ADVERTISEMENT

കോവിഡ്കാലം അവസരങ്ങൾ തുറക്കുന്നത് പലർക്കും പലവിധത്തിലാണ്. പാലക്കാട് നെന്മാറയിൽ ആശുപത്രി കാന്റീൻ നടത്തിയിരുന്ന ഷിബുെവന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലും 2020 ലോക്ഡൗൺ അത്തരമൊരു പരീക്ഷണം നടത്തി. 

അമ്മയോടൊപ്പം വർഷങ്ങളായി നടത്തിവന്നിരുന്ന ആശുപത്രി കാന്റീൻ വഴി ഉപജീവനം കഴിഞ്ഞിരുന്ന കുടുംബമാണ് നെന്മാറ വല്ലങ്ങി കരുമാത്തിപ്പാടത്ത് ഷിബുവിന്റേത്. എന്നാൽ അമ്മയ്ക്ക് സുഖമില്ലാതായതോടെ കാന്റീൻ ഒഴിയേണ്ടി വന്നു. അങ്ങനെയാണ് സ്വന്തം വീടിന്റെ മുറ്റത്ത് ചെറിയൊരു പന്തലിട്ട് ഏതാനും മേശയും കസേരയുമൊക്കെ സംഘടിപ്പിച്ച് ഹോംലി മെസ്(വീട്ടിലൂണ്) എന്നൊരു സംരംഭം ആരംഭിക്കുന്നത്. 

പ്രധാനറോഡിൽ നിന്നും അൽപം ഉള്ളിലേക്കു കയറിയാണ് വീട്. അതുകൊണ്ടു ആളുകൾ അറിഞ്ഞും കേട്ടും വരണം. 12 പേർക്കിരിക്കാവുന്ന  സംവിധാനം മാത്രമാണുണ്ടായിരുന്നതെങ്കിലും വിളമ്പി നൽകുന്ന ഭക്ഷണത്തിന്റെ രുചിയറിഞ്ഞ് കൂടുതൽ പേർ ‘അമ്മാസ് ഹോംലി മെസ്’ തേടിയെത്തിയപ്പോൾ ഷിബുവിന്റെ മനസൊന്നു തണുത്തു.  

കോവിഡ് ഇരുട്ടടിയായപ്പോൾ

‘‘ഈ സമയത്താണ് കോവിഡും ലോക്ഡൗണും ഇരുട്ടടി പോലെ ജീവിതത്തിലേക്കു കയറിവന്നത്. ശരിക്കും ഇരുട്ടായിരുന്നു. എങ്ങനെ മുന്നോട്ടു പോകുമെന്ന് അറിയില്ല. രോഗിയായ അമ്മയും ഭാര്യയും കുഞ്ഞും അടങ്ങുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു ആ സ്ഥാപനം.’’ആ സമയത്ത് ലക്ഷക്കണക്കിനു കുടുംബങ്ങളിൽ കോവിഡ് വരുത്തിവച്ച അനിശ്ചിതത്വം തന്നെയാണ് ഷിബുവും പങ്കുവച്ചത്

പത്താംക്ലാസ് വരെ മാത്രം പഠിച്ച ഷിബുവിനു മറ്റൊരു ജോലിയും അറിയില്ല. അല്ലെങ്കിൽ തന്നെ ലോക്ഡൗൺ കാലത്ത് എവിടെ ജോലി കിട്ടാനാണ്. വീടിനു പുറത്തേയ്ക്കു പോലും ഇറങ്ങാനാവാത്ത അവസ്ഥ. അന്നന്നു ലഭിക്കുന്നതു കൊണ്ട് ജീവിച്ചു പോന്നിരുന്ന ഇവരുടെ സാമ്പത്തികാവസ്ഥ പുതിയ പ്രസ്ഥാനം കൂടി തുടങ്ങിയതോടെ ഏറെ പരിതാപകരമായിരുന്നു.

അറിയാവുന്നതൊരു തൊഴിൽ മാത്രം

‘‘എങ്ങനെയും മുന്നോട്ടു പോയേ തീരൂവെന്നു അറിയാമെങ്കിലും ഒരു വഴിയും എത്ര ആലോചിച്ചിട്ടും മുന്നിലെത്തിയില്ല. ഞങ്ങൾക്കറിയാവുന്നത് ഭക്ഷണം ഉണ്ടാക്കാനും വിളമ്പി നൽകാനുമാണ്. ഏതു മഹാമാരിയിലും എല്ലാവർക്കും ഭക്ഷണം വേണം. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ പുറത്തിറങ്ങി കഴിക്കാനാവില്ല. അങ്ങനെ ചിന്തിച്ചപ്പോഴാണ് ഇങ്ങോട്ട് വരാൻ കഴിയാത്തവർക്ക് അങ്ങോട്ട് എത്തിച്ചു കൊടുത്താലോയെന്ന ആലോചന വന്നത്.’’ ഷിബു തന്റെ സംരംഭത്തിന്റെ ഗതി മാറ്റിയ ചിന്തകളെക്കുറിച്ച് പറയുകയാണ്. 

ആരോഗ്യമേഖലയിലും സർക്കാർ ഓഫീസുകളിലും പണിയെടുക്കുന്നവരുൾപ്പെടെ ലോക്ഡൗണിലും കർമ്മനിരതരായവർക്ക് ഭക്ഷണം എത്തിച്ചു നൽകാൻ സാധ്യതയുണ്ടെന്നു മനസിലാക്കിയതോടെ ആ വഴിക്കു തിരിഞ്ഞു. പരിചയക്കാരോട് പറഞ്ഞു കുറച്ചു ഓർഡറുകൾ ഒപ്പിച്ചു. സോഷ്യൽ മീഡിയയിലൂടെയും പ്രചരണം നടത്തിയിരുന്നു.

ലോക്ഡൗൺ കഴിഞ്ഞപ്പോൾ കച്ചവടം ഇരട്ടി

ആദ്യദിവസം പോലീസ് തടഞ്ഞെങ്കിലും ഭക്ഷണവിതരണമായതു കൊണ്ട് ഇളവുകിട്ടി. തുടർന്നങ്ങോട്ട് ഓരോ ദിവസവും ഓർഡർ കൂടിക്കൂടി വരികയായിരുന്നുവെന്നും ലോക്ഡൗൺ കഴിഞ്ഞപ്പോഴേക്കും തന്റെ സ്ഥാപനത്തിൽ ബിസിനസ് ഇരട്ടിയായെന്നും ഷിബു പറയുന്നു. 

അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ ഷിബുവും ഭാര്യ വിനിഷയും കൂടിയാണ് മെസിലെ കാര്യങ്ങൾ നോക്കുന്നത്. അരിയും പലചരക്കുമൊക്കെ ആഴ്ചയിലൊരിക്കൽ വാങ്ങിവയ്ക്കും. പച്ചക്കറിയും മീനുമൊക്കെ അതതു ദിവസം അതിരാവിലെ ഷിബു പോയി വാങ്ങിക്കൊണ്ടുവരികയാണ്. അതിനുശേഷം കുളികഴിഞ്ഞ് ഇരുവരും അടുക്കളയിൽ കയറിയാൽ 11.30 ഓടെ വിഭവങ്ങൾ എല്ലാം തയാറാകും. 12 മുതൽ ആളുകൾ കഴിക്കാനായി വന്നുതുടങ്ങും. മൂന്നു മണിയോടെ ഊണുതീരുന്ന മുറയ്ക്ക് അന്നത്തെ കച്ചവടവും അവസാനിക്കും. ഭക്ഷണം എല്ലാം പാകംചെയ്തശേഷം ഓർഡർ അനുസരിച്ചുള്ള പൊതികൾ തയാറാക്കി അതുമായി ഷിബു വിതരണത്തിനു പോകും. ഏകദേശം രണ്ട്– മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് വിതരണം. ഈ സമയത്ത് വീട്ടിൽ കഴിക്കാനെത്തുന്നവർക്ക് വിനിഷ ഭക്ഷണം വിളമ്പി നൽകും.

‘‘ഈ തൊഴിലി‍ൽ നിന്നും ഞങ്ങളുടെ കുടുംബത്തിനു നന്നായി ജീവിക്കാനുള്ള വരുമാനം കിട്ടുന്നു. പക്ഷേ, അതിലും വലിയ സന്തോഷം ഭക്ഷണം നൽകുന്നത് വിലയ്ക്കാണെങ്കിലും അതു വാങ്ങിക്കഴിക്കുന്നവരുടെ മുഖത്തുണ്ടാകുന്ന സംതൃപ്തി കാണുന്നതാണ്’’ ഷിബു പറയുന്നു. 

ലോക്ഡൗൺ വീണ്ടുമെത്തിയതോടെ വീട്ടിലേക്കു ഭക്ഷണം കഴിക്കാൻ ആളുകൾ വരാതായി. എന്നാൽ കഴിഞ്ഞ ലോക്ഡൗൺ പോലെ യാതൊരു ആശങ്കയും ഇത്തവണ ഇല്ലായിരുന്നു. ബിസിനസ് രീതിയൊന്നു മാറ്റിപ്പിടിച്ചു. ഊണെല്ലാം പാഴ്സൽ ആക്കി ആവശ്യക്കാർക്ക് നേരിട്ടെത്തിച്ചു തുടങ്ങി. പതിവുപോലെ വിഭവങ്ങൾ പാകമായി കഴിഞ്ഞാൽ ഭാര്യയും ഭർത്താവും കൂടി ഊണെല്ലാം പൊതിഞ്ഞെടുക്കും അതിനു ശേഷം ഓരോ ഭാഗത്തേയ്ക്കുള്ളതുമായി ഷിബു വിതരണത്തിനു ഇറങ്ങും. ലോക്ഡൗണായതിനാൽ മുന്‍കൂട്ടിയുള്ള ഓർഡർ പ്രകാരമാണ് ഇപ്പോൾ ഭക്ഷണം തയാറാക്കുന്നതും വിതരണം നടത്തുന്നതും. നേരിട്ട് വിളിച്ചു പറയുന്നവരും വാട്സാപ് വഴി ഓർഡർ തരുന്നവരും ഉണ്ട്. എല്ലാ ചെലവുകളും കഴിഞ്ഞ് മാസം 30,000 രൂപയിലേറെ സമ്പാദിക്കാൻ ഈ കോവിഡ്കാലത്തും ഷിബുവിനും കുടുംബത്തിനും ഈ ബിസിനസിലൂടെ കഴിയുന്നു.

വീടിനോട് ചേർന്ന് വാടകയോ മറ്റുതരത്തിലുള്ള അധികച്ചെലവുകളോ ഇല്ലാതെ ഒരു നേരത്തെ ഭക്ഷണം മാത്രം തയാറാക്കി നൽകി, അതിലൂടെ അല്ലലില്ലാതെ ജീവിക്കാനുള്ള വരുമാനം നേടുന്ന ഈ ചെറുപ്പക്കാരൻ പ്രതിസന്ധിയിലും പണിയെടുത്തു ജീവിക്കാൻ ആഗ്രഹിക്കുന്നവർക്കെല്ലാം മാതൃകയാണ് 

അഞ്ചു രൂപയ്ക്ക് സ്പെഷൽ

ദിവസവും 100 പേർക്കുള്ള ഉച്ചയൂണാണ് ഇവർ തയാറാക്കുന്നത്. വെജിറ്റേറിയൻ ഊണിന് 50 രൂപയാണ് നിരക്ക്. ചെറിയമീനുകളും ഇടയ്ക്ക് 

ഇറച്ചി വിഭവങ്ങളും സ്പെഷലായി ഉണ്ടാകും. മത്തി വറുത്തത് പോലുള്ളവ അഞ്ചു രൂപ നിരക്കിൽ ലഭിക്കുന്നതു കൊണ്ട് കുറഞ്ഞ ചെലവിൽ നല്ലൊരു ഊണ് പ്രതീക്ഷിച്ചെത്തുന്നവരുടെ ഇഷ്ടയിടമാണ് അമ്മാസ് ഹോംലി മെസ്.

English Summary : Success Story of a Youth in this Covid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com