ADVERTISEMENT

നഴ്സിങ് കഴിഞ്ഞാൽ ഒന്നുകിൽ വിദേശത്തേക്കു പറക്കണം, അല്ലെങ്കിൽ കേരളത്തിനു പുറത്ത് ഏതെങ്കിലും മെട്രോസിറ്റിയിൽ കൊള്ളാവുന്നൊരു ആശുപത്രിയിൽ ജോലിക്കു കയറണം. എങ്കിലേ രക്ഷയുള്ളൂ. മറ്റേതൊരു നഴ്സിങ് വിദ്യാർഥിയെയും പോലെ കാര്യങ്ങളൊക്കെ ഇത്തരത്തിൽ പഠിച്ചും പ്ലാൻ ചെയ്തുമാണ് മാമലശേരിക്കാരൻ എൽദോസ് നഴ്സിങ് പഠിക്കാൻ പോയത്. 

എന്നാൽ, പഠനം കഴിഞ്ഞു വന്നപ്പോഴേ കാര്യങ്ങളൊന്നും അത്ര സുഗമമല്ലെന്നു മനസ്സിലായി. നാട്ടിൽ രക്ഷയില്ലെന്നു നേരത്തേ അറിയാവുന്നതു കൊണ്ട് അന്യസംസ്ഥാനങ്ങളിൽ എവിടെയെങ്കിലും ജോലി തരപ്പെടുത്താനായി  ശ്രമം. അലച്ചിലുകൾക്കൊടുവിൽ ഒരു കൂട്ടുകാരന്റെ സഹായത്തോടെ മുംബൈയിൽ ജോലിക്കു കയറി. കുറച്ചുകാലത്തിനുശേഷം, മുംബൈയിൽ നിന്നു ഖത്തറിലേക്ക് ഒരവസരം കിട്ടിയപ്പോൾ എൽദോസ് അതു പാഴാക്കിയില്ല. പ്രവാസജീവിതം വഴി വിദ്യാഭ്യാസ വായ്പ ഉൾപ്പെടെയുള്ള ബാധ്യതകളെല്ലാം തീർക്കാനും സ്വന്തമായൊരു വീടെന്ന സ്വപ്നം പൂർത്തീകരിക്കാനും ഈ ചെറുപ്പക്കാരനു കഴിഞ്ഞു. 

ജോലിവിട്ട് നാട്ടിലേക്ക്

ഇക്കാലമത്രയും ഗൃഹാതുരത്വം പിടിച്ചുവലിച്ചുവെങ്കിലും നാട്ടിൽ സ്ഥിരമാക്കാൻ നിർവാഹമില്ലായിരുന്നു. എന്നാൽ, ബാധ്യതകളെല്ലാം ഒന്നൊതുങ്ങിയതോടെ ആ മോഹം പിന്നെയും പൂത്തു തുടങ്ങി. ഇതിനിടയിൽ വിവാഹം കഴിഞ്ഞു ഭാര്യയോടും കാര്യം പറഞ്ഞു. കൊച്ചിയിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി നോക്കുകയാണ് ഭാര്യ രഞ്ജിനി.

‘‘മികച്ച ശമ്പളത്തിലാണ് ജോലിയെങ്കിലും പണത്തെക്കാളുപരി നല്ലൊരു ജീവിതമാണു ഞാൻ ആഗ്രഹിച്ചത്. ഇത്രയും കാലത്തെ തൊഴിൽപരിചയം വച്ച് നാട്ടിൽ അത്യാവശ്യം ജീവിച്ചു പോകാവുന്ന ശമ്പളത്തിലൊരു ജോലി കിട്ടുമെന്നായിരുന്നു പ്രതീക്ഷ.’’ എൽദോസ് പറയുന്നു.

‘‘എന്നാൽ അതെല്ലാം അസ്ഥാനത്തായിരുന്നു. 10,000 രൂപയിൽ കൂടുതൽ ശമ്പളം പ്രതീക്ഷിക്കേണ്ടെന്ന അവസ്ഥയായിരുന്നു. ഒരു കുടുംബസ്ഥനെന്ന നിലയിൽ അതു പോരല്ലോ. അങ്ങനെയാണ് മറ്റൊരു വരുമാനമാർഗത്തെക്കുറിച്ചു ചിന്തിച്ചത്.’’ 

താമര വളർത്തലിലേക്കു തിരിഞ്ഞതിനെക്കുറിച്ച് എൽദോസ് പറയുന്നു. 

കോവിഡ് വഴികാട്ടി

ചെറുപ്പം തൊട്ടേ ചെടികളും കിളികളുമെല്ലാമായി ചങ്ങാത്തം പുലർത്തിയിരുന്ന ആളാണ് ഇദ്ദേഹം. മോശമല്ലാത്തൊരു പൂന്തോട്ടവും വീട്ടിലുണ്ടായിരുന്നു. 

‌‘‘ ഇതിനിടയിലാണ് അപ്രതീക്ഷിതമായി കോവിഡും ലോക്ഡൗണുമെല്ലാമെത്തുന്നത്. ശരിക്കും വീട്ടിൽപ്പെട്ടുപോയ ദിനങ്ങൾ. എവിടേയ്ക്കും പോകാനില്ലായിരുന്നു. ആവശ്യമില്ലാതെ പുറത്തിറങ്ങിയാൽ പൊലീസ് പിടിക്കും. അങ്ങനെ വീട്ടിൽ തന്നെ കുത്തിയിരുന്നപ്പോഴാണ് പൂന്തോട്ടത്തിലുണ്ടായിരുന്ന താമരകളെ കാര്യമായി കണ്ടതും പരിചരിച്ചു തുടങ്ങിയതും.’’ 

വിപണി സോഷ്യൽ മീഡിയ

‘‘കയ്യിലുള്ള ക്യാമറയിൽ അവയുടെ ചിത്രങ്ങളെടുത്തു. ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും സ്വന്തമായി പേജുകളുണ്ടാക്കി, ‘രാജ് ഫ്ലോറൽസ്’, അതിൽ പോസ്റ്റ് ചെയ്തു. ഇതു കണ്ട് ഗുജറാത്തിൽനിന്നൊരു വീട്ടമ്മ വിളിച്ചു. താമര എങ്ങനെയാണ് നട്ടുവളർത്തുന്നതെന്നായിരുന്നു അവർക്കറിയേണ്ടിയിരുന്നത്. വിവരങ്ങൾ പറഞ്ഞു മനസ്സിലാക്കിയപ്പോൾ വിത്ത് നൽകാമോയെന്നായി.’’  പണ്ട് മുംബൈയിലെ ജീവിതകാലത്ത് പഠിച്ചെടുത്ത ഹിന്ദി ഏറെ പ്രയോജനപ്പെട്ടൊരു നിമിഷം കൂടിയായിരുന്നു ഇതെന്ന് എൽദോസ് ഓർക്കുന്നു. 

‘‘അവർക്ക് രണ്ടു താമരയുടെ കിഴങ്ങ് എടുത്ത് പൊതിഞ്ഞ് കുറിയർ വഴി അയച്ചുകൊടുത്തു. 2,000 രൂപയും കിട്ടി. അതായിരുന്നു തുടക്കം.’’

നൂറോളംതരം താമരകൾ

ഇന്ന് നൂറോളം വൈറൈറ്റികളിൽ താമര വളർത്തുകയും കിഴങ്ങ് എടുത്തു വിൽക്കുകയും ചെയ്യുന്നുണ്ട് എൽദോസ്. വീട്ടുമുറ്റത്തും ടെറസിലും സ്ഥാപിച്ചിട്ടുള്ള പ്ലാസ്റ്റിക് ബേസിനുകളിലാണ് താമരകൾ നട്ടുപരിപാലിക്കുന്നത്. സോഷ്യൽ മീഡിയ വഴി വ്യാപക പ്രചരണം ലഭിച്ചതോടെ ഭാഷയ്ക്കും ദേശത്തിനും അതീതമായി ഒട്ടേറെ ഉപയോക്താക്കളാണ് എൽദോസിനെ തേടിവരുന്നത്. ആവശ്യക്കാരെല്ലാം അക്കൗണ്ട് വഴി വില നൽകുന്നതോടെ കുറിയർ വഴി കിഴങ്ങ് അയച്ചു കൊടുക്കും. 15 ദിവസം വരെ ഇതു കേടുകൂടാതെയിരിക്കുമെന്നും എൽദോസ് പറയുന്നു.

ഇതൊരു ജീവനോപാധിയാക്കി കുടുംബം നടത്താൻ മുന്നോട്ടു വന്ന പലർക്കും വഴി കാണിച്ചുകൊടുക്കാനും ഈ യുവസംരംഭകനായി. 

വരുമാനം 50,000 രൂപ

കോവിഡ്കാലം മുതലാണ് എൽദോസ് ഈ രംഗത്ത് സജീവമായതെങ്കിലും മാസം ശരാശരി 50,000 രൂപയുടെ വരുമാനം ലഭിക്കുന്നുണ്ട്. താമര വളർത്തലിനെ ബിസിനസായി കണ്ട് പുതിയ പുതിയ ആളുകൾ കടന്നുവന്നാൽ വിപണി കൂടുതൽ വിപുലമാകുമെന്നും അതു നിലവിലുള്ള സംരംഭകർക്കു കൂടി ഗുണകരമാകുമെന്നുമാണ് എൽദോസ് പറയുന്നത്. 

സംരംഭകർ അറിയേണ്ടത്

ഒരു താമര നട്ടുകഴിഞ്ഞാൽ രണ്ടോ മൂന്നോ മാസം കൊണ്ട് പൂവിടും. അതു കഴി​ഞ്ഞാൽ പിന്നെ കിഴങ്ങ് രൂപപ്പെടുന്ന കാലമാണ്. ഒരു കിഴങ്ങേ ഒരു ചട്ടിയിൽ ആവശ്യമുള്ളൂ. ബാക്കിയുള്ളത് റീപ്ലാന്റ് ചെയ്യാം. മണ്ണും ചാണകപ്പൊടിയും ചേർത്ത മിശ്രിതത്തിലാണ് നടുന്നത്. വളരെ സെൻസെറ്റീവായതിനാൽ കള–കീടനാശിനികളൊന്നും ഉപയോഗിക്കുന്നില്ല. ചില ചെറിയതരം പുഴുക്കളും കീടങ്ങളും ഇവയെ ബാധിക്കാറുണ്ട്. അതുകൊണ്ട്, സൂക്ഷ്മ പരിചരണം ആവശ്യമാണ്. താമരയുടെ പൂവിനും തണ്ടിനും ഇലയ്ക്കുമെല്ലാം മികച്ച വിപണി സാധ്യതയുണ്ട്. ബിസിനസെന്ന നിലയിൽ അതും പ്രയോജനപ്പെടുത്താം. 

English Summary : A Male Nurse Who are Earning Half Lakh Rupees per Month with Lotus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com