ADVERTISEMENT

വിദേശ മലയാളിയായ 26 വയസ്സുള്ള ചുറുചുറുക്കുള്ള ചെറുപ്പക്കാരനാണ് നഹാസ് ബഷീർ. ‘മിൽക്രീം ഇന്ത്യ’ എന്ന േപരിലാണ് ഇദ്ദേഹം യോഗർട്ട് ഉൽപാദിപ്പിക്കുന്ന ഒരു സംരംഭം ആലുവ യു സി കോളേജിനു സമീപം തുടങ്ങിയത്. 

എന്താണു ബിസിനസ്?

യോഗർട്ട് (Yoghurt) എന്ന പുളിയില്ലാത്ത കട്ടത്തൈരാണ് ഉൽപന്നം. ഇതിൽ മാംഗോ പൾപ്പ് േചർത്ത് മാംഗോ യോഗർട്ട്, സ്ട്രോബറി ചേർത്ത് സ്ട്രോബറി യോഗർട്ട്, പൈനാപ്പിൾ പൾപ്പ് േചർത്ത് പൈനാപ്പിൾ യോഗർട്ട് എന്നിങ്ങനെ വ്യത്യസ്തമായ ഉൽപന്നങ്ങളാണ് നിർമിക്കുന്നത്. 

ഉയർന്ന രോഗപ്രതിരോധശേഷി നൽകുന്ന ഒരു ഉൽപന്നം കൂടിയാണ് യോഗർട്ട്. അതു കൊണ്ടു തന്നെ ഈ കോവിഡ് കാലഘട്ടത്തിൽ ഈ ബിസിനസിന് പ്രാധാന്യമേറെയുണ്ട്. 16 ദിവസം വരെ കേടു കൂടാതെ ഉപയോഗിക്കാനുമാകും. 

എന്തുകൊണ്ട് ഈ ബിസിനസ്?

വിദേശത്തുനിന്നു മടങ്ങിവരുമ്പോൾ യോഗർട്ട് കൊണ്ടുവരിക പതിവായിരുന്നു. ഇവിടെ ഇത്തരം ഉൽപന്നങ്ങൾ ലഭ്യമായി കാണാത്തപ്പോൾ എന്തു കൊണ്ട് ഇത്തരം ഉൽപന്നങ്ങൾ സ്വന്തം നിലയിൽ നിർമിച്ചുകൂടാ എന്നു ചിന്തിച്ചു. േകരളത്തിൽ മികച്ച വിപണി കണ്ടെത്താനാകുമെന്നതും പ്രതീക്ഷ നൽകി. അതോടൊപ്പം കുറഞ്ഞ നിക്ഷേപത്തിലും സംരംഭം തുടങ്ങാനാകും എന്നു പഠനത്തിലൂടെ ബോധ്യം വന്നതോടെ ധൈര്യസമേതം ഈ ബിസിനസ് തിരഞ്ഞെടുക്കുകയായിരുന്നു. 

കെവാസു (Kvasu)വിൽനിന്നു സാങ്കേതിക സഹായം

തൃശൂർ–മണ്ണൂത്തിയിലെ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി (Kvasu) യിൽനിന്ന് ആവശ്യമായ സാങ്കേതിക സഹായങ്ങൾ ലഭിച്ചു. അവിടത്തെ ഇൻക്യുബേഷൻ കേന്ദ്രം ഇതിനായി ഉപയോഗിച്ചു. പാൽ സംസ്കരണം, ശീതീകരണം, മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണം എന്നീ മേഖലകളിലെല്ലാം മികച്ച പരിശീലനമാണ് അവിടെനിന്നു ലഭിച്ചത്. 

പിഎംഇജിപിയിൽ തുടക്കം

പിഎംഇജിപി പദ്ധതി പ്രകാരം 25 ലക്ഷം രൂപ വായ്പ കൊണ്ടാണു സംരംഭത്തിനു തുടക്കം കുറിക്കുന്നത്. ബാങ്ക് ഓഫ് ഇന്ത്യയിൽനിന്നുമാണ് വായ്പ എടുത്തത്. എട്ടുലക്ഷം രൂപയോളം ഗ്രാന്റും പദ്ധതിയുടെ ഭാഗമായി ലഭിക്കുകയുണ്ടായി. ‘പുതുസംരംഭകർക്ക് മികച്ച ഒരു വായ്പ‌പദ്ധതിയാണ് പിഎംഇജിപി’, നഹാസ് സ്വന്തം അനുഭവം മുൻനിർത്തി പറയുന്നു. 

ജർമൻ സാങ്കേതികവിദ്യ

ഇപ്പോൾ കെട്ടിടം, മെഷിനറികൾ, അനുബന്ധ സൗകര്യങ്ങൾ എല്ലാം കൂടി ഏകദേശം 2 കോടി രൂപയുടെ നിക്ഷേപമുണ്ട്. ജർമൻ ടെക്നോളജിയാണ് ഉപയോഗിക്കുന്നത്. ശുദ്ധമായ പാൽ ഒഴിച്ചുകൊടുത്തു കഴിഞ്ഞാൽ യോഗർട്ട് പാക്ക് ചെയ്ത്, സീൽ ചെയ്തു തിരികെ ലഭിക്കുന്നതു വരെയുള്ള പ്രക്രിയ മെഷിനറിയിലാണു ചെയ്യുന്നത്. നിർമാണത്തിന്റെ ഒരു ഘട്ടത്തിലും കൈ തൊടേണ്ടതായി വരുന്നില്ല. 

ഹോമോജിനൈസർ, പാസ്ചുറൈസർ, കൾച്ചർ മിക്സിങ്, ടാങ്കുകൾ, ഫില്ലിങ്/ പാക്കിങ് മെഷീനുകൾ എന്നിവയാണ് പ്രധാന മെഷിനറികൾ. മിൽക്ക് ഹോൾഡിങ് ട്യൂബുകൾ ഓട്ടമാറ്റിക് ആയി പ്രവർത്തിക്കുന്നു. 27 തൊഴിലാളികൾ സ്ഥാപനത്തിൽ ഉണ്ട്. പ്രൊഡക്‌ഷൻ, മാർക്കറ്റിങ്, അക്കൗണ്ടിങ്, ൈഡ്രവർമാർ എന്നീ തലങ്ങളിൽ അവരെല്ലാം വ്യാപൃതരാണ്.

ലോഞ്ചിങ് ലുലുമാളിൽ

ലുലുമാൾ ഉൾപ്പെടെയുള്ള പ്രീമിയം സൂപ്പർ മാർക്കറ്റുകൾ/ മാളുകൾ വഴിയാണ് പ്രധാന വിൽപന. ബിസ്മി, ഗ്രാൻഡ്, എലൈറ്റ്, കല്യാൺ, പോത്തീസ് തുടങ്ങിയ മാളുകളിൽ സുലഭമായി വിറ്റു‌വരുന്നു. ഉയർന്ന ഗ്രേഡിലുള്ള ഹോട്ടലുകളിലും ഉൽപന്നം വിൽക്കുന്നു. വിദേശത്തുനിന്നു ധാരാളം അന്വേഷണം വരുന്നുണ്ടെങ്കിലും കയറ്റുമതി തുടങ്ങിയിട്ടില്ല. 

b4u-sept-yogurt1

സാധാരണ യോഗർട്ട് 200 ഗ്രാമിന് 40 രൂപയും പഴങ്ങൾ ചേർത്ത യോഗർട്ടിന് 100 ഗ്രാമിന് 40 രൂപയുമാണ് വില. ഇത് കുറഞ്ഞ വിലയാണ്. 400 ഗ്രാം, ഒരു കിലോ എന്നീ അളവുകളിലും പാക്ക് ചെയ്തു വിൽക്കുന്നുണ്ട്. എത്ര രൂപയുടെ പ്രതിമാസ കച്ചവടം നടക്കുന്നുവെന്നോ എത്രയാണ് ലാഭവിഹിതമെന്നോ കൃത്യമായി നോക്കിയിട്ടില്ല. സംരംഭം തുടങ്ങിയിട്ടു രണ്ടു വർഷമാകുന്നു.

