ADVERTISEMENT

എയർ ഫോഴ്സിലായിരുന്നു മനേഷ്. 20 വർഷത്തെ സേവനത്തിനുശേഷം നാട്ടിലെത്തിയപ്പോൾ പല ജോലികൾ ലഭിച്ചുവെങ്കിലും ഒന്നും സ്വീകാര്യമായില്ല. സ്വന്തമായി ഒരു ബിസിനസ്, അതായിരുന്നു സ്വപ്നം. പലവിധ മുന്നൊരുക്കങ്ങളും നടത്തി. ഗൃഹപാഠങ്ങൾ ഏറെയുണ്ടായിരുന്നു. ഒരു സൈനികൻ യുദ്ധമുഖത്ത് എങ്ങനെയോ, അതുപോലെ തികഞ്ഞ ആത്മവിശ്വാസത്തോടെ, ആസൂത്രണത്തോടെ മനേഷ് മുന്നോട്ടു പോയി. ഒടുവിൽ ആ യാത്ര ഫലം കണ്ടു. അങ്ങനെയാണ് രണ്ടു വർഷം മുൻപ് ടിഷ്യൂ പേപ്പർ നിർമാണമെന്ന ലഘുസംരംഭം തുടങ്ങുന്നത്. എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിനടുത്ത് കൊങ്ങോർപ്പിള്ളിയിൽ പ്രവർത്തിക്കുന്ന റൈസൺ പേപ്പർ ടിഷ്യൂസ് എന്ന ഈ വിജയസംരംഭത്തെ അടുത്തറിയാം. 

ഒരു സംരംഭകനെന്ന നിലയിലേക്ക് എത്തപ്പെടാനുള്ള വഴിയിൽ നന്നായി വിയർക്കേണ്ടി വന്നു മനേഷിന്. സംരംഭം ഏതെന്നു നിശ്ചയിച്ചുറപ്പിച്ച ശേഷം ഏകദേശം ഒരു വർഷത്തോളം സമാന ഉൽപ്പന്നം നിർമിക്കുന്ന സ്ഥാപനത്തിൽ ജോലി ചെയ്തു, കാര്യങ്ങൾ പഠിച്ചെടുത്തു. അങ്ങനെയാണ് സ്വന്തം നിലയിൽ സംരംഭക രംഗത്തേയ്ക്ക് കാലെടുത്തു വയ്ക്കുന്നത്. 

പേപ്പർ റോൾ; അസംസ്കൃത വസ്തു

‘‘തികച്ചും ലളിതമായി നടത്താവുന്ന, സാങ്കേതിക പ്രശ്നങ്ങൾ തീരെ ഇല്ലാത്ത ഒരു ബിസിനസ്. ഹോട്ടലുകൾ, കാറ്ററിങ് സർവീസുകൾ, സ്റ്റേഷനറി മൊത്തവിതരണക്കാർ തുടങ്ങിയവരിൽ നിന്നെല്ലാം ലഭിച്ച പിന്തുണ കൂടുതൽ ബലം നൽകി.’’ സൈനികനിൽ നിന്നും സംരംഭകനിലേക്കുള്ള രൂപാന്തരത്തെക്കുറിച്ച് മനേഷ് മനസു തുറന്നു.

ഏറെ ജോലിക്കാർ ആവശ്യമില്ലാത്ത ഒരു സംരംഭം എന്ന നിലയിലും ഉൽപന്നത്തിന്റെ കാലാവധി സംബന്ധിച്ച് പ്രശ്നമല്ലാത്തതും കൂടി പരിഗണിച്ചാണ് ഈ ബിസിനസ് തിരഞ്ഞെടുത്തതെന്നു മനേഷ് പറയുന്നു.

ഈ സംരംഭത്തിന് ആവശ്യമുള്ള ഏക അസംസ്കൃത വസ്തു പേപ്പർ റോൾ ആണ്. അത് എറണാകുളത്തെ സ്വകാര്യ കച്ചവടക്കാരിൽനിന്നു സുലഭമായി ലഭിക്കുന്നുണ്ട്. ഓർഡർ നൽകിയാൽ എത്തിച്ചുതരും. കടം ലഭിക്കാറില്ല. സോഫ്റ്റ്, സെമി ഹാർഡ്, ഹാർഡ് എന്നിങ്ങനെ വ്യത്യസ്തമായ വെർജിൻ പേപ്പർ റോളുകളാണു േവണ്ടത്. 

