പണം കൈയിലില്ലേ? കിട്ടും സബ്സിഡി മുൻകൂറായി, കേരളാ സർക്കാറിന്റെ എന്റട്രപ്രണർ സപ്പോർട്ട് സ്കീം ഇതാ

HIGHLIGHTS
  • സർക്കാർ സബ്സിഡി മുൻകൂർ വാങ്ങി സംരംഭം തുടങ്ങാൻ പറ്റുന്ന സ്കീം
  • ഓർക്കുക സബ്സിഡി തിരിച്ചടക്കേണ്ടതില്ല
online-top-webistes-for-job-search
SHARE

ഉൽപാദന മേഖലയിൽ സ്റ്റാർട്ടപ്പുകൾ തുടങ്ങുന്ന നവസംരംഭകരെ ആകർഷിക്കുന്നതിനു വേണ്ടി കേരളാ സർക്കാർ ആവിഷ്കരിച്ചിരിയ്ക്കുന്ന ഒരു പദ്ധതിയാണ് ഇ.എസ്.എസ്. എന്ന ചുരുക്കപേരിലറിയപ്പെടുന്ന എന്റട്രപ്രണർ സപ്പോർട്ട് സ്കീം. വ്യത്യസ്ത വിഭാഗങ്ങളിലായി ഒരു സംരംഭകന് സ്ഥിര മൂലധനത്തിന്റെ 55% വരെ സബ്സിഡിയായി ലഭിക്കും. 

മിടുക്കരായ അപേക്ഷകർക്ക്  സബ്സിഡി മുൻകൂറായി നൽകാനുള്ള വ്യവസ്ഥകളും സർക്കാർ നടപ്പാക്കിയിട്ടുണ്ട്. പണം കൈയിലില്ലെങ്കിലും ക്യത്യമായ പ്ലാനിങ് ഉണ്ടെങ്കിൽ ഈ സബ്സിഡി തുക മുൻകൂർ വാങ്ങി ബിസിനസ് ആരംഭിക്കാം.

അതാത് സ്ഥലത്തെ ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴിയാണ് അപേക്ഷിക്കേണ്ടത്. നിങ്ങൾ ഏതു വിഭാഗത്തിൽ പെടുന്ന അപേക്ഷകനാണ് എന്ന് പരിശോധിച്ചതിനു ശേഷം പ്രോജക്റ്റ് റിപ്പോർട്ടും കൂടി ആധാരമാക്കി ഒരാൾക്ക് എത്ര സബ്സിഡി ലഭിക്കുമെന്ന് അതാത് ജില്ലാ വ്യവസായ ഓഫീസർമാർ അറിയിക്കും. പദ്ധതിയുടെ വിജയ സാധ്യത ജില്ലാ വ്യവസായ ഓഫീസർ വിലയിരുത്തിയതിനു ശേഷം സബ്സിഡി തുക മുൻകൂറായി സംരംഭകനു നൽകാൻ ജില്ലാ വ്യവസായ കേന്ദ്രങ്ങളെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

പദ്ധതിച്ചെലവിന്റെ പകുതിയോ മൂന്നു ലക്ഷമോ ഏതാണ്  കുറവ് ആ തുകയാണ് മുൻകൂറായി നൽകുക. ഈ തുക ഉപയോഗിച്ച് സംരംഭം തുടങ്ങാൻ സാധിക്കും. 

ബാക്കി സബ്സിഡി

വാണിജ്യോൽപാദനം തുടങ്ങി ഒരു വർഷത്തിനകം ബാക്കി സബ്സിഡിയ്ക്ക് അപേക്ഷിക്കാം. തുടക്കം മുതലേ രേഖകളെല്ലാം കൃത്യമായി സൂക്ഷിച്ചു വയ്ക്കാൻ മറക്കരുത്. സമർപ്പിക്കുന്ന രേഖകൾ അപൂർണമോ തെറ്റോ ആണെങ്കിൽ സബ്സിഡി അപേക്ഷ തിരസ്കരിക്കപ്പെടും എന്നോർക്കുക. ഒരു വർഷത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകളും റദ്ദാകും. അതു കൊണ്ട് വാണിജ്യോൽപാദനം തുടങ്ങി ഒന്നോ രണ്ടോ മാസത്തിനകം തന്നെ ബാക്കി സബ്സിഡിക്ക് അപേക്ഷ നൽകുക. 

പരമാവധി 40 ലക്ഷം രൂപ വരെ  ഇ.എസ്‌. എസ്. സ്ക്കീം പ്രകാരം സബ്സിഡി ലഭിക്കും. ഉൽപാദന യൂണിറ്റ് കേരളത്തിലായിരിക്കണം എന്ന നിബന്ധനയുണ്ട്. 

business-report

ആർക്കെല്ലാം എത്ര വീതം സബ്സിഡി കിട്ടും?

∙സാധാരണ ഒരു സംരംഭകന്  സ്ഥിര മൂലധനത്തിന്റെ 15% തുകയാണ് സബ്സിഡി ലഭിക്കുക. 

∙പത്തനംതിട്ട, ഇടുക്കി, കാസർകോഡ്, വയനാട് തുടങ്ങിയ പിന്നോക്ക ജില്ലകളിലാണ് സംരംഭം തുടങ്ങുന്നതെങ്കിൽ 25% മാണ് സബ്സിഡി.

∙യുവസംരംഭകരോ (പ്രായം 45ലും താഴെ) വനിതകളോ പിന്നോക്ക വിഭാഗക്കാരോ ആണ് അപേക്ഷകരെങ്കിൽ 25% സബ്സിഡി കിട്ടും. ഇവർ പിന്നോക്ക ജില്ലകളിലാണെങ്കിൽ സബ്സിഡി 35% ആണ്. 

∙കാർഷിക മേഖല, ഭക്ഷ്യ സംസ്കരണം, പ്രകൃതിദത്ത റബർ ഉൽപന്നങ്ങൾ, ബയോടെക് ഉൽപന്നങ്ങൾ, റെഡിമെയ്ഡ്, ടെക്സ്റ്റൈൽസ്, തുടങ്ങിയ ഊന്നൽ മേഖലയിലാണ് സംരംഭമെങ്കിൽ സബ്സിഡി 10% കൂടി കൂടും. 

∙ഏതെങ്കിലും ഗവേഷണ ഏജൻസികളുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച്  തുടങ്ങുന്ന സംരംഭമാണെങ്കിൽ പിന്നെയും കിട്ടും 10% അധിക സബ്സിഡി.

∙ഇക്കാര്യങ്ങളെല്ലാം മനസിൽ കണ്ട് പദ്ധതികൾ തയ്യാറാക്കുകയാണെങ്കിൽ ഈ സബ്സിഡി തുക കൊണ്ടു തന്നെ ബിസിനസ് വിപുലമാക്കാം.

അതാത് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ നൽകുന്ന മാർഗനിർദേശങ്ങൾ തുടക്കം മുതലേ കൃത്യമായി പാലിച്ചാൽ തടസ്സമില്ലാതെ സബ്സിഡി തുക നിങ്ങളുടെ അക്കൗണ്ടിലെത്തും.

English Summary : Know more about Kerala Government's Entrepreneurs Support Scheme

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA