ജാഗ്രത! ഓൺലൈൻ തൊഴിലിൽ ഈ കെണികളുണ്ടാകും
Mail This Article
ഓൺലൈൻ തൊഴിൽ അന്വേഷകരുടെ എണ്ണം കൂടുകയാണിപ്പോൾ. ഈ മേഖലയിൽ അവസരങ്ങളും ഓരോ ദിവസവും വർധിച്ചുവരുന്നു. തൊഴിൽ തേടുന്നവരെ പറ്റിച്ച് പണമുണ്ടാക്കാൻ മാത്രം ലക്ഷ്യമിട്ട് രംഗത്തെത്തുന്നവരും ഏറെയാണ്. ഈ സാഹചര്യത്തിൽ തട്ടിപ്പിന് ഇരയാകാതിരിക്കാൻ ചില സുപ്രധാന വസ്തുതകൾ ശ്രദ്ധിക്കണം.
1. തട്ടിപ്പുകളാണ് കൂടുതലും
കാണുന്ന അവസരങ്ങളെയെല്ലാം കണ്ണും പൂട്ടി വിശ്വസിച്ചാൽ ധനനഷ്ടവും സമയനഷ്ടവുമാകും ഫലം. ഓൺലൈൻ തൊഴിൽ വാഗ്ദാനങ്ങളിൽ 70 ശതമാനവും തട്ടിപ്പാണെന്ന് അമേരിക്കയിൽ നടന്ന പഠനം കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ നാട്ടിലെ സ്ഥിതി അതിലും ഭയാനകമാകും. ഏതവസരം കണ്ടാലും കൃത്യമായി വിലയിരുത്തിയേ മുന്നോട്ടു പോകാവൂ.
2. പെട്ടെന്നു കോടീശ്വരനാകേണ്ട
വളരെ പെട്ടെന്നു കൂടുതൽ പണം സമ്പാദിക്കാമെന്നുള്ള വാഗ്ദാനങ്ങളുമായി ഒട്ടേറെ പേർ ഓൺലൈൻ ലോകത്തുണ്ട്. മനംമയക്കുന്ന വാഗ്ദാനങ്ങളിൽ വീണാൽ അനുകൂലമായതൊന്നും സംഭവിക്കാനിടയില്ല. മറിച്ച് വലിയ നഷ്ടമുണ്ടാകാനാണു സാധ്യത
3. ഗൂഗിൾ പേ ജോലികൾക്ക് നോ പറയണം
ചില ഉത്തരേന്ത്യൻ ലോബികൾ തട്ടിച്ചെടുക്കുന്ന പണം നേരിട്ടു കൈപ്പറ്റില്ല. മറിച്ച്, മറ്റു പലരുടെയും അക്കൗണ്ടുകളിലൂടെ തങ്ങളിലേക്കെത്തിക്കുന്ന രീതിയാണു സ്വീകരിക്കുക. ഇതുവഴി പെട്ടെന്നു പിടിക്കപ്പെടുന്നത് ഒഴിവാക്കാനാകും. ഇതിനായി നവമാധ്യമങ്ങളിലും മറ്റും മുൻ പരിചയമില്ലാത്തവർക്കും ഓൺലൈൻ ജോലി എന്ന പരസ്യം നൽകും. ഇതിൽ ആകൃഷ്ടരായി ചെല്ലുന്നവർക്ക് തരക്കേടില്ലാത്ത ശമ്പളവും മറ്റാനുകൂല്യങ്ങളും വാഗ്ദാനം ചെയ്യും. തങ്ങളുടെ ഗൂഗിൾ പേയിലേക്കോ ബാങ്ക് അക്കൗണ്ടിലേക്കോ വരുന്ന പണം ‘തൊഴിൽദാതാവ്’ പറയുന്ന അക്കൗണ്ടുകളിലേക്കു നിക്ഷേപിക്കുക എന്നതാണു ജോലി. കേൾക്കുമ്പോൾ എളുപ്പമെന്നു തോന്നും. പക്ഷേ, ആദ്യ മാസത്തെ ശമ്പളം കൈപ്പറ്റും മുൻപേ പൊലീസ് വീട്ടിലെത്താനാണു സാധ്യത.
4. വ്യക്തിഗത വിവരങ്ങൾ കൈമാറരുത്
ഓൺലൈൻ ഫോമുകൾ പൂരിപ്പിക്കുന്ന ജോലികൾ ഇന്റർനെറ്റ് ഉണ്ടായ കാലം തൊട്ടേ പ്രചാരത്തിലുള്ളതാണ്. ഇത്തരം ജോലികളിൽ ഏർപ്പെടുന്നുവെങ്കിൽ വ്യക്തിഗത വിവരങ്ങൾ നൽകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
5. ക്ഷമ കൂടിയേ തീരൂ
പല ഓൺലൈൻ തൊഴിൽദാതാക്കളും മാസം നിശ്ചിത തുകയ്ക്കുള്ള ജോലി ചെയ്‌താലേ കൂലി നൽകൂ. പക്ഷേ, അങ്ങനെ ഏൽപിക്കുന്ന ജോലി സമയത്തു തീർക്കുക അസാധ്യമായിരിക്കും. അതുകൊണ്ടുതന്നെ പലരും പകുതി ജോലി തീർത്തശേഷം മതിയാക്കുകയാണു പതിവ്. ഇതു സമയനഷ്ടം അല്ലാതെ ഒരു നേട്ടവും നൽകില്ല. ചിലപ്പോൾ പണി പൂർത്തിയാക്കാത്തിനു പണം പിഴയായി ഈടാക്കുകയും ചെയ്യും
തട്ടിപ്പുകളിൽ പെടാതിരിക്കാൻ
∙ റജിസ്ട്രേഷനു വേണ്ടിയോ അല്ലാതെയോ ആദ്യം അങ്ങോട്ടു പണം നൽകിയുള്ള ഇടപാടുകളോട് ‘ഓ..വേണ്ട’ എന്നു തന്നെ പറയണം.
∙ എടിഎം നമ്പർ, പിൻ, ഒടിപി തുടങ്ങിയവ ചോദിക്കുന്നവരോട് ‘വലിയ’ നോ പറയാം.
∙ വെബ്‌സൈറ്റുകളിലെ അക്ഷരപ്പിശകുകളും ഭാഷാപിഴവുകളും തട്ടിപ്പിലേക്കു തന്നെയാണു വിരൽ ചൂണ്ടുന്നത്.
∙ കമ്പനിയുടെ കാതലായ വിവരങ്ങൾ വെബ്സൈറ്റിലില്ലെങ്കിൽ ഉറപ്പിക്കാം തട്ടിപ്പു തന്നെയെന്ന്.
∙വെബ്സൈറ്റ് മുഖാന്തരമല്ല ഇത്തരം വാഗ്ദാനങ്ങൾ വരുന്നതെങ്കിൽ, വാഗ്ദാനം നൽകുന്ന വ്യക്തിയുടെ വിശ്വാസ്യത കൃത്യമായി മനസ്സിലാക്കണം.
English Summary : Beware About Online Job Frauds