പരാജയം ഒഴിവാക്കാൻ ചെയ്യാം 5 കാര്യങ്ങൾ

HIGHLIGHTS
  • കരുതൽ ധനമുൾപ്പെടെ ആകെ സമ്പാദ്യത്തിന്റെ 50 ശതമാനമേ സംരംഭത്തിൽ നിക്ഷേപിക്കാവൂ എന്ന് വിദഗ്ധർ
planing-up
SHARE

ആദ്യ ചുവടു പിഴച്ചാൽ ഉയരങ്ങൾ കീഴടക്കുക ദുഷ്കരമാണ്. ചെറുസംരംഭങ്ങളിലേക്കു കാലെടുത്തു വയ്ക്കുന്നവർ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ വിജയം കൈവരിക്കാം. പല ചെറുസംരംഭങ്ങളും പറന്നുയരും മുൻപേ ചിറകറ്റു വീഴുന്ന കാഴ്ച നാം കാണുന്നു. ബഹുഭൂരിപക്ഷത്തിന്റെയും തകർച്ചയ്ക്കു കാരണം തുടക്കത്തിലെ പാളിച്ചകളാണ്.  

1. വേണം സ്വയം വിലയിരുത്തൽ

എല്ലാ വസ്ത്രങ്ങളും എല്ലാവർക്കും ഒരുപോലെ ഇണങ്ങില്ല. അതുപോലെയാണ് സംരംഭകത്വവും. സ്വന്തം അഭിരുചിയും താൽപര്യവും കഴിവും എവിടെയെന്ന് ആദ്യം സ്വയം വിലയിരുത്തണം. സുഹൃത്തോ സ്വന്തക്കാരോ ഒരു വ്യവസായത്തിലേർപ്പെട്ടിട്ടുള്ളതുകൊണ്ട് താനും അതു തന്നെ ചെയ്യാം എന്നു ചിന്തിക്കരുത്. ചിലർ മുൻപിൻ ചിന്തിക്കാതെ തുടങ്ങാൻ എളുപ്പമുള്ള ഒന്നാകും തുടങ്ങുക. അനുയോജ്യമല്ലാത്ത സംരംഭം തുടങ്ങിയാൽ ഭവിഷ്യത്തുകൾ ഏറെയുണ്ട്. വേണ്ടത്ര അറിവില്ലാതെ ചെയ്യുന്നതെല്ലാം അബദ്ധമാകും. പ്രതിസന്ധിയിൽ നിന്നുപോകാം, വീഴ്ചയുണ്ടായാൽ കരകയറാൻ പറ്റില്ല. 

2. ഉൽപന്നം / സേവനം ഏതു വേണം?

അനുയോജ്യമായ മേഖല കണ്ടെത്തിയാൽ പിന്നെ അതിൽ ഉൽപന്നം/സേവനം, ഏതു വേണം എന്നതാണ് അടുത്തത്. ഭക്ഷ്യോൽപന്നമാണ് അനുയോജ്യമെന്നു കണ്ടെത്തിയാൽ അതിൽ എന്താണു വേണ്ടത് എന്നു തീരുമാനിക്കണം. ഈ ഘട്ടം നിർണായകമാണ്. ഏറെ ശ്രദ്ധ വേണം. വിപണിയിൽ നിങ്ങളുടെ ഒരു സംരംഭത്തിന്റെ ആവശ്യമുണ്ടോ എന്ന് ആദ്യം വിലയിരുത്തണം. ഒരു പട്ടണത്തിൽ നാടൻ, അറബിക്, ചൈനീസ് ഭക്ഷണങ്ങൾ വിളമ്പുന്ന ഭക്ഷണശാലകൾ യഥേഷ്ടമുണ്ടെന്നിരിക്കട്ടെ. സർവസന്നാഹങ്ങളുമുള്ള പ്രീമിയം റസ്റ്ററന്റുകൾ മുതൽ പാവപ്പെട്ടവന്റെ കീശയിലൊതുങ്ങുന്നവ വരെയുമുണ്ട്. ഇവിടെ തനിക്കു വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനുണ്ടോ? ഈ വ്യത്യസ്തത വിപണി എങ്ങനെ സ്വീകരിക്കും എന്നെല്ലാം വിശകലനം ചെയ്യണം. വ്യത്യസ്തതയ്ക്കായി ഒരു വഴിയും തെളിയുന്നില്ലെങ്കിൽ അവിടെ ഇനിയൊരു റസ്റ്ററന്റിനു സാധ്യതയില്ലെന്നതാണ് വസ്തുത. 

ഇനി നിങ്ങളുടെ ആശയം വിപണിക്കാവശ്യമുണ്ടെന്നിരിക്കട്ടെ. അങ്ങനെയെങ്കിൽ വിപണി എത്ര വലുതാണ്, പരമാവധി എത്ര ഉപഭോക്താക്കൾ എത്താൻ സാധ്യതയുണ്ട് എന്നെല്ലാം കണക്കാക്കണം. വിപണി ചെറുതാണെങ്കിൽ കൃത്യമായ മാർഗരേഖകളോടെയേ അതിലേക്കു കടക്കാവൂ. ഇതെല്ലാം അനുകൂലമായാലും സംരംഭം തനിക്കു യോജിക്കുമോ എന്നതു വീണ്ടും വിലയിരുത്തുക. 

3. വ്യത്യസ്തത എങ്ങനെ കൊണ്ടുവരാം?

ചെറുസംരംഭകർക്കു വ്യത്യസ്തത കൊണ്ടു വരികയെന്നത് വെല്ലുവിളിയാണ്. ഇതിനൊരു വഴിയുണ്ട്. നിങ്ങളുടെ വിപണിക്കു പുറത്ത് വൻവിജയമായ സമാനസംരംഭങ്ങൾ കണ്ടെത്തുക. എന്നിട്ട്, അതിൽ നിങ്ങളുടേതായ കയ്യൊപ്പു ചാർത്തി നടപ്പിലാക്കാം. 

റസ്റ്ററന്റ് തന്നെ ഉദാഹരണമെടുക്കാം. കോട്ടയം പട്ടണത്തിലാണു നിങ്ങൾ ആരംഭിക്കുന്നതെങ്കിൽ എറണാകുളത്തോ കോഴിക്കോടോ ഉള്ള ശ്രദ്ധേയമായ കുറെ റസ്റ്ററന്റുകളെക്കുറിച്ച് അടിമുടി പഠിക്കുക. ശേഷം, അതിനെ കൂടുതൽ മികവോടെ കോട്ടയത്തെത്തിക്കുക. കേൾക്കുമ്പോൾ എളുപ്പമെന്നു തോന്നാം. പക്ഷേ, നന്നായി ബുദ്ധിമുട്ടേണ്ടി വരും. 

എത്ര സംരംഭങ്ങൾ സന്ദർശിക്കുന്നുവോ അത്രത്തോളം നല്ലത്. ഇന്ത്യ മുഴുവൻ സഞ്ചരിച്ച് റസ്റ്ററന്റുകൾ കയറിയിറങ്ങിയാലും ഗുണമേയുള്ളൂ. ചില പ്രവാസികൾ, പ്രത്യേകിച്ച് ഗൾഫിൽ‌നിന്നുള്ളവർ, വിദേശത്തെ ആശയങ്ങൾ നാട്ടിൽ നടപ്പിലാക്കി ദയനീയമായി പരാജയപ്പെടുന്നതു കണ്ടിട്ടുണ്ട്. കാരണം, മറ്റൊരു രാജ്യത്തെ വിപണിയല്ല ഇവിടത്തേത്. വിദേശ ആശയങ്ങളിൽ അനുയോജ്യ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ സംരംഭകൻ വെള്ളം കുടിക്കും. 

loat-sad

4. എത്ര നിക്ഷേപിക്കാം?

ജീവിതസമ്പാദ്യം മുഴുവനുമെടുത്ത് സംരംഭം ആരംഭിക്കുന്നവരുണ്ട്. തീർത്തും തെറ്റായ പ്രവണതയാണിത്. തുടങ്ങി ഒരു വർഷമെങ്കിലും നഷ്ടത്തിലോ, ബ്രേക്ക് ഈവനോ (ലാഭവും നഷ്ടവുമില്ലാത്ത അവസ്ഥ) ആയിരിക്കും എന്ന ബോധ്യത്തോടെ വേണം ആസൂത്രണം. ഇതിനാവശ്യമായ പണം കൂടി ആദ്യമേ കരുതുന്നത് പിന്നീടുള്ള പിരിമുറുക്കവും പണത്തിനായുള്ള നെട്ടോട്ടവും ഒഴിവാക്കാൻ ഉപകരിക്കും. ഈ കരുതൽ ധനമുൾപ്പെടെ ആകെ സമ്പാദ്യത്തിന്റെ 50 ശതമാനമേ സംരംഭത്തിൽ നിക്ഷേപിക്കാവൂ എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാലും സംരംഭകന്റെ ഇച്ഛാശക്തിയനുസരിച്ച് നിക്ഷേപത്തിന്റെ തോത് വർധിപ്പിക്കാം. 

5.പരാജയപ്പെട്ടാലോ?

സംരംഭകന്റെ പ്രധാന സവിശേഷത റിസ്ക് എടുക്കാനുള്ള ശേഷിയാണ്. അതിനർഥം അപകടസാധ്യതകൾ ഉണ്ടെന്നു തന്നെ. അമേരിക്കൻ വാഹന നിർമാതാവായ ഷെവർലെയ്ക്ക് ഇന്ത്യ വിടേണ്ടി വന്നതും സോണിക്ക് ലാപ്ടോപ് നിർമാണത്തിനു ഫുൾസ്റ്റോപ്പിടേണ്ടി വന്നതും ആസൂത്രത്തിലെ പിഴവു മൂലമല്ല. വിപണിയിൽ പെട്ടെന്നുണ്ടായ മാറ്റങ്ങളിൽ ഈ വമ്പന്മാർ കടപുഴകി വീണുപോയി. പിന്നെയാണോ നമ്മുടെ ചെറുസംരംഭം?

പക്ഷേ, വലിയ നേട്ടങ്ങളുണ്ടാക്കാൻ അൽപം റിസ്ക് എടുത്തേ മതിയാകൂ. 70 കളുടെ തുടക്കത്തിൽ ദുബായിൽ കപ്പലിറങ്ങിയ എം.എ. യൂസഫലിക്ക് പിതൃസഹോദരന്റെ പലചരക്കു വ്യാപാരത്തിൽ ശ്രദ്ധിച്ച് സുരക്ഷിതനായി മുന്നോട്ടു പോകാമായിരുന്നു. ഒരുപടി കൂടി കടന്ന് ചെറിയൊരു സ്ഥാപനം തുടങ്ങാമായിരുന്നു. പക്ഷേ, എൺപതുകളുടെ ഒടുക്കം അബുദാബിയിൽ തന്റെ ആദ്യ സൂപ്പർമാർക്കറ്റ് തുടങ്ങാൻ അന്നദ്ദേഹം കാട്ടിയ ആ ധൈര്യമാണു യൂസഫലിയെന്ന നാട്ടികക്കാരനെ ലോകം അറിയുന്ന സംരംഭകനാക്കിയത് •

English Summary : How to Handle Failures in Business

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA