ADVERTISEMENT

നാടന്‍ അച്ചാറുകളിലും കറിമസാല പൊടികളിലും ഗൃഹാതുരമായ പ്രത്യേക സ്വാദ് മറഞ്ഞിരിക്കുന്നുണ്ട്. അടമാങ്ങ, വറുത്ത മാങ്ങ, അരിയുണ്ട, ഉണ്ണിയപ്പം, മുറുക്ക്, കുരുമുളക് പപ്പടം തുടങ്ങി രുചിയുടെ കണ്ണികള്‍ ഏറെയുണ്ട്.

ഇത്തരം രുചിക്കൂട്ടുകളെ ഒരു വീട്ടുസംരംഭമാക്കി അതിലൂടെ വരുമാനം നേടുന്ന വീട്ടമ്മയാണ് എറണാകുളം നോര്‍ത്ത് പറവൂര്‍ പെരുവാരത്തുള്ള പ്രസന്ന മാധവൻ. മൂന്നു വര്‍ഷം മുൻപ് നാടന്‍ രുചിക്കൂട്ടുകള്‍ ചെറിയ തോതില്‍ തയാറാക്കി ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ നല്‍കിത്തുടങ്ങി. 

നല്ല പ്രതികരണവും ആവശ്യവും ഉണ്ടായപ്പോഴാണ് മകന്‍ രാജേഷ്, മരുമകള്‍ അരുന്ധതി എന്നിവരുടെ മേല്‍നോട്ടത്തില്‍ ഇതൊരു കുടില്‍ വ്യവസായമായി മാറ്റിയത്. അച്ചാറുകള്‍, ചമ്മന്തിപ്പൊടികള്‍, കറിമസാലകള്‍ തുടങ്ങിയ പഴമയുടെ രുചിക്കൂട്ടുകള്‍ അമ്മ പ്രസന്നയും നോണ്‍ വെജ് അച്ചാറുകള്‍ അരുന്ധതിയുമാണ് തയാറാക്കുന്നത്. 

കടൽ കടന്ന വിഭവങ്ങൾ

നാട്ടിലും മറുനാട്ടിലും എന്തിന് കടല്‍ കടന്നും ഈ രുചിക്കൂട്ടുകള്‍ സഞ്ചരിച്ചു. മിക്ക വിഭവങ്ങളും ഉരുളിയില്‍ത്തന്നെയാണ് തയാറാക്കുന്നത്. അച്ചാറുകളെല്ലാം വലിയ ചില്ലുഭരണികളിലാക്കി സൂക്ഷിക്കുന്നു.  ഉൽപാദനത്തിന്റെ 60 ശതമാനവും കുറിയർ സർവീസിലൂടെ രാജ്യത്തിന്റെ നാനാ ഭാഗങ്ങളിലെത്തുന്നു. ബാക്കി നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ വാങ്ങിക്കൊണ്ടു പോകും. ഉൽപന്നങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തുന്നതും മാര്‍ക്കറ്റിങ്ങും രാജേഷിന്റെ നേതൃത്വത്തിലാണ്. 

ഗുണമേന്മയ്ക്കു പിന്നിലെ കഠിനാധ്വാനം

പണവും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടെങ്കിലും കൈപ്പുണ്യവും കഠിനാധ്വാനവും കൂടിച്ചേര്‍ന്നാലേ പഴമയുടെ രുചിക്കൂട്ടുകള്‍ തയാറാക്കാന്‍ കഴിയൂ. ഗുണമേന്മയേറിയ ചേരുവകള്‍ തിരഞ്ഞെടുത്തും അവ വൃത്തിയാക്കി വെയിലത്തിട്ട് ഉണക്കിയും പ്രത്യേകമായി പൊടിച്ചുമൊക്കെയാണ് ഓരോ ഉൽപന്നവും തയാറാക്കുന്നത്. അടമാങ്ങയും വറുത്ത മാങ്ങ അച്ചാറുമൊക്കെ ഏറെ ശ്രദ്ധിച്ചും കഷ്ടപ്പെട്ടും തയാറാക്കുന്ന ജനകീയ ഉൽപന്നങ്ങളാണ്. 

അടമാങ്ങ, വറുത്ത മാങ്ങ

നല്ല മൂവാണ്ടന്‍ മാങ്ങ തൊലിയോെട ചെത്തിയ ശേഷം മുളക്, കായം, മഞ്ഞൾപൊടി, ഉപ്പ് എന്നിവയും പിന്നെ ചില രഹസ്യ കൂട്ടുകളും ചേര്‍ത്ത് നല്ല വെയിലില്‍ 10–12 ദിവസം ഉണക്കിയെടുത്താണ് അടമാങ്ങ തയാറാക്കുന്നത്. വറുത്ത മാങ്ങ തയാറാക്കാനും മൂവാണ്ടന്‍ മാങ്ങ തന്നെയാണ് തിരഞ്ഞെടുക്കുന്നത്. മാങ്ങ തൊലിയോടെ വട്ടത്തില്‍ അരിഞ്ഞ് രണ്ടു ദിവസം വെയിലത്തിട്ട് ഉണക്കിയ ശേഷം നല്ല വെളിച്ചെണ്ണയില്‍ ചിപ്‌സ് പോലെ വറുത്തെടുത്താണ് വറുത്ത മാങ്ങ തയാറാക്കുന്നത്. ഇതോടൊപ്പം കണ്ണിമാങ്ങ, ചെത്തുമാങ്ങ അച്ചാറുകള്‍ക്കും വന്‍ പ്രിയമാണ്. 

വീടുകളിൽ ഇവയൊന്നും തയാറാക്കാനുള്ള സമയമോ ക്ഷമയോ ആര്‍ക്കും ഉണ്ടാകണമെന്നില്ല. എന്നാല്‍, തനിമയോടെ ഇതെല്ലാം ലഭിക്കുകയാണെങ്കില്‍ സന്തോഷത്തോടെ വാങ്ങുകയും ചെയ്യും. സാധ്യതയുടെ ഈ മേഖലയിലാണ് ഇവർ ഇടം കണ്ടെത്തിയിരിക്കുന്നത്.

അറുപതിലധികം നാടൻ ഉൽപന്നങ്ങൾ

വൈവിധ്യമേറിയ അറുപതിലധികം നാടന്‍ ഉൽപന്നങ്ങളാണ് പ്രസന്ന മാധവനും കുടുംബവും തയാറാക്കി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. വിവിധതരം പൊടികൾ, മസാലക്കൂട്ടുകൾ, കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ഹോട്ട് ആൻഡ് സ്വീറ്റ് മാംഗോ അച്ചാര്‍, മിക്‌സ്ഡ് ഡ്രൈ ഫ്രൂട്സ് പിക്കിള്‍ എന്നിവയും ഉൽപന്ന നിരയിലുണ്ട്. ഗുണനിലവാരമുള്ള മുളക്, മല്ലി, മഞ്ഞള്‍, ഗോതമ്പ് എന്നിവയൊക്കെ മാര്‍ക്കറ്റില്‍ നിന്നു തിരഞ്ഞെടുത്ത് കഴുകിയുണക്കി മില്ലില്‍ കൊണ്ടുപോയി പ്രത്യേകം പൊടിപ്പിച്ചാണ് പൊടികള്‍ തയാറാക്കുക. 

വിൽപന

ഉൽപന്നങ്ങള്‍ തയാറാക്കുമ്പോള്‍ത്തന്നെ പ്രത്യേക വാട്സാപ് ഗ്രൂപ്പുകളിലൂടെയും ഫെയ്സ്ബുക് പേജിലൂടെയും അറിയിക്കുന്നതോടെ വിൽപന ഉഷാറാവും. എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ സംഘടിപ്പിച്ചിരുന്ന പ്രധാന എക്‌സിബിഷനുകളിലൂടെയും ഉൽപന്നങ്ങള്‍ വിൽപന നടത്താറുണ്ട്. 

നിക്ഷേപം, നടത്തിപ്പ്, ലാഭം

രണ്ടു ലക്ഷം രൂപയാണ് ഈ സംരംഭത്തിനായി മുടക്കിയിരിക്കുന്നത്. ഉൽപന്നങ്ങള്‍ തയാറാക്കുന്നതിനായി നാലു പേര്‍ സഹായിക്കുന്നുണ്ട്. വീടിനോടു ചേര്‍ന്നു ചെറിയ ഷെഡും ക്രമീകരിച്ചിട്ടുണ്ട്. ഉരുളികള്‍, ചില്ലു ഭരണികള്‍, പത്തായം,അടുപ്പുകള്‍ എന്നിവയ്ക്കു വേണ്ടിയാണ് പ്രധാന മുതല്‍ മുടക്ക്. കൂടാതെ തൂക്കം നോക്കുന്ന മെഷീനുകള്‍, പാക്കിങ്ങിനും സീലിങ്ങിനുമുള്ള മെഷീനുകള്‍ എന്നിവയും വാങ്ങിയിട്ടുണ്ട്. മൂന്നു വര്‍ഷമായി ഘട്ടം ഘട്ടമായി വ്യാപിപ്പിച്ച ഈ ചെറുകിട വ്യവസായത്തിലൂടെ എല്ലാ ചെലവുകളും കഴിഞ്ഞ് മാസം ശരാശരി 20,000 രൂപ അറ്റലാഭം കിട്ടുന്നു.

ഫോൺ: 9447474400, 8547494370 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com