ADVERTISEMENT

അളവെടുത്ത് തയിച്ചിട്ടും ശരിയായില്ലെന്ന സ്ഥിരം പരാതിക്കിനി വിട. കാരണം കടുകിടെ മാറാതെ അളവെടുക്കാൻ നിർമിത ബുദ്ധി ആപ്പ് എത്തി. കൈയിലെ മൊബൈലിലൂടെ ഇന്ത്യയിലെവിടെയുമുള്ള തയ്യൽക്കാരെ കൊണ്ട് അഴകളവുകളിൽ അൽപം പോലും മാറ്റമില്ലാതെ ഇണങ്ങുന്ന വസ്ത്രങ്ങൾ തയിപ്പിക്കാം. അതും തയിച്ച വസ്ത്രങ്ങൾ പറഞ്ഞ ദിവസം തന്നെ അനായാസമായി കൈയിലെത്തും. ഇതിനായി കോഴിക്കോട്ടെ ഗവൺമെന്റ് സൈബര്‍ പാര്‍ക്കിലെ സ്റ്റാര്‍ട്ടപ്പ് ആയ ലീഐ ടി ടെക്‌നോ ഹബ് ഓപാക്‌സ് എന്ന പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. വസ്ത്രങ്ങള്‍ ഓണ്‍ലൈനായി വില്‍ക്കാനും വാങ്ങാനുമുള്ള നിരവധി  പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഒരു പടി കൂടി കടന്ന് നിര്‍മിത ബുദ്ധി സാങ്കോതിക വിദ്യ ഉപയോഗിച്ച് ഇഷ്ടമുള്ള വസ്ത്രങ്ങൾ അതിന്റെ തനിമ തെല്ലും നഷ്ടമാകാതെ വിദഗ്ധ തയ്യൽക്കാരെ കൊണ്ട് തയ്പ്പിക്കാനാകുമെന്ന് ലിഐ ടി ടെക്‌നോ ഹബ് സ്ഥാപനകനും സിഇഒയുമായ ഷഫീഖ് പാറക്കുളത്ത് പറഞ്ഞു . വന്‍കിട ഫാഷന്‍ ബ്രാന്‍ഡുകള്‍ക്കൊപ്പം സാധാരണക്കാരായ തയ്യല്‍കാര്‍ക്കും വസ്ത്രങ്ങള്‍ തയ്പ്പിച്ചു വില്‍ക്കാവുന്ന വേറിട്ടൊരു ഓണ്‍ലൈന്‍ ഫാഷന്‍ മാളിലൂടെ ലോകത്തെല്ലായിടത്തും വസ്ത്രങ്ങളും മറ്റു അനുബന്ധ സാമഗ്രികളുടേയും വില്‍പ്പനയ്ക്കുള്ള അവസരമാണ് ഓപാക്‌സ് ആപ്പ് ഒരുക്കുന്നതെന്നദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം ഈ തയ്യൽക്കാർക്ക് നൂലും ബട്ടനുമുൾപ്പടെയുള്ള സാമഗ്രികളെല്ലാം ഓൺലൈനിലൂടെ ലഭ്യമാക്കുന്നതിനുള്ള അവസരവുമുണ്ട്.

ഇഷ്ടാനുസരണം തയിക്കാം

ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഇഷ്ടാനുസരണം അളവുകളും മെറ്റീരിയലുകളും തെരഞ്ഞെടുത്ത് വസ്ത്രങ്ങള്‍ തയ്പ്പിച്ചെടുക്കാന്‍ ഓപാക്‌സില്‍ സാധ്യമാണ്. ഇതിനായി ടൈലര്‍ ഒപ്ഷന്‍ വഴി രാജ്യത്തിനകത്തും പുറത്തുമുള്ള ഏതെങ്കിലുമൊരു തയ്യല്‍ക്കാരനെ നമുക്ക് ആപ്പിലൂടെ കണ്ടെത്താം. ശേഷം നമ്മുടെ ഫോണിലെ കാമറ ഉപയോഗിച്ച് ആപ്പ് തന്നെ വസ്ത്രത്തിന് അളവെടുക്കും. നിര്‍മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മൊബൈല്‍ കാമറ കൃത്യമായി ശരീരത്തിന്റെ അളവെടുക്കുന്നത്. വേണമെങ്കില്‍ ഈ അളവുകള്‍ മാറ്റം വരുത്താനും ഉപഭോക്താവിനു കഴിയും. ഓര്‍ഡര്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ടൈലര്‍ വസ്ത്രം തയ്ച്ച് ഉപഭോക്താക്കള്‍ക്ക് അയച്ചു കൊടുക്കും. തയ്യല്‍ക്കാരില്‍ നിന്നും ഈ വസ്ത്രങ്ങള്‍ ഓപാക്‌സ് കുറിയര്‍ വഴിയാണ് ഉപഭോക്താക്കളിലെത്തിക്കുക. പ്രമുഖ കുറിയര്‍ കമ്പനിയുമായി ചേര്‍ന്ന്് ഇന്ത്യയിലുടനീളം ഡെലിവറി സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന്  ഷഫീഖ് വ്യക്തമാക്കി.

തയ്യല്‍ക്കാര്‍ക്കു വിശാല വിപണി

womanentre4

പരമ്പരാഗത വിപണിക്കു പുറമെ വിദഗ്ധരായ ചെറുകിട തയ്യല്‍ക്കാര്‍ക്കു വിശാല വിപണി തുറന്നിടുന്ന ഓണ്‍ലൈന്‍ പ്ലാറ്റഫോം ഒരുക്കിയ ഓപാക്‌സിന്റെ ഈ ചുവട് വെപ്പ് കോവിഡ് കാലത്ത് പ്രതിസന്ധിയിലായ തയ്യൽക്കാർക്ക് ആശ്വാസമാകും. ഓൺലൈനിലൂടെ വാങ്ങുമ്പോൾ കൃത്യമായ അളവിന്റെ കാര്യത്തിൽ പലപ്പോഴും വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നതിനാണ് ഇതോടെ പരിഹാരമാകുന്നത്. കടയിലേയ്ക്ക് നേരിട്ടെത്താതെ തന്നെ കസ്റ്റമർക്ക് വേണ്ട അളവിലുള്ള വസ്ത്രങ്ങൾ തയിച്ച് എത്തിക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്ന കമ്പനി ആദ്യഘട്ടത്തിൽ ഇന്ത്യയൊട്ടാകെ സേവനം ലഭ്യമാക്കുന്നുണ്ട്. തയ്യൽക്കൂലി നൽകുന്നതും ഓൺലൈനായി തന്നെയാണ്. ടെക്സ്റ്റൈൽ ഗ്രൂപ്പുകളും ഓൺലൈൻ വസ്ത്രവ്യാപാരികളുമൊക്കെ ഓപാക്സുമായി സഹകരിക്കുന്നുണ്ട്. വമ്പൻ വസ്ത്ര ബ്രാൻഡുകളും തങ്ങളുടെ കസ്റ്റമേഴ്സിന് സേവനമെത്തിക്കാൻ ഈ പ്ലാറ്റ് ഫോമുമായി സഹകരിക്കുന്നുണ്ട്.

ഗള്‍ഫ് രാജ്യങ്ങളിലേക്കും യുറോപ്പിലേക്കും 

സെർവർ ഹോസ്റ്റിങ് രംഗത്ത് ഗൾഫ് രാജ്യങ്ങളിൽ സജീവ സാന്നിധ്യമറിയിക്കുന്ന ഗ്രൂപ്പ് പൂര്‍ണമായും കോഴിക്കോട് കേന്ദ്രീകരിച്ചാണ് ഓപാക്‌സിന്റെ പ്രവര്‍ത്തനങ്ങളൊരുക്കുന്നത്. രാജ്യാന്തര തലത്തിൽ സേവനമെത്തിക്കുന്നതിന് ഇതിന്റെ സെർവർ സ്ഥാപിച്ചിട്ടുള്ളത് കോഴിക്കോട്ടെ സൈബർ പാർക്കിലാണ്. കേരളത്തിലുടനീളം നിരവധി തയ്യല്‍ക്കാര്‍ ഓപാക്‌സുമായി കൈകോർത്തിട്ടുണ്ടെന്ന് ഷഫീഖ് പറഞ്ഞു. അടുത്ത ഘട്ടത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും പിന്നീട് യുറോപ്പിലേക്കും പ്രവര്‍ത്തനം വിപുലപ്പെടുത്താനാണ് പദ്ധതിയെന്നും അദ്ദേഹം അറിയിച്ചു.  വന്‍കിട ഫാഷന്‍ ബ്രാന്‍ഡുകളുടെ മുന്നേറ്റത്തില്‍ പിടിച്ചു നില്‍ക്കാന്‍ പ്രയാസപ്പെടുന്ന തയ്യല്‍ക്കാര്‍ക്ക് ഓപാക്‌സ് മികച്ച വിപണി സാധ്യതയും വരുമാന മാര്‍ഗവുമാണ് തുറന്നിടുന്നത്. ഓപാക്‌സില്‍ രജിസ്റ്റര്‍ ചെയ്ത് ഇ-കൊമേഴ്‌സ് ചെയ്യുന്നതിന് തയ്യല്‍ക്കാരില്‍ നിന്നും ഫീസോ വാടകയോ ഒന്നും ഈടാക്കുന്നില്ല, പൂര്‍ണമായും സൗജന്യമാണ്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ഉപഭോക്താക്കളെ കണ്ടെത്താന്‍ ഇതുവഴി അവര്‍ക്കു കഴിയും- ഷഫീഖ് പറഞ്ഞു.

English Summary : AI Based Mobile App for Readymade Stiching from Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com