ADVERTISEMENT

ലോക് ഡൗൺ നീളുമ്പോൾ ഇനി എന്തുചെയ്യും എന്നറിയാതെ വീട്ടിൽ അടച്ചിരിക്കുന്നവരേറെ. പതിവായുണ്ടായിരുന്ന പ്രഭാത നടത്തം പോലുമില്ലാതായതോടെ ശാരീരികാസ്വസ്ഥകൾ വേറെ. എന്തെങ്കിലും വ്യായാമം ചെയ്യാമെന്നു കരുതിയാൽ ആകെ മടിയാകുന്നു. 

മിക്കവരും ഇപ്പോൾ നേരിടുന്ന ഇത്തരം പ്രശ്നങ്ങളിൽ നിന്ന് പരിഹാരം നേടുന്നതിന് മനസിനും ശരീരത്തിനും തികച്ചും ഉന്മേഷം നൽകുന്ന അൽപം സൂംബ വർകൗട്ട് ആയാലോ?  ലോക് ഡൗൺ കാലത്ത് ധാരാളം പേരെ സൂംബ നൃത്തത്തിലൂടെ സാധാരണ ജീവിതത്തിലേക്കു കൈ പിടിച്ചുയർത്തുകയാണ് നൃത്തത്തെ ഏറെ സ്നേഹിക്കുന്ന ഹാരിമോൾ ഷിബു. കൊല്ലത്ത്  ഹാരീസ് ലൈഫ് സ്റ്റൈൽ സ്റ്റുഡിയോ എന്ന  സൂംബാ ട്രെയിനിംഗ് സെന്റർ നടത്തുന്ന ഈ സംരംഭക കഴിഞ്ഞ ലോക് ഡൗൺ വേളയിൽ ഈ രംഗത്തെ ഓൺലൈൻ സാധ്യതകൾ ഉപയോഗപ്പെടുത്തി വിവിധയിടങ്ങളിലെ സൂംബ സ്നേഹികളിലേക്കെത്തുകയായിരുന്നു. ലോക്ഡൗണ്‍ പിൻവലിച്ച നാളുകളിലും ഹാരി ഓൺലൈനിലൂടെയുള്ള പരിശീലനം കൃത്യമായി നൽകുന്നതിനാൽ രണ്ടാംഘട്ട ലോക് ഡൗണിൽ ക്ലാസുകൾ മുടങ്ങാതെ തുടരാനായി. ഓൺലൈൻ പരിശീലനത്തിലൂടെ കൈനിറയെ മാസവരുമാനവും ഈ സംരംഭക നേടുന്നു

സുംബാ പരിശീലക

തകർന്നടിഞ്ഞു  എന്ന് കരുതുന്നിടത്ത് നിന്നും  ഉയർത്തെഴുന്നേൽക്കാൻ കഴിഞ്ഞാൽ  ശേഷം, ജീവിതത്തിലെ  മികച്ച ദിനങ്ങളായിരിക്കും അവരെ കാത്തിരിക്കുന്നത്. ഇതിനുദാഹരണമാണ്  ഹാരിമോൾ. ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന സുംബാ ഫിറ്റ്നസ് ട്രെയ്‌നർമാരിൽ ഒരാളാണ് ഇവർ. ജിമ്മും യോഗ സെന്ററുകളും മാത്രം ഫിറ്റ്നസിനായി പരിശീലിച്ചവർക്ക്  സൂംബയുടെ സാധ്യതകൾ പരിചയപ്പെടുത്തിയ ആദ്യ സുംബാ പരിശീലകരിലൊരാളാണ്. 

ശാസ്ത്രീയ നൃത്തം അഭ്യസിച്ചിരുന്ന ഹാരി  നൃത്താധ്യാപനം  തന്നെയാണ്  പ്രൊഫഷനായി തെരെഞ്ഞെടുത്തതും. മണിക്കൂറുകൾ നീണ്ട  പരിശീലനവും അധ്യാപനവുമൊക്കെയായി ജീവിതം താളാത്മകമായി മുന്നോട്ട് പോകവേ  നടുവേദന  വില്ലനായി  കടന്നു വന്നു. ആദ്യം  കാര്യമാക്കിയില്ലെങ്കിലും  വേദന കലശലായി,  ഒട്ടും നൃത്തം ചെയ്യാനാകാതെ വന്നു.  വേദന കുറഞ്ഞെങ്കിലും  ഇനി ഒരിക്കലും നൃത്തം ചെയ്യരുതെന്നു ഡോക്ടർമാർ നിർദേശിച്ചു. അതോടെ ചിലങ്കകൾ ഉപേക്ഷിക്കുകയല്ലാതെ മാർഗമുണ്ടായില്ല. 

സൂംബ നൽകിയ മാറ്റം

ഒരു മാറ്റത്തിനായാണ് ഹാരിമോൾ യുകെയിൽ മാതാപിതാക്കളുടെ അടുത്തേക്ക് പോയത്. വർഷങ്ങളായി  ചെയ്യുന്ന നൃത്തം നിർത്തിയതോടെ  ശരീരത്തിൽ അതു പ്രതിഫലിച്ചു തുടങ്ങി. അതോടെയാണ് നടുവിന് ആയാസം നൽകാതെ  ബോഡി ഫിറ്റ്‌നസിനു എന്തു ചെയ്യും എന്ന അന്വേഷണം തുടങ്ങിയതും സൂംബയിൽ എത്തിയതും. ഫിറ്റ്നസിനായുള്ള ഈ വ്യായാമം  പുതിയ അറിവായിരുന്നു. ആ കൗതുകത്തോടെ  ക്‌ളാസുകളിൽ പങ്കെടുത്തു. എല്ലാ മസിലുകൾക്കും പേശികൾക്കും വ്യായാമം നൽകുന്ന  നൃത്ത ചുവടുകളിലൂടെ ചിട്ടപ്പെടുത്തിയ സുംബയുമായി അവർ അതിവേഗം ഇണങ്ങി.  പേടി സ്വപ്നമായിരുന്ന നടുവേദനയ്ക്കും പൂർണ ശമനം നേടാനായി. അതോടെ സുംബയെ ഗൗരവമായിത്തന്നെ കണ്ടു, ആധികാരികമായി പഠിച്ചു. നാട്ടിലെത്തിയപ്പോൾ വണ്ണം കുറയ്ക്കാനായി  നൃത്തം ചെയ്യുന്നത് പോലെ  ഒരു പരിശീലനമാണ് ഇവിടെ നൽകുന്നതെന്ന് മനസിലാക്കി. ശാസ്ത്രീയ രീതിയിലല്ലാതെ ഇങ്ങനെ  സുംബാ ചെയ്യുന്നത് ഭാവിയിൽ പ്രശ്നങ്ങൾക്ക് ഇടയാക്കും. 

സൂംബ പരിശീലനത്തിലേയ്ക്ക്

അങ്ങനെയാണ് 2018 ൽ ഹാരീസ് ലൈഫ് ‌സ്റ്റൈൽ സ്റ്റുഡിയോ ആരംഭിക്കുന്നത്. സൂംബയുടെ  എല്ലാ വശങ്ങളും ശാസ്ത്രീയമായി പഠിക്കുകയും പരിശീലന അംഗീകാരം നേടുകയും ചെയ്തശേഷമാണ് ഇന്റർനാഷണൽ സർട്ടിഫൈഡ് സൂംബ ട്രെയ്നറായ ഹാരിമോൾ  സ്റ്റുഡിയോ ആരംഭിച്ചത്. 

'സുംബ സ്ത്രീകൾ അനുഭവിക്കുന്ന പലവിധ ശാരീരിക പ്രശ്നങ്ങൾക്കും പരിഹാരമാണ്. എന്നാൽ  വ്യക്തമായ ധാരണ  ഇല്ലാതെ കേവലം നൃത്ത ചുവടുകളായി മാത്രമാണ് പലരും സുംബയെ കാണുന്നത്. ഞങ്ങളുടെ ആദ്യ ക്‌ളാസ് പൂർണമായും സൗജന്യമാണ്. ഇത്തരത്തിൽ ആദ്യത്തെ ക്‌ളാസിനു വന്നവരെല്ലാം ഞങ്ങളുടെ സ്ഥിരം അംഗങ്ങളായി മാറി. മുട്ടുവേദന, നടുവേദന, പേശീവലിവ് തുടങ്ങിയ  പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് സുംബാ'' ഹാരിമോൾ ഷിബു പറയുന്നു.

harry-dance

ഓൺലൈൻ പരിശീലനം 

കൊല്ലത്തും മയ്യനാടുമുള്ള ഹാരീസ് ലൈഫ് ‌സ്റ്റൈൽ സ്റ്റുഡിയോകളിൽ മൂന്നു ബാച്ചുകളിലായാണ് പരിശീലനം. കോവിഡ് കാലത്ത്  ഓൺലൈനിൽ സൂംബാ പഠിക്കാൻ എത്തുന്നവരുടെ എണ്ണം വർധിച്ചു. പരിശീലകർക്ക് സ്ട്രെസ് റിലീഫ് ചലഞ്ചും, വർക്കൗട്ട് ചലഞ്ചുമൊക്കെ ഒരുക്കുന്നുണ്ട്. മറ്റ് വ്യായാമങ്ങളെപ്പോലെ ബോറടിയില്ലാതെ ആസ്വദിച്ച് പാട്ടുകേട്ട് ശ്രദ്ധാപൂർവം ചെയ്യാനാകുമെന്നതാണ് പ്രത്യേകത.  നിലവിൽ സ്ത്രീകൾക്കും കുട്ടികൾ മാത്രമാണ് ക്‌ളാസുകൾ. ലോക് ഡൗൺ സ്പെഷ്യൽ വൺ മന്ത് ചലഞ്ച് പ്രോഗ്രാമിന് മികച്ച പ്രതികരണമാണുള്ളത്

സുംബാ നൽകുന്ന നേട്ടങ്ങൾ

സൂംബാ ശരീരത്തെ കൂടുതൽ ഫ്ലെക്സിബിൾ ആക്കുന്നു. രക്തയോട്ടം വർധിപ്പിക്കുന്നു, അത്  ശരീരസൗന്ദര്യത്തിലും പ്രതിഫലിക്കും. ശരീരത്തിന്റെ ആകൃതി നിലനിർത്താനും ഫിറ്റ്നസ് ഉറപ്പാക്കാനും സഹായിക്കും. മറ്റ് വ്യായാമരീതികളിൽ നിന്നും വ്യത്യസ്തമായി ഏറെ ആസ്വദിച്ചു ചെയ്യാനാകും എന്നതാണ് സുംബയുടെ ജനപ്രീതി വർധിപ്പിക്കുന്നത്. സ്ട്രെസ് കുറയ്ക്കുന്നതിനും സൂംബാ സഹായിക്കും.

വ്യക്തികളുടെ പ്രായവും, ആവശ്യങ്ങളും  കണക്കിലെടുത്ത്  സൂംബാ കിഡ്സ്, സ്ട്രോങ്ങ് നേഷൻ , സൂംബാ ഗോൾഡ് തുടങ്ങിയ വിവിധ കോഴ്‌സുകളുണ്ട്. സൂംബാ കിഡ്സ് നാലു മുതൽ 14  വയസുവരെയുള്ള   കുട്ടികൾക്കാണ്. പ്രായപൂർത്തിയായവർക്കുള്ളതാണ് സ്ട്രോങ്ങ് നേഷൻ. അമിതവണ്ണം  ഉള്ള കൗമാരക്കാർക്കും ഇതിലാണ് പരിശീലനം നൽകുക. 50 നു മേൽ പ്രായമുള്ള, കാർഡിയാക് പ്രശ്നങ്ങൾ ഇല്ലാത്തവർക്ക് സൂംബാ ഗോൾഡിൽ പരിശീലനം നൽകും. ഓരോ വ്യക്തിയ്ക്കും സൂംബാ സമ്മാനിച്ച ശാരീരിക, മാനസിക മാറ്റങ്ങൾ തന്നെയാണ് പരിശീലനത്തിനായി എത്തുന്നവരുടെ എണ്ണം വർധിപ്പിക്കുന്നത്. ഭാവിയിൽ കൂടുതൽ പരിശീലന പരിപാടികളുമായി ഈ രംഗത്ത് സജീവമാകാനാണ് ഹാരിമോൾ ആഗ്രഹിക്കുന്നത്. വിവരങ്ങൾക്ക്  Mob no: +91 6235939090, Email harrymol85@yahoo.co.uk.

English Summary: Tthis Woman Entrepreneur is Earning Health, Happiness and Income through Zumba

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com