ADVERTISEMENT

കോവിഡ് വീണ്ടും വരിഞ്ഞുമുറുക്കിയിരിക്കുകയാണ്. ഇതിനിടയിലും സംരംഭങ്ങള്‍ മുന്നോട്ടു കൊണ്ടുപോയെ കഴിയൂ. മാര്‍ക്കറ്റിങും പിആറുമാണ് പ്രതിസന്ധികാലത്ത് സംരംഭങ്ങള്‍ക്കു താങ്ങാവുന്ന ഘടകങ്ങള്‍. അത്യപൂര്‍വമായ പ്രതിസന്ധിഘട്ടത്തില്‍ അതിന് അനുസരിച്ചുവേണം ഇവ രണ്ടും ചെയ്യാന്‍. അല്ലെങ്കില്‍ തിരിച്ചടിയായിരിക്കും ഫലം. ഈ കോവിഡ് കാലത്ത് നിങ്ങളുടെ മാര്‍ക്കറ്റിങ്, പിആര്‍ തന്ത്രങ്ങള്‍ എങ്ങനെ രൂപപ്പെടുത്താമെന്നു നോക്കാം. കൊറോണ വൈറസിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതിനാല്‍ മാര്‍ക്കറ്റിംഗ്, പിആര്‍ പദ്ധതികള്‍ ശരിയായി വിന്യസിക്കുന്നതു വലിയ വെല്ലുവിളിയാണ്. എന്നിരുന്നാലും, ഈ അനിശ്ചിതാവസ്ഥയുടെ കാലത്തു കമ്പനികള്‍ക്കു പിടിച്ചുനില്‍ക്കാന്‍ ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.

കഥയില്‍ പൊളിച്ചെഴുത്ത് വേണം

കൊറോണ വൈറസ് ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇതേക്കുറിച്ചുള്ള വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ നിറയെ. ഈ സമയത്ത്, നിങ്ങളുടെ കഥ എങ്ങനെ പറയാമെന്നത് വളരെ വ്യക്തമായും വിമര്‍ശനാത്മകമായും ആലോചിക്കണം. മാത്രമല്ല, അതിനുള്ള ശരിയായ സമയമാണോ ഇതെന്നു വിലയിരുത്തുകയും വേണം. മാധ്യമങ്ങള്‍ക്കു നല്‍കുന്ന കണ്ടന്റ് വളരെ പ്രധാനപ്പെട്ടതാണ്. കോവിഡുമായി ബന്ധപ്പെട്ട കണ്ടന്റുകള്‍ മാധ്യമങ്ങളില്‍ നല്‍കുന്നതിനു മുമ്പ്, ഈ ദുരന്തത്തെ നിങ്ങള്‍ ലാഭക്കണ്ണോടെ കാണുന്നുണ്ടോയെന്നു ചിന്തിക്കണം. മറ്റൊരാളുടെ കഷ്ടപ്പാടിനെയും നിര്‍ഭാഗ്യങ്ങളെയും മുതലെടുക്കാന്‍ ശ്രമിക്കരുത്. 

വാര്‍ത്തകള്‍ വരും, ജാഗ്രത വേണം

എല്ലാ വാര്‍ത്തകളും ഈ സമയത്ത് അനുയോജ്യമല്ലാതാകുന്നില്ല. കോവിഡ് മഹാമാരി ദൈനംദിന ജീവിതത്തെ വേരോടെ കുലുക്കുമ്പോള്‍, ഇതിന്റെ വ്യാപനം മാത്രമല്ല, ജീവിതത്തിന്റെ വശങ്ങളെ ഇതെങ്ങനെ ബാധിക്കുന്നുവെന്നതു സംബന്ധിച്ചും മാധ്യമങ്ങളും ജനങ്ങളും അന്വേഷിക്കുന്നുണ്ട്. വാര്‍ത്തകള്‍ ആദ്യം ബ്രേക്കിങ് ന്യൂസായാണ് പ്രത്യക്ഷപ്പെടുന്നത്. അതിനെ സംബന്ധിച്ച വിവരണങ്ങളും വിലയിരുത്തലുകളും നിരീക്ഷണങ്ങളും പിന്നീടാകും സംഭവിക്കുക. ഇത്തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന ഫോളോ അപ്പ് വാര്‍ത്തകളില്‍ കൃത്യമായ സ്ട്രാറ്റജിയുണ്ടെങ്കില്‍ നിങ്ങള്‍ക്കും ഇടംകണ്ടെത്താം. വാര്‍ത്തയുടെ ആദ്യ ഘട്ടത്തില്‍ ഇടം ലഭിക്കാതെ വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കേണ്ടത്.

കാത്തിരിക്കുക

ജനങ്ങളിപ്പോള്‍ കോവിഡിനെ സംബന്ധിച്ച വാര്‍ത്തകളാണ് കൂടുതലും തെരയുന്നത്. അതുകൊണ്ടുതന്നെ മാധ്യമങ്ങള്‍ കോവിഡിനെ സംബന്ധിച്ച വാര്‍ത്തകള്‍ക്കാണു മുന്‍തൂക്കം നല്‍കുന്നതും. ഈ സാഹചര്യത്തില്‍ നിങ്ങള്‍ നല്‍കുന്ന വാര്‍ത്ത പ്രസിദ്ധീകരണയോഗ്യമാണോ എന്നാണു ചിന്തിക്കേണ്ടതാണ്. സോഷ്യല്‍മീഡിയ വഴിയുള്ള പിആറിനും ഇത് ബാധകമാണ്. പ്രസിദ്ധീകരിച്ചാല്‍ നെഗറ്റീവ് ഫലം ഉണ്ടാകുമോയെന്നു വിലയിരുത്തേണ്ടതാണ്. പ്രസാധകര്‍ മഹാമാരിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കാണു മുന്‍തൂക്കം നല്‍കുന്നതെങ്കിലും ബീറ്റ് റിപ്പോര്‍ട്ടര്‍മാര്‍ മഹാമാരിയുമായി തങ്ങളുടെ ബീറ്റിനെ ബന്ധപ്പെടുത്തുന്ന തരത്തില്‍ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ഈ ഇടങ്ങളില്‍ കണ്ടെത്താവുന്നതാണ്.

അടിസ്ഥാനകാര്യങ്ങളില്‍ ശ്രദ്ധ

മഹാമാരിക്കാലത്ത് നിങ്ങളുടെ ബ്രാന്റിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചാല്‍ അതിനെ വേഗത്തില്‍ പുനരുജ്ജീവിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ തേടണം. കസ്റ്റമേഴ്‌സിന് സന്ദേശങ്ങള്‍ കൃത്യമായി എത്തിക്കണം. ബ്രാന്‍ഡ് പൊസിഷനിങ് തുടരണം. കമ്പനിയുടെ അടിസ്ഥാനം ഉറപ്പിക്കണം.

നിങ്ങളുടെ ബ്ലോഗിലോ സോഷ്യല്‍ മീഡിയ ചാനലുകളിലോ കണ്ടന്റുകള്‍ നല്‍കാന്‍ പറ്റിയ സമയമായി ഇതിനെ കണക്കാക്കണം. ആളുകള്‍ സമൂഹമാധ്യമങ്ങളെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ ഇടം ഉപയോഗപ്പെടുത്താന്‍ ശ്രദ്ധിക്കണം. ഏതുകാലത്താണെങ്കിലും ബിസിനസ് വളര്‍ച്ചയ്ക്ക് പിആര്‍ വളരെ ഗുണം ചെയ്യും. പക്ഷേ അത് സാഹചര്യത്തിന് അനുസരിച്ച് രൂപപ്പെടുത്തിയ തന്ത്രങ്ങള്‍ ആകണമെന്നു മാത്രം. അല്ലെങ്കില്‍ അത് വിപരീതഫലമാണ് നല്‍കുക. 

ഇന്നോവിന്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറും മീഡിയ കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍. ഫോണ്‍: 8606007771

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com