ഓർഡർ പിടിച്ച് വിൽപന

പ്രാദേശികമായുള്ള കേറ്ററിങ് സ്ഥാപനങ്ങൾ, ഹോട്ടലുകൾ, മൊത്തവിതരണക്കാർ എന്നിവരിൽനിന്നു മുൻകൂട്ടി ഓർഡർ എടുത്തശേഷമാണ് വിൽപന. പ്രിന്റിങ്ങും ആവശ്യമെങ്കിൽ ഇക്കൂടെ നടത്തുന്നു.100 പേപ്പർ അടങ്ങിയ പാക്കറ്റുകൾ ആയാണ് വിൽപന. അഞ്ചു രൂപ മുതൽ 25 രൂപ വരെ വില വരുന്നവയുണ്ട്.വിതരണക്കാർ വഴി നൽകുമ്പോൾ ക്രെഡിറ്റ് വരുന്നു എന്നതാണ് സംരംഭം നേരിടുന്നൊരു വെല്ലുവിളി. മികച്ച പേപ്പറുകൾ തന്നെ വേണമെന്നുള്ളവർക്ക് പ്രീമിയം ഇനവും അല്ലാത്തവർക്ക് അഭിരുചി അനുസരിച്ചുള്ളതും നൽകുന്നു. 

ഇവിടെയും കിടമത്സരം ഉണ്ടെങ്കിലും അവസരങ്ങളും അതുപോലെയുണ്ടെന്നാണ് മനേഷ് പറയുന്നത്. അതിവേഗം വികാസം പ്രാപിക്കുന്ന വിപണി സാഹചര്യം നിലനിൽക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ ബിസിനസിന് അൽപം മങ്ങലേറ്റിട്ടുണ്ടെങ്കിലും താമസിയാതെ വിപണി തിരിച്ചുവരുമെന്നാണ് മനേഷ് പ്രതീക്ഷിക്കുന്നത്. 

ഇപ്പോൾ‌ ഏകദേശം രണ്ടു ലക്ഷം രൂപയുടെ കച്ചവടം ലഭിക്കുന്നുണ്ട്.  ഇത് ഇരട്ടിയെങ്കിലും ആയി ഉയർത്താനുള്ള ശ്രമത്തിലാണ്. ഷോപ്പുകൾ പൂർവസ്ഥിതിയിൽ തുറന്നു പ്രവർത്തിച്ചാൽ ആറു ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടം നടക്കുമെന്നാണ് മനേഷ് പറയുന്നത് (കേറ്ററിങ് സർവീസും പഴയതുപോലെ ആകണം). മാർജിൻ കുറഞ്ഞ ഒരു ബിസിനസാണിതെങ്കിലും 10–15% വരെ അറ്റാദായം ഉറപ്പാക്കാൻ കഴിയും. 

Manesh

8 ലക്ഷം രൂപയുടെ നിക്ഷേപം

8 ലക്ഷം രൂപ വിലയുള്ള പ്രിന്റിങ് കം പേപ്പർ കൺവർട്ടിങ് മെഷീൻ സ്ഥാപിച്ചുകൊണ്ടാണു തുടങ്ങുന്നത്. ഇതിനായി പിഎംഇജിപി പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പ എടുത്തപ്പോൾ പദ്ധതിച്ചെലവിന്റെ 35%, മൂന്നരലക്ഷം രൂപ സർക്കാർ സബ്സിഡിയായി ലഭിച്ചു. ഇപ്പോൾ 14 ലക്ഷം മുടക്കി ഒരു പുതിയ മെഷീൻ കൂടി വാങ്ങി സ്ഥാപിച്ചിട്ടുണ്ട്. രണ്ടു മെഷീനിലുമായി 3 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. 

ഉൽപാദനത്തിനൊപ്പം വിപണിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മനേഷ് ശ്രദ്ധവയ്ക്കുന്നു. നിലവിൽ ഏകദേശം 800 ചതുരശ്രയടി വിസ്തീർണമുള്ള വാടകക്കെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. 10,000 രൂപ ഇതിനു വാടക നൽകണം. മനേഷിന്റെ ഭാര്യ സൗമ്യ സ്കൂൾ ടീച്ചറാണ്. മകൻ മാധവ് 8–ാം ക്ലാസിൽ പഠിക്കുന്നു. റെഗുലർ ക്ലാസ് ഇല്ലാത്തതിനാൽ ഇരുവരുടെയും ശ്രദ്ധയും സഹായവും ബിസിനസിലുണ്ട്. 

ടോയ്‌ലറ്റ് റോൾ

ടോയ‌്‌ലറ്റ് റോൾകൂടി നിർമിച്ചു വിപണിയിൽ ഇറക്കാനുള്ള ശ്രമത്തിലാണു ഈ യുവസംരംഭകൻ. ഇതിനായി പുതിയൊരു മെഷീൻ വാങ്ങാനും പദ്ധതിയുണ്ട്. അധികമായി വാങ്ങുന്ന മെഷീനുകൾക്കും നിക്ഷേപ സബ്സിഡിയും ലഭിക്കും. പുതിയൊരു സംരംഭകന് അവസരങ്ങള്‍ക്കൊപ്പം മികച്ച പിന്തുണയും സർക്കാരിന്റെ ഭാഗത്തു നിന്നു ലഭിക്കുന്നുണ്ടെന്ന് മനേഷ് പറയുന്നു.

English Summary: Success Story of a Soldier Who turned to be an Entrepreneur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com