ഒരു ലക്ഷം മുതൽമുടക്ക്, ആദ്യവർഷ വിറ്റുവരവ് 10 കോടി!

HIGHLIGHTS
  • ലോക് ഡൗിൽ തുടക്കമിട്ട ഓൺലൈൻ സംരംഭത്തിന് മികച്ച പ്രതികരണം
diagun
ജിജിഫിലിപ്പ്, അഭിലാഷ് വിജയൻ, ഹബീബ് റഹ്മാൻ
SHARE

കേരളത്തിൽ നിന്നും എന്ത്കൊണ്ട് ഒരു ആമസോണോ ഫ്ലിപ്കാർട്ടോ ഉണ്ടായിക്കൂടാ എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഡയഗൻ കാർട്ട്. 2020 ഏപ്രിലിൽ കോവിഡിനെ തുടർന്ന് കേരളം ലോക്ക്ഡൗണിന്റെ തീവ്രത അനുഭവിച്ചു തുടങ്ങി. അവശ്യവസ്തുക്കൾ വാങ്ങുന്നതിനായി പുറത്തിറങ്ങാൻ പോലും ഭയം. ഇനി പുറത്തിറങ്ങിയാലോ, മാസ്ക്കും സാനിട്ടൈസറും ഒന്നും പലയിടത്തും ലഭ്യമല്ല. ഇത്തരമൊരു അവസ്ഥയിലാണ് കേരളത്തിൽ നിന്നും ഒരു ഇ കൊമേഴ്‌സ് പ്ലാറ്റ്ഫോം ഉടലെടുക്കുന്നത്. ഡയഗൻകാർട്ട് എന്ന ഈ സ്ഥാപനത്തിന് പിന്നിൽ ഐടി മേഖലയിൽ പ്രവർത്തിക്കുന്ന ജിജി ഫിലിപ്, അഭിലാഷ് വിജയൻ, ഹബീബ് റഹ്‌മാൻ എന്നീ മൂന്നു സുഹൃത്തുക്കളായിരുന്നു. വളരെ ചെറിയ ഒരു ആശയത്തിന് മുകളിൽ പലകുറി നടന്ന ചർച്ചകൾക്ക് ശേഷമാണ് ഡയഗൻകാർട്ട് എന്ന സ്ഥാപനം യാഥാർഥ്യമാകുന്നത്.

ചെറിയ തുടക്കം

''കോവിഡ് വൈറസ് വ്യാപനം രൂക്ഷമായപ്പോൾ ഏറ്റവും അത്യാവശ്യമായി വന്ന വസ്തുക്കളായിരുന്നു മാസ്ക്കും സാനിട്ടൈസറും. ഏറ്റവും ലഭ്യതക്കുറവും ഇവക്ക് തന്നെയായിരുന്നു. പല കടകളിലും മാസ്കിനു രണ്ടും മൂന്നും ഇരട്ടി വിലയാണ് ഈടാക്കിയിരുന്നത്. സാമ്പത്തികമായി ജനങ്ങൾ തകർന്നു നിൽക്കുന്ന ഈ അവസ്ഥയിൽ ഇത്തരത്തിലുള്ള ഒരു സാമ്പത്തിക ചൂഷണം വച്ചുപൊറുപ്പിക്കേണ്ടതില്ല എന്ന തോന്നലിൽ നിന്നുമാണ് മാസ്കും സാനിട്ടൈസറും മറ്റും മിതമായ ചെലവിൽ വീട്ടുപടിക്കൽ എത്തിക്കുന്ന സ്ഥാപനം എന്ന നിലയ്ക്ക് ഡയഗൻകാർട്ട് ആരംഭിച്ചത്'' സിഇഒ ജിജി ഫിലിപ് പറയുന്നു.

കാലഘട്ടത്തിന്റെ അനിവാര്യത

സംരംഭകർ  ആയ മൂന്നുപേരും പരസ്പരം കാണാതെ നേരിട്ട് ചർച്ചകൾ നടത്താതെ സമ്പൂർണ ഓൺലൈനായി തുടങ്ങിയതാണ് ഡയഗൻകാർട്ട് എന്ന പ്രത്യേകത കൂടി ഈ സംരംഭത്തിനുണ്ട്. കാലഘട്ടത്തിന്റെ അനിവാര്യത എന്ന നിലക്ക് മാസ്ക്കും സാനിട്ടൈസറും വിതരണം ചെയ്യുന്നതിനായി ആരംഭിച്ച സംരംഭം ഇപ്പോൾ സമ്പൂർണ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം എന്ന നിലയിലേക്ക് വളർന്നിരിക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ എവിടെയും ഉൽപ്പന്നങ്ങൾ എത്തിച്ചു നൽകും എന്ന ഉറപ്പിലാണ് കൊച്ചി കേന്ദ്രീകരിച്ച് ഡയഗൻകാർട്ടിന്റെ പ്രവർത്തനം ആരംഭിച്ചത്. കേരളത്തിലെ 95 ശതമാനം പ്രദേശങ്ങളിലേക്കും വിതരണശൃംഖല ഒരുക്കിയ ശേഷമായിരുന്നു സ്ഥാപനത്തിന്റെ തുടക്കം.

ഒരു ലക്ഷം രൂപയുടെ നിക്ഷേപം

www.diaguncart.com എന്ന വെബ്‌സൈറ്റിൽ നിന്നുമായിരുന്നു എല്ലാത്തിന്റെയും തുടക്കം. വളരെ കുറഞ്ഞ നിക്ഷേപത്തിലാണ് മൂവർസംഘം സംരംഭം ആരംഭിച്ചത്. തുടക്കത്തിൽ തന്നെ സ്വന്തം ആപ്പ് നിർമിക്കാതെ ഓപ്പൺ സോഴ്സ് പ്ലാറ്റ്‌ഫോമിൽ ആയിരുന്നു സംരംഭം ആരംഭിച്ചത്. വിർച്വൽ ഓഫീസ് എടുക്കാനും പ്രവർത്തനം ആരംഭിക്കാനുമായി ഒരു ലക്ഷം രൂപയുടെ മാത്രം നിക്ഷേപമായിരുന്നു ഉണ്ടായിരുന്നത്. മാസ്കുകളും സാനിട്ടട്ടൈസറുകളും ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ മാത്രം ലക്ഷ്യമിട്ടുകൊണ്ട് തുടങ്ങിയ ഡയഗൻകാർട്ടിന് ആദ്യദിനം തന്നെ വിചാരിച്ചതിനേക്കാൾ മികച്ച പ്രതികരണമാണ് ലഭിച്ചത്. കൂടുതൽ ആളുകൾ ലോഗിൻ ചെയ്തതിനെ തുടർന്ന് സൈറ്റ് ഹാങ്ങായി.

കൂടുതൽ ഉൽപ്പന്നങ്ങൾ

അതൊരു തുടക്കം മാത്രമായിരുന്നു. 24  മണിക്കൂറിനുള്ളിൽ അവശ്യവസ്തുക്കൾ വീട്ടിലെത്തിക്കുന്ന സ്‌ഥാപനത്തെ ജനങ്ങൾ ഇരുകൈകളും നീട്ടി സ്വീകരിച്ചു. ഡയഗൻകാർട്ടിന് മികച്ച പ്രതികരണം ലഭിക്കാൻ തുടങ്ങിയതോടെ കൂടുതൽ ഉൽപ്പന്നങ്ങൾ, നിത്യോപയോഗ വസ്തുക്കൾ എന്നിവ  ചേർത്തുകൊണ്ടിരുന്നു. ആറ് മാസത്തിനുള്ളിൽ എല്ലാത്തരം ഉൽപ്പന്നങ്ങളും ലഭിക്കുന്ന ഒരു ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമായി ഡയഗൻ കാർട്ട് മാറി. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും കേരളത്തിന് പുറത്ത് തമിഴ്‌നാട് , ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നൊക്കെയും  ഉപഭോക്താക്കളെത്തി.

10  കോടിയുടെ വിറ്റുവരവ്

വിതരണ ശൃംഖല ശക്തമാക്കിയതാണ് സ്ഥാപനത്തിന്റെ വിജയത്തിനുള്ള പ്രധാന കാരണം. സ്പീഡ് പോസ്റ്റ് വഴിയാണ് ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത്. കൊച്ചിയിൽ ഏറ്റവും കൂടുതൽ ഉൽപ്പന്നങ്ങൾ സ്പീഡ് പോസ്റ്റ് വഴി അയക്കുന്ന സ്ഥാപനം എന്ന റെക്കോർഡും ഡയഗൻകാർട്ടിനാണ്. നിലവിൽ ഉൽപ്പന്നങ്ങൾ സ്വന്തം വെയർ ഹൗസിൽ ശേഖരിച്ചു വച്ച ശേഷമാണ് വിതരണം ചെയ്യുന്നത്. കൃത്യമായ പ്രവർത്തനത്തിലൂടെ 10 കോടി രൂപയുടെ വാർഷിക വിറ്റുവരവ് നേടാൻ സ്ഥാപനത്തിന് ആദ്യ വർഷം തന്നെ കഴിഞ്ഞു.

ഭാവി പദ്ധതികൾ

ഓപ്പൺ സോഴ്സ് പ്ലാറ്റ്‌ഫോമിൽ നിന്നും മാറി സ്വന്തം മൊബീൽ ആപ്ലിക്കേഷൻ, വിതരണ ശൃംഖല എന്നിവ നിർമിക്കാനൊരുങ്ങുകയാണ് ഡയഗൻകാർട്ട്. ഇതിലൂടെ 2000  പേർക്ക് കേരളത്തിൽ തൊഴിൽ നൽകാൻ കഴിയും എന്ന് ഇവർ വിശ്വസിക്കുന്നു. നിലവിൽ പ്രതിമാസ വിറ്റുവരവ് 2  കോടി രൂപയോളമാണ്, സ്വന്തം ആപ്പും വിതരണശൃംഖലയും പ്രവർത്തികമാകുന്നതോടെ ഇത് പ്രതിദിനം 50  ലക്ഷം രൂപയുടെ വിറ്റുവരവ് എന്ന നിലയിലേക്ക് ഉയരും.

English Summary: Success Story of a Kerala Based Online Trading Company

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA