ബിസിനസ് വളരാൻ വേണം, വായകൊണ്ടും പബ്ലിസിറ്റി!

HIGHLIGHTS
  • മൗത്ത് പബ്ലിസിറ്റി മെച്ചപ്പെടുത്താൻ സഹായകരമായ 5 വഴികൾ
co-operative
SHARE

‘വേർഡ് ഓഫ് മൗത്ത് (WOM)’ എന്നു കേട്ടിട്ടുണ്ടോ? കേട്ടിട്ടില്ലെങ്കിലും നമ്മളിൽ പലരും അനുഭവിച്ചറിഞ്ഞിട്ടുണ്ടാകും. ഒരു ലാഭേച്ഛയുമില്ലാതെ പരിചയക്കാർ ചില സ്ഥാപനങ്ങളെ നിങ്ങൾക്കു നിർദേശിക്കാറില്ലേ? തിരുവനന്തപുരത്തുകാരൻ എറണാകുളത്തേക്കു വരുമ്പോൾ അവിടെയുള്ള സുഹൃത്തിനോടു മികച്ച റസ്റ്ററന്റുകളെക്കുറിച്ചു ചോദിച്ചാൽ, അദ്ദേഹം നൽകുന്ന നിർദേശം പോലെ, നെറ്റ്ഫ്ലിക്സ് സേവനങ്ങൾ ആമസോൺ പ്രൈമിനെക്കാളും, തിരിച്ചും മികച്ചതാണെന്ന അഭിപ്രായങ്ങൾ പോലെ. ചുരുക്കി പറഞ്ഞാൽ ഒരു സംരംഭത്തെക്കുറിച്ച് ഒരാൾ മറ്റൊരാളോട് നല്ലത് പറയുന്ന പരിപാടിയാണിത്. 

നിലവിലെ ഉപയോക്താവ് മുഖേന പുതിയ ഉപയോക്താക്കളെ സ്ഥാപനത്തിലേക്കെത്തിക്കുമെന്നതാണ് WOM- ന്റെ ഗുണം. എന്നാൽ സ്ഥാപനത്തെക്കുറിച്ച് മോശം അഭിപ്രായം  ഉപയോക്താവ്  പറഞ്ഞുപരത്തിയാലോ, നവമാധ്യമങ്ങൾ കൊടികുത്തി വാഴുന്ന ഇക്കാലത്ത് കച്ചവടം തിരിച്ചുപിടിക്കുക ബുദ്ധിമുട്ടാകും. അതുകൊണ്ട്, ഉപയോക്താക്കളെക്കൊണ്ട് നല്ലതു പറയിക്കാൻ എന്തെല്ലാം ചെയ്യാം എന്ന്  ഓരോ സംരംഭകനും അറിയണം.  

1. മികച്ച ഉൽപന്നം/സേവനം 

വ്യവസായം എന്തുമാകട്ടെ, ഗുണമേന്മ ഉറപ്പാക്കിയിരിക്കണം. പണം ചെലവഴിച്ച ഉൽപന്നം/സേവനം ഗുണമേന്മയില്ലാത്തതാണെന്നു തോന്നിയാൽ അവർ പിന്നെ വരില്ല. എത്താൻ സാധ്യതയുള്ളവരെ പിന്തിരിപ്പിക്കുകയും ചെയ്യാം. ഗുണമേന്മയ്ക്കും വിൽപനാനന്തര സേവനങ്ങൾക്കും മുൻ‌തൂക്കം നൽകിയാൽ നല്ലത് പറയിപ്പിക്കാനാകും. 

2. മികച്ച ഇടപെടൽ വേണം 

ഉപയോക്താവുമായി നേരിട്ട് ഇടപെടുന്ന എല്ലാവരും, ചിരിച്ച് സൗമ്യമായി ഇടപെടണം. ഉപയോക്താവിന്റെ പ്രശ്നങ്ങൾ നിങ്ങളുടേതു കൂടിയാണെന്ന ചിന്തയോടെ വേണം ആശയസംവേദനം. ഉപഭോക്‌തൃ മനസ്സുകളിൽ ‘മികച്ചത്’ എന്ന തോന്നലുളവാക്കുകയാണ് പ്രധാനം.

3. പരാതികൾ പരിഹരിക്കാനുള്ളതാണ് 

ചിരിച്ച മുഖമുള്ള പല ഉടമകളും ഉപയോക്താവിന്റെ പരാതി പരിഹരിക്കാറില്ല. ഇത് ദോഷം ചെയ്യും പഠിച്ച്, വേണ്ട നടപടി സ്വീകരിക്കുകയാണു വേണ്ടത്. അത് ഉപയോക്താവിനെ ബോധ്യപ്പെടുത്തുകയും വേണം. സ്ഥാപനവുമായി ബന്ധമില്ലാത്ത പരാതിയാണെങ്കിൽ കാര്യകാരണങ്ങൾ നിരത്തി വിശദീകരിക്കുക. പരാതി പറയുന്നവരോട് തട്ടിക്കയറുന്ന സമീപനം ഒരിക്കലും ന്യായീകരിക്കാവുന്നതല്ല. 

4. നവമാധ്യമങ്ങളുടെ ഇടപെടൽ 

കൃത്യമായ ഇടവേളകളിൽ എത്തുന്ന ഉപയോക്താവിനോട് നവമാധ്യമങ്ങളിലും മറ്റും അനുകൂലമായ അഭിപ്രായങ്ങൾ പങ്കുവയ്ക്കാൻ ആവശ്യപ്പെടാം. പക്ഷേ, നിർബന്ധിക്കരുത്. ഇതോടൊപ്പം ഇത്തരം പ്ലാറ്റ്ഫോമുകളിലെ പരാതികളും ശ്രദ്ധിക്കണം. 

5. റഫറൽ സംവിധാനം 

ഊബർ പോലെയുള്ള കമ്പനികൾ പുതിയവരെ തങ്ങളിലേക്ക് അടുപ്പിക്കുന്ന നിലവിലെ ഉപയോക്താക്കൾക്ക് പണമായും അല്ലാതെയും സമ്മാനങ്ങൾ നൽകാറുണ്ട്. ഇതവരുടെ വളർച്ചയിൽ വഹിച്ച പങ്ക് ചെറുതല്ല. ഇത്തരം റഫറൽ സംവിധാനങ്ങൾ ലഘുസംരംഭകർക്കും പരീക്ഷിക്കാവുന്നതാണ്. പുതുതായി വരുന്നവർക്കും അദ്ദേഹത്തെ സ്ഥാപനത്തിൽ എത്തിച്ചയാൾക്കും നിശ്ചിത ശതമാനം പണക്കിഴിവ് നൽകാം 

കുസാറ്റ് സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ ഗവേഷകനായ ലേഖകൻ MSME കൺസൽറ്റിങ് രംഗത്തും സജീവമാണ്.  Phone: +91 8111856989

English Summary : Mouth Publicity is a Must for the Growth of Your Business

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA