ADVERTISEMENT

നിലവിലെ ബിസിനസുകള്‍ തന്നെ കോവിഡ് കാലത്ത് വലിയ ലിക്വിഡിറ്റി പ്രശ്‌നങ്ങളാണു നേരിടുന്നത്. പുതിയ സംരംഭം തുടങ്ങാനൊരുങ്ങുന്നവരും നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് പണ ലഭ്യത ആയിരിക്കും. ഉല്‍പന്നങ്ങള്‍ക്കോ സേവനങ്ങള്‍ക്കോ ആവശ്യക്കാരെ കണ്ടെത്താനായാല്‍ പോലും അതിന്റെ പണം ലഭിക്കാന്‍ ബുദ്ധിമുട്ടേണ്ടി വരും. അതു കൂടി കണക്കിലെടുത്തേ പുതിയ സംരംഭം തുടങ്ങാവു. തുടക്കത്തിൽ നിങ്ങളുടെ പക്കൽ പണമുണ്ടാകുമെങ്കിലും ഈ പ്രതിസന്ധി എത്ര കാലം നീളുമെന്നറിയില്ലല്ലോ? 

അത്യാവശ്യത്തിനായി പണം കണ്ടെത്തുന്നതും ഇക്കാലത്ത് ബുദ്ധിമുട്ടായിരിക്കും. കൈവായ്പ നല്‍കാനാണെങ്കില്‍ പോലും മറ്റുള്ളവരുടെ കയ്യില്‍ പണമുണ്ടാകണമെന്നില്ല. ബിസിനസ് പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ ഫണ്ടിലെ കുറവ് പ്രശ്‌നമായി മാറും. കോവിഡ് കാലത്തെ ഈ അധിക വെല്ലുവിളി കൂടി നേരിടാന്‍ പുതിയ സംരംഭകര്‍ തയ്യാറായിരിക്കണം. 

ഓഫിസുകള്‍ ഇല്ലാതാകുന്നു

സംരംഭം വലുതായാലും ചെറുതായാലും ഓഫിസ് എന്ന ആശയത്തിന്റെ പ്രസക്തി ഇല്ലാതാകുകയാണ്. പരമാവധി ഡിജിറ്റല്‍ രീതിയില്‍ ഓണ്‍ലൈനായി പ്രവര്‍ത്തിക്കുകയാണ് പുതിയ രീതി. അതനുസരിച്ചുള്ള പദ്ധതികള്‍ നിങ്ങള്‍ക്കുണ്ടാകണം. ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി എല്ലാ കാര്യങ്ങളും ലഭ്യമായിരിക്കണം. എത്ര ചെറിയ സംരംഭമായാലും ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ നല്‍കാനും അതു ഡെലിവറി ചെയ്യാനും തുടക്കം മുതല്‍ സൗകര്യമൊരുക്കണം. 

ജിവനക്കാരുടെ സുരക്ഷ 

നിങ്ങള്‍ക്കു പുറമെ ഒരു ജീവനക്കാരന്‍ മാത്രമേ ഉള്ളു എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ സുരക്ഷിതമായി ജോലി ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതില്‍ ഉപേക്ഷ കാട്ടരുത്. അവര്‍ക്ക് അനുയോജ്യമായ രീതിയില്‍ സമയ ക്രമങ്ങള്‍ ലഭ്യമാക്കണം. അതു പോലെ പ്രതിസന്ധികള്‍ തരണം ചെയ്യാനായി പ്രത്യേകം സംഘത്തെ ചുമതലപ്പെടുത്തുക.  നിര്‍ണായക രംഗത്തുള്ളവര്‍ കോവിഡ് ബാധിതരാകുകയോ ക്വാറന്റീനില്‍ പോകുകയോ ചെയ്താല്‍ ആ ചുമതലകള്‍ താല്‍ക്കാലികമായി ആരാണു വഹിക്കുക, എന്തെല്ലാം മാറ്റം വരുത്തണം എന്നിവയെല്ലാം മുന്‍കൂട്ടി നിശ്ചയിച്ച് ഒരു പ്ലാൻ 'ബി' ഒരുക്കി ക്രൈസിസ് മാനേജുമെന്റ് ടീമിനെ തയ്യാറാക്കി നിര്‍ത്തുകയും വേണം. 

അതിവേഗ മാറ്റങ്ങള്‍ വരും

നിങ്ങളുടെ ബിസിനസ് മുന്നോട്ടു കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളും വ്യവസ്ഥകളുമെല്ലാം പ്രതീക്ഷിക്കാത്തത്ര വേഗത്തില്‍ മാറും എന്നതാണ് കോവിഡ് കാലത്തെ മറ്റൊരു സങ്കീര്‍ണത. നിനച്ചിരിക്കാതെയായിരിക്കും ഒരു ദിവസം നിയന്ത്രണങ്ങള്‍ വരുന്നത്. ലോക്ഡൗണും സംസ്ഥാന-ജില്ലാ അതിര്‍ത്തുകള്‍ കടന്നുള്ള യാത്രകള്‍ക്കുള്ള വിലക്കുമെല്ലാം വിവിധ ബിസിനസുകളെ ബാധിക്കും. അസംസ്കൃത വസ്തുക്കളുടെ ലഭ്യത എപ്പോള്‍ വേണമെങ്കിലും തടസപ്പെട്ടേക്കാം, നിങ്ങളുടെ സ്ഥലം എപ്പോള്‍ വേണമെങ്കിലും കണ്ടെയ്ന്‍മെന്റ് സോണ്‍ ആയേക്കാം, ഉപഭോക്താക്കള്‍ക്കോ മറ്റു സ്ഥാപനങ്ങള്‍ക്കോ അയക്കുന്ന ഉല്‍പന്നങ്ങള്‍ എവിടെ വേണമെങ്കിലും കെട്ടിക്കിടന്നേക്കാം എന്നതെല്ലാം മനസിലാക്കിയിരിക്കണം. ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, സേവനങ്ങള്‍ നല്‍കുന്നവര്‍ക്കും ഈ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. നിലവിലുള്ളതിനു പുറമെ എപ്പോള്‍ വേണമെങ്കിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നേക്കാം.  ഇവയെല്ലാം നേരിടാന്‍ തയ്യാറായി മാത്രമേ കോവിഡ് കാലത്ത് ഒരു സംരംഭം ആരംഭിക്കാനാവൂ.

English Summary : How to Start an New Business in Covid Period

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com