ADVERTISEMENT

കോവിഡ് പശ്ചാത്തലത്തിൽ നമ്മൾ ഒരു സംരംഭം തുടങ്ങാൻ തീരുമാനിച്ചു എന്നിരിക്കട്ടെ. ഇനി എന്ത്? ലോകത്ത് ഒരുപക്ഷേ ഏറ്റവും പരാജയസാധ്യതയുള്ള ഒരു കാര്യമാണ് നമ്മൾ ചെയ്യാൻ പോകുന്നത്. ശ്രദ്ധിക്കുക ‘പരാജയ സാധ്യത’ എന്നാണ് പറഞ്ഞത്, പരാജയം എന്നല്ല. രണ്ടും രണ്ടാണ്. പരാജയസാധ്യത വിലയിരുത്തുന്നത് പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതുപോലെയാണ്. അതെ ‘വാക്സിനേഷൻ’ തന്നെ! 

ഏതൊരു വ്യവസായത്തിനും അടിസ്ഥാനപരമായി ചില കാര്യങ്ങൾ ഉണ്ട്.  ആദ്യത്തേത് ഉൽപന്നം അല്ലെങ്കിൽ സേവനം. ഇപ്പോഴത്തെ വിപണി സാഹചര്യത്തിന് അനുയോജ്യമായതു മാത്രം തിരഞ്ഞെടുക്കുക എന്നതാണ് ആദ്യ പാഠം. നിങ്ങൾക്കു കഴിയില്ലെങ്കിൽ കൂടുതൽ വ്യത്യസ്തതയ്ക്കു ശ്രമിക്കരുത്. ഉള്ളത് വ്യത്യസ്തമായി ചെയ്യുന്നതിലൂടെ നമുക്കു വിജയിപ്പിക്കാവുന്നതേ ഉള്ളൂ.

അടുത്തത് ഓഫിസ്, ഏറ്റവും കുറഞ്ഞത് ഒരു കംപ്യൂട്ടർ വേണം. ടാലി പോലുള്ള ഏതെങ്കിലും സോഫ്റ്റ്‌വെയർ‌ നിർബന്ധം. കോപ്പി, സ്കാനർ,പ്രിന്റർ എന്നിവ കോമ്പോ ഉള്ള ഏതെങ്കിലും ഒരു കളർ പ്രിന്റർ വാങ്ങുക. പർച്ചേസ്, സെയിൽസ് എന്നിവയുടെ രേഖകൾ സൂക്ഷിക്കാൻ രണ്ട് ബോക്സ് ഫയലുകൾ. ഒപ്പം അക്കൗണ്ടിങ്ങിൽ സമർഥനായ ഒരു ഓഫിസ് സ്റ്റാഫ് കൂടി ഉണ്ടെങ്കിൽ ഉൽപാദനക്ഷമത കൂടുമെന്നത് ഉറപ്പാണ്.

ലൈസൻസുകൾ നേടിയ ശേഷം തുടക്കം

ആവശ്യമായ എല്ലാം ൈലസൻസുകളും േനടിയശേഷം വേണം കമ്പനി തുടങ്ങേണ്ടത്. ഇല്ലെങ്കിൽ പിന്നീട് ബിസിനസ് നിർത്തിവച്ച് ലൈസൻസ് എടുക്കാൻ പോകേണ്ടി വരും. ജില്ലാ വ്യവസായ േകന്ദ്രം, മറ്റ് വ്യവസായികൾ, ഇന്റർനെറ്റ് തുടങ്ങിയവയിലൂടെ ആവശ്യമായ വിവരങ്ങൾ കിട്ടും. 

അടുത്തഘട്ടം ബാങ്കിൽ ഒരു കറന്റ് അക്കൗണ്ട് ഓപ്പൺ െചയ്യുക എന്നതാണ്. ഇതോടൊപ്പം തന്നെ ഒരു എസ്ബി അക്കൗണ്ടും ഓപ്പൺ ചെയ്യുക. എന്നിട്ട് അതിൽ കുറഞ്ഞത് 500 രൂപ പ്രതിമാസ അടവുള്ള ഒരു റിക്കറിങ് ഡിപ്പോസിറ്റ്(ആർഡി) തുടങ്ങണം. പരാജയങ്ങൾക്കെതിരായ പ്രതിരോധ നടപടികളിൽ ആദ്യത്തേത് ആണ് ഈ സേവിങ്സ് അക്കൗണ്ട്. 

മുതലും ലാഭവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ കഴിയാതെ പോകുക എന്നത് ബിസിനസ് രംഗത്തെ തുടക്കക്കാരിൽ 99 ശതമാനവും വീണുപോകുന്ന ഒരു കുഴിയാണ്. ഉദാഹരണമായി നമ്മുടെ സ്ഥാപനത്തിൽ ഇന്നത്തെ കലക്ഷനായി 1,000 രൂപ കിട്ടി എന്നു വിചാരിക്കുക. യഥാർഥത്തിൽ ഇതിൽ 50 മുതൽ പരമാവധി 300 രൂപ വരെയാണ് ലാഭം. ബാക്കി മുതലാണ്, ബിസിനസിലേക്കു നിർബന്ധമായും തിരിച്ചടയ്ക്കേണ്ട മുതൽ.

money-sign

ആത്മവിശ്വാസവും സാമ്പത്തിക ആശ്വാസവും

പണം കാണുന്ന ആവേശത്തിൽ നമ്മൾ അത് മുഴുവനും ചെലവാക്കാം. എല്ലാ ദിവസവും വരുന്ന കളക്‌ഷനിൽനിന്ന് ഇങ്ങനെ മുതൽ വഴിമാറ്റപ്പെട്ടു പോകാനും സാധ്യതയുണ്ട്. ഫലം, ഏതാനും നാൾകൊണ്ട് കമ്പനിയുടെ കാര്യം അധോഗതിയാകുന്നു. നിങ്ങൾ ചെയ്യേണ്ടത് അതതു ദിവസത്തെ കലക്‌ഷൻ കൃത്യമായി കമ്പനിയുടെ കറന്റ് അക്കൗണ്ടിൽ ഇടുകയും (ഇവിടെയാണ് ഡയ്‌ലി കളക്‌ഷൻ ഉള്ള ബാങ്ക് കൊണ്ടുള്ള ഗുണം.) മാസം ഒരു തുക ശമ്പളമായി നിങ്ങളുടെ എസ്ബി അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യുക. തുടക്കത്തിൽ ആറുമാസത്തേക്ക് 5,000–10,000 രൂപയിൽ ശമ്പളം മിതപ്പെടുത്തുകയാണു വേണ്ടത്.അതോടൊപ്പം എല്ലാ മാസവും അഞ്ചാം തീയതി ആർഡി പിടിച്ചുകൊള്ളാനുള്ള ഒരു നിർദേശവും (Standing Instruction) ബാങ്കിൽ കൊടുക്കുക. കാലാവധി ഒരു വർഷം എന്നും ഉറപ്പിക്കണം. നിങ്ങൾ ക്രമേണ ഈ നിക്ഷേപം മറക്കും. ആർഡി മെച്വർ ആയി ഒരു തുക പലിശയോടുകൂടി നിങ്ങളുടെ അക്കൗണ്ടിൽ ക്രെഡിറ്റാകുന്നത് ആത്മവിശ്വാസവും സാമ്പത്തിക ആശ്വാസവും ഒരുപോലെ നൽകും.

ഇതൊരു പിടിവള്ളിയാണ്. ചിട്ടിയും ദീർഘകാലത്തേക്ക് മ്യൂച്വൽ ഫണ്ട് എസ്ഐപിയുമൊക്ക ഇതുപോലെ വള്ളികളാക്കാം. നമ്മൾ ഉണ്ടാക്കിയെടുക്കുന്ന പണം നമ്മുടെ ബിസിനസിൽ കറങ്ങിക്കൊണ്ടേ ഇരിക്കും. ഈ ചക്രത്തിൽനിന്നു രണ്ടോ മൂന്നോ സമ്പാദ്യത്തിന്റേതായ വള്ളികൾ പുറത്തേക്ക് ഇട്ടില്ലെങ്കിൽ നിങ്ങൾ ഒരിക്കലും സമ്പാദിക്കുകയില്ല. 

സിസ്റ്റം വേണം

അടുത്തത് സിസ്റ്റം. എന്താണ് സിസ്റ്റം? എല്ലാ കാര്യങ്ങൾക്കും ഒരു നിശ്ചിത രീതിയും ക്രമവും ഉണ്ടാക്കുക എന്നതാണ് സിസ്റ്റം കൊണ്ട് ഉദ്ദേശിക്കുന്നത്. കൃത്യമായ ദിവസങ്ങളിൽ, സമയങ്ങളിൽ, ഉൽപന്നം കടകളിൽ എത്തിക്കുക. ഒരു ഫോൺകോൾ ഓഫിസിൽ വന്നാൽ ആദ്യ മൂന്നു റിങ്ങുകൾക്കുള്ളിൽത്തന്നെ ഫോൺ എടുക്കുക, കമ്പനിയുടെ േപരു പറഞ്ഞ് മാന്യമായി മറുപടി പറയുക, കൃത്യമായി പണം പിരിക്കാൻ ചെല്ലുക, പിരിക്കുന്ന തുക വരവുവയ്ക്കുക, അടുത്ത പർച്ചേസ് പ്ലാൻ ചെയ്യുക, ആർടിജിഎസ്/എൻഇഎഫ്ടി കാഷ് പ്ലാൻ ചെയ്യുക തുടങ്ങി ഒരു കമ്പനിയുടെ ജീവനാഡിയാണു സിസ്റ്റം. സിസ്റ്റം നന്നായാൽ ബിസിനസ് പാതി നന്നായി.

മൂലധനം എങ്ങനെ?

നമ്മൾ പ്രത്യേകം പരാമർശിക്കാതിരുന്ന, എന്നാൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മൂലധനം (ക്യാപിറ്റൽ). നമ്മൾ അവശ്യവസ്തുക്കൾ പറയുമ്പോൾ ഓക്സിജൻ പറയാറില്ലല്ലോ. എന്നാൽ അതില്ലാതെ വയ്യ താനും. ഇതും അതുപോലെയാണ്. ഏതൊരു കമ്പനിയുടെയും ഓക്സിജനാണിത്. ഇനിഷ്യൽ ക്യാപിറ്റൽ, വർക്കിങ് ക്യാപിറ്റൽ എന്നിങ്ങനെ രണ്ടുതരം ഉണ്ട്. ഇതു കണ്ടെത്താനുള്ള മാർഗങ്ങൾ സംരംഭകരുടെ മാത്രം യുക്തിയും കഴിവുമാണെന്നു പറയാം. നമുക്കു കണ്ടെത്താൻ കഴിയുന്ന തുക കണക്കുകൂട്ടി േവണം ഉൽപാദനശേഷി, ജീവനക്കാർ, വിപണി വ്യാപ്തി എന്നിവ നിശ്ചയിക്കാൻ. 

കടം വിഴുങ്ങരുത്

ഇനിഷ്യൽ ക്യാപിറ്റൽ ഒരു രൂപയാണെങ്കിൽ വർക്കിങ് ക്യാപിറ്റൽ നാലു രൂപയോ അഞ്ചു രൂപയോ േവണം. ബിസിനസിലേക്ക് എടുത്തു ചാടുന്ന പലരും തിരിച്ചാണു മനസ്സിലാക്കി വച്ചിരിക്കുന്നത്. മറ്റൊരു കാര്യം ക്രെഡിറ്റ് എന്നത് എല്ലാ വ്യവസായത്തിലും ഉണ്ടെന്നും അവനെ നല്ലപോലെ മനസ്സിലാക്കാത്തവരെയും മാനേജ് ചെയ്യാൻ അറിയാത്തവരെയും അവൻ വിഴുങ്ങും എന്നതാണ്. 

പ്ലാൻ ചെയ്യുന്നതുപോലെ മണി റൊട്ടേഷൻ നടക്കണമെങ്കിൽ നാലോ അഞ്ചോ ബിസിനസ് ൈസക്കിൾ കഴിയണം. ഉദാഹരണത്തിന് ഒരാഴ്ചത്തെ പർച്ചേസ്, എക്സ്പെൻസ് എന്നിവയ്ക്ക് നമ്മുടെ കയ്യിലുള്ളതും അറേഞ്ച് ചെയ്യാൻ പറ്റുന്നതുമായ ഒരു തുക കണക്കാക്കിയിട്ട് അതനുസരിച്ച് എത്ര ദൂരം വരെ, എത്ര ഷോപ്പുകളിൽ വിതരണം നടത്താം എന്നു തീരുമാനിക്കാം. ദൂരം അനുസരിച്ച് നമ്മുടെ ചെലവുകളും വ്യത്യാസപ്പെടും. 

പെട്രോൾ, ഡ്രൈവർ ബാറ്റ, ഓവർടൈം തുടങ്ങിയ ചെലവുകളാണ് ഇങ്ങനെ വരുന്നത്. അതുപോലെ നമ്മുടെ കടം സഹിക്കാനുള്ള ശേഷി നോക്കി േവണം എത്ര കടകൾക്കു കൊടുക്കണമെന്നു തീരുമാനിക്കേണ്ടത്. ഓരോ കടയിലും ശരാശരി 30 ശതമാനം തുക ബാക്കി നിൽക്കും. പ്രതിമാസം ഒരു ലക്ഷത്തിന്റെ കച്ചവടം നടത്തിയാൽ അതിൽ 70,000 രൂപ പിരിഞ്ഞു കിട്ടിയാൽ ആയി. നിങ്ങളെ വെറുപ്പിക്കാൻ അല്ല, യാഥാർഥ്യം മനസ്സിലാക്കാനാണ് ഇങ്ങനെ പറയുന്നത്.

