ADVERTISEMENT

വ്യത്യസ്തമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർക്കേ ഇന്ന് നിലനിൽപ്പുള്ളൂ എന്ന് മനസിലാക്കി പ്രവർത്തനമണ്ഡലം തന്നെ മാറ്റിപിടിച്ച വ്യക്തിയാണ് ഏറ്റുമാനൂർ സ്വദേശിയായ ഷാജി അയ്യപ്പൻ. എറണാകുളം ജില്ലയിലെ വൈറ്റില ഭാഗത്ത് കൂടി യാത്ര ചെയ്യുമ്പോൾ തപസ് നാച്യുറൽസ് എന്ന സ്ഥാപനം കണ്ണിൽ പെടാതിരിക്കില്ല. സ്വന്തം കാര്യം മാത്രം നോക്കാതെ, സമൂഹത്തിന്റെ ആരോഗ്യസംരക്ഷണം എന്ന വലിയ ലക്ഷ്യം നിറവേറ്റുന്നതിനായി ഷാജി അയ്യപ്പൻ തുടങ്ങിയതാണ് പൂർണമായും ഓർഗാനിക് ഉൽപ്പന്നങ്ങൾ മാത്രം വിൽക്കുന്ന തപസ് നാച്യുറൽസ് എന്ന ഈ സ്ഥാപനം. കെട്ടിടനിർമാണത്തിൽ ഏറെ നാളത്തെ പരിചയസമ്പത്തുള്ള ഷാജി അയ്യപ്പനെ ഓർഗാനിക് ഫുഡ് രംഗത്തേക്ക് എത്തിച്ചത് ആഗോള സംരംഭകനും വിർജിൻ ഗ്രൂപ്പ് സ്ഥാപകനും ഗ്രന്ഥകാരനുമായ റിച്ചാർഡ് ബ്രാൻഡ്‌സന്റെ Screw Business As Usual എന്ന പുസ്തകമാണ്.

പുസ്തകത്തിന്റെ ചുവടുപിടിച്ച് അദ്ദേഹം ഭക്ഷ്യ സുരക്ഷയിൽ എത്തിച്ചേർന്നു. ഭക്ഷണശീലങ്ങളിൽ വന്ന ഭീമമായ മാറ്റം, കെമിക്കലുകൾ ചേർത്ത കാർഷിക വിഭവങ്ങളുടെ ഉപയോഗം, വർധിച്ചു വരുന്ന ജങ്ക്‌ഫുഡ് സംസ്കാരം തുടങ്ങിയവ മൂലം ലോകത്തിന്റെ തന്നെ കാൻസർ തലസ്ഥാനം എന്ന നിലയിലേക്ക് കേരളം മാറിക്കൊണ്ടിരിക്കുന്നത് ചിന്തിപ്പിച്ചു.

ജൈവ ഭക്ഷണം

Tapas1

തവിട് നീക്കം ചെയ്ത അരി മുതൽ പഴുക്കുന്നതിനായി കാർബൈഡ് ചേർക്കുന്ന മാമ്പഴം വരെ പലതും ശരീരത്തിന് ഹാനികരമാണ് എന്ന വസ്തുത മനസിലാക്കിയാണ് ഓർഗാനിക് ഫുഡിന്റെ സാധ്യതകളിലേക്ക് അദ്ദേഹം എത്തിച്ചേരുന്നത്. ഇതിനായി അദ്ദേഹം ധാരാളം യാത്രകൾ ചെയ്തു .വയനാട്, പാലക്കാട്, ആലപ്പുഴ, ഈറോഡ്, തമിഴ്നാട്ടിലെയും കർണാടകയിലെയും കാർഷിക ഗ്രാമങ്ങൾ എന്നിവിടങ്ങളിലേക്ക് നടത്തിയ യാത്രയിൽ നിന്നും നിരവധി ജൈവ കർഷകരെ അദ്ദേഹത്തിന് കണ്ടെത്താൻ കഴിഞ്ഞു.

യഥാർത്ഥ ജൈവകർഷകർ പലരും തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്താൻ കഴിയാതെ വിഷമിക്കുന്നവരായിരുന്നു. അതിനാൽ കേരളത്തിനകത്തും പുറത്തും നിന്നുള്ള ജൈവ കർഷകരിൽ നിന്നും ഉയർന്ന ഗുണമേന്മയുള്ള കാർഷികോല്പന്നങ്ങൾ ശേഖരിച്ച് കേരളത്തിലെ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ബിസിനസ് മോഡൽ ഷാജി അയ്യപ്പൻ സ്വീകരിച്ചു. അങ്ങനെ കൊച്ചി വൈറ്റിലയിൽ തപസ് നാച്യുറൽസ് പ്രവർത്തനമാരംഭിച്ചു. കർഷകരുടെ കൃഷിരീതികൾ നേരിട്ട് കണ്ടു മനസിലാക്കി, മണ്ണിലോ കാർഷിക വിഭവങ്ങളിലോ യാതൊരുവിധ കെമിക്കലുകളും ചേർക്കുന്നില്ല എന്ന് ഉറപ്പുവരുത്തിയശേഷമായിരുന്നു ബിസിനസ് ഉറപ്പിച്ചിരുന്നത്. അതോടൊപ്പം  ഓർഗാനിക് ഫാമിങിലേക്കും കടന്നു.

''ഓർഗാനിക് ഭക്ഷണം തെരഞ്ഞെടുക്കണം എന്ന് പറയുമ്പോൾ വിലക്കൂടുതലാണ് എന്നതാണ് പലരും പ്രശ്നമായി പറയുന്നത്. എന്നാൽ ഒരു മാസത്തേക്കുള്ള എല്ലാ വസ്തുക്കളും വാങ്ങുമ്പോൾ തന്നെ 1000 രൂപയുടെ മാത്രം വ്യത്യാസമാണ് ആകെ വരുന്നത്'' ഷാജി അയ്യപ്പൻ പറയുന്നു.

ഉപഭോക്താക്കൾ ഏറ്റെടുത്ത തപസ്

നല്ലൊരു തുക നിക്ഷേപിച്ചാണ് ഷാജി അയ്യപ്പൻ തപസ് നാച്യുറൽസിന്‌ തുടക്കമിട്ടത്. പൂർണമായും ജൈവ ഉൽപ്പന്നങ്ങൾ മാത്രം വിൽക്കുന്ന ഒരു വിപണന കേന്ദ്രം എന്ന നിലയിൽ പ്രദേശവാസികൾ സ്ഥാപനത്തെ ഏറ്റെടുത്തു. ഈറോഡിൽ നിന്നും കർണാടകയിൽ നിന്നും എത്തിക്കുന്ന ധാന്യങ്ങൾ, വിഷമയമില്ലാത്ത പച്ചക്കറികൾ, പഴവർഗങ്ങൾ, ഉൽപ്പാദനം വളരെ കുറവുള്ള ചെന്നെല്ല്, മുള്ളൻ കൈമ, രക്തശാലി തുടങ്ങിയ ഇനം അരികൾ, വിവിധയിനം മസാലകൾ എന്നിവ തപസ് നാച്യുറൽസ് വഴി വിതരണം ചെയ്യുന്നു. വിഷമയമാകാത്ത ഭക്ഷണം ജനങ്ങളിലേക്ക് എത്തുക എന്നതാണ് ഈ സ്ഥാപനത്തിലൂടെ ലക്ഷ്യമിടുന്നത്.

സാമൂഹികപ്രതിബദ്ധതയാർന്ന സ്ഥാപനം

സ്വന്തമായി വരുമാനം കണ്ടെത്തുക എന്നതിനോടൊപ്പം വിപണി കണ്ടെത്താൻ വിഷമിക്കുന്ന ജൈവ കർഷകർക്ക് മികച്ച വിപണിയും വരുമാനവും നേടിക്കൊടുക്കുക, ആരോഗ്യകരമായ ഭക്ഷണത്തിലേക്കും ജീവിതചര്യയിലേക്കും ആളുകളെ നയിക്കുക തുടങ്ങിയ വലിയ രണ്ട് ലക്ഷ്യങ്ങൾ കൂടി തപസ് നാച്യുറൽസിന്‌ പിന്നിലുണ്ട്. കാർഷികോത്സവങ്ങൾ, കൊയ്ത്താഘോഷങ്ങൾ എന്നിവ ജനകീയമാക്കുന്നതിലും ഷാജി അയ്യപ്പൻ നേതൃത്വം നൽകുന്നു. തപസ് നാച്യുറൽസ് പ്രവർത്തനമാരംഭിച്ച് വളരെ ചുരുക്കം സമയത്തിനുള്ളിൽ തന്നെ ഉപഭോക്താക്കളുടെ വലിയ നിര സ്വന്തമാക്കിക്കഴിഞ്ഞു.

അടുത്ത ലക്ഷ്യം ഇ സ്റ്റോർ, ഫ്രാഞ്ചൈസികൾ

ജൈവ ഉൽപ്പന്നങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനായി കേരളത്തിലൊട്ടാകെ തപസ് നാച്യുറൽസ് വിതരണകേന്ദ്രങ്ങൾ വരണം എന്നാണ് ഇദ്ദേഹം ആഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായി ഒരു ഇ സ്റ്റോർ തുടങ്ങി ഇ കൊമേഴ്‌സ് വിപണിയിലേക്ക് കടക്കാനിരിക്കുകയാണ് ഷാജി. ഇതോടൊപ്പം തന്നെ സമാനമായി ചിന്തിക്കുന്ന, സമാന ലക്ഷ്യത്തോടെ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളെ ഉൾപ്പെടുത്തി ഫ്രാഞ്ചൈസികൾ തുടങ്ങാനും പദ്ധതിയുണ്ട്. താലൂക്ക് അടിസ്ഥാനത്തിൽ ഫ്രാഞ്ചൈസികൾ ആരംഭിക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

English Summary: Know the Success Story of an Organic Product Shop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com