ADVERTISEMENT

കോവിഡാനന്തര കാലഘട്ടത്തിൽ പൊതുവിദ്യാഭ്യാസത്തിനൊപ്പം നൈപുണ്യ വികസനവും സാധ്യമാകണമെന്ന് കേന്ദ്ര ഇലക്ട്രോണിക്- വിവരസാങ്കേതിക- നൈപുണ്യവികസന- സംരംഭകത്വ സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. മനോരമ സമ്പാദ്യം സംഘടിപ്പിച്ച വെർച്വൽ ഫിനാൻഷ്യൽ സമ്മിറ്റിന്റെ ഓൺലൈൻ സമാപനചടങ്ങിൽ  സംസാരിക്കുകയായിരുന്നു അദേഹം. 

ഇന്നു ഉന്നതവിദ്യാഭ്യാസത്തിനൊപ്പം ഏതെങ്കിലും തൊഴിൽ മേഖലയിലുള്ള നൈപുണ്യവും അത്യാവശ്യമായി മാറിയിരിക്കുന്നു. ജോബ് മാർക്കറ്റിൽ മുൻനിരയിൽ സ്ഥാനമുറപ്പിക്കാൻ ഈ കാര്യശേഷി സഹായിക്കും. സ്കൂൾതലം മുതൽ കുട്ടികളിലെ അഭിരുചികൾ തിരിച്ചറിഞ്ഞ്  പൊതുവിദ്യാഭ്യാസത്തിനൊപ്പം നൈപുണ്യ വികസനത്തിന് വേണ്ട സാഹചര്യങ്ങൾ കൂടി നാം സൃഷ്ടിക്കണം. പഠനത്തോടൊപ്പം സ്കില്ലും വളരണം.എങ്കിൽ മാത്രമേ  പുതിയ ലോകത്ത്  മികവോടെ മുന്നോട്ടു പോകാനാകൂ. മന്ത്രി പറഞ്ഞു.

ഡിജിറ്റൽ സാധ്യതകൾ 

ഈ  ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ്  കേന്ദ്ര സർക്കാർ  നാഷനൽ എഡ്യൂക്കേഷൻ പോളിസി 2020 ന് രൂപം കൊടുത്തത്. കോവിഡ് പശ്ചാത്തലത്തിൽ അതിനു പ്രസക്തി വർധിച്ചു. സയൻസ് പഠിക്കുന്നതിനൊപ്പം ഒരു സ്പെഷലൈസ്ഡ് സ്കിൽ കൂടിയുണ്ടെങ്കിൽ  പഠനശേഷം  ജോലി സാധ്യത കൂടാം. മന്ത്രി പറഞ്ഞു. 

കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും ഇവിടെ തന്നെ അതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുകയാണ് വേണ്ടതെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാർ തലത്തിൽ പങ്കാളിത്ത സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കാം. മികച്ച വിപണി സാഹചര്യങ്ങൾക്ക് ഇതു സഹായകരമായിരിക്കും. കോവിഡ്  കാലത്ത് ഡിജിറ്റൽ മാർക്കറ്റിങ്ങിന്  വളരെ പ്രസക്തിയുണ്ട്. ഏതൊരു സംരംഭത്തെക്കുറിച്ച് ആലോചിക്കുന്നതിനൊപ്പം അതിന്റെ  ഡിജിറ്റൽ സാധ്യതകൾ കൂടി  കാണണം.  

എല്ലാ മലയാളി സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും പ്രയോജനപ്പെടുത്താവുന്ന വിധത്തിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ  ഇ കൊമേഴ്സ് പോർട്ടൽ തുടങ്ങണം. നിലവിൽ ഇത്തരം സംവിധാനം പ്രവർത്തിക്കുന്നുണ്ടെങ്കിലും  അത് കൂടുതൽ കാര്യക്ഷമമാക്കി ജനങ്ങളിലേക്ക് എത്തിക്കുകയാണ് വേണ്ടത്. ഏതൊരു ഉൽപന്നത്തിനും വിപണിയിൽ വിജയം നേടണമെങ്കിൽ അത്തരത്തിലൊരു പ്ലാറ്റ്ഫോം വേണം.

നൈപുണ്യ ശേഷി മെച്ചപ്പെടുത്തണം

വിദേശ മലയാളികളുടെ സംഭാവന കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥിതിയിൽ വളരെ വലുതാണ്. തൊഴിൽപരമായ പ്രതിസന്ധിയിൽ പ്രവാസം അവസാനിപ്പിച്ച് മടങ്ങിയെത്തുന്നവരുടെ  നൈപുണ്യ ശേഷി കാലാനുസൃതമായി മെച്ചപ്പെടുത്തി നാട്ടിലോ തിരികെ വിദേശത്ത് തന്നെയോ മികച്ച തൊഴിൽ-സംരംഭക സാധ്യതകൾ കണ്ടെത്താനാകും.  വനിതാ സംരംഭക മേഖലയിലും ഇതുപോലെ ഒട്ടേറെ സാധ്യതയുണ്ട്. വീട്ടിലിരുന്ന് ചെയ്യുന്ന ബിസിനസ് ആണെങ്കിലും  അവിടെയും ഡിജിറ്റലൈസേഷൻ സാധ്യതകൾ പ്രയോജനപ്പെടുത്താം.

ദേശീയതലത്തിൽതന്നെ ഉള്ള ഒരു സ്കിൽ നെറ്റ്‌വർക്കാണ് സ്കിൽ ഇന്ത്യാ മിഷനിലൂടെ ലക്ഷ്യംവയ്ക്കുന്നത്. യുവജന തൊഴിൽ കിട്ടാനും നൈപുണ്യ വികസനത്തിനും ഒട്ടേറെ സാധ്യതകളുള്ള ഒരു കരിക്കുലം  ആണ് ഇതിൽ പിന്തുടരുന്നത്. ഡിജിറ്റൈസേഷൻ ഓഫ് സ്കില്ലിങ്ങ് ആണ് ഇപ്പോൾ നടക്കുന്നത്.

വെർച്വൽ ഫിനാൻഷ്യൽ സമ്മിറ്റിന്റെ ഭാഗമായി 'വരുമാനത്തിനും സമ്പാദിക്കാനും നിക്ഷേപിക്കാനും വൈദഗ്ധ്യ വികസനത്തിന്റെ പ്രാധാന്യം' എന്ന വിഷയത്തിൽ  സംസാരിക്കുകയായിരുന്നു  രാജീവ് ചന്ദ്രശേഖർ. ഒരു മാസക്കാലം നീണ്ടുനിന്ന സമ്മിറ്റിൽ  സാമ്പത്തിക ലോകത്തെ സാധ്യതകളുമായി ബന്ധപ്പെട്ട ഒട്ടേറെ വെബിനാറുകൾ, ചർച്ചകൾ തുടങ്ങിയവ നടക്കുകയുണ്ടായി.

 സോളാർ എനർജി രംഗത്തെ  പ്രമുഖരായ മുരിക്കൻസ് ഗ്രൂപ്പായിരുന്നു മുഖ്യ പ്രായോജകർ ക്യാപ്സ്റ്റോക്ക് സെക്യൂരിറ്റീസും അഹല്യ ഫിൻ ഫോറക്സുമായിരുന്നു  സഹ പ്രായോജകർ. സമാപന ചടങ്ങിൽ  മലയാള മനോരമ  മാർക്കറ്റിങ്  സർവീസ് ആൻഡ് സൊലൂഷൻസ് വൈസ് പ്രസിഡൻറ് ജോയി മാത്യു, സമ്പാദ്യം എഡിറ്റർ ഇൻ ചാർജ് എസ്. രാജ്യശ്രീ  തുടങ്ങിയവർ പങ്കെടുത്തു.

English Summary : According to Minister Rajeev Chandrasekhar Education and Skill Development Should Go hand in Hand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com