ADVERTISEMENT

ഒരു സംരംഭമോ ഉൽപന്നമോ വിപണിയിലെത്തിക്കുമ്പോൾ അതിനൊരു ബ്രാൻഡ് നെയിം ഉണ്ടെങ്കിൽ നല്ലതാണ്. ബിസിനസിന്റെ വളര്‍ച്ചയ്ക്ക് അത് ഏറെ സഹായകരമായിരിക്കും. 

പുതുതായി വിപണിയിലെത്തുന്ന സംരംഭങ്ങൾക്കോ ഉൽപന്നങ്ങൾക്കോ ഒരു പേരു നൽകി ബ്രാൻഡായി വളർത്തിയെടുക്കുകയെന്നത് കേൾക്കുമ്പോൾ എളുപ്പമായി തോന്നാം. എന്നാൽ, കാര്യത്തോടടുക്കുമ്പോഴാണ് ഇതിലെ ബുദ്ധിമുട്ട് മനസ്സിലാകുക. വൻകിട ബിസിനസുകാര്‍ക്ക് കൺസൾറ്റന്റുമാർ സഹായത്തിനുള്ളതു കൊണ്ട് അധികം തല പുകയ്ക്കേണ്ടി വരില്ല. എന്നാൽ, ലഘുസംരംഭകരുടെ കാര്യം അങ്ങനെയല്ലല്ലോ. ഇവിടെ അവർ സ്വയംപര്യാപ്തരാകേണ്ടതുണ്ട്. 

ബ്രാൻഡ് നാമങ്ങൾ പലതരം

1. ബ്രാൻഡ് നൽകുന്ന ഉൽപന്നത്തിന്/സേവനത്തിന് മുൻ‌തൂക്കം നൽകിക്കൊണ്ടുള്ളത് (ഉദാഹരണത്തിന് ബ്രീത് ഈസി, അക്വാ ഗാർഡ്). 

2. ഉൽപന്നത്തിനും സേവനത്തിനും പ്രാധാന്യം നൽകാതെ ശ്രദ്ധിക്കപ്പെടാനിടയുള്ളതും സുപരിചിതവുമായ പേര് (ഉദാ: ആപ്പിൾ, ആമസോൺ).

3. ഇവ രണ്ടുമല്ലാതെ ചില രീതികൾ, നിഘണ്ടുവിലില്ലാത്തൊരു വാക്ക് (ഉദാ: ഗൂഗിൾ), ഉച്ചാരണഭംഗിക്ക് മുൻ‌തൂക്കം നൽകി (ഉദാ: കോക്കക്കോള, ഡങ്കിൻ ഡോണട്സ്), പദങ്ങളുടെ ആദ്യാക്ഷരങ്ങൾ കൂട്ടിച്ചേർത്തു കൊണ്ട് (ഉദാ: BMW), ഭൗമശാസ്ത്രപരമായ പേരുകൾ (അമേരിക്കൻ ടൂറിസ്റ്റർ), സ്ഥാപകന്റെയോ അയാൾക്ക് വേണ്ടപ്പെട്ടവരുടെയോ പേര് നൽകിക്കൊണ്ട് (ഉദാ: ഫോഡ്) എന്നിങ്ങനെ പോകുന്നു ആ നീണ്ടനിര. 

1. പറയാനും കേൾക്കാനും എളുപ്പമാകണം 

ഏത് ബ്രാൻഡിന്റെ പേരായാലും ഉപഭോക്താവിന്റെ ഓർമശക്തിയെ പരീക്ഷിക്കുന്നതാകരുത്. ലളിതമാകണം. ‘തൃഭോവൻദാസ് ഭീംജി സാവേരി’ എന്നൊരു സ്വർണ വ്യാപാര സ്ഥാപനത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? 1864 ൽ സ്ഥാപിതമായ ഈ സ്ഥാപനത്തിന് പുത്തൻകാലത്തെ ഉപഭോക്താവിന്റെ ശ്രദ്ധ ക്ഷണിക്കാൻ ‘tbz’ എന്ന ചുരുക്കെഴുത്തിലേക്ക് മാറേണ്ടിവന്നു.

ഇനി വലിയ പേരു നൽകി കഴിഞ്ഞാലും പോംവഴിയുണ്ട്. കാർ നിർമാതാക്കളായ ഷെവർലെ (Chevrolet) ആ പേര് ഉച്ചരിക്കാൻ അൽപം കടുപ്പമാണെന്നത് മനസ്സിലാക്കി ‘ഷെവി’ എന്നൊരു ഓമനപ്പേരു കൂടി അനൗദ്യോഗികമായി നൽകി. ഈ തന്ത്രം വിജയിച്ചു. ഇതു പോലെ നിങ്ങൾക്കും പരീക്ഷിക്കാവുന്നതാണ്. 

2. പരിചിതമായാൽ നല്ലത് 

പറയാൻ എളുപ്പമുള്ളതാണെങ്കിലും ഗൂഗിൾ, അഡിഡാസ് എന്നിങ്ങനെയൊക്കെ നിഘണ്ടുവിൽ ഇല്ലാത്ത പദങ്ങൾ വമ്പന്മാർ ഇട്ടാലും അവർക്കതിനെ ഉപഭോക്താവിന്റെ മനസ്സിൽ കുടിയിരുത്തുവാനുള്ള മാർക്കറ്റിങ് തന്ത്രങ്ങൾ വശമുണ്ടാകും എന്നാൽ, ലഘുസംരംഭകരുടെ കാര്യം അതുപോലെയല്ല. അതുകൊണ്ട് ഉപഭോക്താക്കൾക്ക് ചിരപരിചിതമാകുന്ന രീതിയിൽ വേണം ബ്രാൻഡ് നാമങ്ങൾ നിശ്ചയിക്കാൻ.

3. വ്യത്യസ്ത വിട്ടൊരു കളിയും പാടില്ല 

ലളിതവും പരിചിതവുമായ പേരു വേണം എന്നു പറയുമ്പോഴും വ്യത്യസ്തതയ്ക്ക് മുൻ‌തൂക്കം നൽകണം. പേര് ഒരു ബ്രാൻഡിനെ സംബന്ധിച്ചിടത്തോളം വിപണിയിൽ വേറിട്ടു നിർത്തുന്ന ഘടകമാണ്. അതിൽ വ്യത്യസ്തതയില്ലെങ്കിൽ പിന്നെന്തുണ്ടായിട്ടെന്ത് കാര്യം? 

ടാറ്റ സ്കൈ, ജാഗ്വാർ തുടങ്ങിയ പേരുകൾ നോക്കൂ ഒരേ സമയം ഇവിടെ സൂചിപ്പിച്ച മൂന്ന് കാര്യങ്ങളെയും ഒരുപോലെ ഉൾക്കൊള്ളുന്നവയാണ് ആ പേരുകൾ. ഇത്തരത്തിലുള്ളവ തിരഞ്ഞെടുത്താൽ ബിസിനസ് വിജയത്തിലേക്കുള്ള ദൂരം ഒരു പടി കുറഞ്ഞു കിട്ടും.

ലേഖകൻ കുസാറ്റ് സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ ഗവേഷകനാണ്. MSME കൺസൽറ്റിങ് രംഗത്തും പ്രവർത്തിക്കുന്നു. Mail: sajidnasar@cusat.ac.in

English Summary: Role of Successful Brand Name in the Growth of a Business

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com