ബിസിനസ് ഗ്രാജുവേറ്റ്

ബിബിഎക്കാരനാണ് നഹാസ് ബഷീർ. സംരംഭം, മത്സരം, വിജയം ഇവ സംബന്ധിച്ച് യാതൊരു‌വിധ ആശങ്കകളും തുടക്കം മുതലേ ഉണ്ടായിരുന്നില്ല എന്നാണ് നഹാസ് പറയുന്നത്. തികഞ്ഞ ശുഭാപ്തി വിശ്വാസം മാത്രം. ചെറുപ്രായത്തിൽ തന്നെ 27 പേരുടെ തൊഴിൽദാതാവായി മാറിയതിലുള്ള സന്തോഷം അദ്ദേഹം മറച്ചുവയ്ക്കുന്നില്ല. 

പുതിയ പദ്ധതികൾ

500 മുതൽ 1000 ലീറ്റർ വരെയാണ് ഇപ്പോഴത്തെ ഉൽപാദനം. ഇത് മണിക്കൂറിൽ 2000 ലീറ്റർ ആക്കി ഉയർത്തുകയാണ് അടുത്ത ലക്ഷ്യം. അതിനുള്ള വിപുലീകരണ പ്രവൃത്തികൾ പ്ലാന്റിൽ നടന്നു‌വരികയാണ്.

വിജയഘടകങ്ങൾ

∙ രാജ്യാന്തര ഗുണനിലവാരം ഉറപ്പു വരുത്തുന്നു.

∙ പാൽ കർഷകരിൽനിന്നു നേരിട്ടു സംഭരിക്കുന്നു.

∙ മണിക്കൂറുകൾക്കുള്ളിൽ പ്രോസസിങ് നടത്തുന്നു.

∙ കൈതൊടാതെ ഉൽപന്നം പാക്കറ്റിലാക്കുന്നു.

∙ അതതു ദിവസം തന്നെ വിപണിയിൽ എത്തിക്കുന്നു.

∙ ആവശ്യം പോലെ കൃത്യമായ ഡെലിവറി.

∙ കൃത്രിമ നിറങ്ങളോ മറ്റു ചേരുവകളോ േചർക്കുന്നില്ല.

പുതുസംരംഭകർക്ക്

രാജ്യാന്തര വിപണിയിൽ ലഭ്യമായ പല ഉൽപന്നങ്ങളും നമുക്ക് ഇവിടെത്തന്നെ നിർമിക്കാനാകും. കുറഞ്ഞ മുതൽമുടക്കിൽ തുടങ്ങുകയും വിപണി വലുതാകുന്നതനുസരിച്ച് ഉൽപാദനം വർധിപ്പിക്കുകയും ചെയ്യുന്ന തരത്തിൽ പ്ലാൻ ചെയ്താൽ ആശങ്കപ്പെടാതെ മുന്നോട്ടു പോകാം. 50 ലക്ഷം രൂപയുടെ പാൽ സംസ്കരണ പ്ലാന്റ് തുടങ്ങാമെങ്കിൽ 10 പേർക്ക് തൊഴിൽ നൽകുകയും 10 ലക്ഷം രൂപയുടെ വിറ്റുവരവ് പ്രതിമാസം നേടുകയും ചെയ്യാം. ഇതിലൂടെ ഒരു ലക്ഷം രൂപയെങ്കിലും അറ്റാദായമായും പ്രതീക്ഷിക്കാം. 

English Summary : Yogurt Manufacturing is a Good Startup for Young Entrepreneurs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com