അങ്ങനെ നമ്മുടെ 10 കിലോമീറ്റർ ചുറ്റളവിൽ 30 കടകൾക്കു കൊടുത്താൽ മാസം എത്ര പർച്ചേസ്, എക്സ്പെൻസ്, ഔട്ട് സ്റ്റാൻഡിങ് എന്നൊക്കെ ഒരു ഏകദേശ ധാരണ കിട്ടിക്കഴിഞ്ഞു. 

അപ്പോൾ ആള് റെഡി, കമ്പനി റെഡി, ക്യാപിറ്റൽ റെഡി, പ്രോഡക്ട് റെഡി. ഓഫിസ് റെഡി, സിസ്റ്റം റെഡി, ബാങ്കും നിക്ഷേപ പദ്ധതികളും റെഡി. ഇനിയെന്താ, ഒന്നും നോക്കാനില്ല. പരസ്യത്തിൽ പറയുന്നതുപോലെ JUST DO IT 

woman-entre3

മനസ്സിനെ ഒരുക്കാം

താഴെപ്പറയുന്ന കാര്യങ്ങൾ സ്വയം പറഞ്ഞ് മനസ്സിലാക്കുക.

∙ നമ്മൾ ഈ പണി ചെയ്യുന്നത് നമുക്കും നമ്മുടെ കുടുംബത്തിനും ജീവിക്കാനുള്ള പണം ഉണ്ടാക്കാനാണ്. മാന്യമായി ജീവിക്കാൻ, നിയമം അനുശാസിക്കുന്ന വഴികളിലൂടെ നികുതി കൃത്യമായി അടച്ചുകൊണ്ടു പണം ഉണ്ടാക്കാം. 

∙ പണം ഉണ്ടാക്കുന്നത് ഒരു കുറ്റമേ അല്ല. കഷ്ടകാലത്തിന് അങ്ങനെയാണു കുട്ടിയായിരിക്കുമ്പോൾ മുതൽ നമ്മളെ പഠിപ്പിക്കുന്നത്.

∙ നമ്മൾ വളരെ ചെറിയ നിലയിൽ ആണ് ഇപ്പോൾ ഉള്ളത്. സമൂഹത്തെ മാറ്റിമറിക്കാനോ കുറെ അധികം ആളുകൾക്കു ജീവിതം കൊടുക്കാനോ തൽക്കാലം നിവൃത്തിയില്ല. 

∙ സ്വന്തം ആരോഗ്യത്തിനു വ്യവസായം പോലെ തന്നെ പ്രാധാന്യം കൊടുക്കണം. ഭാര്യയെയും കുട്ടികളെയും വെറുപ്പിക്കരുത്. 

∙   വരുമാനം വന്നു തുടങ്ങുമ്പോൾ സിൽക്ക് ജൂബ്ബയും ധരിച്ച് നാട്ടിലെ വിവിധ കമ്മിറ്റികളുടെ സെക്രട്ടറി/പ്രസിഡന്റ് ആയി നാടു നന്നാക്കാൻ ഇറങ്ങരുത്.  

ബിസിനസിലെ 4 ചാനലുകൾ

1. ബാങ്ക് ചാനൽ– അതതു ദിവസത്തെ കലക്‌ഷൻ കൃത്യമായി പോകേണ്ട ചാനൽ.

2. േസവിങ്സ് ചാനൽ– ആർഡി, ചിട്ടി, മ്യൂച്വൽ ഫണ്ട്, ഗോൾഡ് ഡിപ്പോസിറ്റ് സ്കീം എന്നിങ്ങനെ സമ്പാദ്യത്തിനുള്ളത്.

3. എക്സ്പെൻസ് ചാനൽ– നിത്യവും നമുക്കു വരുന്ന ചെലവുകൾ. ഇത് കൃത്യമായി വൗച്ചർ എഴുതിേവണം നൽകാൻ.

4. പഴ്സനൽ ചാനൽ– എസ്ബി അക്കൗണ്ടാണിത്. നിങ്ങളുടെ മാസശമ്പളം ഈ അക്കൗണ്ടിൽ ഇടുക. കുടുംബച്ചെലവുകൾ ഇതിൽനിന്നു മാത്രം നടത്തുക. വീട്ടിലെ ആവശ്യത്തിനായി കമ്പനിയുടെ പണത്തിൽ തൊടരുത്.

ധാരാ വാട്ടർ പമ്പ്സിന്റെ ഡയറക്ടറാണ് ലേഖകൻ

English Summary : Tips for Starting a Business

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com