ADVERTISEMENT

നവസംരംഭകരുടെ മുമ്പിൽ സാധ്യതകളുടെ ഒരു ലോകം തന്നെയാണ് സർക്കാർ തുറന്നിടുന്നത്. എന്നാൽ ഈ പദ്ധതികളെ കുറിച്ചൊന്നും പലർക്കുo അറിയില്ല. സംരംഭകർക്കു വഴികാട്ടിയായി ജില്ലാ വ്യവസായ കേന്ദ്രങ്ങൾ ഉണ്ടെങ്കിലും ഈ സൗകര്യവും സംരംഭകർ വേണ്ടത്ര പ്രയോജനപ്പെടുത്തുന്നില്ല. ശരിയായ അറിവോടും ആസൂത്രണത്തോടും കൂടി സംരംഭം തുടങ്ങുകയാണെങ്കിൽ വിജയം തീർച്ചയാണ്. 

വീട്ടിലോ വീടിനോട് ചേർന്നോ തുടങ്ങാം

പരമാവധി പത്തുലക്ഷം രൂപ വരെ മുതൽ മുടക്കി വീട്ടിലോ വീടിനോട് ചേർന്നോ തുടങ്ങുന്ന ലഘു സംരംഭങ്ങൾക്കാണ് സബ്സിഡിക്ക് അർഹത. ബാങ്ക്, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ വഴി വായ്പ ലഭിക്കും. കൂടാതെ സംരംഭകന്റെ വിഹിതമായ മാർജിൻ മണിയിലേക്ക് സർക്കാർ ഗ്രാന്റും കിട്ടുന്നുണ്ട്. 18 വയസിനു മുകളിലുള്ളവർക്ക് അപേക്ഷിക്കാം. 

വനിതകൾ, പിന്നോക്ക വിഭാഗം, യുവ സംരംഭകർ എന്നിവർക്ക് വലിയ ആനുകൂല്യങ്ങളാണ് ഈ സ്കീം വഴി ലഭിക്കുക. പദ്ധതിച്ചെലവിന്റെ 40 ശതമാനമോ നാലു ലക്ഷം രൂപയോ ഏതാണോ കുറവ് ആ തുക മുൻകൂർ ആയി  അർഹരായ സംരംഭകന്  കിട്ടും. ഇത് കൊണ്ട് ബിസിനസ് തുടങ്ങാനും പറ്റും. 

പദ്ധതി ലോണെടുത്താണ് ആരംഭിക്കുന്നതെങ്കിൽ സബ്സിഡിയായി കിട്ടുന്ന 40 ശതമാനം തുക യോടൊപ്പം 20 ശതമാനം മാർജിൻ മണിയായി സംരംഭകൻ ഇടണം. മാർജിൻ മണി മുഴുവനും കണ്ടെത്താൻ സംരംഭകന് കഴിയില്ലെങ്കിൽ മാർജിൻ മണിഗ്രാൻറിന് അപേക്ഷിക്കാം. ബാക്കി 40 ശതമാനം തുകയാണ് ബാങ്ക് ലോൺ തരിക. ബാങ്ക് നൽകുന്ന വിഹിതത്തിനു മാത്രം പലിശ അടച്ചാൽ മതി. ചുരുക്കത്തിൽ പത്തുലക്ഷം മുതൽ മുടക്കിൽ നാലു ലക്ഷം മാത്രം ലോൺ എടുത്താൽ മതിയാകും. 

ഈ പദ്ധതി പ്രകാരം അപേക്ഷിക്കുന്ന  യുവസംരംഭകർക്ക് 40 വയസ്സിൽ കൂടുവാൻ പാടില്ല. മേൽ പറഞ്ഞ വിഭാഗത്തിൽ പെടാത്ത 40 വയസ്സിനു മുകളിലുള്ള ജനറൽ വിഭാഗത്തിൽ പെട്ട പുരുഷ സംരംഭകർക്ക് പദ്ധതിച്ചെലവിന്റെ 30 ശതമാനമേ സബ്സിഡി കിട്ടൂ. 

നാനോ സംരംഭങ്ങൾക്ക് പലിശയിളവ്

∙5 ലക്ഷം രൂപ മുതൽ മുടക്കി ചെയ്യുന്ന നാനോ സംരംഭങ്ങൾക്ക് പലിശയിളവ് നൽകുന്ന പദ്ധതി ഉണ്ട്. 

∙ആദ്യ വർഷം പലിശ കൃത്യമായി അടയ്ക്കുന്നവർക്കാണ് ഈ ആനുകൂല്യം കിട്ടുക. മൂന്നു വർഷം തുടർച്ചയായി ഇത് ലഭിക്കും. 

∙വനിത, പിന്നോക്ക വിഭാഗം തുടങ്ങി മുൻഗണനാ വിഭാഗത്തിൽ പെട്ടവർക്ക് ബാങ്ക് പലിശയിൽ 8 ശതമാനം വരെ ഇളവുണ്ട്. 

∙ജനറൽ വിഭാഗത്തിൽ ഇത് 6 ശതമാനമാണ്. 

∙ഏതൊരു പദ്ധതിയെ കുറിച്ചും വിശദമായി അറിയാൻ സംരംഭകൻ അതാത് ജില്ലാ വ്യവസായ കേന്ദ്രങ്ങളെ സമീപിക്കുക.

വിപണനത്തിലും പിന്തുണ

ഉൽപന്നങ്ങളുടെ വിപണന കാര്യത്തിലും കാര്യമായ പിന്തുണ ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽ നിന്നു ലഭിക്കും. വിപണനമേളകൾ, പ്രദർശനങ്ങൾ, ഡിജിറ്റൽ സപ്പോർട്ട്, B to B മീറ്റിങ് തുടങ്ങി വൈവിധ്യമാർന്ന മാർഗങ്ങൾ ഉണ്ട്.

English Summary: 4 Lakh Rupees Subsidy for Nano Enterprises

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com