ADVERTISEMENT

മുടക്കു മുതൽ താങ്ങാനാകാത്തതിനാലും തങ്ങൾക്കനുയോജ്യമായ സംരംഭ മേഖല തെരഞ്ഞെടുക്കാനാകാത്തതിനാലും സ്വന്തം സംരംഭമെന്ന മോഹം സാക്ഷാത്കരിക്കാൻ കഴിയാത്ത വളരെപ്പേരുണ്ട്. അത്തരക്കാർക്ക് പ്രയോജനപ്പെടുത്താവുന്ന മൂന്ന് അനുയോജ്യ സംരംഭങ്ങളിതാ

1. കോപ്പർവയർ സ്‌ട്രിപ്പിങ് യന്ത്രം

പഴയ കേബിളുകൾ, വയർ കഷണങ്ങൾ എന്നിവയിൽനിന്നെല്ലാം ചെമ്പുകമ്പി വേർതിരിക്കാൻ സഹായിക്കുന്ന യന്ത്രം. കേബിൾ & വയർ നിർമാണ കമ്പനികൾ, കെട്ടിടം പൊളിക്കുന്ന സ്ഥലങ്ങൾ, പഴകിയ വസ്‌തുക്കൾ ശേഖരിക്കുന്ന സ്‌ക്രാപ് കടകൾ എന്നിവിടങ്ങളിൽനിന്നെല്ലാം പഴയതും കഷണങ്ങളായതുമായ കേബിളുകളും വയറുകളും ലഭിക്കും. ഈ യന്ത്രത്തിന്റെ സഹായത്താൽ കേബിളുകളുടെയും മറ്റും പുറത്തെ പിവിസി ആവരണം എളുപ്പത്തിൽ നീക്കം ചെയ്യാം. വളരെ ലളിതമായ വേർതിരിക്കൽ പ്രക്രിയയാണിത്. ഇതിലൂടെ ലഭിക്കുന്ന ചെമ്പുകമ്പികൾ കിലോഗ്രാം നിരക്കിൽ തൂക്കി വാങ്ങുന്ന കമ്പനികൾ കേരളത്തിൽ ഉണ്ട്.

പഴയ ചെമ്പുകമ്പിക്ക് 650-700 രൂപ വരെ വില ലഭിക്കും. 2 കിലോ വയറിൽ നിന്നു 1 കിലോ ചെമ്പുകമ്പി ലഭിക്കാം. ഈ സംരംഭത്തിലെ പ്രധാന വെല്ലുവിളി സ്‌ക്രാപ് വയറുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതാണ്. ഇന്ത്യയിൽ നിർമിക്കുന്ന യന്ത്രങ്ങളെക്കാൾ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന യന്ത്രത്തിനാണ് പ്രവർത്തനമികവുള്ളതെന്നു പറയാം.

സാധ്യതകൾ

∙ വിപണി അന്വേഷിച്ചു നടക്കേണ്ടതില്ലാത്ത ലാഭകരമായ കുടുംബ സംരംഭം. 

∙ ചെമ്പിന്റെ വിൽപന സുഗമമാണ്. ഉയർന്ന വിലയും ലഭിക്കുന്നു. 

∙ വലിയ സാങ്കേതിക പരിജ്ഞാനമൊന്നും ഇല്ലാത്തവർക്കും പ്രവർത്തിപ്പിക്കാവുന്ന യന്ത്രസംവിധാനം.

വൈദ്യുതി– 1HP മോട്ടർ. 

പ്രവർത്തനശേഷി– പ്രതിദിനം 300 കിലോഗ്രാം വരെ. 

സ്ഥലവിസ്തീർണം– വീട്ടിൽ തന്നെ തുടങ്ങാം.

വില– 60,000 രൂപ.

2. ഇൻസുലേഷൻ ടേപ്പ് മേക്കർ

insulation-tape-1-copy

കേരളത്തിൽ മികച്ച വിപണിയുള്ളതും അന്യസംസ്ഥാനങ്ങളിൽനിന്ന് എത്തുന്നതുമായ ഉൽപന്നമാണ് ഇൻസുലേഷൻ ടേപ്പ്. ഇലക്ട്രിക് വയറിങ് രംഗത്ത് ഇത്തരം ടേപ്പുകൾ വ്യാപകമായി ഉപയോഗിക്കുന്നു. 1.28 മീറ്റർ നീളമുള്ള ജംബോ റോളുകൾ വാങ്ങി 1.5 സെന്റിമീറ്റർ വീതിയിൽ കട്ട് ചെയ്‌താണ്‌ ടേപ്പുണ്ടാക്കുന്നത്. ടേപ്പിന്റെ നീളം 6 മീറ്റർ മുതൽ 10 മീറ്റർ വരെ വിവിധ അളവുകളിൽ ലഭിക്കും. റോളുകൾ മുറിച്ചെടുക്കുന്നതിനാണ് ഇൻസുലേഷൻ ടേപ്പ് മേക്കർ ഉപയോഗിക്കുന്നത്. വീടുകളിൽ ചെറിയ സ്ഥലസൗകര്യത്തിൽ സ്ഥാപിക്കാവുന്ന യന്ത്രം ആയാസരഹിതമായി ആർക്കും പ്രവർത്തിപ്പിക്കാവുന്നതാണ്. നാനോ കുടുംബസംരംഭമെന്നു പറയാവുന്ന ഇൻസുലേഷൻ ടേപ്പ് നിർമാണത്തിന് ആവശ്യമായ ഗുണമേന്മയുള്ള ജംബോ റോളുകൾ വിപണിയിൽ സുഗമമായി ലഭിക്കും. ടേപ്പുകൾ ഇലക്ട്രിക്കൽ ഡിസ്‌ട്രിബ്യൂട്ടർമാർ വഴി വിതരണം നടത്തുകയും ചെയ്യാം. ഒരു റോളിൽനിന്ന് 70 എണ്ണമെങ്കിലും നിർമിക്കാൻ കഴിയും. ഒരു ടേപ്പിനു 2.50 രൂപ നിരക്കിൽ ലാഭം പ്രതീക്ഷിക്കാം.

സാധ്യതകൾ 

∙ ഈ രംഗത്ത് കേരളത്തിൽ സംരംഭകർ കുറവാണ്.

∙ യാതൊരു സാങ്കേതിക പരിജ്ഞാനവും ആവശ്യമില്ല.

∙ വീട്ടിലെ ഒരു മുറിയിലോ ഷെഡിലോ കാർപോർച്ചിലോ ആരംഭിക്കാം.

∙ ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിൽ തന്നെ മികച്ച വിപണിയുണ്ട്. 

വൈദ്യുതി– 1 HP മോട്ടർ. 

പ്രവർത്തനശേഷി– പ്രതിദിനം 10,000 ടേപ്പുകൾ.

സ്ഥലവിസ്തീർണം– 100 ചതുരശ്ര അടി.

യന്ത്രത്തിന്റെ വില– 1,60,000 രൂപ.

3. ബാറ്ററി വാട്ടർ നിർമ്മാണം 

table-battery-water

ബാറ്ററികൾ ഇന്ന് ഇൻവെർട്ടറുകൾ, വാഹനങ്ങൾ എന്നിവയിലെല്ലാം ധാരാളമായി ഉപയോഗപ്പെടുത്തുന്നു. ഈ ബാറ്ററികളിലെല്ലാം ഡിസ്‌നൽഡ് വാട്ടറുകളും ആവശ്യമുണ്ട്. ബാറ്ററി വാട്ടറുകൾ നിർമ്മിക്കുന്ന വളരെ ചുരുക്കം യൂണിറ്റുകളാണ് കേരളത്തിലുള്ളത്. കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാവുന്ന വിപണി സാധ്യതയുള്ള ഒരു സംരംഭമാണിത്. യന്ത്രസഹായത്തോടെ ലഭിക്കുന്ന പരിശീലനം വഴി സാധാരണക്കാർക്ക് പോലും ഇതിന്റെ നിർമ്മാതാക്കളായി മാറാം. എല്ലായിടത്തും വിപണിയുള്ള ഉല്‍പ്പന്നമാണ് ബാറ്ററി വാട്ടർ. അസംസ്‌കൃത വസ്‌തുവായി വെള്ളവും പായ്‌ക്കിങ് മെറ്റീരിയലുകളും മാത്രം മതിയാകും. ലിറ്ററിന് 12 പൈസ വരെയാണ് ഉല്പാദനച്ചിലവ് 

മാർക്കറ്റിങ് 

വിതരണക്കാരെ നിയമിച്ചും നേരിട്ട് വിതരണം നടത്തിയും വില്പന ക്രമീകരിക്കാം. പ്രധാന വർക്ക്ഷോപ്പുകൾ, സർവീസ് സെന്ററുകൾ, ഓട്ടോ പാർട്സ്  വില്‍പ്പന കേന്ദ്രങ്ങൾ പെട്രോൾ പമ്പുകൾ ബാറ്ററി സർവീസ് സെന്ററുകൾ ഇൻവെർട്ടർ സർവീസ് ഏജൻസികൾ എന്നിവർക്കെല്ലാം ബാറ്ററി വാട്ടർ ആവശ്യമുണ്ട്. എം ആർ പിയുടെ പകുതി വിലയായിരിക്കും പലപ്പോഴും ഉൽപ്പാദകന് ലഭിക്കുന്നത്. 5 ലിറ്റർ, 10 ലിറ്റർ പായ്‌ക്കുകളും 1 ലിറ്റർ പായ്‌ക്കുകളും വില്പനയുള്ള അളവുകളാണ്. മണിക്കൂർ 200 ലിറ്റർ നിർമ്മിക്കുന്ന ചെറിയ പ്ലാന്ററുകൾ ഒരുക്കാം.

ഈ മൂന്ന് ഉൽപ്പന്നങ്ങളുടെയും സാങ്കേതിക വിദ്യയും പരിശീലനവും കാർഷിക ഭക്ഷ്യ സംസ്‌കരണ ചെറുകിട വ്യവസായ രംഗത്തെ ഇൻകുബേഷൻ സെന്ററായ പിറവം അഗ്രോപാർക്കിൽ ലഭിക്കും. ഫോൺ: 04852242310

ലേഖകൻ പിറവത്തെ അഗ്രോപാർക്കിന്റെ ചെയർമാനാണ്

English Summary : Details of Three Nano Units Which can Start as a Domestic Unit

 

 

table-battery-water

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com