ADVERTISEMENT

മധ്യവർഗക്കാർ താമസിക്കുന്ന ഫ്ലാറ്റിലെ വീട്ടമ്മ എന്നും ഉച്ചകഴിഞ്ഞ് കാറെടുത്ത് ഒരു കറക്കം കറങ്ങുന്നു. തിരിച്ചു വരുമ്പോൾ 1,000 രൂപ കയ്യിലിരിക്കും. സംഗതി സിംപിളാണ്. ദിവസം 100 കട്‌ലറ്റ് ഉണ്ടാക്കുന്നു. 3 ബേക്കറികളിലായി വിതരണം ചെയ്യുന്നു. 10 രൂപയ്ക്ക് അവർ കൊടുക്കുന്ന കട്‌ലറ്റ് ബേക്കറിക്കാരൻ 15–20 രൂപയ്ക്ക് വിൽക്കും. വീട്ടമ്മയ്ക്ക് ചെലവു കഴിഞ്ഞ് എത്ര തുക കിട്ടുന്നു എന്നത് രഹസ്യമാണ്. 

ഇത്തരം ബിസിനസുകൾക്ക് വ്യവസായ സൗഹൃദ അന്തരീക്ഷം വേണ്ട. റജിസ്ട്രേഷൻ വേണ്ട, റിട്ടേൺ ഫയൽ ചെയ്യേണ്ട. സ്വസ്ഥം സുഖം. ലേബർ ചാർജ് പോലുമില്ല. എന്നാൽ, തത്വത്തിൽ ഇതു ഭക്ഷ്യസംസ്കരണ വ്യവസായത്തിന്റെ നിർവചനത്തിൽ വരുന്നു. നിങ്ങൾ കട്‌ലറ്റുണ്ടാക്കാൻ ഉരുളക്കിഴങ്ങും ഉപ്പും മുളകും മറ്റും വാങ്ങി സംസ്കരിച്ചല്ലോ. അതു തന്നെയാണ് ഫുഡ് പ്രോസസിങ്.

കട്‌ലറ്റ് തന്നെ വേണമെന്നില്ല. ഉഴുന്നുവടയോ പരിപ്പുവടയോ പഴംപൊരിയോ ബോണ്ടയോ ബജിയോ അടയോ എന്തുമാകാം. പക്ഷേ ഉൽപന്നത്തിനു രുചി ഉണ്ടായിരിക്കണം, അത് എടുക്കാൻ തയാറായ ബേക്കറിക്കാരെ കണ്ടുപിടിക്കണം. സാധനം വിറ്റു പോകുന്നുവെന്നും ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെടുന്നുവെന്നും കണ്ടാൽ ബേക്കറിക്കാർക്കും താൽപര്യമാണ്. ഇവിടത്തെ കട്‌ലറ്റ് ഇഷ്ടപ്പെട്ട് അതു വാങ്ങാൻ വരുന്ന സ്ഥിര ഉപഭോക്താക്കൾ ഉണ്ടാകുന്നു. അവർ അതിനൊപ്പം മറ്റു പലതും വാങ്ങുമ്പോൾ ബേക്കറിക്കും നല്ല ബിസിനസായി.

ഇങ്ങനെ ചില്ലറ സാധനങ്ങളുണ്ടാക്കി ടൂവീലറിൽ കൊണ്ടുനടന്നു കൊടുക്കുന്നവർ അനേകമുണ്ട്. വീടിന്റെ ലൊക്കേഷൻ റോഡരികിലാണെങ്കിൽ സ്വയം വിൽപനയും നടത്താം. ബജിയും വടയും മറ്റും അങ്ങനെ വിൽക്കുന്ന വീടുകളുണ്ട്. കടയെടുക്കാൻ പകിടി കൊടുക്കേണ്ട, മാസവാടകയില്ല. സാധനങ്ങൾ നേരത്തേ വാങ്ങിയിട്ടുണ്ടെങ്കിൽ രണ്ടു മണിയോടെ പണി തുടങ്ങിയാൽ മതി. ഒരിക്കൽ വാങ്ങി ഇഷ്ടപ്പെട്ടാൽ പിന്നെയും ആളുകൾ വരും. 

വഴിയാത്രക്കാർ, ഓഫിസ് വിട്ടു പോകും വഴി കുട്ടികൾക്കൊരു പലഹാരപ്പൊതി വാങ്ങുന്നവർ... അങ്ങനെ വൈകിട്ട് 6 മണിയോടെ എല്ലാം വിറ്റുതീരും. പിന്നെ സീരിയൽ കാണുകയോ, ചങ്ങായിമാരുമായി ഉല്ലസിക്കുകയോ എന്തുവേണമെങ്കിലുമാകാം. കീശയിൽ കാശ് വീണല്ലോ. 

ഒരു സഹായിയും കൂടെ ഉണ്ടെങ്കിൽ ബിസിനസ് വിപുലമാക്കാം. കൂടുതൽ ഉണ്ടാക്കി കൂടുതൽ വിൽക്കാം. അങ്ങനെ നിങ്ങളൊരു ചിന്ന വ്യവസായിയായി. ഇതൊക്കെയല്ലേ സൂക്ഷ്മ ചെറുകിട വ്യവസായം!

ലോക്കൽ ആളുകളുടെ ആവശ്യവും സാമ്പത്തികശേഷിയും പരിഗണിച്ചുവേണം ഏതൊക്കെ പലഹാരം ഉണ്ടാക്കണമെന്നും അതിനെത്ര വിലയിടണമെന്നും തീരുമാനിക്കാൻ. 

പ്രമുഖ ഫിനാൻഷ്യൽ ജേണലിസ്റ്റും കോളമിസ്റ്റുമാണ് ലേഖകൻ

English Summary : Do Business in a Simple Way 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com