നിങ്ങളും വർക് ഫ്രം ഹോം ആണോ? എങ്കിൽ ഇക്കാര്യങ്ങളറിയാം

HIGHLIGHTS
  • വീട് തന്നെ ഓഫീസായത് നിങ്ങളെയും സമ്പദ് വ്യവസ്ഥയെയും എങ്ങനെ ബാധിച്ചു?
woman-entre-1
SHARE

വീടുകൾ ഓഫീസുകളായതിന്റെ നേർകാഴ്ചകളായിരുന്നു 2020 മാർച്ച് മുതൽ നമ്മൾ പരിചയിച്ചത്. കൂടുതൽ സ്വാതന്ത്ര്യമുണ്ട് , യാത്രയുടെ  സമയം ലാഭിക്കാം, ഉത്പാദനക്ഷമത കൂടും, ജോലി  കുറേകൂടി ശ്രദ്ധ ചെലുത്തി ചെയ്യാനാകും, പണം ലാഭിക്കാം, കുടുംബവും ജോലിയും പ്രശ്നങ്ങളില്ലാതെ മുന്നോട്ടു കൊണ്ടുപോകാം തുടങ്ങിയ പല മെച്ചങ്ങളും ഐ ടി, വിദ്യാഭ്യാസം പോലുള്ള മേഖലകളിലെ  ജോലിക്കാർക്കുണ്ടെങ്കിലും,  മറ്റു പല മേഖലകളിലുമുള്ളവരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.  

ആരെയെല്ലാം ബാധിച്ചു?

∙ആളുകൾ വർക് ഫ്രം ഹോം ആയതോടെ കൂടുതൽ ബുദ്ധിമുട്ട് നേരിടേണ്ടി വന്ന മേഖലയാണ് ഹോട്ടലുകളുടേത്. കേരളത്തിൽ പൊതുവേയും, ഇന്ത്യയിലെ പല നഗരങ്ങളിലും ലോക്ക്ഡൗൺ കാരണം ആയിരക്കണക്കിന് ചെറുകിട ഭക്ഷണശാലകൾ അടച്ചുപൂട്ടി. മുന്തിയ ഹോട്ടലുകളെപ്പോലും വളരെ മോശമായി ബാധിച്ചു. വൈറസിനെ പേടിച്ചു പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കുന്നത് കുറഞ്ഞതും, ജോലിക്കായുള്ള യാത്ര തിരക്കുകൾ ഇല്ലാതായതും,  ഓഫീസ് അനുബന്ധ ഭക്ഷണശാലകൾ ഇല്ലാതായതുമെല്ലാം ഇതിനു കാരണമായി. 

∙ഔദ്യോഗിക യാത്രകൾ ഗണ്യമായി കുറഞ്ഞത് വിമാന കമ്പനികളുടെ വരുമാനം കുത്തനെ ഇടിച്ചു. ഇന്ത്യയിൽ മാത്രമല്ല ലോകമാസകലം വിമാന കമ്പനികൾക്ക് കനത്ത നഷ്ടം നേരിടേണ്ടി വന്നു. 

∙ഓട്ടോമൊബൈൽ വ്യവസായം ഇന്നുവരെ കാണാത്ത രീതിയിൽ നഷ്ടം നേരിട്ട മറ്റൊരു മേഖലയാണ്. ജനുവരി ആദ്യവാരത്തെ കണക്കുകൾ പ്രകാരം, പ്രതിദിനം 2300 കോടിയായിരുന്നു ഓട്ടോമോട്ടീവ് വ്യവസായത്തിന്റെ നഷ്ടം രേഖപ്പെടുത്തിയിരുന്നത്. വാഹനങ്ങളുടെ വിൽപ്പന ഗണ്യമായി കുറഞ്ഞതും, ആളുകളുടെ യാത്ര കുറഞ്ഞതും, ടാക്സി കമ്പനികളെ മുതൽ സാധാരണ ഡ്രൈവർമാരെ വരെ പ്രതികൂലമായി ബാധിച്ചു. 

∙റിയൽ എസ്റ്റേറ്റ് മേഖലയിൽ പൊതുവേയുണ്ടായ തളർച്ച ലോക്ക് ഡൗൺ കൂടുതൽ രൂക്ഷമാക്കി. വീടുകൾ തന്നെ ഓഫീസുകളായപ്പോൾ,  ഓഫീസുകൾക്കു വേണ്ടിയുള്ള ഡിമാൻഡ് വൻതോതിൽ കുറഞ്ഞത് ആർക്കും പ്രവചിക്കുവാൻ കഴിയാത്ത വിധത്തിലായിരുന്നു. വൻനഗരങ്ങളിൽ പോലും വാടക വരുമാനം കുത്തനെ ഇടിഞ്ഞു. നിർമാണരംഗം നിശ്ചലമായതോടെ, തൊഴിലാളികൾ കൂട്ടത്തോടെ നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്കു മടങ്ങിപ്പോയി. ഒരു ദിവസം 200 രൂപ വരെ കേരളത്തിന് പുറത്തു കൂലി ലഭിച്ചിരുന്നവരും, 800 രൂപ വരെ കേരളത്തിനകത്ത് കൂലി ലഭിച്ചിരുന്നവരും ഇതിൽപ്പെടും. 

Office1

വർക്ക് ഫ്രം ഹോം തുടരുമോ?

ടൈംസ് ജോബ് സർവേ പറയുന്നത് 42 ശതമാനം ഇന്ത്യൻ കമ്പനികളും വർക്ക് ഫ്രം ഹോം തുടർന്നും ഇന്ത്യയിൽ പ്രോൽസാഹിപ്പിക്കുമെന്നാണ്.  ഓഫീസുകൾ തുറന്നാൽ പോലും ഒരു ഹൈബ്രീഡ് മാതൃകയായിരിക്കും ഭൂരിഭാഗം കമ്പനികളും  പിന്തുടരുക. അതായത് പകുതി സമയം ഓഫീസിലും , പകുതി സമയം വീട്ടിൽ നിന്നും ജോലിചെയ്യാവുന്ന സൗകര്യങ്ങൾ ഉണ്ടാകും. ജോലിയും, കുടുംബകാര്യങ്ങളും സന്തുലനം  ചെയ്തു കൊണ്ടുപോകുന്നതിനും, വർക്ക് ഫ്രം ഹോം സഹായിക്കും എന്ന് സർവേയിൽ പലരും  അഭിപ്രായപ്പെട്ടു. എന്നാൽ മൈക്രോസോഫ്ട് വർക്ക്‌ ട്രെൻഡ് ഇൻഡക്സ് പ്രകാരം 41 ശതമാനം ആളുകളും വർക്ക് ഫ്രം ഹോം മൂലം ജോലിയും ജീവിതവും കുഴഞ്ഞുമറിയുന്നത് അവരെ  പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെടുന്നു. കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരുന്ന ഒരു സാഹചര്യം ഉണ്ടെന്നാണ് മറ്റൊരു കൂട്ടരുടെ അഭിപ്രായം. 

എന്തൊക്കെയായാലും തുണി  തേക്കുന്നവർ തൊട്ട് ബസ് ജീവനക്കാർ, ട്രെയിൻ ജീവനക്കാർ, ഓട്ടോറിക്ഷ ഓടിക്കുന്നവർ, ചെറുകിട ഭക്ഷണവിതരണക്കാർ, വ്യാപാരികൾ, ലോട്ടറി കച്ചവടക്കാർ, വഴിയോര വ്യാപാരികൾ എന്നിവർക്കെല്ലാം ജോലിയായെങ്കിൽ മാത്രമേ പ്രാദേശിക മാർക്കറ്റുകളും, സമ്പദ് വ്യവസ്ഥയും പൂർണമായ രീതിയിൽ ചലിക്കുവാൻ തുടങ്ങുകയുള്ളൂ. 

നിങ്ങളെ ബാധിച്ചോ?

സാമൂഹ്യ ഇടപെടലുകൾ കുറഞ്ഞത് മാനസിക ആരോഗ്യത്തെ മോശമായി ബാധിക്കുന്നുണ്ടെന്ന് കഴിഞ്ഞ വർഷം മുതൽ വീടുകളിൽ നിന്നും ജോലി ചെയ്യുന്നവർ പറയുന്നു. സമൂഹത്തിന്റെ മേലേത്തട്ടിലുള്ളവരെ വീടുകളിൽ നിന്നും ജോലിചെയ്യുന്നത് സാമ്പത്തികമായി തളർത്തിയില്ലെങ്കിലും മറ്റുപല അസൗകര്യങ്ങളുമുണ്ടാക്കി. എന്നാൽ  ജോലി നഷ്ടപ്പെട്ട മധ്യവർഗത്തിനും താഴെക്കിടയിലുള്ളവർക്കും വരുമാനമാർഗം മാത്രമല്ല, ഇടുങ്ങിയ വീടുകളിൽ  ഒതുങ്ങികൂടുവാൻ നിർബന്ധിതമായത് മാനസിക പ്രശ്നങ്ങൾ കൂട്ടി. സമ്പന്നരെ അപേക്ഷിച്ച് ചെറുകിടകാർ  ശമ്പളത്തിന്റെ ഭൂരിഭാഗവും ചിലവഴിക്കുന്നവരായതുകൊണ്ട് അവരുടെ ജോലി നഷ്ടം സമ്പദ് വ്യവസ്ഥയെ  വല്ലാതെ ഉലച്ചിട്ടുണ്ട്. ഒരു മേഖലയിലെ ജോലി നഷ്ടം പല മേഖലകളിലേക്കും വ്യാപിക്കുമെന്നതിനാൽത്തന്നെ വീടുകളിൽനിന്നും തിരിച്ചു ഓഫീസുകളിലേക്ക് ജോലിക്കാരെത്തുന്നത് സമ്പദ് വ്യവസ്ഥയെ  ഉണർത്തുവാൻ സഹായിക്കും.

English Summary: How the Work from Home Affect You and Economy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA