ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനത്തിന്റെ സഹസ്ഥാപകനും മേധാവിയുമാണ് 34കാരനായ നിഖിൽ കമ്മത്ത്. മൊത്തമൂല്യം11600 കോടി രൂപയോടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനാണ് അദ്ദേഹമിപ്പോൾ.

അപൂർവതകളും അതിതീവ്ര ആഗ്രഹവും ഒത്തുചേർന്നപ്പോൾ സംഭവിച്ചത്...

നിഖിലിന് ചെറുപ്പം മുതലേ പഠിക്കാൻ മടിയായിരുന്നു. കണക്ക് വലിയ ഇഷ്ടമാണ്. വായന ഇഷ്ട ഹോബിയാണ്. പക്ഷേ പാഠപുസ്തകങ്ങൾ  കണ്ടാൽ അലർജിയാണ്. അങ്ങനെ ഒരു കണക്കിനു പത്താം ക്ലാസ് വരെ സ്കൂളിൽ പോയി. പരീക്ഷയെഴുതും മുമ്പേ തന്നെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് സ്കൂളിന്റെ പടിയിറങ്ങി. അച്ഛൻ ബാങ്കുദ്യോഗസ്ഥൻ ആയിരുന്നു. അമ്മ സംഗീതാധ്യാപികയും. വീട്ടിൽ അത്യാവശ്യം നല്ല ചുറ്റുപാടുണ്ട്. എന്നാലും എന്തെങ്കിലുമൊക്കെ ചെയ്ത് പണമുണ്ടാക്കണം എന്ന ലക്ഷ്യം വച്ച് സ്കൂളിൽ പഠിക്കുമ്പോൾ തന്നെ കൂട്ടുകാരനുമൊത്ത് വീട്ടുകാർ അറിയാതെ സെക്കന്റ് ഹാന്റ് മൊബൈൽ ഫോൺ വിൽപന തുടങ്ങി. പക്ഷേ അമ്മ ഇതു കണ്ടു പിടിച്ചു, ഫോണെല്ലാം വലിച്ചെറിഞ്ഞു. അതോടെ അത് നിറുത്തി.

ഫിനാൻസ് ഉൽപ്പന്നങ്ങളിലേയ്ക്ക്

പഠനമുപേക്ഷിച്ച് വീട്ടിൽ വെറുതെ ഇരിക്കുന്നത് അത്ര സുഖമുള്ളതായിരുന്നില്ല. കുറെ സമയം ചെസ് കളിച്ച് കളയും. അങ്ങനെ ചെസിൽ ചാമ്പ്യനായി. മനസ് എവിടെയൊക്കെയോ അലയുകയാണ്. എന്തെങ്കിലും കാര്യമായി ചെയ്യണം. പണം ഉണ്ടാക്കണം. സ്കൂൾ സർട്ടിഫിക്കറ്റുമില്ല, ജോലിക്ക് അപേക്ഷിക്കാൻ 18 വയസ് ആയിട്ടുമില്ല. അങ്ങനെയിരിക്കെ ബാംഗ്ലൂരിലെ ഒരു കോൾ സെൻ്ററിൽ 8000 രൂപ ശമ്പളത്തിനു ജോലിക്കു കയറി. അപ്പോൾ വയസ് 17. ഇംഗ്ലണ്ടിലെ മുതിർന്ന പൗരന്മാർക്ക് പേഴ്സണൽ ഇൻഷുറൻസിനെക്കുറിച്ച് പറഞ്ഞു കൊടുക്കുന്നതായിരുന്നു ജോലി. കമ്പനി അതിനു വേണ്ട പരിശീലനവും കൊടുത്തിരുന്നു. ഫിനാൻസ് ഉൽപ്പന്നങ്ങൾ വിൽക്കാൻ ഇതു വഴി നല്ല വൈദഗ്ധ്യം ലഭിച്ചു. ജോലി സമയം രാത്രിയായിരുന്നു. പകൽ ധാരാളം സമയം വെറുതെ പോവുന്നു. ശമ്പളത്തിൽ നിന്ന് മിച്ചം വച്ച് സൂക്ഷിച്ചിരുന്ന പണമെടുത്ത്  ഓഹരി വ്യാപാരം ചെയ്യാൻ തീരുമാനിച്ചു. തുടക്കത്തിൽ കുറെ നഷ്ടം വന്നു. എങ്കിലും അതൊന്നും പിന്തിരിപ്പിച്ചില്ല. സാവധാനം കോൾ സെന്ററിലെ മാനേജർമാർക്കു വേണ്ടിയും ട്രേഡ് ചെയ്യാൻ തുടങ്ങി. ലാഭം കിട്ടാൻ തുടങ്ങിയതോടെ കൂടുതൽ പേർ ട്രേഡിങിനായി സമീപിച്ചു. ഇത് ആത്മവിശ്വാസം കൂട്ടി. 19-ാം വയസ്സിൽ കോൾ സെൻറർ ജോലി വിട്ടു. സഹോദരൻ നിധിൻ കമ്മത്തുമായി ചേർന്ന് കമ്മത്ത് അസോസിയേറ്റ്സ് എന്ന സ്ഥാപനം തുടങ്ങി. ഒരു സബ് ബ്രോക്കിങ് സ്ഥാപനമായാണ് പ്രവർത്തിച്ചു കൊണ്ടിരുന്നത്. കിട്ടുന്ന സർവീസ് ചാർജിന്റെ 40%വും മെയിൻ ബ്രോക്കറിനു കൊടുക്കണം. തങ്ങളുടെ കഴിവുപയോഗിച്ച് ചെയ്യുന്ന ബിസിനസാണ്.. അതിന്റെ നല്ലൊരു ശതമാനവും വെറുതെയിരിക്കുന്ന ആൾ കൊണ്ടു പോവുക എന്നത് ന്യായമല്ലല്ലോ.. എന്നാൽ പിന്നെ സ്വന്തമായൊരു ബ്രോക്കിങ് സ്ഥാപനം ഇടുകയല്ലേ നല്ലത് എന്ന ചിന്ത ശക്തമായി.

Zerodha

തലവര മാറ്റിയ സിറോദ

റോദയെന്നാൽ തടസം. സിറോദ യെന്നാൽ സീറോ തടസം. തടസങ്ങളേതുമില്ലാതെ ആർക്കും ട്രേഡിങ് ചെയ്യാം. 2010 ൽ സഹോദരൻ നിധിൻ കമ്മത്തുമായി ചേർന്ന്  സിറോദ ബ്രോക്കിങ് ലിമിറ്റഡിനു തുടക്കമിട്ടു. ഇന്ന് അഞ്ച് ദശലക്ഷം ആക്ടീവ് ഉപയോക്താക്കളോടുകൂടി ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായി സിറോദ വളർന്നു. ഉപയോക്താക്കൾക്ക് സൗകര്യപ്രദമായി ഉപയോഗിക്കാനായി സാങ്കേതിക മികവ് വരുത്തിയതും ചുരുങ്ങിയ സർവീസ് ചാർജും ആണ് ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വളർച്ച നേടാനായത്. 

പിഴയ്ക്കാത്ത തന്ത്രം

വിറ്റുവരവിന്റെ പകുതിയോളവും കമ്മീഷനും മറ്റു ചാർജുകളുമായി ബ്രോക്കർമാർ ഈടാക്കാറുണ്ട്. ഇത് കസ്റ്റമറിനെ സംബന്ധിച്ച് വലിയ നഷ്ടമാണുണ്ടാക്കുക. ഇതിന് ഒരു പരിഹാരം എന്തു ചെയ്യാം എന്നായി തങ്ങളുടെ ചിന്തകൾ എന്നു നിഖിൽ പറയുന്നു. ഇടപാടുകൾക്ക് ഒരു ഫ്ലാറ്റ് റേറ്റ് കൊണ്ടു വന്നാലോ  എന്നു തോന്നി. അങ്ങനെയാണ് ഇടപാടൊന്നിന് 20 രൂപ എന്ന ആശയം ആവിഷ്കരിച്ചത്. അത് ക്ലിക്കായി. അതോടെ റജിസ്ടർ ചെയ്യുന്നവരുടെ എണ്ണം കൂടി തുടങ്ങി. എന്തെങ്കിലുമൊക്കെ ലാഭം കിട്ടിയാലെ ആളുകൾ ട്രേഡിങിനു വരു. നഷ്ടമാണെങ്കിൽ കമ്പ്യൂട്ടർ ഓഫ് ചെയ്തു വെറുതെ ഇരിക്കും. ആദ്യം തന്നെ ഫിൻ ടെക്കിൽ അതിനൂതന വിദ്യകൾ കൊണ്ടുവന്നു. പിന്നീട് കസ്റ്റമറിന് ലാഭം നേടികൊടുക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിച്ചു. 

