ADVERTISEMENT

താങ്ങില്ലെങ്കിലും ജീവിതത്തിൽ വീണുപോകില്ലെന്നു തെളിയിച്ചൊരു വീട്ടമ്മയുടെ വിജയകഥയാണ് നെടുമങ്ങാട്ട് വേങ്കവിളയിലെ ‘ഭാമ പിക്കിൾസി’നു പറയാനുള്ളത്. പിടിച്ചുനിൽക്കാനൊരു കച്ചിത്തുരുമ്പു തേടുന്നവർക്കെല്ലാം ഈ കഥ പ്രചോദനമേകും.

നിശ്ചയദാർഢ്യത്തിന്റെ വിജയം

സ്വന്തം പേരുപോലെ ജീവിതത്തിലും ലാളിത്യം ആഗ്രഹിക്കുന്ന ലളിതകുമാരിയുടെ സങ്കടങ്ങളിൽ പിറന്ന സംരംഭമാണ് ഭാമ പിക്കിൾസ്. 25 വർഷങ്ങൾക്കു മുൻപ് ഭർത്താവിന്റെ മരണത്തോടെ പറക്കമുറ്റാത്ത രണ്ടു മക്കളുമായി എങ്ങനെ മുന്നോട്ടു പോകണമെന്നറിയാതെ പകച്ചുനിന്നിടത്തു നിന്നു പ്രതിമാസം ഒരു ലക്ഷം രൂപയെങ്കിലും വരുമാനം നേടുന്നൊരു സംരംഭകയായി അവർ മാറി. ജീവിതത്തിൽ തോൽക്കില്ലെന്നൊരു വീട്ടമ്മയുടെ നിശ്ചയദാർഢ്യത്തിന്റെ വിജയം കൂടിയാണിത്. 

കുടുംബഭാരം ചുമലിലായ ശേഷം ആദ്യം ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിക്കാരിയായി. രണ്ട് ആൺമക്കളുടെയും പഠിപ്പും അവരുടെ സുരക്ഷിതമായ ഭാവിയുമായിരുന്നു സ്വപ്നം. അല്ലലില്ലാതെ മുന്നോട്ടു പോയ ജീവിതം ഒരു കടവിൽ അടുത്തുതുടങ്ങിയ ഘട്ടത്തിലാണ് മൂന്നു വർഷം മുൻപു മക്കളിലൊരാളെ നഷ്ടപ്പെടുന്നത്. അതോടെ മാനസികമായി തകർന്നു. തികച്ചും ഒറ്റപ്പെട്ടുപോയ സാഹചര്യം, ജോലിക്കുപോലും പോകാൻ കഴിയാത്ത സ്ഥിതി. കിട്ടിക്കൊണ്ടിരുന്ന വരുമാനവും നിലച്ചു. 

സ്വന്തമായൊരു സംരംഭം 

ഈ ഘട്ടത്തിലാണ് എന്തുകൊണ്ട് ഇനി സ്വന്തമായൊരു സംരംഭം തുടങ്ങിക്കൂടാ എന്ന ചിന്ത വരുന്നത്. അയൽക്കാരും സുഹൃത്തുക്കളുമൊക്കെ പ്രോത്സാഹനവുമായി ഒപ്പം നിന്നു. മകൻ രാജേഷും ഭാര്യ അശ്വതിയും പിന്തുണയുമായെത്തി. അങ്ങനെയാണ് ഭാമ പിക്കിൾസ് പിറക്കുന്നത്. വിവിധതരം അച്ചാറുകളാണ് ഇവിടെ ഉണ്ടാക്കി വിൽക്കുന്നത്. നാരങ്ങ, മാങ്ങ, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ജാതിക്ക, െനല്ലിക്ക, ഈന്തപ്പഴം അച്ചാറുകൾ കൂടാതെ വിവിധതരം ചമ്മന്തിപ്പൊടികളും നിർമിച്ചു നൽകുന്നുണ്ട്. ഭക്ഷണവിഭവങ്ങൾ‍ തയാറാക്കുന്നതിലെ കൈപ്പുണ്യത്തിനൊപ്പം വീട്ടിൽ തന്നെ കുറഞ്ഞ റിസ്കിൽ ചെയ്യാവുന്ന ബിസിനസ് എന്നതും ഈ ലഘുസംരംഭം തിരഞ്ഞെടുക്കാൻ കാരണമായെന്നു ലളിതകുമാരി പറയുന്നു.  

കാര്യമായ നിക്ഷേപം ഒന്നും ഇല്ലാതെയായിരുന്നു തുടക്കം. വീട്ടിലെ പാത്രങ്ങളും അടുപ്പുമെല്ലാം ഉപയോഗിച്ചു. വാടകയും േവണ്ട. േവയിങ് ബാലൻസ്, സീലിങ് മെഷീൻ, ഹീറ്റിങ് ഗൺ, പാത്രങ്ങൾ, അടുപ്പുകൾ എന്നിവയെല്ലാം േചർന്നാലും രണ്ടു ലക്ഷം രൂപയിൽ താഴെ മാത്രമാണ് പലഘട്ടങ്ങളിലായി നിക്ഷേപം വേണ്ടിവന്നത്. ഇപ്പോൾ അഞ്ചു ജോലിക്കാർ /സഹായികൾ ഒപ്പം പ്രവർത്തിക്കുന്നു.  

അസംസ്കൃതവസ്തുക്കൾ സുലഭം

നമുക്കു ചുറ്റും സുലഭമായി ലഭിക്കുന്ന അസംസ്കൃതവസ്തുക്കളെ ഉപയോഗിക്കുന്നുള്ളൂവെന്നത് ഈ ലഘുസംരംഭത്തിന്റെ വലിയൊരു മേന്മയാണ്. സീസണനുസരിച്ചും വിലക്കുറവുള്ളപ്പോഴും അച്ചാറിനുള്ള വസ്തുക്കൾ വാങ്ങി സംസ്കരിച്ച് കേടുകൂടാതെ സൂക്ഷിക്കുന്നു. ഇവയോടൊപ്പം ആവശ്യമായ മസാല സാധനങ്ങളും മറ്റും തിരുവനന്തപുരത്തെ ചാല മാർക്കറ്റിലെ മൊത്തക്കച്ചവടക്കാരിൽനിന്നു നേരിട്ടു വാങ്ങുകയാണു പതിവ്. ചിലതെല്ലാം വയനാട്ടിൽ നിന്ന് ഏജന്‍സികൾ മുഖേനെ ശേഖരിക്കുന്നു. അതുപോലെ അച്ചാർ നിറയ്ക്കാനുള്ള ചെറുതും വലുതുമായ ഗ്ലാസ് ബോട്ടിലുകൾ കൊച്ചിയിലെ സ്വകാര്യ ഏജൻസി വഴി വീട്ടിലെത്തിച്ചു കിട്ടുന്നുണ്ട്. ലേബൽ, പൗച്ച് പാക്കിങ്ങിനു വേണ്ട മെറ്റീരിയൽസ് എന്നിവ കോഴിക്കോട്ടെ സ്വകാര്യസ്ഥാപനമാണ് തയാറാക്കി നൽകുന്നത്. ഒരു ഫോൺ കോൾ വഴിയും ഓൺലൈൻ പേയ്മെന്റ് വഴിയും ഇത്തരം കാര്യങ്ങളെല്ലാം വീട്ടിലിരുന്നുതന്നെ ലഭ്യമാക്കാൻ കഴിയുന്നു.

40% അറ്റാദായം

മികച്ച രീതിയിൽ, 25–40% വരെ അറ്റാദായം ഈ ബിസിനസിൽ പ്രതീക്ഷിക്കാം. ഇപ്പോൾ ശരാശരി മൂന്നു ലക്ഷം രൂപയുടെ വിൽപനയാണ് പ്രതിമാസമുള്ളത്. സൂപ്പർമാർക്കറ്റുകൾ വഴിയും ചെറിയ പലചരക്കുകടകൾ വഴിയും ഹോട്ടലുകൾ വഴിയുമെല്ലാം കച്ചവടം നടക്കുന്നു. ഓൺലൈൻ വ്യാപാരവും മോശമല്ലാത്ത രീതിയിലുണ്ട്. വിതരണക്കാർ വഴിയാണ് നാട്ടിൻപുറങ്ങളിലെ ചെറിയ കടകളിലേക്ക് ഉൽപന്നം എത്തിക്കുക. കൂടാതെ, നേരിട്ടെത്തി വാങ്ങുന്നവരും ഉണ്ട്.

സ്ഥിരം കടകളിലും മറ്റും കടം നൽകാതെ തരമില്ല. ഈ പണം പിരിഞ്ഞുകിട്ടുവാൻ 10 ദിവസം വരെ സമയമെടുക്കാമെങ്കിലും തുക കിട്ടാത്ത സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. അച്ചാറിന് വലുതും ചെറുതുമായ ബ്രാൻഡുകളിൽനിന്നു കടുത്ത മത്സരമുണ്ടെങ്കിലും ഗുണനിലവാരവും തനതുരുചിയും നിലനിർത്താനായാൽ കച്ചവടം കുറയില്ല. 

േമന്മകൾ

∙ വീട്ടിൽ നിർമിക്കുന്ന തികച്ചും ഹോംമെയ്ഡ് ഉൽപന്നം.

∙ ഉപയോഗിച്ചവർ വീണ്ടും വാങ്ങുന്നു. 

∙ കൃത്രിമനിറങ്ങളോ കൂട്ടുകളോ േചർക്കുന്നില്ല. 

∙ നിർമിച്ച് രണ്ടു ദിവസത്തിനുള്ളിൽ ഷോപ്പുകളിൽ എത്തിക്കുന്നു.

∙ഗ്ലാസ് ബോട്ടിലുകൾ ഉപയോഗിക്കുന്നു.

∙ കൃത്യതയും സമയത്തുമുള്ള വിതരണം.

∙ വൻ ബ്രാൻഡുകളെക്കാൾ കുറഞ്ഞ വില.

∙ വ്യവസായ വകുപ്പിൽനിന്നു ലഭിക്കുന്ന വലിയ പ്രോത്സാഹനം.

English Summary : Success of a Self Made Entrepreneur who Owns Bhama Pickles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com