ADVERTISEMENT

രണ്ടര വർഷം മുൻപ് അസ്തമിച്ച സൂര്യതേജസ്സിൽനിന്ന് ഉദിച്ചുയർന്ന വെൺചന്ദ്രികയുടെ പ്രകാശം, ഇരുട്ടിൽ മുങ്ങിയ ഒരു സാമ്രാജ്യത്തെ വഴിനടത്തിയ കഥയാണ്. 2019 ജൂലൈയിൽ മംഗാലപുരത്തിനു സമീപം നേത്രാവതി പുഴയിൽ ആത്മഹത്യ ചെയ്ത കഫേ കോഫി ഡേ (സിസിഡി) സ്ഥാപകൻ വി.ജി.സിദ്ധാർഥയുടെ ഭാര്യ മാളവിക ഹെഗ്ഡെയുടെ അതിജീവനത്തിന്റെ കഥ. 

ഒരു പരാജയപ്പെട്ട സംരംഭകനെന്നു സ്വയം വിശേഷിപ്പിച്ച് സിദ്ധാർഥ ജീവനൊടുക്കുമ്പോൾ സിസിഡി ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട കോഫി ഷോപ് ശൃംഖലയായിരുന്നു. കാപ്പി ഒരു പാനീയം മാത്രമല്ല, ഒരു സംസ്കാരവും ആഘോഷവും കൂടിയാണെന്ന് അവിടെത്തുന്ന ഓരോരുത്തരെയും ഓർമിപ്പിച്ച സ്ഥാപനം. 

പുഴയിൽ കാണാതായ സിദ്ധാർഥയുടെ മൃതദേഹം 36 മണിക്കൂറിനു ശേഷം കിട്ടുമ്പോഴേക്കും കഫേ കോഫി ഡേയുടെ കടക്കെണിയെപ്പറ്റിയുള്ള വാർത്തകൾ ഇന്ത്യയൊട്ടാകെയുള്ള മാധ്യമങ്ങളിലൂടെ എല്ലാവരും അറിഞ്ഞു കഴിഞ്ഞിരുന്നു. 7200 കോടി രൂപ കടമുള്ള സിസിഡിക്ക് താഴിടുകയല്ലാതെ മറ്റൊരു മാർഗവും വാണിജ്യവിചക്ഷണന്മാർക്കു പോലും നിർദേശിക്കാനായില്ല. 

പിന്തുണ തുടക്കം മുതൽ

1996ൽ ബെംഗളൂരുവിലെ ബ്രിഡേഗ് റോഡിൽ ആദ്യത്തെ സിസിഡി കോഫി ഷോപ് ഉദ്ഘാടനം ചെയ്യുമ്പോൾ സിദ്ധാർഥയ്ക്കൊപ്പം ഉണ്ടായിരുന്നു മാളവിക. കോഫി ഷോപ്പെന്ന സിദ്ധാർഥയുടെ ആശയം പരിഷ്കരിച്ച് സിസിഡിയിലെത്തിച്ചതിൽ മാളവികയ്ക്കും വലിയ പങ്കുണ്ട്. സാധാരണ കടകളിൽ കാപ്പിക്ക് 5 രൂപ വിലയുള്ളപ്പോഴാണ് സിസിഡി വഴി 25 രൂപയ്ക്ക് കാപ്പി വിൽക്കാൻ സിദ്ധാർഥ ആലോചിച്ചത്. ആദ്യം തന്നെ മാളവിക അതിനെ എതിർത്തു. പിന്നീട് ആ ആശയം പരിഷ്കരിച്ച് കാപ്പിയോടൊപ്പം ഇന്റർനെറ്റ് ബ്രൗസിങ്ങും എന്ന മട്ടിൽ പുനരാവിഷ്കരിച്ചപ്പോൾ മാളവിക പിന്തുണച്ചു. 

കമ്പനിയുടെ തുടക്കം മുതൽ ബോർഡിൽ അംഗമായിരുന്ന മാളവിക 2008 മുതൽ സിസിഡിയുടെ ദൈനംദിനപ്രവർത്തനങ്ങളുടെ ചുമതലയും വഹിച്ചിരുന്നു. 

ജീവനക്കാർക്കുള്ള കുറി‌പ്പ്

സിദ്ധാർഥയുടെ മരണത്തോടെ സിസിഡിയും ഓർമയാകുമെന്നു കരുതിയ ജീവനക്കാർക്ക് ഏതാനും ദിവസങ്ങൾക്കുള്ളിൽ മാളവികയുടെ കുറിപ്പ് എത്തി. കഫേ കോഫി ഡേയുടെ ഭാവിയ്ക്കായി താൻ പ്രവർത്തിക്കുമെന്നുറപ്പു നൽകിയ മാളവിക മറ്റു ചില ആസ്തികൾ വിറ്റ് കടംകുറച്ച് മുന്നോട്ടുള്ള യാത്രയിൽ സിസിഡിക്ക് ഒപ്പമുണ്ടാകുമെന്ന് വ്യക്തമാക്കി. ബോർഡ് അംഗമായി തുടർന്നുകൊണ്ട് മാളവിക സിസിഡി എന്ന ബ്രാൻഡ് അസ്തമിക്കില്ല എന്നുറപ്പുവരുത്താൻ പരിശ്രമിച്ചു. 

2020 തുടക്കത്തിൽ കോവിഡും പിന്നാലെ ലോക്ഡൗണും വന്ന് ലാഭത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സ്ഥാപനങ്ങൾ വരെ അടച്ചുപൂട്ടിയപ്പോൾ കോടികൾ നഷ്ടത്തിലുള്ള സിസിഡിയെ മാളവിക കൈപിടിച്ചു നടത്തി. ആസ്തികൾ വിറ്റു കടം തിരികെക്കൊടുത്തു. സിദ്ധാർഥ ഒരു പരാജയപ്പെട്ട സംരംഭകനല്ലെന്ന് തെളിയിക്കാൻ ഇടപാടുകൾ സുതാര്യമാക്കി. 2020 മാർച്ച് 31 ആയപ്പോഴേക്കും സിസിഡിയുടെ കടം 3100 കോടി രൂപയായി കുറച്ച് മാളവിക എല്ലാവരെയും വിസ്മയിപ്പിച്ചു. കമ്പനിയുടെ വിശ്വാസ്യത തിരികെപ്പിടിച്ചതോടെ പുതിയ ലോണുകൾ ലഭിച്ചു. 

coffee2

പരിഷ്കാരങ്ങൾ പലവിധം

കാപ്പിയുടെ വിലയിൽ ഒരു രൂപ പോലും വർധന വരുത്താതെയുള്ള പരിഷ്കാരങ്ങളാണ് മാളവിക നടപ്പാക്കിയത്. ചെലവുചുരുക്കൽ നടപടികൾ കാര്യക്ഷമമാക്കി. നഷ്ടത്തിലുള്ള ഔട്ട്‍ലെറ്റുകൾ പൂട്ടി, വിവിധ സ്ഥാപനങ്ങളിൽ സ്ഥാപിച്ചിരുന്ന ലാഭകരമല്ലാത്ത കോഫി വെൻഡിങ് മെഷീനുകൾ പിൻവലിച്ചു. 2020 ഡിസംബറിൽ മാളവിക കോഫി ഡേ എന്റർപ്രൈസസ് ലിമിറ്റഡിന്റെ സിഇഒ ആയി ചുമതലയേറ്റു. മൂന്നു മാസങ്ങൾക്കു ശേഷം 2021 മാർച്ച് 31ന് നഷ്ടം 1731 കോടി രൂപയായി കുറച്ചു. 

ഇന്ന് ഇന്ത്യയൊട്ടാകെ സിസിഡിക്ക് 572 കോഫി ഷോപ്പുകളുണ്ട്. വിവിധ ഇടങ്ങളിലായി 36,000 കോഫി വെൻഡിങ് മെഷീനുകളും ഭക്ഷണവസ്തുക്കളും കോഫിയും പണം നൽകി എടുക്കാവുന്ന 333 വാല്യു എക്സ്പ്രസ് കിയോസ്കുകളും പ്രവർത്തിക്കുന്നു. കമ്പനിയുടെ കാപ്പിത്തോട്ടങ്ങളിൽനിന്നുള്ള കാപ്പിക്കുരു കയറ്റുമതിയും ലാഭകരമാണ്. കർണാടക മുൻമുഖ്യമന്ത്രി എസ്.എം.കൃഷ്ണയുടെ മകളായ മാളവിക സിസിഡിയെ ഒരു രൂപ പോലും കടമില്ലാത്ത കമ്പനിയാക്കി മാറ്റാനുള്ള പ്രയത്നം തുടരുകയാണ്.

English Summary: How Malavika Hegde revived Cafe Coffee Day after the tragic demise of her husband

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com