വനിതകൾക്ക് ആശ്വാസം, ഇനി സാനിറ്ററി നാപ്കിന്‍ എളുപ്പത്തിൽ വീട്ടിൽ സംസ്‌കരിക്കാം

HIGHLIGHTS
  • സാനിറ്ററി പാഡുകൾ മാത്രമല്ല, പ്രായമായവരുടെയും കുട്ടികളുടെയും ഡയപ്പറുകളും സംസ്കരിക്കാം
sanitary-niteesh
SHARE

പരിസ്ഥിതിയ്ക്ക് ദോഷം വരുത്താത്ത വിധത്തിൽ സുരക്ഷിതമായ വിധത്തിലുള്ള സാനിറ്ററി നാപ്കിനുകളുടെ സംസ്‌കരണം ഏറെ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. ഇവിടെയാണ് ഈ ദമ്പതികള്‍ വികസിപ്പിച്ചെടുത്ത ഗാർഹികമായി ഉപയോഗിക്കാവുന്ന സാനിറ്ററി ഇന്‍സിനിറേറ്റർ ശ്രദ്ധേയമാകുന്നത്. പരിസ്ഥിതിയെ യാതൊരു തരത്തിലും ബാധിക്കാതെ സാനിറ്ററി നാപ്കിനുകള്‍ 10 മിനിറ്റ് കൊണ്ട് ചാരമാക്കുന്ന ഉപകരണമാണ് ഇവര്‍ വികസിപ്പിച്ചെടുത്തത്. എറണാകുളത്ത് തെക്കൻ പറവൂര്‍ സ്വദേശികളായ ഡോ. നിതീഷ് എന്‍ ആര്‍-ഡോ. മിനു പ്രാണ്‍ എന്നിവരാണ് ഉപകരണത്തിന് പിന്നിലെ ദമ്പതികൾ. ഡോ. നിതീഷിനു തോന്നിയ ആശയം അദേഹത്തിന്റെ ദീര്‍ഘവിക്ഷണവും ചേര്‍ന്നതോടെ പ്രാവര്‍ത്തികമാവുകയായിരുന്നു. തെക്കന്‍ പറവൂരിലുള്ള കൈസൺ ഒഇഎം ഇൻഡസ്ട്രീസ് ആണ് ഇവരുടെ സ്ഥാപനം.

പത്ത് മിനിറ്റിനുള്ളില്‍ ചാരം

ഒരു ദശാബ്ദം മുമ്പ് 2012 ലാണ് വീടുകളിലുപയോഗിക്കാവുന്ന സാനിറ്ററി ഇന്‍സിനിറേറ്റര്‍ കണ്ടുപിടിക്കുന്നത്. സാനിറ്ററി നാപ്കിനുകളുടെ സംസ്‌കരിക്കുന്നത് സ്ത്രീകള്‍ക്ക് ഏറെ വെല്ലുവിളികള്‍ സമ്മാനിക്കുന്നുണ്ടെന്ന തിരിച്ചറിവില്‍ തുടങ്ങിയ അന്വേഷണമാണ് ഒടുവില്‍ 2016 ൽ എവിബി എന്ന സാനിറ്ററി ഇന്‍സിനിറേറ്ററായി പരിണമിച്ചത്. നാപ്കിനുകള്‍ ഈ ഉപകരണത്തില്‍ നിക്ഷേപിച്ച് ഓണ്‍ ആക്കിയാല്‍ പത്ത് മിനിറ്റിനുള്ളില്‍ വെറും ചാരമായി മാറും. മൂന്ന് വ്യത്യസ്ത വലുപ്പത്തിലാണ് ഉപകരണം നിര്‍മിച്ചിരിക്കുന്നത്. വീടുകളിലുപയോഗിക്കുന്ന ഏറ്റവും ചെറിയ മെഷിനില്‍ ആറ് സാനിറ്ററി നാപ്കിനുകള്‍ ഒരേ സമയം സംസ്‌കരിക്കാം. 7500 രൂപയാണ് ഇതിന്റെ വില. വീടുകളിലെ ആവശ്യങ്ങള്‍ക്കാണ് ഇത് ഉചിതം. വളരെ ചെറിയ ഈ ഉപകരണം ബാത്ത്റൂമിനുള്ളിൽ തന്നെ സ്ഥാപിക്കാം. ഇതിൽനിന്നുള്ള ചാരം വളമായി ഉപയോഗിക്കുകയോ ടോയ് ലറ്റിൽ ഫ്ളഷ് ചെയ്യുകയോ ആകാം.  ഓഫീസുകളിലും മറ്റും ഉപയോഗിക്കുന്ന ഇടത്തരം മെഷിനില്‍ 20 നാപ്കിനുകള്‍ വരെ സംസ്‌കരിക്കാം. 12500 രൂപയാണ് ഇതിന്റെ വില. ഡയപ്പറുൾപ്പടെ കത്തിക്കാവുന്ന ഏറ്റവും വലിയ ഉപകരണത്തിന് 26,500 രൂപയാണ് ഈടാക്കുന്നത്. ഇതില്‍ 40 സാനിറ്ററി നാപ്കിനുകള്‍ വരെ ഒരേ സമയം  സംസ്‌കരിക്കാന്‍ സാധിക്കും. പ്രായമായവർ ഉപയോഗിക്കുന്ന ഡയപ്പറും ഇതിൽ സുരക്ഷിതമായി കത്തിക്കാനാകും.

കോവിഡ് കാലത്ത് ആവശ്യക്കാരേറെ

ഒരു സാനിറ്ററി നാപ്കിന്‍ പ്രകൃതിയില്‍ ഉപേക്ഷിക്കുകയാണെങ്കില്‍ അത് മണ്ണില്‍ അലിയുവാന്‍ 800 വര്‍ഷമെടുക്കുമെന്നാണ് പഠനങ്ങള്‍ വെളിവാക്കുന്നത്. അതുകൊണ്ട് തന്നെ പ്രകൃതിക്ക് ഒരു രീതിയിലുമുള്ള ദോഷവുമേല്‍ക്കാതെ സംസ്‌കരിക്കുക എന്ന ചിന്തയില്‍ നിന്നാണ് ഉപകരണത്തിന്റെ പിറവിയെന്ന് ഡോ. നിതീഷ് പറയുന്നു. സ്മാര്‍ട് ക്ലാസ് റൂമുകളുടെ പ്രചരണാര്‍ത്ഥം തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും ഉള്‍നാടുകളില്‍ സഞ്ചരിച്ച വേളയിലാണ് സാനിറ്ററി നാപ്കിനുകള്‍ അവിടെ എത്രമാത്രം അന്യമാണെന്ന് അറിയുന്നത്. കോര്‍പ്പറേറ്റ് കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് അവിടുളള വിദ്യാലയങ്ങളില്‍ സാനിറ്ററി വൈന്‍ഡിങ് മെഷിനുകള്‍ സ്ഥാപിക്കുവാന്‍ മുന്‍കൈ എടുത്ത നിതീഷ് പിന്നീടാണ് ഇതിന്റെ സംസ്‌കരണം ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ച് ചിന്തിക്കുന്നതും ഇന്‍സിനിറേറ്ററിലേയ്ക്ക് എത്തുന്നതും. തമിഴ്നാ നട്ടിലും കർണാടകയിലും പെണ്ണുങ്ങൾ ഇത് വളരെ മുന്നേ തന്നെ സ്വീകരിച്ചെങ്കിലും കേരളത്തിൽ ഈ കോവിഡ് കാലത്താണ് ആവശ്യക്കാരേറിയതെന്ന് നിതീഷ് പറഞ്ഞു.  ഈ ഉപകരണത്തിന്റെ കണ്ടുപിടിത്തത്തിന് ബംഗളൂരൂ ആസ്ഥാനമായുള്ള ഗ്ലോബല്‍ ട്രിംസ് യൂണിവേഴ്‌സിറ്റി നിതീഷിന് ഡോക്ടറേറ്റ് നല്‍കി ആദരിക്കുകയും ചെയ്തു. ആയുര്‍വേദ ഡോക്ടറാണ് ഭാര്യ മിനു.

English Summary : This Sanitary Incinirator become Popular in South India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA