ADVERTISEMENT

ഒരു ബിസിനസ് വളരെ വിജയകരമായി എന്നു കരുതി കാണുന്ന ബിസിനസെല്ലാം വഴങ്ങുമെന്നു കരുതി തുടങ്ങിയാൽ അവസാനം കയ്യിലുള്ളതു കൂടി പോകാം. 

സിനിമയിൽ സർവതും ചെയ്യുന്നവരുണ്ട്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, ക്യാമറ, അഭിനയം, എഡിറ്റിങ്, പാട്ടെഴുത്ത്, സംഗീതസംവിധാനം... പടം തുടങ്ങും മുൻപ് ടൈറ്റിലുകളുടെ അവസാനം ഇതെല്ലാം ചെയ്യുന്ന വിദ്വാന്റെ പേര് ഇംഗ്ലിഷിലും മലയാളത്തിലും എഴുതി കാണിക്കുമ്പോൾ ആർക്കും തോന്നാം എന്നാൽ പിന്നെ ഇയാൾക്ക് ലൈറ്റ് ബോയ് എന്നു കൂടി എഴുതിക്കൂടെ, അതു മാത്രമായിട്ടെന്തിന് ചെയ്യാതിരിക്കുന്നു? 

സകലകലാ വല്ലഭന്‍

പക്ഷേ, ഇങ്ങനെ സകലകലാ വല്ലഭനായി വിലസുന്നതിനിടെ നിർമാണത്തിൽ കൂടി കൈവയ്ക്കുമ്പോഴാകും കൈ പൊള്ളുന്നത്. അതോടെ തീർന്നു ചാട്ടം. പടം പൊട്ടി പാളീസായി, കടം കേറി മുടിഞ്ഞ് പണ്ട് കോടമ്പാക്കം വിടേണ്ടിവരുമായിരുന്നു. ഇപ്പോൾ കൊച്ചിയാണു സർവ സിനിമാക്കാരുടെയും കേന്ദ്രം.

എന്തുകൊണ്ടാണ് നിർമാണത്തോടെ സിനിമയിൽ കട്ടയും പടവും മടക്കേണ്ടി വന്നത്? ഇതുവരെ വല്ലഭനായി വിലസിയത് വല്ലവരുടെയും കാശ് വച്ചായിരുന്നു. പാട്ട് കാശിനുകൊള്ളില്ലെങ്കിലെന്ത്, അഭിനയം കണ്ടു ജനം കൂവിയെങ്കിലെന്ത്, പാട്ടുകൾ പൊളിയായിരുന്നെങ്കിലെന്ത്, പടം പൊട്ടിയെങ്കിലെന്ത്, നഷ്ടമൊന്നുമില്ല. എല്ലാം സർഗാത്മക പരിപാടികളായിരുന്നു. പക്ഷേ, കാശിൽ കൈവച്ചപ്പോൾ കളി മാറി.

അതായത്, അയാളുടെ കർമം ബിസിനസ് അല്ല. മുതൽമുടക്കി ലാഭം നേടാനുള്ള പരിപാടി പറ്റില്ല. അഥവാ അയാളുടെ കർമം ആ തരം ബിസിനസ് അല്ല. എന്നുവച്ചാൽ ഹോട്ടൽ നടത്തി പൊളിഞ്ഞയാൾ റിയൽ എസ്റ്റേറ്റ് ബിസിനസിൽ രക്ഷപ്പെട്ടെന്നു വരാം. ഉദാഹരണങ്ങൾ എത്ര വേണമെങ്കിലുമുണ്ട്. ടൂർ ഓപ്പറേറ്ററായി വിജയിച്ചയാൾ ഹോട്ടൽ പണിയാൻ നോക്കി കടക്കാരനായി. എന്തായാലും ടൂറിസ്റ്റുകളെ കൊണ്ടുവരുന്നു, എങ്കിൽ സ്വന്തം ഹോട്ടലിലേക്കും കുറേപ്പേരെ കൊണ്ടുവരാമല്ലോ എന്നു കരുതിയത് അബദ്ധമായി. 

സ്വർണക്കടയും റിയൽ എസ്റ്റേറ്റും

loss

വലിയൊരു സ്വർണക്കട മുതലാളി റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് ഇറങ്ങി, ഫ്ലാറ്റ് പണിത് ഫ്ലാറ്റായി പോയ കഥയുണ്ട്. സ്വന്തം സൽപേര് രക്ഷിക്കാൻ നഷ്ടത്തിൽ ഫ്ലാറ്റുകൾ വിറ്റ് ഒഴിവാക്കേണ്ടി വന്നു. ഫ്ലാറ്റ് പണി അതോടെ മതിയാക്കുകയും ചെയ്തു. സ്വർണ ബിസിനസിൽനിന്നു കാര്യമായ വരുമാനമുള്ളതിനാൽ പരാതിയില്ലാതെ പണി തീർത്തു കൊടുക്കാൻ പറ്റി. എന്നാൽ, അങ്ങനെ വേറെ വരുമാനം ഇല്ലാത്തവർ ഫ്ലാറ്റ് പണി നടത്തി കുത്തുപാളയെടുത്ത കേസുകൾ ഒരുപാടുണ്ട്. പണം വാങ്ങി വഞ്ചിച്ചു എന്നാണ് നാട്ടിലാകെ പറയുക. മനഃപൂർവം വഞ്ചിച്ചതല്ല, ബിസിനസ് പൊളിഞ്ഞതാണ് എന്നറിയാവുന്നവർ ചുരുക്കം.

വേറൊരു ബിസിനസിലൂടെ സമ്പാദിച്ച പണം കൊണ്ടു പലിശയ്ക്കു കൊടുക്കൽ ബിസിനസ് നടത്തി ഒടുവിൽ എല്ലാംകൂടി പൊട്ടിപ്പോയവരുണ്ട്. സൈഡ് ബിസിനസുകൾ സൂക്ഷിക്കുക. മെയിൻ ബിസിനസിലെ കാശ് സൈഡിൽ പോയെന്നു വരാം.

ലാസ്റ്റ് പോസ്റ്റ്: പ്രമുഖ വ്യവസായി ആകെ 4 ബിസിനസുകൾ മാത്രമേ ചെയ്യൂ.റീടെയിൽ, റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റൽ, ഹോസ്പിറ്റാലിറ്റി. വേറെ ഒന്നിലും കൈവയ്ക്കില്ല. ഈ നാലിലും അദ്ദേഹം വിജയവുമാണ്.

പ്രമുഖ ഫിനാൻഷ്യൽ ജേണലിസ്റ്റും കോളമിസ്റ്റുമാണ് ലേഖകൻ

English Summary : Beware about Selection of Side Businesses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com