുമാനമുണ്ടാക്കാനായി ചെറിയ ബിസിനസുകളിലേക്കു കടന്ന പലരും നേരിട്ട ഇത്തരം പ്രശ്‌നങ്ങള്‍ അല്‍പം ശ്രദ്ധിച്ചിരുന്നെങ്കില്‍ ലളിതമായി ഒഴിവാക്കാനായേനെ. ഇങ്ങനെ പ്രശ്നങ്ങൾ പരിഹരിച്ച് നല്ല രീതിയിൽ കേക്ക് നിർമാണം വളർത്തിയെടുത്തവരുമുണ്ട്.

തുടക്കം മുതലേ നിയമങ്ങള്‍ പാലിക്കാം

എത്ര ചെറിയ സംരംഭമായാലും ഏതു ബിസിനസായാലും നിയമങ്ങളും ചട്ടങ്ങളും പാലിച്ചു മുന്നോട്ടു പോകുക എന്നതാണ് ആദ്യം മനസിലാക്കേണ്ട ബിസിനസ് പാഠങ്ങളില്‍ ഒന്ന്. നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ ബിസിനസ് നടത്തിയാല്‍ കൂടുതല്‍ ലാഭമുണ്ടാക്കാമെന്നു ചിലപ്പോള്‍ തോന്നിയേക്കാം. ഇങ്ങനെയുണ്ടാക്കുന്ന ലാഭത്തേക്കാള്‍ വലിയ നഷ്ടവും ബുദ്ധിമുട്ടുകളുമായിരിക്കും ഭാവിയില്‍ ഇത്തരക്കാരെ കാത്തിരിക്കുന്നത്. നേരത്തെ പറഞ്ഞ കേക്കു നിര്‍മാണത്തിന്റെ ഉദാഹരണം തന്നെ പരിശോധിക്കാം. ചെറിയ തോതിലാണെങ്കിലും കേക്കു നിര്‍മിച്ച് വില്‍പന നടത്തുന്നവര്‍ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരമുള്ള റജിസ്‌ട്രേഷനോ ലൈസന്‍സോ എടുത്തിരിക്കണമെന്നാണ് വ്യവസ്ഥ. ചെറിയ തോതില്‍ നടത്തുന്നവര്‍ക്ക് ലൈസന്‍സ് ആവശ്യമില്ല. ഇവര്‍ റജിസ്റ്റര്‍ ചെയ്താല്‍ മാത്രം മതിയാവും. ഇതിനുള്ള ആകെ ചെലവ് ബേക്ക് ചെയ്യാനുള്ള ഒരു പാത്രം വാങ്ങുന്നത്ര പോലും വരില്ല. എങ്കിലും റജിസ്‌ട്രേഷന്‍ എടുക്കാതെ കേക്കു നിര്‍മിച്ചു വില്‍പന നടത്തിയവരായിരുന്നു അധികവും. ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം നടപടി വന്നപ്പോള്‍ അതു നേരിടാനായി ഇവര്‍ക്ക് ചെലവഴിക്കേണ്ടി വന്ന തുക കേക്കു നിര്‍മിച്ചു ലഭിച്ചതിനേക്കാള്‍ കൂടുതലായിരുന്നു. 

എന്തൊക്കെ രജിസ്‌ട്രേഷന്‍ ആവശ്യമാണ്?

നിങ്ങള്‍ ആരംഭിക്കുന്ന ബിസിനസിന് ഏതൊക്കെ റജിസ്‌ട്രേഷന്‍ അല്ലെങ്കില്‍ ലൈസന്‍സ് ആവശ്യമാണെന്ന് ആദ്യം തന്നെ മനസിലാക്കണം. ഇത് വളരെ എളുപ്പമാണ്. സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ നിന്ന് ഇവയെല്ലാം ലഭിക്കും. പലതും ഓണ്‍ലൈനായി തന്നെ ചെയ്യാം. അല്ലാത്തവയ്ക്കും വലിയ ചെലവുണ്ടാകില്ല. ഇവ നേടി ബിസിനസ് ആരംഭിച്ചാല്‍ പിന്നീട് നടപടികള്‍ നേരിടാന്‍ സമയവും പണവും പാഴാക്കുന്നത് ഒഴിവാക്കാം. നിങ്ങള്‍ക്ക് ബിസിനസില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാം

നിബന്ധനകള്‍ പാലിക്കണം

പായ്ക്കിങ്, അളവ് തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ പല നിബന്ധനകളും പുറപ്പെടുവിപ്പിച്ചിട്ടുണ്ടാകും. അവ മനസിലാക്കി പാലിച്ചു മുന്നോട്ടുപോകാം. നികുതി രജിസ്‌ട്രേഷന്റെ കാര്യത്തിലും തുടക്കം മുതലേ സത്യസന്ധതപുലർത്തിയാൽ ഭാവിയിലെ സാമ്പത്തിക നഷ്ടങ്ങള്‍ ഒഴിവാക്കാം. മനസമാധാനമുണ്ടാകുകയും ചെയ്യും

കോവിഡ് കാല നിയന്ത്രണങ്ങള്‍

കോവിഡിന്റെ പോക്ക് എങ്ങോട്ടാണെന്ന് ലോകത്താര്‍ക്കും അറിയില്ല.  അതു പോലെ തന്നെയാണ് കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് ഈ വര്‍ഷം നേരിടേണ്ടി വന്നത്. ഇവയെല്ലാം കുറച്ചു കാലം കൂടി നമ്മുടെ ഭാഗമായിരിക്കും എന്നു കരുതി വേണം ഏതു സംരംഭവും ആരംഭിക്കാന്‍. 

കോവിഡിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കുക. അതുവഴി കൂടുതല്‍ സാമ്പത്തിക നഷ്ടമുണ്ടാകുന്നത് ഒഴിവാക്കുകയും ചെയ്യാം.  ഉദാഹരണത്തിന് നിങ്ങളുടെ സ്ഥാപനത്തില്‍ സാനിറ്റൈസര്‍ ലഭ്യമാക്കാന്‍ അഞ്ഞൂറു രൂപയില്‍ താഴെയേ ചെലവു വരു. ഇതിന്റെ പേരില്‍ നിങ്ങള്‍ക്കെതിരെ നടപടി വന്നാല്‍ വിവിധ പേരുകളില്‍ രണ്ടായിരം രൂപ മുതല്‍ മുകളിലേക്ക് പിഴ നല്‍കേണ്ടി വരും. 

ജീവനക്കാര്‍ ആവശ്യമാണോ?

പായ്ക്കിങ് മുതല്‍ ഡെലിവറി വരെയുള്ള കാര്യങ്ങള്‍ നിങ്ങള്‍ക്കു തന്നെ ചെയ്യാനാവുമോ എന്നു പരിശോധിക്കണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ചെലവ് കുറയ്ക്കുന്നതിന് മുൻതൂക്കം നൽകാം. എസ്റ്റാബ്ലിഷ്‌മെന്റ് ചെലവുകളും ജീവനക്കാരുടെ ചെലവുമെല്ലാം പരമാവധി കുറയ്ക്കുക.  

∙അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത എപ്പോള്‍ വേണമെങ്കിലും തടസപ്പെട്ടേക്കാം.

∙നിങ്ങളുടെ സ്ഥലം എപ്പോള്‍ വേണമെങ്കിലും കണ്ടെയ്ന്‍മെന്റ് സോണ്‍ ആയേക്കാം

∙ഉപഭോക്താക്കള്‍ക്കോ മറ്റു സ്ഥാപനങ്ങള്‍ക്കോ അയക്കുന്ന ഉല്‍പന്നങ്ങള്‍ എവിടെ വേണമെങ്കിലും കെട്ടിക്കിടന്നേക്കാം

ഇതെല്ലാം മനസിലുണ്ടാകണം.  ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, സേവനങ്ങള്‍ നല്‍കുന്നവര്‍ക്കും ഈ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും എന്നും മനസിലാക്കി വേണം കോവിഡ് കാലത്ത് സംരംഭകര്‍ മുന്നേറാന്‍.

English Summary: How to Manage Covid Period Difficulties in Business

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA