വീടിനകത്തിരുന്ന് പഠനത്തോടൊപ്പം നേടിയത് പതിനായിരങ്ങൾ

HIGHLIGHTS
  • മൊബൈൽ ഫോണും നോക്കിയിരിക്കുന്നതിന് വീട്ടുകാരുടെ പഴികേൾക്കുന്നവർക്ക് മാതൃകയാക്കാവുന്ന വിജയം
Akhilesh1
SHARE

കോവിഡ് ലോക്ഡൗൺ ഏറ്റവും കൂടുതൽ ബോറടിപ്പിച്ചത് യൂത്തിനെയാണ്. വീട്ടിലും മുറിക്കുള്ളിലുമായി ഒതുങ്ങിക്കൂടാൻ അവരങ്ങനെ മെനക്കെടാറില്ലല്ലോ. തരംകിട്ടിയാൽ പുറത്തുചാടുന്നതാണ് സ്വഭാവം. അതിപ്പോ പോലീസല്ല, പട്ടാളമാണെങ്കിലും ശരി. 

2020 ലോക്ഡൗൺ വെറുതെയായില്ല

ഇവിടെ, ആലപ്പുഴ തായങ്കരിയിൽ, അഖിലേഷ് നാഥെന്നൊരു കൊച്ചുമിടുക്കനുണ്ട്. 18 വയസാണ് പ്രായം. കൂട്ടുകാരെല്ലാം പുറത്തുചാടാൻ കൊതിച്ച 2020 ലോക്ഡൗണിൽ അഖിലേഷ് വീട്ടിനകത്തിരുന്നു. വെറുതെയിരിക്കുകയല്ല, കൈയിൽ മൊബൈൽ ഫോണുമെടുത്തു. എന്നിട്ടു കുത്തിയും കൂട്ടിയും കുറച്ചുമെല്ലാം കളിച്ചത് വീഡിയോ ഗെയിമുകളല്ല, കണക്കിന്റെ കളികളായിരുന്നു. ഓഹരി വിപണിയിലെ കൊടുക്കലിന്റെയും വാങ്ങലിന്റെയും കണക്കുകൾ!

സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ കാറ്ററിങ് മേഖലയിൽ സർവീസ് ജോലിക്ക് പോയി സ്വന്തം ചെലവിനുള്ള കാശുണ്ടാക്കിയിരുന്ന അഖിലേഷിന് ലോക്ഡൗൺ വന്നതോടെ ആ പണി നടക്കാതായി. ‘‘മൊബൈലൊന്നു റീചാർജ് ചെയ്യാൻ പോലും വീട്ടുകാരെ ആശ്രയിക്കുന്നത് പരമാവധി ചെലവുകളും സ്വയം വഹിക്കണമെന്ന് ആഗ്രഹിച്ചിരുന്ന എനിക്ക് ചിന്തിക്കാവുന്ന കാര്യമായിരുന്നില്ല. വരുമാനത്തിന് എന്തെങ്കിലും പുതിയ വഴി കണ്ടുപിടിച്ചേ തീരൂ എന്നതായിരുന്നു അവസ്ഥ.’’ അഖിലേഷ് കോവിഡ് പ്രതിസന്ധിയിൽ പുതിയ വരുമാന മാർഗം കണ്ടെത്തിയ വഴികളെക്കുറിച്ച് പറഞ്ഞുതുടങ്ങി. 

ഉൽസാഹിച്ചു, സ്വയം പഠിച്ചിറങ്ങി

‘‘സ്ഥിരമായി പത്രങ്ങളിലെ ബിസിനസ് കോളം വായിച്ചിരുന്ന ഒരാളാണ് ഞാൻ. പത്രം കിട്ടിയാൽ ആദ്യം ആ പേജാണ് വായിക്കുക. അങ്ങനെ ഒരു ദിവസം മനോരമ പത്രത്തിൽ ‘നിക്ഷേപകർക്ക് സുവർണാവസരം’ എന്നൊരു ലേഖനം കണ്ടു. ഓഹരി വിപണി ഇപ്പോൾ ഇടിഞ്ഞിരിക്കുകയാണെന്നും നിക്ഷേപിച്ചാൽ ഭാവിയിൽ നല്ല നേട്ടമുണ്ടാകുമെന്നുമായിരുന്നു അതിൽ പറഞ്ഞിരുന്നത്.’’

‘‘ഈ അവസരം എനിക്കും പ്രയോജനപ്പെടുത്താമെന്നു മനസിലായതോടെ സോഷ്യൽ മീഡിയയുടെയും ഇന്റർനെറ്റിന്റെയുമെല്ലാം സഹായത്തോടെ സ്റ്റോക്ക് മാർക്കറ്റിനെപ്പറ്റിയും ഓഹരിയെക്കുറിച്ചുമെല്ലാം ആഴത്തിൽ മനസിലാക്കാൻ തുടങ്ങി. അക്കൗണ്ടുകൾ ഓപൺ ചെയ്ത് കുറച്ചുനാൾ വിപണി നിരീക്ഷിച്ചു. ക്രമേണ എനിക്കും ഈ ബിസിനസ് ചെയ്യാമെന്ന ആത്മവിശ്വാസം കിട്ടി.പതിയെ ഓഹരിയിലേക്ക് ഇറങ്ങി.’’ആവേശത്തോടെ അഖിലേഷ് ഓഹരിബിസിനസിലേക്ക് ഇറങ്ങിയ കഥ പറയുകയാണ്.

ആദ്യനിക്ഷേപം അച്ഛൻ തന്നത്

അച്ഛനോട് വാങ്ങിയ 25,000 രൂപയാണ് ആദ്യം നിക്ഷേപിച്ചത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ആ പണം തിരിച്ചുകൊടുക്കാനായി. വീണ്ടും അച്ഛൻ 50,000 രൂപ കൂടി നൽകി. അതിനൊപ്പം കയ്യിലുണ്ടായിരുന്ന 20,000 രൂപ കൂടി ചേർത്ത് 70,000 രൂപയുടെ ഓഹരികളാണ് അഖിലേഷ് വാങ്ങിയത്.

‘‘ഒരു നിക്ഷേപകനെന്ന നിലയിലാണ് ഞാൻ വിപണിയെ സമീപിക്കുന്നത്. ഒരിക്കലും ഒരു ട്രേഡറായി മുന്നോട്ട് പോകാൻ എനിക്കാവില്ല. സ്വയം നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ആ തീരുമാനം.’’ അഖിലേഷ് പറയുന്നു. അന്നത്തെ 70,000 രൂപയുടെ നിക്ഷേപം ആറോ ഏഴോ മാസം കൊണ്ട് രണ്ടര ലക്ഷം രൂപയിലേക്കെത്തിക്കാൻ കഴിഞ്ഞു. ഓഹരിയിൽ നിന്നു കിട്ടിയതിൽ ഒരു വിഹിതമെടുത്ത് പുതിയൊരു ഫോൺ വാങ്ങി. കൂടാതെ അനിയന് ഒരു സൈക്കിളും വാങ്ങി സമ്മാനിച്ചു. 

‘‘ഫണ്ടമെന്റൽ നോക്കിയാണ് ഓഹരികൾ വാങ്ങാറ്. മികച്ചവയെന്നു ഉറപ്പുള്ളവയിൽ നിക്ഷേപിക്കും. പിന്നെ തൽക്കാലം അതു മറക്കും. വിപണിയിലെ മാറ്റങ്ങളും ചലനങ്ങളും വളരെ ക്ലോസായി നിരീക്ഷിക്കുകയും ചെയ്യും. അഖിലേഷ് നിരീക്ഷിക്കുന്നു.  

എന്തായാലും യൂട്യൂബും ഫെയ്സ്ബുക്കും നോക്കി സമയം കളയാതെ പോയിരുന്ന് പഠിക്കെടായെന്നു അഖിലേഷിന്റെ മാതാപിതാക്കൾ ഇനി പറയില്ല. കാരണം അവർക്കറിയാം, മകൻ പഠിക്കുകയാണ്, പഠനത്തോടൊപ്പം ബിസിനസും അതിൽ നിന്നു  ഭേദപ്പെട്ട വരുമാനവും ഉണ്ടാക്കുകയാണ്.

സ്ഥിരനിക്ഷേപത്തിലും മെച്ചം ഓഹരി

‘‘സ്ഥിരനിക്ഷേപം നടത്തുന്നതിനേക്കാളും മെച്ചമാണ് ഓഹരി നിക്ഷേപമെന്നാണ് എന്റെ അഭിപ്രായം. കാര്യങ്ങളെക്കുറിച്ച് പഠിച്ച് ചെയ്യണമെന്നു മാത്രം. ഒരു ഓഹരിയെക്കുറിച്ച് വ്യക്തമായ ധാരണ വന്ന ശേഷമേ അതിൽ നിക്ഷേപം നടത്താവൂ.’’ കുട്ടിനിക്ഷേപകൻ പറയുന്നു. മൊബൈൽ ഫോൺ വഴിയാണ് അഖിലേഷ് ബിസിനസ് മുന്നോട്ടു കൊണ്ടുപോകുന്നത്. ജിയോജിത്തിന്റെ സെൽഫി പ്ലാറ്റ്ഫോം ഇതിനായി പ്രയോജനപ്പെടുത്തുന്നു. 

English Summary : Very good Earning for this Youth in this Covid Period

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA