രണ്ടുലക്ഷം മുതൽമുടക്ക്, ലാഭം 50,000: ഇത് മധുരമൂറും വിജയം

HIGHLIGHTS
  • കോവിഡിലും കച്ചവടത്തിനു കുറവില്ല
Mittayi1
SHARE

നാവിൽ രുചിയൂറും വിവിധ ഇനം മിഠായികൾ ഉണ്ടാക്കുന്ന ബിസിനസാണ് തിരുവനന്തപുരം തിരുമലയ്ക്കടുത്ത് പ്ലാവില ജംക്‌ഷനിൽ അഞ്ജുവെന്ന വീട്ടമ്മയും കുടുംബവും നടത്തുന്നത്. കപ്പലണ്ടി മിഠായി, എള്ളു മിഠായി, േതങ്ങ–കപ്പലണ്ടി മിഠായി, പൊരികടല മിഠായി ഇവയെല്ലാം ഉണ്ടാക്കുന്നു. വിപണിയിൽ കാണുന്നതിൽനിന്നു വ്യത്യസ്തമായി വൃത്താകൃതിയിലാണ് ഇവ നിർമിക്കുന്നത്. കോവിഡ് പ്രതിസന്ധിക്കിടയിലും രണ്ടു വർഷമായി ഈ ബിസിനസുകൊണ്ടു ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു ഈ കുടുംബം.

വാങ്ങലുകൾ

ആവശ്യമായ കപ്പലണ്ടി, എള്ള്, ആർകെജി നെയ്യ്, ശർക്കര, ഏലക്കായ, പൊരികടല എന്നിവയെല്ലാം സമാഹരിക്കുന്നത് ചാല മാർക്കറ്റിലെ മൊത്തക്കച്ചവടക്കാരിൽനിന്നുമാണ്. കപ്പലണ്ടി 110 രൂപയാണ് കിലോഗ്രാമിനു വില. ഏള്ള് 165 രൂപയും. മൊത്തവിൽപനക്കാരുടെ വിലയാണിത്. കടമായി കിട്ടില്ല. അപൂർവമായേ ലഭ്യതക്കുറവ് ഉണ്ടാകാറുള്ളൂ. ഇപ്പോൾ നേരിട്ട് എത്തിച്ചു തരുന്നുണ്ട്.

5 ലക്ഷം നിക്ഷേപം

വാടകക്കെട്ടിടത്തിലാണ് വൈലറ്റ ഫുഡ്സ് എന്ന ഈ സംരംഭം പ്രവർത്തിക്കുന്നത്. 400 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിനു 6,000 രൂപയാണു പ്രതിമാസ വാടക. ജാഗറി മിക്സ്, അടുപ്പ്, സീലിങ് മെഷീൻ, കോഡിങ് മെഷീൻ എന്നിവയാണ് പ്രധാന മെഷിനറികൾ. എല്ലാം കൂടി നാലു ലക്ഷം രൂപയോളം നിക്ഷേപമായിട്ടുണ്ട്. തുടക്കത്തിൽ ഇത്രയും മെഷിനറികൾ ഉണ്ടായിരുന്നില്ല. പല ഘട്ടങ്ങളിലായി വാങ്ങിയതാണ്. 4 എച്ച്പി പവർ ആണ് ഇതിനു വേണ്ടത്. 

4 ജോലിക്കാരും 

5 എച്ച്പി പവർ വരെ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ നാനോ സംരംഭങ്ങൾ ആകയാൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനുമതി ആവശ്യമില്ല. എങ്കിലും അത് എടുത്തിട്ടുണ്ട്. FSSAI, Packer, GST എന്നിവയും സമ്പാദിച്ചിട്ടുണ്ട്.  DANGO CANDY എന്ന ബ്രാൻഡിലാണ് ഉൽപന്നം വിപണിയിൽ എത്തിക്കുന്നത് ഭർത്താവ് ഷാജുവിന്റെ സഹായം വിൽപനയിലും സഹോദരി അനുവിന്റെ സഹായം നിർമാണത്തിലും ലഭിക്കുന്നു. 

Mittayi

വിതരണക്കാർ വഴി വിൽപന

രണ്ടു വിതരണക്കാർ വഴിയാണു വിൽപനകൾ എല്ലാം നടക്കുന്നത്. കൂടാതെ, ഏതാനും സ്ഥാപനങ്ങൾക്ക് അവരുടെ ബ്രാൻഡിൽ ഉണ്ടാക്കി നൽകുന്നുമുണ്ട്. ക്രെഡിറ്റ് നൽകാറില്ല. കാര്യമായ മത്സരം വിപണിയിൽ ഇല്ല എന്ന പ്രത്യേകതയുണ്ട് ഈ ബിസിനസിന്. 

മറ്റു സംസ്ഥാനങ്ങളിൽനിന്നു ഗുണമേന്മ ഇല്ലാത്തതും വൃത്തി ഇല്ലാത്തതുമായ ഇത്തരം മിഠായികൾ കുറഞ്ഞ വിലയ്ക്കു നമ്മുടെ നാട്ടിൽ വിറ്റുവരുന്നുണ്ട്. എങ്കിലും ഗുണനിലവാരം നോക്കി വാങ്ങുന്നവർ ഈ ഉൽപന്നം തിരഞ്ഞെടുക്കുമെന്ന് അഞ്ജു ഷാജു പറയുന്നു.

വിറ്റുവരവ്  രണ്ടു ലക്ഷത്തിനു മുകളിൽ ശരാശരി വരുന്നുണ്ട്. പ്രതിമാസം അറ്റാദായമായി 50,000 രൂപയെങ്കിലും ഇതുവഴി സമ്പാദിക്കുവാൻ കഴിയുന്നുണ്ട്. കോവിഡിന്റെ  പശ്ചാത്തലത്തിലും കച്ചവടത്തിനു കുറവു വന്നിട്ടില്ല. ബേക്കറികളും മറ്റും അടച്ചിടാത്തതാണ് കാരണം.  ഭക്ഷ്യ ഉൽപന്നമാകായാൽ കച്ചവടം കുറയില്ല എന്നതാണ് അനുഭവം.

പാരമ്പര്യ ഭക്ഷണ‌സാധനങ്ങൾ

അച്ചപ്പം, കുഴലപ്പം, പഴംപൊരി തുടങ്ങിയ പാരമ്പര്യ ഭക്ഷണസാധനങ്ങൾ ഉണ്ടാക്കി വിറ്റുകൊണ്ട് സംരംഭം കുറച്ചുകൂടി വിപുലീകരിക്കണമെന്ന് അഞ്ജു ആഗ്രഹിക്കുന്നു. ഇതിനായി 10 ലക്ഷം രൂപയുടെ ഒരു പദ്ധതി ആസൂത്രണം ചെയ്തുവരികയാണ്. എറണാകുളം ജില്ലയിൽ പുതിയ വിതരണക്കാരെ കണ്ടെത്താനും ഉദ്ദേശ്യമുണ്ട്. 

പുതുസംരംഭകർക്ക്

വീട്ടിലെ സൗകര്യങ്ങൾ ഉപയോഗിച്ചു വീട്ടുസംരംഭമായി തുടങ്ങാവുന്ന ഒരു ലഘു ബിസിനസാണ് ഇത്.  മെഷിനറികൾ ആവശ്യം പോലെ പിന്നീടു വാങ്ങി സ്ഥാപിച്ചാൽ മതിയാകും. കപ്പലണ്ടി മിഠായി ഉണ്ടയായും ബാർ ആയും ചെയ്യാം. തുടക്കത്തിൽ ഒന്നോ രണ്ടോ േപർ സഹായികളായി ഉണ്ടായാൽ മതി. ശർക്കര പാവ് കാച്ചി, തൊലി കളഞ്ഞ കപ്പലണ്ടി (അല്ലെങ്കിൽ എള്ള്) അതിൽ ഇട്ട് മിക്സ് ചെയ്യുന്നു. െനയ്യ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ആവശ്യമെങ്കിൽ േചർക്കുന്നു. ഡൈസെറ്റിൽ പരത്തി മിഠായി റെഡ‍ിയാക്കാം. തുടക്കത്തിൽ ഒരു ലക്ഷം രൂപയുടെ കച്ചവടം കിട്ടിയാൽ പോലും 25,000 രൂപ ലാഭമായി കിട്ടും. 

പ്രത്യേകതകൾ

∙ സോർട്ടക്സ് എള്ള് പ്രത്യേകം ഓർഡർ നൽകി വാങ്ങി ഉപയോഗിക്കുന്നു.

∙ ഗുണമേന്മയുള്ള കപ്പലണ്ടി പ്രത്യേക ചാക്ക് വാങ്ങുന്നു.

∙ ആർകെജി നെയ്യ് മാത്രം ഉപയോഗിക്കുന്നു.

∙ തികച്ചും കൈകൊണ്ടു ചെയ്യുന്നു.

∙ റൗണ്ട് ഷെയ്പിൽ നിർമിക്കുന്നു. ഇത്  അപൂർവമായി മാത്രം കാണുന്നതാണ്.

∙ ഓർഡർ പ്രകാരം കൃത്യമായി ഡെലിവറി സംവിധാനം ഉപയോഗിക്കുന്നു.

∙ മികച്ച പാക്കിങ്, കോഡിങ് ഉറപ്പാക്കുന്നു.

∙ എളുപ്പത്തിൽ ആരംഭിക്കാവുന്ന ബിസിനസ്.

∙ ചെറിയ നിക്ഷേപത്തിൽ തുടങ്ങാം, വീടുകളിൽത്തന്നെ ചെയ്യാം.

∙ മത്സരം കുറഞ്ഞ വിപണി.

∙  കുടുംബ ബിസിനസ് എന്ന നിലയിൽ നടത്താൻ സൗകര്യം. 

വിവരങ്ങൾക്ക് : മൊബൈൽ: 9847824125

ലേഖകൻ വ്യവസായ–വാണിജ്യ വകുപ്പിൽ മുൻ ഡപ്യൂട്ടി ‍ഡയറക്ടറാണ്

English Summary : Know How to Start a Candy Making Unit

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA