ADVERTISEMENT

ബിടെക് കഴിഞ്ഞു. മെക്കാനിക്കൽ എൻജിനീയറായി ഗൾഫ് ജീവിതം. കുടുംബപരമായി യാതൊരു ബിസിനസ് പശ്ചാത്തലവുമില്ല. എന്നിട്ടും, എങ്ങനെയാണ് കോഴിക്കോട്ടുകാരൻ സാജിദ് ഒരു മികച്ച സംരംഭകനായത്? ബിടെക് പാസായി പ്രവാസജീവിതം ആരംഭിച്ചെങ്കിലും നാട്ടിലുള്ള മാതാപിതാക്കളുടെ പ്രമേഹരോഗത്തിനു പ്രകൃതിദത്തമായൊരു പരിഹാരം കണ്ടെത്താനുള്ള ഉദ്യമം തുടർന്നു. ഭക്ഷണമാകണം മരുന്ന് എന്നൊരു താൽപര്യം കൂടിയുണ്ടായിരുന്നു. ഈ അന്വേഷണത്തിനൊടുവിലാണ് ഗോതമ്പും ചോളവും മാത്രമല്ല, മധുരതുളസിയെന്ന മാന്ത്രികച്ചെടിയും പഞ്ചാബിന്റെ മണ്ണിൽ വളരുന്നുണ്ടെന്ന് അറിഞ്ഞത്.

നേരെ അങ്ങോട്ടു വിട്ടു. ഇലകളിൽ പഞ്ചസാരയ്ക്കു സമാനമായ മധുരമുള്ള ചെടിയാണ് മധുരതുളസി (STEVIA). ഇതുപയോഗിച്ച് പഞ്ചസാരയ്ക്കു പകരക്കാരനെ സൃഷ്ടിക്കാനുള്ള ശ്രമമായി പിന്നീട്. ഗൾഫിലെ ജോലി മതിയാക്കി നാട്ടിലെത്തി മധുരതുളസി കൊണ്ട് പലവിധ പരീക്ഷണങ്ങൾ. നമ്മുടെ നിത്യാഹാരത്തിന്റെ ഭാഗമായ പഞ്ചസാരയുടെ സ്ഥാനം എങ്ങനെ മധുരതുളസിക്കു നല്‍കാമെന്നായിരുന്നു സാജിദ് അന്വേഷിച്ചത്. അവസാനം തികച്ചും വ്യത്യസ്തമായൊരു ഉല്‍പന്നം, പഞ്ചസാരയുടെ പകരക്കാരൻ, പിറവിയെടുത്തു.

മികച്ച ലാഭവിഹിതം

തീരെ മത്സരം കുറഞ്ഞ വിപണിയാണ് ഈ ഉൽപന്നത്തിന്റേത്. ആളുകൾക്കിടയിൽ പരിചിതമായി വരുന്നതേയുള്ളൂ. എങ്കിലും, ഏറെ ആവശ്യക്കാരുള്ളതിനാൽ വിപണിയിൽ നന്നായി വിറ്റുപോകുമെന്നും മികച്ച ലാഭവിഹിതം കിട്ടുമെന്നും മനസ്സിലാക്കിയപ്പോൾ ബിസിനസാക്കി മാറ്റി. മധുരതുളസിയുടെ ഇല ഉണക്കിയതും അതു പൊടിച്ചെടുത്ത് പൗഡറായും സംസ്കരിച്ച് ദ്രാവകരൂപത്തിലാക്കിയും വിപണിയിലെത്തിക്കുന്നുണ്ട്. സീറോ കാലറിയുള്ള ഉൽപന്നങ്ങളാണിത്. ‘എക്കോഹീൽ അഗ്രോ പ്രോഡക്ട്സ്’ എന്നാണ് ഈ സംരംഭത്തിനു പേരു നൽകിയിരിക്കുന്നത്. 

പ്രവർത്തനം ലളിതം

പഞ്ചാബിൽ െഹക്ടർ കണക്കിനു സ്ഥലത്ത് മധുരതുളസി കൃഷി ചെയ്തുവരുന്നു. അവിടെനിന്ന് ഉണക്കിയ ഇല ഏജന്റുമാർ എത്തിച്ചു തരും. മൊത്തമായും ചില്ലറയായും ലഭിക്കും. ഇതു ഗ്രേഡ് തിരിച്ച് പാക്ക് ചെയ്തു പ്ലാസ്റ്റിക് ടിന്നുകളിലാക്കി ലേബലൊട്ടിച്ച് വിൽപനയ്ക്ക് എത്തിക്കുന്നു. ഉണക്കു പോരെന്നു തോന്നിയാൽ സ്വന്തമായി സ്ഥാപിച്ച ഡ്രയറിൽ ഒന്നുകൂടി ഉണക്കുകയാണു പതിവ്. മൈക്രോ ബയോളജിക്കൽ ലാബിലെ പരിശോധന പൂർത്തിയാക്കിയാണ് വിപണിയിലെത്തിക്കുക. ഫുഡ് സപ്ലിമെന്റ് എന്ന നിലയിൽ കാര്യമായ നിക്ഷേപം ഇല്ലാതെ തുടങ്ങാൻ കഴിയുന്നൊരു ബിസിനസാണ് ഇതെന്നു സാജിദ് പറയുന്നു. 

ഓൺലൈൻ വിപണി മികച്ചത്

stevia

നാട്ടിലെ ബേക്കറികളിലും ടീഷോപ്പുകളിലും സാധാരണ കുടുംബങ്ങളിലുമെല്ലാം ഇത് ഉപയോഗിക്കുന്നുണ്ട്. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ സ്റ്റോറുകൾ വഴിയും വിവിധ സൂപ്പർ മാർക്കറ്റ് ശൃംഖലകൾ വഴിയും മികച്ച വിൽപന. ലഭിക്കുന്നു. മെഡിക്കൽ ഷോപ്പുകൾ, വിതരണക്കാർ വഴിയും കച്ചവടമുണ്ട്. സ്വന്തം വെബ്സൈറ്റായ www.eccoheal.in വഴിയും വിൽപന നടക്കുന്നു.

നിലവിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിൽ വിതരണക്കാർ ഉണ്ട്. മറ്റു ജില്ലകളിലും വന്നുകൊണ്ടിരിക്കുന്നു. ഓൺലൈൻ വഴി കേരളത്തിന് അകത്തും പുറത്തും വിൽപന കിട്ടുന്നു. ബേക്കറി, ഹോട്ടൽ പോലുള്ള ഭക്ഷ്യസ്ഥാപനങ്ങൾക്ക് മൊത്തമായി വിറ്റു‌വരുന്നുണ്ട്. ഇലയ്ക്ക് 50 ഗ്രാമിന് 110 മുതൽ 150 രൂപ വരെയാണ് വില വരുന്നത്.

യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ, യൂറോപ്യൻ ഫുഡ് സേഫ്റ്റി അതോറിറ്റി, എഫ്എസ്എസ്എഐ എന്നിവയുടെ അംഗീകാരം ഈ ഉൽപന്നത്തിനുണ്ടെന്നാണ് സാജിദ് പറയുന്നത്. വിപണിയിൽ മത്സരം കുറവാണെങ്കിലും ജനങ്ങൾക്കിടയിൽ ഇതുപോലുള്ള ഉൽപന്നങ്ങളെക്കുറിച്ച് വേണ്ടവിധത്തിൽ അവബോധം ഉണ്ടാകാത്തത് ബിസിനസ് വളർച്ചയ്ക്കു വിഘാതമായ ഘടകമാണ്. 

മെഷിനറിയായി ഡ്രയർ മാത്രം

ഒന്നരലക്ഷം രൂപ വിലയുള്ള ഡ്രയർ ഒഴികെ മെഷിനറികൾ ഒന്നും േവണ്ടിവന്നില്ല. സ്വന്തമായുള്ള 2,000 ചതുരശ്ര അടി കെട്ടിടത്തിലാണ് ഉണക്കൽ, പാക്കിങ് എന്നിവ നടക്കുന്നത്. 8 തൊഴിലാളികൾക്കും ജോലി നൽകുന്ന ഈ സ്ഥാപനം തുടങ്ങിയിട്ട് രണ്ടു വർഷമായി. 5 മുതൽ 8 ലക്ഷം രൂപ വരെയാണ് ഇപ്പോഴത്തെ പ്രതിമാസ കച്ചവടം. ഇതിൽ 20% അറ്റാദായം പ്രതീക്ഷിക്കാം. അതായത്, പ്രതിമാസം 1–1.5 ലക്ഷം രൂപ ആദായം.

സാജിദിന്‍റെ ഭാര്യ അഫീഫ ടീച്ചറാണ്. മക്കൾ സ്കൂൾ വിദ്യാര്‍ഥികളാണ്.

പുതുസംരംഭകർക്ക്

മികച്ച വരുമാനവും ലളിതമായി തുടങ്ങാൻ കഴിയുന്നതുമായ സംരംഭമാണിത്. കാര്യമായ മുതൽമുടക്കില്ലെങ്കിലും ‘കൃത്യമായ പ്ലാനിങ്ങും വിപണി വിലയിരുത്തലും വേണം. സംരംഭം തുടങ്ങി രണ്ടു ലക്ഷം രൂപയുടെ കച്ചവടം പ്രതിമാസം നേടാനായാൽ പോലും 40,000 രൂപ അറ്റാദായമായി ലഭിക്കുന്നു. ഇതോടൊപ്പം ഓൺലൈൻ വിപണിസാധ്യത നന്നായി ഉപയോഗപ്പെടുത്താനായാൽ വളരെ വേഗം മുന്നേറാം.

stevia

100 ഏക്കറിൽ മധുരതുളസി

കേരളത്തിൽ 100 ഏക്കർ സ്ഥലത്തെങ്കിലും മധുരതുളസി കൃഷി തുടങ്ങാനും സാജിദ് ആഗ്രഹിക്കുന്നു. ഇതിനുള്ള അന്വേഷണത്തിലും മറ്റു പ്രവർത്തനങ്ങളിലുമാണ് ഈ സംരംഭകൻ. ഈ ബിസിനസിന്റെ ചുവടുപിടിച്ച് ഉടൻ വിപണിയിലെത്തിക്കാൻ ഉദ്ദേശിക്കുന്ന മറ്റൊരു ഉൽപന്നം ഗ്രീൻ ടീ ബാഗാണ്. വെർജിൻ കോക്കനട്ട് ഓയിൽ, കൂവപ്പൊടി എന്നിവയുടെ വ്യാപാരം നിലവിലുണ്ട്. 

English Summary : Alternate Sweetner for Diabetic people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com