ചെറുപ്പക്കാരും വിൽപത്രം എഴുതണം, ഡിജിറ്റലായി സൂക്ഷിക്കാം: ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

HIGHLIGHTS
  • കുടുംബത്തിനായി നാം കാത്തുവെച്ച സമ്പാദ്യമൊക്കെ അവർക്ക് കൃത്യമായി എത്തണം
calculate
SHARE

എക്കാലവും ജീവിച്ചിരിക്കും എന്ന അമിത ആത്മവിശ്വാസം ഈ കോവിഡ് കാലം തച്ചുടച്ചു കളഞ്ഞു. നമുടെ നിരവധി പ്രിയപ്പെട്ടവരും പരിചയക്കാരുമാണ് ഓരോ ദിവസവും ഈ മഹാമാരി കാരണം അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. ഇവരുടെ വിയോഗമുണ്ടാക്കിയ തകർച്ചയ്ക്കു പുറമെയാണ് കുടുംബം നേരിടേണ്ടി വരുന്ന സാമ്പത്തിക പ്രതിസന്ധി. ഇത്തരം അഹിതമായ സാഹചര്യങ്ങൾ ഇനിയുള്ള കാലം നാം എപ്പോഴും പ്രതീക്ഷിക്കുക തന്നെ വേണം. അതു കൊണ്ട് ചെറുപ്പക്കാരാണെങ്കിലും  നിക്ഷേപം– സ്വത്തുക്കള്‍, അവയുടെ വീതംവെക്കൽ എന്നീ കാര്യങ്ങളിലൊക്കെ കൃത്യമായ ആസൂത്രണം നേരത്തെ തന്നെ ചെയ്തു വെക്കുക. അല്ലെങ്കിൽ മരിച്ച ആളുടെ അച്ഛൻ, അമ്മ, ഭാര്യ, മക്കൾ എന്നിങ്ങനെയെല്ലാവർക്കും നീതിപൂർവമായ സ്വത്ത് വിഭജനം സാധ്യമായെന്നു വരില്ല. കുടുംബത്തിനായി നാം കാത്തുവെച്ച സമ്പാദ്യമൊക്കെ അവർക്ക് കൃത്യമായി എത്തണമെങ്കിൽ ഇത്തരം ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

നോമിനി 

നിക്ഷേപങ്ങൾക്ക് നോമിനിയെ വെക്കണമെന്നത് എല്ലായ്പ്പോഴും പരാമർശിക്കാറുണ്ടെങ്കിലും പലപ്പോഴും തൽക്കാലത്തേക്കുള്ള സൗകര്യം നോക്കി ഇക്കാര്യം നാം നീട്ടിവെക്കാറുണ്ട്. മരണശേഷം സ്വത്ത് ബുദ്ധിമുട്ടില്ലാതെ അവകാശികൾക്കു ലഭിക്കണമെങ്കിൽ കൃത്യവും വ്യക്തവുമായ വിവരങ്ങൾ നോമിനേഷൻ സമയത്ത് നൽകിയിരിക്കണം.  മ്യൂച്വൽ ഫണ്ടിലോ പോസ്റ്റ് ഓഫിസിലോ നിക്ഷേപം തുടങ്ങുമ്പോഴും ഇൻഷുറൻസ് പോളിസി എടുക്കുമ്പോഴും നോമിനിയെ രേഖപ്പെടുത്താറുണ്ടെങ്കിലും. ബാങ്ക് അക്കൗണ്ട്, പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഓഹരികൾ പോലുള്ള മറ്റ് നിക്ഷേപങ്ങളുടെ കാര്യത്തിൽ ഇത് പലപ്പോഴും വിട്ടു പോകാറുള്ളത്.

വിൽപത്രം

സമ്പന്നരായ മുതിർന്ന പൗരന്മാരാണ് വില്ലെഴുതി വെക്കുന്നതെന്ന ധാരണ അടിസ്ഥാനരഹിതമാണ്. ഇക്കാലത്ത് സ്വന്തമായി ഒരു സെന്റ് ഭൂമിയെങ്കിലുമുള്ള ചെറുപ്പക്കാർ പോലും വിൽ തയാറാക്കി സൂക്ഷിക്കുന്നതാണ് നല്ലതെന്ന് പ്രോഗ്നോ ഫിനാൻസ് ഡോട്ട് കോമിന്റെ സാരഥിയും പ്രമുഖ സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനറുമായ സഞ്ജീവ് കുമാർ ഗോപാലകൃഷ്ണൻ പറഞ്ഞു. വിൽ തയാറാക്കുമ്പോൾ ഭാവിയിൽ ലക്ഷ്യമിട്ടിരിക്കുന്ന കാര്യങ്ങൾ അതിൽ രേഖപ്പെടുത്താം. ഉദാഹരണത്തിന് ഇത്ര തുക മകന്റെ പഠനത്തിന്, മകളുടെ വിവാഹത്തിനുദ്ദേശിക്കുന്ന തുക എന്നീ കാര്യങ്ങളൊക്കെ വില്ലിൽ രേഖപ്പെടുത്തിവെക്കാനാകുമെന്ന് സഞ്ജീവ് കമാർ പറഞ്ഞു

ഡിജിറ്റലായി സൂക്ഷിക്കാം

വിൽപത്രം ഓൺലൈനായി  തയാറാക്കാനാകുമെങ്കിലും അതിന്റെ നടപ്പാക്കൽ കോടതിയിൽ സ്ഥാപിച്ചു കിട്ടണമെങ്കിൽ ഒരു വക്കീലിനെ ഏർപ്പെടുത്തണം. അതുകൊണ്ട് തന്നെ വിൽ തയാറാക്കുന്നതുൾപ്പടെയുള്ള കാര്യങ്ങൾ വിശ്വസ്തനായ വക്കീലിനെ ഏൽപ്പിക്കുന്നതാണ് നല്ലത്. വില്ലിനെക്കുറിച്ച് അവകാശികളെ അറിയിക്കേണ്ട ചുമതലയും അദ്ദേഹത്തെ ഏൽപ്പിക്കാം. മാറുന്ന സാഹചര്യത്തിനനുസരിച്ച് വിൽ ഇടയ്ക്ക് പുതുക്കി എഴുതാമെന്ന് സഞ്ജീവ് കൂട്ടിചേർത്തു. സമ്പത്തുമായി ബന്ധപ്പെട്ട രേഖകൾ ‍ഡിജിറ്റലായി സൂക്ഷിക്കാം. ഇതിന്റെ ലിങ്കുകള്‍ നമ്മുടെ വേണ്ടപ്പെട്ടവരുമായി പങ്കു വയ്ക്കുക. അല്ലെങ്കിൽ ഡയറിലോ മറ്റോ എഴുതി സൂക്ഷിക്കാം. വിശ്വസ്തരായവരോട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുകയും ചെയ്യാം. 

നോമിനിയും വിൽപത്രവും

വിൽപത്രവും നോമിനേഷനും ഒരുപോലെയായാൽ ഏറ്റവും നല്ലത്. വിൽപത്രം ഉണ്ടെങ്കിൽ അതനുസരിച്ചാകും അവകാശം. വിൽപത്ര പ്രകാരമോ നിയമപരമായ അവകാശിയോ ആണെങ്കിലേ നോമിനിക്ക് നിക്ഷേപത്തിൽ അവകാശമുള്ളൂ. അല്ലാത്തപക്ഷം നോമിനി നിക്ഷേപത്തിന്റെ കെയർടേക്കറും ട്രസ്റ്റിയും മാത്രമാണ്. നിക്ഷേപകന്റെ അഭാവത്തിൽ സ്ഥാപനത്തിൽനിന്നു നിക്ഷേപം ൈകപ്പറ്റി നിയമപരമായ അവകാശിക്കു ൈകമാറുക എന്നതു മാത്രമാണ് നോമിനിയുടെ ഉത്തരവാദിത്തം. 

English Summary : Importance of Will Writing and Nomination in this Covid Period

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA