അഞ്ച് ലക്ഷം മുടക്കി മാസം 50,000 രൂപ നേട്ടം, വരുമാനം പൊടിപൊടിക്കും ഈ പുട്ടുപൊടി ബിസിനസിലൂടെ

HIGHLIGHTS
  • കുറഞ്ഞ മുതൽ മുടക്കിൽ വിസ്മയ ഫുഡ് പ്രോഡക്റ്റ്സ് മികച്ച നേട്ടമുണ്ടാക്കുന്നതെങ്ങനെ
b4u-sept1
SHARE

കുറഞ്ഞ മുതൽമുടക്കിൽ സ്റ്റീം പുട്ടുപൊടി യൂണിറ്റ് തുടങ്ങാനുദ്ദേശിക്കുന്നവർക്ക് മാതൃകയാണ് ചാലക്കുടി പോട്ടയിലെ ‘വിസ്മയ ഫുഡ് പ്രോഡക്ട്സ്’ എന്ന സംരംഭം. 'വിസ്മയ' പുട്ടുപൊടിയെ വിസ്മയമാക്കുന്നത് സ്റ്റീം പുട്ടുപൊടി യൂണിറ്റ് കുറഞ്ഞ നിക്ഷേപത്തിലും അടിസ്ഥാന സൗകര്യത്തിലും ചെയ്യുന്നുവെന്നതാണ്. തികച്ചും നൂതനമായ സംവിധാനത്തിലൂന്നിയാണ് ഈ ലഘുസംരംഭം മികച്ച നേട്ടം ഉണ്ടാക്കുന്നത്. 

ഭക്ഷ്യ സംസ്കരണ മെഷിനറി നിർമാതാക്കൾക്ക് ഖ്യാതി കേട്ടൊരു ജില്ലയാണ് തൃശൂർ. അവരോടൊപ്പം ജോലി ചെയ്തു നേടിയ പരിചയമാണ് മികച്ച സാങ്കേതിക‌വിദ്യയിൽ പുട്ടുപൊടി ഉണ്ടാക്കുന്നൊരു സ്ഥാപനം തുടങ്ങാമെന്ന ചിന്തയിലേക്ക് അക്ഷയ് ജോയിയെന്ന ചെറുപ്പക്കാരനെ എത്തിച്ചത്. വിറക്, ചൂളപ്പുര, ബോയിലർ തുടങ്ങിയവ ഒന്നും ഇല്ലാതെയും ഈ ബിസിനസ് വിജയകരമായി ചെയ്യാനാകുമെന്ന കണ്ടെത്തലായിരുന്നു സംരംഭത്തിന്റെ തുടക്കത്തിന് ആധാരം. 

അതോടൊപ്പം ൈദനംദിനാവശ്യമുള്ള ഒരു ഉൽപന്നമെന്നതും സ്ഥിരം കസ്റ്റമേഴ്സിനെ ലഭിക്കാനുള്ള സൗകര്യവും വിപണിയിൽനിന്നു പ്രതീക്ഷിച്ചിരുന്നു. സ്വന്തം നിലയിൽ മികച്ചൊരു സംരംഭവും ബ്രാൻഡും വളർത്തിയെടുക്കണമെന്ന് അതിയായി ആഗ്രഹിക്കുകയും അതിൽ വിജയം നേടുകയും ചെയ്യുന്ന അക്ഷയ് ജോയിയുടെ വിജയവഴികളെ നമുക്ക് അടുത്തറിയാം.

കുറഞ്ഞ ചെലവ്

600 ചതുരശ്രയടി ഷെഡ് നിലവിൽ ഉണ്ട്. വാഷർ, സ്റ്റീമർ, ഫ്ലവറൈസർ, റോസ്റ്റർ, പാക്കിങ് മെഷീൻ എന്നിവയെല്ലാം ഇവിടെ സ്ഥാപിച്ചിരിക്കുന്നു. ഇതിനെല്ലാമായി ആകെ മുടക്കിയ നിക്ഷേപം 5.70 ലക്ഷം രൂപ മാത്രമാണ്. അരി കഴുകുന്നതിനും വെയ്സ്റ്റ് വെള്ളം താനേ പോകുന്നതിനുമെല്ലാം സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു. നനച്ച അരി ട്രേകളിൽ ആക്കി സ്റ്റീമർ മെഷീനിൽ വയ്ക്കുന്നു. പിന്നെ പൊടിക്കാനും വറുക്കാനും പായ്ക്ക് ചെയ്യാനും വളരെ േവഗം കഴിയുന്ന രീതിയിൽ പ്ലാന്റ് പ്രവർത്തിക്കും. രണ്ടു ജോലിക്കാർ മാത്രം മതിയാകും സ്ഥാപന നടത്തിപ്പിന്. ഇത്ര കുറഞ്ഞ മുതൽ‌മുടക്കിൽ വളരെ ഫലപ്രദമായി പ്രവർത്തിക്കുന്ന സ്റ്റീം പുട്ടുപൊടി പ്ലാന്റാണിത്. പിഎംഇജിപി പദ്ധതിപ്രകാരം 10 ലക്ഷം രൂപയാണ് ആകെ വായ്പയായി എടുത്തത്. വായ്പ ൈകപ്പറ്റി മൂന്നു മാസത്തിനുള്ളിൽ ഉൽപന്നം വിപണിയിൽ എത്തിക്കാനും കഴിഞ്ഞു.

അരി സുലഭം

പുട്ടുപൊടി ഉണ്ടാക്കുന്നതിന് ആകെ േവണ്ട അസംസ്കൃതവസ്തു അരിയാണ്. പിന്നെ പാക്കിങ് സാമഗ്രികളും. ഇവ സുലഭമായിത്തന്നെ ലഭിക്കുന്നുണ്ട്. മികച്ച ഗുണനിലവാരമുള്ളവ മാത്രം തിരഞ്ഞെടുക്കും. രൊക്കം പണം കൊടുത്താണ് വാങ്ങലുകളെല്ലാം. സ്വകാര്യ കച്ചവടക്കാരിൽനിന്നും ആലുവ, ചാലക്കുടി ഭാഗത്തുനിന്നുമെല്ലാം അരി ശേഖരിക്കുന്നു.

ഉൽപാദനകേന്ദ്രത്തിലും കച്ചവടം

b4u-sept

അടുത്ത ഷോപ്പുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ സ്ഥിരമായി വിറ്റുവരുന്നുണ്ട്. പ്രാദേശിക കടകളിൽനിന്നു നന്നായി ഓർഡർ ലഭിക്കുന്നു. കൂടാതെ കമ്പനിയിൽനിന്നു തന്നെ ഡയറക്ടായി വലിയ തോതിൽ ബിസിനസ് നടക്കുന്നുണ്ട്. പ്രതിദിനം ശരാശരി 30,000 രൂപയുടെയെങ്കിലും കച്ചവടം ഇതേ രീതിയിൽ കിട്ടും. മത്സരം ഉണ്ടെങ്കിലും അവസരങ്ങളും അതിനൊപ്പം ഉണ്ടെന്നാണ് അക്ഷയ് പറയുന്നത്. 

