ADVERTISEMENT

എല്ലാവർക്കും ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ അതെ രീതിയിൽ തന്നെ ചെയ്ത് പൂർത്തിയാക്കുന്നതിലല്ല, മറ്റുള്ളവർക്ക് അസാധ്യമെന്നു തോന്നി പിന്തിരിഞ്ഞ കാര്യങ്ങൾ ഏറ്റെടുത്ത് അതിൽ വിജയം കൈവരിക്കുമ്പോഴാണ് യഥാർത്ഥ നേതാവാകുന്നത്. അങ്ങനെ നോക്കിയാൽ അക്ഷരം തെറ്റാതെ നല്ല നേതാവെന്ന് വിളിക്കേണ്ട വ്യക്തിയാണ് കഫെ കോഫി ഡേ എന്ന സ്ഥാപനത്തിന്റെ നിലവിലെ സിഇഒ മാളവിക ഹെഗ്‌ഡെ. ഏറെ പ്രതീക്ഷയോടെ ബെംഗളൂരു കേന്ദ്രമാക്കി മാളവികയുടെ ഭർത്താവും വ്യവസായിയുമായ വിജി സിദ്ധാർഥ 1996 ൽ ആരംഭിച്ച സ്ഥാപനമാണ് കഫെ കോഫി ഡേ. കാപ്പി കടയ്ക്ക് ഇത്ര വലിയ നിക്ഷേപമോ എന്ന് ചോദിച്ചവരുടെ വായടപ്പിച്ചുകൊണ്ട്, സ്വന്തമായി കാപ്പി കൃഷി ചെയ്ത്, സ്വയം വികസിപ്പിച്ച മെഷീനിൽ കാപ്പിയുണ്ടാക്കി സ്വന്തമായി നിർമിച്ച ഫർണിച്ചറുകളിൽ ആളുകളെ സൽക്കരിച്ചായിരുന്നു കഫെ കോഫി ഡേ എന്ന സ്ഥാപനം തന്റേതായ ഇടം കണ്ടെത്തിയത്. 

 കോഫി കുടിക്കുന്നിടത്തെ ബ്രാൻഡാക്കി

കോഫിയെ ഒരു ബ്രാൻഡാക്കാതെ, കോഫി കുടിക്കുന്നിടത്തെ ഒരു ബ്രാൻഡാക്കി, അതിലൂടെ ഹാങ്ങ് ഔട്ട് സ്‌പേസിന് തന്റേതായ ഒരു കൾച്ചർ ഉണ്ടാക്കിയെടുക്കാൻ സിദ്ധാർത്ഥയുടെ കഫെ കോഫി ഡേയ്ക്ക് കഴിഞ്ഞു. 2011  ആയപ്പോഴേക്കും ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി 1000 ഔട് ലെറ്റുകൾ കഫെ കോഫി ഡേ സ്വന്തമാക്കി. എന്നാൽ അമ്പരപ്പിക്കുന്ന ഈ വളർച്ചയ്ക്ക് അധികം ആയുസുണ്ടായിരുന്നില്ല. പയ്യെ പയ്യെ ബിസിനസ് ഇടിയാൻ തുടങ്ങി. ഉപഭോക്താക്കളെ കണ്ടെത്താനാവാതെ പല ഷോപ്പുകളും ഒഴിഞ്ഞു കിടന്നു. എന്നാൽ സിദ്ധാർത്ഥ തന്റെ സ്വപ്‌നങ്ങൾ തിരിച്ചു പിടിക്കാനായി പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ കടക്കെണിയിൽ മുങ്ങി താഴ്ന്നതോടെ, 2019 ജൂലൈ 31ന് വിജി സിദ്ധാർഥ നേത്രാവതി നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്തു. അതോടെ അനാഥമായ കഫെ കോഫി ഡേ എന്ന സ്ഥാപനത്തിന്റെ അമരത്തേക്ക് അദ്ദേഹത്തിന്റെ ഭാര്യ മാളവിക ഹെഗ്‌ഡെ എത്തി. അന്ന് സ്ഥാപനത്തിന്റെ നേതൃത്വത്തിനൊപ്പം മാളവിക ഏറ്റെടുത്തത് 7200  കോടി രൂപയുടെ കടം കൂടിയായിരുന്നു. 

coffee1

2  കൊല്ലം കൊണ്ട് വീട്ടിയത് 5500 കോടിയുടെ ബാധ്യത

ഭർത്താവ് ആത്മഹത്യ ചെയ്തശേഷം അതും കോവിഡ് കാലത്ത്, 7200  കോടിയുടെ കടബാധ്യത ഉൾപ്പെടെ ഒരു കമ്പനിയുടെ സാരഥ്യം ഏറ്റെടുക്കേണ്ടി വരികയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ മാളവിക അത് തന്റെ ചുമതല എന്നതിൽ ഉപരി വാശിയായി തന്നെ ഏറ്റെടുത്തു. പിന്നീട് കഫെ കോഫി ഡേ എന്ന സ്ഥാപനം കണ്ടത് മികച്ച ഒരു ഭരണതന്ത്രജ്ഞയുടെ എല്ലാവിധ മികവോടും കൂടി ബിസിനസ് മുന്നോട്ട് കൊണ്ടുപോകുന്ന മാളവികയെയാണ്. കമ്പനിയെ ലാഭത്തിലാക്കുക എന്നതിനേക്കാൾ ശ്രമകരമായിരുന്നു കടബാധ്യത ഒഴിവാക്കുക എന്നത്. ഇതിനായി മാളവിക പ്രധാനമായും നാല് കാര്യങ്ങളായി ശ്രദ്ധിച്ചത് .

1 . കമ്പനിയുടെ നിജസ്ഥിതി വെളിപ്പെടുത്തി തൊഴിലാളികളെ കൂടെ നിർത്തുക 

2 ലാഭകരമല്ലാത്ത ഔട്ട്ലെറ്റുകൾ പൂട്ടുക 

3 കോഫി വെന്റിങ് മെഷീനുകൾ സ്ഥാപിക്കുക 

4  കാപ്പിക്കുരുവിന്റെ കയറ്റുമതിയിൽ ശ്രദ്ധകേന്ദ്രീകരിക്കുക 

എല്ലാം തൊഴിലാളികളുടെ സമ്മതത്തോടെ 

ഒരു സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കരുത്ത് വിശ്വസ്തരായ തൊഴിലാളികൾ തന്നെയാണെന്ന് ഉറപ്പിക്കുകയാണ് മാളവിക ഹെഗ്‌ഡെ. സ്ഥാപനത്തിന്റെ  ചുമതല ഏറ്റെടുക്കുന്നതിനു മുൻപ് കമ്പനിയിലെ 25000 ജീവനക്കാർക്ക് മാളവിക ഒരു കത്തയച്ചു. കമ്പനിയുടെ നിലവിലെ അവസ്ഥ വിശദീകരിച്ചു കൊണ്ടുള്ളതായിരുന്നു കത്ത്. കമ്പനിയുടെ നല്ല ഭാവിക്കായി കുറച്ചു നിക്ഷേപങ്ങൾ കൂടി വിറ്റ് കടം നികത്തുകയാണെന്നായിരുന്നു കത്തിലെ ഉള്ളടക്കം. തുറന്ന പുസ്തകമെന്നവണ്ണമായിരുന്നു മാളവികയുടെ തുടക്കം. മാളവികയെ അനുകൂലിച്ചവർ കൂടെ നിന്നു. തുടർന്ന് മുന്നോട്ടുള്ള യാത്രയത്രയും കൂടെയുള്ള തൊഴിലാളികളെ പ്രോത്സാഹിപ്പിച്ചുകൊണ്ടും അവരുടെ പരിശ്രമങ്ങളെ വിലയിരുത്തിയുമായിരുന്നു.നേതൃസ്ഥാനത്തിരുന്നു കാര്യങ്ങൾ അനുസരിപ്പിക്കുന്നതിനേക്കാൾ ഏറെ പ്രയോജനം ചെയ്തത് കൂട്ടായ പ്രയത്നം ഉറപ്പുവരുത്തിക്കൊണ്ടുള്ള ഈ നീക്കമായിരുന്നു.

ലാഭകരമല്ലാത്ത ഔട്ട്ലെറ്റുകൾ എന്തിനു പ്രവർത്തിക്കണം?

വിജി സിദ്ധാർത്ഥ വളരെ ചെറിയ സമയത്തിനുള്ളിൽ ഇന്ത്യയൊട്ടാകെ ആയിരത്തോളം ഔട്ട്ലെറ്റുകൾ തുറന്നപ്പോൾ, അതിലല്ല, ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥപനങ്ങളിലാണ് കാര്യമെന്ന് മാളവിക മനസിലാക്കി. ബിസിനസ് തിരിച്ചു പിടിക്കാനുള്ള നടപടികളുടെ ഭാഗമായി മാളവിക ആദ്യം ചെയ്തത് ലാഭകരമല്ലാത്ത പ്രവർത്തിച്ചിരുന്ന ഔട് ലെറ്റുകൾ അടച്ചുപൂട്ടുക എന്നതായിരുന്നു. ഇതിലൂടെ കെട്ടിടവാടക, വൈദ്യുതി, പ്രവർത്തനച്ചെലവുകൾ തുടങ്ങി നിരവധി ചെലവുകൾ വെട്ടിക്കുറയ്ക്കാൻ കഴിഞ്ഞു. ഈ പ്രവർത്തിയിലൂടെ ഏകദേശം പകുതിയോളം ഔട് ലെറ്റുകൾ ഇല്ലാതായി. ഇന്ന് രാജ്യമാകെ 572 ഔട്ട്ലെറ്റുകളാണ് സ്ഥാപനത്തിനുള്ളത്.

കോഫി വെന്റിങ് മെഷീനുകൾ സ്ഥാപിക്കുക

വൻതുകമുടക്കി ഔട് ലെറ്റുകൾ ബ്രാൻഡിങിന്റെ ഭാഗമായി നിലനിർത്തുന്നതിനേക്കാൾ നല്ലത് കോഫി വെന്റിങ് മെഷീനുകൾ സ്ഥാപിക്കുകയാണെന്നു മാളവിക തിരിച്ചറിഞ്ഞു. ഉപഭോക്താക്കളെ ഒരു തരത്തിലും ബാധിക്കാത്ത തരത്തിലാവണം സ്ഥാപനത്തെ ബാധ്യതയിൽ നിന്നും കരകയറ്റേണ്ടത് എന്നും മാളവിക ഹെഗ്‌ഡെ ഉറപ്പിച്ചിരുന്നു. അതിനാൽ തന്നെ കാപ്പിക്ക് ഒരു രൂപ പോലും വർധിപ്പിക്കാതെയുള്ള പരിഷ്കാരമാണ് മാളവിക നടപ്പാക്കിയത്. 36000 കോഫി വെന്റിങ് മെഷീനുകൾ വിവിധ ഇടങ്ങളിൽ സ്ഥാപിക്കുകയും ചെയ്തു. 333 വാല്യു എക്സ്പ്രസ് കിയോസ്കുകളും സ്ഥാപനം ആരംഭിച്ചു. 

ccoffe

കൈ പിടിച്ചു കയറ്റിയ കയറ്റുമതി 

കഫെ കോഫി ഡെ എന്ന സ്ഥാപനത്തിന്റെ പ്രത്യേകത തന്നെ സ്വന്തം തോട്ടത്തിൽ വിളയിപ്പിച്ച ശുദ്ധമായ കാപ്പിക്കുരുവിന്റെ കാപ്പി എന്നതാണ്. ഈ കാപ്പിക്കുരുവിനു വിദേശത്തും നല്ല വിപണിയാണ്. അത് മനസിലാക്കി അറബിക്ക കാപ്പിക്കുരുവിന്റെ കയറ്റുമതിയിൽ കൂടുതൽ ശ്രദ്ധിച്ചു. വിദേശരാജ്യങ്ങളിലേക്ക് തങ്ങളുടെ 20,000 ഏക്കർ സ്ഥലത്ത് വിരിയുന്ന കാപ്പിക്കുരു കയറ്റുമതി ചെയ്തതിലൂടെ മികച്ച വരുമാനം സ്ഥാപനത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞു. അങ്ങനെ 2019 മാർച്ച് 31 ന് 7200 കോടിയുടെ നഷ്ടമുണ്ടായിരുന്ന കമ്പനി, 2020 മാർച്ച് 31ന് നഷ്ടം 3100 കോടിയായി കുറച്ചു. 2021 മാർച്ച് 31 ന് നഷ്ടം 1731 കോടി രൂപ മാത്രമായി. 

English Summary: The Challenging Story of Malavika Hedge and Cafe Coffee Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com