വിശ്വാസ്യത നൽകിയ വിജയം

വിശ്വാസ്യതയുടെ മൂലക്കല്ലിന്മേലാണ് ഏതൊരു ബിസിനസും വളരുന്നത്. ഫിനാൻസ് സർവീസ് കമ്പനികളുടെ കാര്യത്തിൽ ഇത് നൂറു ശതമാനവും ശരിയാണ്. സിറോദ തുടങ്ങി ആദ്യ രണ്ടു വർഷങ്ങൾ കേവലം 1000 യൂസർമാരാണുണ്ടായിരുന്നത്. ഇന്നത് 5 ദശലക്ഷത്തിലധികമായി വളരാൻ കാര്യം സിറോദയുടെ വിശ്വാസ്യത തന്നെ. ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച  ഇലക്ട്രോണിക് ട്രേഡിങ്  പ്ലാറ്റ്ഫോം ആണിത്. ഇക്വിറ്റി, ഡെറിവേറ്റീവ്സ്, കറൻസി, കമ്മോഡിറ്റി, മ്യൂച്ചൽ ഫണ്ടുകൾ, ബോണ്ടുകൾ എന്നിവയെല്ലാം ഒറ്റ കുടക്കീഴിൽ ട്രേഡ് ചെയ്യാം. 1100 ജോലിക്കാരുണ്ട്. ഓഹരി വിപണിയിലെ സാധ്യതകൾക്ക് ഒരു കുറവുമില്ല. ഇന്ന് കണ്ട വിപണിയല്ല നാളെ കാണുക. അത് ആളുകളെ ആകർഷിച്ചു കൊണ്ടേയിരിക്കും. ഇതാണ് നിഖിലിന്റെ പക്ഷം. സഹോദരൻ നിധിന് ബ്രോക്കിങിന്റെ ചുമതലയാണ്. ട്രേഡിങിന്റെ ചുമതല നിഖിലിനും.

Nikhil-kamath-fb

ഇനി സ്വന്തം മ്യൂച്ചൽ ഫണ്ടും

പുതിയ അസറ്റ് മാനേജ്മെൻ്റ് കമ്പനി തുടങ്ങുന്നതിന് നിഖിലിന് സെബിയുടെ അംഗീകാരം ലഭിച്ചത് ഈയിടെയാണ്. ധനകാര്യ സർവീസ് രംഗത്തെ കമ്പനികളിൽ നിക്ഷേപം നടത്തുന്നതിൽ അതീവ തൽപരനാണ്. ഇതിനായി റെയിൻ മാറ്റർ എന്ന പേരിൽ ഒരു വെഞ്ച്വർ കാപിറ്റൽ കമ്പനി നടത്തുന്നുണ്ട്. ഹൈ നെറ്റ് വർത്ത് ഗ്രൂപ്പിൽ പെട്ട നിക്ഷേപകർക്കായി ട്രൂ ബീക്കൺ എന്ന പേരിൽ ഇൻവെസ്റ്റ്മെൻറ് മാനേജ്മെൻറ് സ്ഥാപനവും ഇവർക്കുണ്ട്.

വേറിട്ട ഐഡിയോളജി, സ്വന്തമാക്കിയത് ശതകോടീശ്വര സാമ്രാജ്യം

തന്റേതായ തത്വങ്ങൾ പ്രയോഗിച്ചു കൊണ്ട് ഇന്ത്യൻ ഓഹരി വിപണിയിലെ ഇതിഹാസമായി മാറാൻ ഈ മുപ്പത്തിനാലുകാരന് അധികനാൾ വേണ്ടി വന്നില്ല. കൗമാരക്കാരന്റെ കൗതുകത്തോടെ ട്രേഡിങിൽ കൈവച്ചപ്പോൾ ഓർത്തു കാണില്ല, ആളുകൾ കേൾക്കാൻ കാത്തിരിക്കുന്ന സ്ട്രാറ്റജിസ്റ്റായി മാറുമെന്ന്.

English Summary : The Inspiring Success Story of Nikhil Kammath the Co founder of Zerodha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com