കുടുംബം സഹായിക്കുന്നു

കർഷകനായ അച്ഛൻ ജോയിയും അമ്മ െജസിയും ഈ ചെറുപ്പക്കാരന്റെ സഹായത്തിനുണ്ട്. ഐടിഐ ഫിറ്റർ കോഴ്സിനു ശേഷം ബികോം ഡിഗ്രിയും കഴിഞ്ഞ് സാങ്കേതികവശങ്ങളും സാമ്പത്തികവശങ്ങളും ഒരുപോലെ പഠിച്ച ശേഷമാണ് അക്ഷയ് ബിസിനസിലേക്കിറങ്ങിയത്. ഈയൊരു പിന്തുണ ബിസിനസിനെ വളർത്തും എന്നാണ് ഇദ്ദേഹം വിശ്വസിക്കുന്നത്. FSSAI, PACKER, KSWIFT (മൂന്നു വർഷം വരെ മറ്റു ൈലസൻസുകൾ എടുക്കാതെ തന്നെ പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നു. അതുകൊണ്ടാണ് മൂന്നു മാസത്തിനുള്ളിൽ ഉൽപാദനം തുടങ്ങാൻ കഴിഞ്ഞത്) എന്നിവയാണ് നിലവിൽ ഉള്ളത്. 

സംരംഭം തുടങ്ങിയിട്ട് ഒരു വർഷം ആകുന്നതേയുള്ളൂ. അതിനാൽ, കൃത്യമായ കച്ചവടം ഇതുവരെ വിലയിരുത്തിയിട്ടില്ല. എന്നാലും പ്രതിമാസം 50,000 രൂപയോളം മാറ്റിവയ്ക്കാൻ കഴിയുന്നുണ്ട്. കച്ചവടം അനുസരിച്ച് 10 മുതൽ 30 ശതമാനം വരെ അറ്റാദായം പ്രതീക്ഷിക്കാം എന്നാണ് ജോയി പറയുന്നത്.

ഭാവി വികസനം

ഗോതമ്പുമാവ്, കറിപൗഡർ എന്നിവയുടെ നിർമാണത്തിനുതകുന്ന രീതിയിൽ ഒരു പ്ലാന്റ് സ്ഥാപിച്ച് ഒരു വർഷത്തിനുള്ളിൽ ഉൽപാദനം തുടങ്ങണം എന്നാണ് പ്ലാൻ. ‘കോവിഡ്’ കാര്യമായി ബാധിക്കാത്ത ഒരു ബിസിനസാണ് എന്ന മേന്മയും ഇതിനുണ്ട്.

പ്രത്യേകതകൾ

∙ ഒരേ നിലവാരത്തിലുള്ള അരി മാത്രം ഉപയോഗിക്കുന്നു.

∙ കൃത്യമായും ശുദ്ധിയോടെയും വൃത്തിയാക്കുന്നു.

∙ സ്റ്റീം മെഷീനിൽ വേവ് ക്രമീകരിക്കാൻ പ്രത്യേകമായ സംവിധാനം.

∙ അൽപവും ചൂട് പുറത്തു പോകാത്ത സംവിധാനത്തിൽ മികച്ച റോസ്റ്റിങ്. 

∙ കൃത്യസമയത്ത് ഡെലിവറി നൽകുന്നു.

∙ ഗുണനിലവാരത്തിലും വിലയിലും വിട്ടുവീഴ്ചയില്ല. 

പുതുസംരംഭകർക്ക് അനുകരിക്കാവുന്ന ഒരു മാതൃകയാണ് ഇത്. ധാരാളം യൂണിറ്റുകൾ ഈ രംഗത്തുണ്ടെങ്കിലും അവസരങ്ങൾ ഏറെയുണ്ട്. 10 ലക്ഷം മുടക്കിയാൽ സ്റ്റീം പുട്ടുപൊടി യൂണിറ്റ് തന്നെ ആരംഭിക്കാം. 26 പേർക്ക് ഉടൻ തൊഴിൽ നൽകാം. മുൻകൂർ ൈലസൻസുകൾക്കായി കാത്തിരിക്കാതെ ഉടൻ തുടങ്ങാം. 6 മാസത്തിനുള്ളിൽ നന്നായി ശ്രമിച്ചാൽ പ്രതിമാസം 50,000 രൂപയുടെ നീക്കിയിരിപ്പും നേടാം.

English Summary : Success Story of a Food Processing Unit is Inspiring Entrepreneurs

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA